HomeTHE ARTERIASEQUEL 88നൂഹിൻ്റെ കപ്പൽ വിശേഷങ്ങൾ

നൂഹിൻ്റെ കപ്പൽ വിശേഷങ്ങൾ

Published on

spot_imgspot_img

കഥ

ഹാശിർ മടപ്പള്ളി

കപ്പലിൽ നൂഹിനെ കൂടുതൽ കുഴക്കിയത് കപ്പൽ നിയമങ്ങളെക്കുറിച്ചുള്ള ചിന്തയായിരുന്നു. മനുഷ്യർക്ക് വേണ്ടിയുളള നിയമങ്ങളെഴുതാൻ താരതമ്യേനെ സുഖമായിരുന്നെങ്കിലും മൃഗങ്ങൾക്കെന്ത് നിയമം ? മനുഷ്യർക്കുള്ള അതേ നിയമം അവർക്കും ബാധകമാണോ. നിയമങ്ങൾ ഏത് ഭാഷയിൽ എഴുതി തൂക്കും ?, മൃഗങ്ങളോടും മനുഷ്യരോടും ഒരേ രീതിയിലാണോ സഹവസിക്കേണ്ടത് ? തുടങ്ങി നൂറായിരം ചിന്തകൾ നൂഹിന്റെ തലയിൽ കനം വെച്ചു. അവസാനം, തന്നോട് തന്നെ ചില വിയോജിപ്പുകൾ രേഖപ്പെടുത്തി മൃഗങ്ങൾക്ക് നിയമമില്ലെന്നും കപ്പലിൽ മനുഷ്യർക്ക് മാത്രമാണ് നിയമമുള്ളതെന്നും പ്രഖ്യാപിക്കാൻ തീരുമാനിച്ചു. തന്നിഷ്ട്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും സ്വപനം കണ്ട ദൈവരാജ്യത്തിനുമപ്പുറം പ്രായോഗിക ബുദ്ധിക്കു കൂടി പ്രാധാന്യം നൽകണമെന്ന് ദൈവം ചെവിയിൽ രഹസ്യം പറഞ്ഞത് ഓർത്ത് നൂഹ് തൻ്റെ മുറി ലക്ഷ്യമാക്കി നടന്നു. തിരക്കിനിടെ കപ്പലിന്റെ വടക്കേ മൂലയിൽ സ്ഥാപിക്കാൻ മറന്നു പോയ വാഴയിലയിലെഴുതിയ നിയമങ്ങളെടുക്കാൻ കപ്പിത്താന്റെ റൂമിലേക്ക് കയറിയതും നൂഹിൻ്റെ കണ്ണിൽ കോപം തിരയടിച്ചു. അതാ ഒരു ആട് തന്റെ നിയമയോല സുന്ദരമായി കടിച്ചു ചവച്ച് തിന്ന് അയവിറക്കുന്നു. ഒരൊറ്റ തളളിന് ആടിനെ കടലിലേക്കെറിയാനാണ് തോന്നിയതെങ്കിലും താനാണല്ലോ ഈ കപ്പലിന്റെ സമാധാനവും ഐശ്വര്യവും കാത്ത് സൂക്ഷിക്കേണ്ടതെന്നോർത്തപ്പോൾ സ്നേഹ ഭാവേനെ ആടിനെ വളർത്തു മൃഗങ്ങളുടെ ഭാഗത്തേക്ക് തെളിച്ചു. അയവിറക്കലിന്റെ ബാക്കി പത്രം തുള്ളികളായി അവശേഷിപ്പിച്ച് ആട് അതിന്റെ വഴിക്ക് പോയി. നനഞ്ഞ് കീറിയ ഓല കൂട്ടി വച്ച് പുതിയത് കയ്യിലെടുത്ത് നിയമങ്ങൾ വീണ്ടും എഴുതി തയ്യാറാക്കി വലത്തേ മൂലയിലെ കപ്പൽ തട്ടിൽ കയറി വിളിച്ച് പറഞ്ഞു:
“ഹേ… മനുഷ്യരേ… ഇങ്ങോട്ട് വരിൻ….

