ഓർമകളുടെ ചരിവ്

0
140

(കവിത)

അജേഷ് പി

വീണ്ടും ചുരം കയറുമ്പോൾ
ഹെഡ് ഫോണിൽ
പാടി പതിഞ്ഞ
അതെ തമിഴുഗാനം,

ബസിൻ്റെ മൂളലുകൾക്ക്
ആ പാട്ടിൻ്റെ താളം
മഴയ്ക്കും മഞ്ഞിനും
അതിൻ്റെ ഈണം.

കാഴ്ചകളുടെ
വളവുകൾ
താഴേക്കു താഴേക്കു
ഓടിയൊളിക്കുന്നു…

പാതവക്കിലെ
ചുവന്നു തുടുത്ത
പൂക്കളെല്ലാം
എത്ര വേഗത്തിലാണ്
മറവി ബാധിച്ച്
നരച്ചു പോയത്…!

ഒമ്പതാം വളവിനു കീഴെ
ഓർത്തുവെച്ചൊരു
വെള്ളച്ചാട്ടം,
തണുത്തു മരവിച്ച
പാറകളിൽ
പേരറിയാ പൂക്കളുടെ മഴനൃത്തം….

ചിത്രീകരണം: സുബേഷ് പത്മനാഭന്‍

‘പത്താം വളവിനു കീഴെ
കോടയിൽ നിന്ന്
ഒരു കാട് തൻ്റെ പച്ചപ്പിനെ
വെയിലിനെ കൂട്ടുചേർത്ത് വീണ്ടെടുക്കുന്നു…

കയറി പോകുന്ന
വഴികളിലെ തണുപ്പിന്
ഭൂതകാലത്തിൻ്റെ വേവ്
ഓർമകളുടെ നിശബ്ദ നിലവിളികൾ….

മഴയും മഞ്ഞും
മത്സരിച്ച് വീഴുന്ന
വഴികളിൽ
വാക്കുകളെ പതിച്ചുവെച്ച്
ചുരം കയറുന്നു….

സ്വപ്നങ്ങൾക്കും
ജീവിതത്തിനുമിടയിൽ
ഓർമ്മകളുടെ പെരുംകാറ്റിൽ
ചുരം തടഞ്ഞൊരു
പൂമരം വീഴുന്നു ….

ഇപ്പോൾ
പത്താം വളവിനു
മുകളിൽ
ഓർമകളുടെ ചരിവിൽ
ഊഴം കാത്തു കിടക്കുന്ന
ബസിൻ്റെ സൈഡ് സീറ്റ്,
കാതുകളറിയാതെ
ഓർത്തെടുക്കുകയാണ്
ഞാനിപ്പോൾ
കേട്ടുപതിഞ്ഞ
അതേ പാട്ടിൻ
ഇരടികൾ…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here