വെള്ളമിറങ്ങി നിങ്ങൾക്കിഷ്ടമുള്ളിടങ്ങളിൽ സ്വൈര ജീവിതം നയിക്കുന്നത് വരെ നിങ്ങളുടെ ജീവിതമിവിടെയാണ്. ഇക്കാണുന്ന പക്ഷി മൃഗങ്ങളും ഇഴ ജന്തുക്കളുമെല്ലാം നിങ്ങളുടെ സഹ ജീവികളാണ്. കപ്പലിലെ നിയമങ്ങൾ മനുഷ്യർക്ക് മാത്രമുള്ളതാണെങ്കിലും എല്ലാ കാര്യങ്ങളിലും മറ്റു സഹ ജീവികൾ നിങ്ങളോട് സഹകരിക്കുന്നതായിരിക്കും. ഇനി പറയുന്ന ഓരോ കാര്യങ്ങളിലും നിങ്ങളോരോരുത്തരും ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതുണ്ട്”.

നിയമപ്രഖ്യാപനം കഴിഞ്ഞ് തട്ടിൽ നിന്നിറങ്ങുമ്പോൾ ഇതെന്ത് കഥ നമുക്ക് മാത്രം നിയമമോ എന്ന് മനുഷ്യർ പരസ്പരം പറയുന്നത് കേട്ടെങ്കിലും കേട്ടില്ലെന്ന ഭാവേന നടക്കാൻ ഭാവിക്കുമ്പോഴാണ് ഒരു കുഞ്ഞുകരച്ചിൽ കേട്ടത്. രണ്ടു കപ്പൽ പലകകൾക്കിടയിൽ വിരൽ കുടുങ്ങിയ കുഞ്ഞിൻ്റെ കൈവിരലുകൾ നൂഹ് മറ്റുള്ളവരുടെ സഹായത്തോടെ വലിച്ചെടുത്തു. ചുവന്നു തുടുത്ത കുഞ്ഞുകൈകളിലെ മുറിവുകളിൽ മരുന്ന് പുരട്ടാൻ കപ്പൽ വൈദ്യനോട് ആജ്ഞാപിച്ച് കപ്പിത്താന്റെ മുറിയിലേക്ക് നടന്നു. തടിപ്പലകകൾ തമ്മിൽ ബലമുള്ള നാരുകൾ ഉപയോഗിച്ച് പരസ്പരം തുന്നിച്ചേർത്ത്, ഈജിപ്തുകാരുടെ ശൈലിയിലാണ് കപ്പൽ നിർമിച്ചിരിക്കുന്നത്. കപ്പലിന്റെ ഇരുവശങ്ങളിലും നിരയായി തുഴച്ചിലുകാർ ഇരുന്ന് തുഴഞ്ഞിരുന്ന രീതിക്ക് പകരം ആയിടെയായി പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പായ വലിച്ചു കെട്ടിയുള്ള രീതിയും നൂഹ് കപ്പൽ നിർമാണത്തിന് ഉപയോഗപ്പെടുത്തി. നാരുകൾ കൂട്ടിക്കെട്ടിയിരുന്നെങ്കിലും ഭദ്രത ഉറപ്പിക്കാൻ മറ്റു വഴികളും ചെയ്യാതിരുന്നില്ല..

കപ്പലിലെ ദിനങ്ങളോരോന്നും രാവും പകലുമായി മാറി മാറി വന്നു. വൈദ്യൻ രോഗികളെ ചികിത്സിക്കുകയും മരണമടഞ്ഞവരെ ദൈവനാമത്തിൽ വെള്ളത്തിലേക്കെറിയുകയും ചെയ്തു. പരസ്പരശണ്ഡകൾക്ക് പരിഹാരം തീർത്തും ഭക്ഷണം വീതിച്ച് നൽകിയും നിയമ ലംഘനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തിയും തന്റെ പരമാധികാരം കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് നൂഹ് വിശ്വസിച്ചെങ്കിലും കിഴങ്ങുകൾ കട്ട് തിന്നും ഇരുട്ടിന്റെ വെളിച്ചത്തിൽ അന്യസ്ത്രീകളുടെ മാദക ഗന്ധമാസ്വദിച്ചും മൃഗങ്ങളും മനുഷ്യരും അവരുടെ കടമകൾ കൃത്യമായല്ലെങ്കിലും നിർവഹിച്ചു പോന്നു.
ഒരു ദിവസം കിഴങ്ങുകളുടെ എണ്ണത്തിൽ കുറവു വന്നോ എന്ന് സംശയിച്ച നൂഹ് എല്ലാവരെയും വിളിച്ചു കൂട്ടി ഉള്ളതിനേക്കാൾ ഗൗരവം മുഖത്ത് ഭാവിച്ച് കപ്പിൽ തട്ടിലിരുന്ന് താനെല്ലാം അറിയുണ്ടെന്ന ഭാവത്തിൽ പറഞ്ഞു: “നിങ്ങളുടെ നിയമ ലംഘനങ്ങളെല്ലാം ഞാനറിയുന്നുണ്ട്. തൽകാലത്തേക്ക് ക്ഷിമിച്ചിരിക്കുന്നു. നിങ്ങൾക്ക് ചുറ്റും വെള്ളമാണെന്നും കപ്പലധിപൻ ഞാനാണെന്നുള്ള ഓർമ എപ്പോഴുമുണ്ടായിരിക്കട്ടെ”.

സ്ത്രീകളുടെ ഭാഗത്ത് നിന്ന് ആൺ ശല്യത്തെക്കുറിച്ച് പരാതികൾ ലഭിക്കുമ്പോഴൊക്കെ ആണുങ്ങളെ മാത്രം വിളിച്ചു കൂട്ടി ചില പോം വഴികൾ നിർദേശിക്കാനും കപ്പിത്താൻ മറന്നില്ല. സ്ത്രീകളിൽ ചിലർ ആ നിർദേശങ്ങൾ ഒളിഞ്ഞിരുന്ന് കേൾക്കുകയും വൈകുന്നേര ചർച്ചകളിൽ അവ വിഷയമാക്കുന്നതിൽ ഹരം കണ്ടെത്തുകയും ചെയ്തു. മനുഷ്യരേക്കാൾ കൂടുതൽ മുട്ട് മൃഗങ്ങളെ നിയന്ത്രിക്കാനായിരുന്നു. പക്ഷികളാകട്ടെ ഇടക്കിടെ പറന്നു പോവുകയും ഇനിയും വെള്ളം മൂടിക്കൊണ്ടിരിക്കുന്ന കുന്നുകളിൽ നിന്ന് പഴങ്ങളുമായി തിരികെയെത്തുകയും ചെയ്തു. പ്രശ്നങ്ങളും പരിഹാരങ്ങളും ആലോചിക്കുമ്പോഴൊക്കെ നൂഹിന്റെ ചിന്ത ഉയരങ്ങളിൽ പറക്കുന്ന പരുന്തുകളെയും കടന്ന് നീലയും വെള്ളയും നിറത്തിലുള്ള മേഘങ്ങളിലേക്ക് നീണ്ടു പോയി. ഇടക്കെപ്പോഴോ മഴ പെയ്യുമെന്നായപ്പോൾ വിചാരങ്ങൾ താഴെ ഇറക്കി കപ്പൽ തട്ടിലേക്ക് നടന്നു.

ഇടക്കിടെ കുട്ടികളോടൊപ്പം ‘മുട്ടി ഫോറ്’ കളിക്കുന്ന മുതിർന്നവരെ പോലെ സമയബന്ധിതമായി കപ്പൽപ്പുറത്ത് എഴുന്നേറ്റുനിന്ന് പുതിയ നിയമങ്ങൾ അനൗൺസ് ചെയ്തെങ്കിലും മൃഗങ്ങളാരും ചെവി നൽകിയില്ല. പക്ഷികളാകട്ടെ നിയമ പ്രഖ്യാപനത്തിന്റെ അടയാളങ്ങൾ കാണുമ്പഴേക്ക് പഴങ്ങൾ തേടി വിദൂരതയിലേക്ക് പറന്നു പോവുകയും ചെയ്തു. തലവേദന പിടിപെട്ട നൂഹ് ഒറ്റമൂലി കൂടെക്കരുതാത്തതിൽ ഖേദിച്ചു. അതിനിടയിൽ, മൃഗങ്ങൾക്കു വേണ്ടിയൊരു ‘അനിമൽ രാജ് ‘ വേണമെന്ന ചർച്ച കപ്പിത്താനും സഹായികളും അറിയാതെ മൃഗങ്ങൾക്കിടയിൽ നടന്നു കൊണ്ടിരുന്നു. പൊതുവേ രഹസ്യസ്വഭാവേനെയുള്ള മീറ്റിംഗുകളായിരുന്നു ആദ്യ ദിവസങ്ങളിൽ നടന്നതെങ്കിലും ഏറെ വൈകാതെ ചർച്ചകൾ പ്രത്യക്ഷമായി തുടങ്ങി. കഥയറിഞ്ഞ നൂഹ് പൊട്ടിത്തെറിച്ചു, മൃഗങ്ങളെ വിളിച്ചു കൂട്ടി. നിങ്ങൾക്ക് എന്തിൻ്റെ കുറവാണിവിടെയുള്ളത് എന്ന കപ്പലധിപൻ്റെ ചോദ്യം കേട്ടതും കയ്യിലെ നീണ്ട കടലാസുമായി ചാടി എഴുന്നേറ്റ കരിമ്പുലി കടലാസിൽ നോക്കി അവകാശങ്ങളുടെയും ആവശ്യങ്ങളുടെയും നീണ്ട ലിസ്റ്റ് വായിച്ചു. ലിസ്റ്റിന് വേണ്ടി നൂഹ് കൈ നീട്ടിയെങ്കിലും ഇത് ഞങ്ങളുടെ ഭാഷയിലാണെന്നും നിങ്ങൾക്ക് മനസ്സിലാവില്ലെന്നും പറഞ്ഞ് പരാതിക്കാരൻ കടലാസ് മടക്കി കീശയിലിട്ടു. എല്ലാം കേട്ട നൂഹ് തൻ്റെ സഹായികളിൽ മൃഗങ്ങളുടെ [പ്രാതിനിധ്യം കുറച്ചതിൽ ഖേദിക്കുകയും മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിൽ ഉണ്ടായി വരുന്ന അകലത്തിൽ ദുഃഖിക്കുകയും ചെയ്തു. മനുഷ്യർക്കും ഞങ്ങൾക്കും ഇടയിലെ പ്രശ്നപരിഹാരത്തിന് നിങ്ങൾ മധ്യസ്ഥത വഹിക്കുന്നത് തന്നെ നീതി അല്ലെന്നു കൂടി മൃഗങ്ങളിൽ നിന്ന് കേട്ടതോടെ നൂഹ് മാനസികമായി തളർന്നു. എങ്കിലും, വിമർശനങ്ങളെ കൂടുതൽ സഹിഷ്ണുതയോടെ സമീപിക്കാൻ മനസ്സ് പാകമാക്കി, പരാതികൾ മുഴുവൻ കേൾക്കാൻ താൻ ബാധ്യസ്ഥനാണെന്ന് നൂഹ് മനസ്സിൽ പറഞ്ഞു.

വാർത്ത മനുഷ്യരിലെത്തിയതോടെ രൂപവും കോലവും മാറി ‘മൃഗങ്ങൾ മനുഷ്യർക്കെതിരെ കലാപത്തിന് പദ്ധതിയിടുന്നു’ എന്നായി. വിവരമറിഞ്ഞ മനുഷ്യപക്ഷം അരിശം പൂണ്ടു. മനസ്സിൽ ഭയമുണ്ടായിരുന്നെങ്കിലും പുറത്ത് കാണിക്കരുതെന്ന കൂട്ടായ തീരുമാനത്തോടെ അവർ കപ്പിത്താൻ്റെ മുറിയിലേക്ക് നടന്നു. നൂഹിൻ്റെ മനസ്സ് ചുറ്റുമുളള കടലിനേക്കാൾ ആഴത്തിൽ കലങ്ങി മറിഞ്ഞു. എന്ത് വിലകൊടുത്തും മനുഷ്യരെ അടക്കി നിർത്തിയേ തീരൂ എന്ന് മനസിലാക്കി, തന്നെയും ലക്ഷ്യമാക്കി വരുന്ന കൂട്ടത്തിനു നേരെ ‘ഇരിക്കൂ’ എന്ന ആഗ്യവുമായി നൂഹ് നടന്ന് ചെന്നു. പ്രതിഷേധം കത്തി നിൽക്കുന്ന ജനക്കൂട്ടം കപ്പിത്താനെ പൊതിയുകയും ഉച്ചത്തിൽ ശബ്ദിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഇടയിൽ നിന്നാരോ വിളിച്ചു പറഞ്ഞു: അനിമൽ രാജ് മുർദാബാദ് !!!

മൂന്നു തട്ടുകളായുള്ള കപ്പലിൽ ഏറ്റവും താഴെ മൃഗങ്ങളും അതിനു മുകളിലെ തട്ടിൽ മനുഷ്യരും ഏറ്റവും മുകളിൽ പക്ഷികളുമായിരുന്നു. നൂറ്റി മുപ്പത്തിയഞ്ച് മീറ്റർ നീളവും ഇരുപത്തി രണ്ടര മീറ്റർ വീതിയുമുള്ള കപ്പലിൽ മനുഷ്യരുടെ തട്ടിൽ ഏറെക്കുറെ സ്വസ്ഥമായ സ്വൈര്യ വിഹാരത്തിന് സ്ഥലമുണ്ടായിരുന്നെങ്കിലും താഴെ തട്ടിലുള്ള മൃഗങ്ങളുടെ സ്ഥിതി അതായിരുന്നില്ല. എണ്ണത്തിലെ ആധിക്യം കാരണം ഏറെ കഷ്ടം തന്നെയായിരുന്നു കാര്യങ്ങൾ. അതിൻ്റെ വിങ്ങലായിരുന്നു മൃഗങ്ങളുടെ പ്രതിഷേധത്തിൻ്റെ പ്രധാന ഹേതുക്കളിൽ ഒന്ന്. അവർ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളിൽ പലതും തുല്യത ആവശ്യപ്പെടുന്നതും മൃഗ വിരുദ്ധതയെ അപലപിക്കുന്നതുമായിരുന്നു. തുല്യതയെ കുറിച്ചുള്ള കാർഡുകൾ എല്ലാം വെള്ള നിറത്തിലും മൃഗ വിരുദ്ധതയെ എതിർക്കുന്നവ കറുപ്പ് നിറത്തിലുമാക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഇൻ്റർവെൽ:

തൽകാലം കഥ അവിടെ നിൽക്കട്ടെ, നമുക്ക് അതിനിടയിലൊരു കളി കളിക്കാം. ചോദ്യമിതാണ്:
കൃത്യമായി പറഞ്ഞാൽ 13.60 മീറ്ററാണ് കപ്പലിൻ്റെ ഉയരം. ഒന്നാമത്തെ തട്ടിനേക്കാൾ ഒന്നര മീറ്റർ കുറവാണ് രണ്ടാമത്തെ തട്ട്. അങ്ങനെയെങ്കിൽ കപ്പലിൻ്റെ ഒന്ന്, രണ്ട്, മൂന്ന് തട്ടുകളുടെ ഉയരം എത്ര ആവും.
ഉത്തരം കിട്ടിയാൽ മനസ്സിൽ കുറിച്ച് വെക്കുക, കഥയുടെ അന്ത്യത്തിൽ ഉപകാരപ്പെടും.

കഥ തുടരാം…

നൂഹ് ബാത്ത്റൂമിൽ പോയി തിരിച്ചു വന്നിരിക്കുന്നു. രണ്ടാമത്തെ തട്ടിൽ നടക്കുന്ന ബഹളങ്ങളും തിരക്കും നൂഹിനെ കൂടുതൽ അസ്വസ്ഥനാക്കുകയും കപ്പൽ തകർന്നു പോവുമോ എന്ന് ഭയപ്പെടുകയും ചെയ്തു. താൻ കപ്പൽ നിർമാണം തുടങ്ങിയത് മുതൽ പൂർത്തീകരിക്കും വരെ ദിനേനെ മൂന്നും നാലും തവണ വന്നു തന്നെ പരിഹസിച്ചും നിരുത്സാഹപ്പെടുത്തിയും ആനന്ദം കണ്ടെത്തിയിരുന്ന ആളുകളോട് കപ്പൽ വെള്ളത്തിൽ വെക്കുമ്പോൾ പറഞ്ഞ വാക്കുകൾ മനസ്സിൽ ഓർത്തു. ‘ ഒരു നൂറു വർഷത്തേക്കെങ്കിലും ഈ കപ്പൽ കേടുപാടുകൾ ഇല്ലാതെ ഉപയോഗയോഗ്യമായിരിക്കും”. കയറുകൾ കെട്ടിയും തുന്നി ചേർത്തും, ചൂടാക്കി അടുക്കി നിർത്തിയും, ആണി അടിച്ചുകേറ്റിയും ഒരുപാട് തവണ ബലം ഉറപ്പിച്ച ശേഷം തന്നെയാണ് കപ്പൽ ഇറക്കിയതെങ്കിലും ആഞ്ഞടിക്കുന്ന തിരമാലകൾക്കൊപ്പം കപ്പലിനകത്തെ പ്രകടനങ്ങൾ കൂടിയായതോടെ ചെറുതായെങ്കിലും കപ്പലിന്റെ ഭദ്രതയുടെ കാര്യത്തിൽ സംശയം ഉദിച്ചു തുടങ്ങിയിരിക്കുന്നു.

ഈ ബഹളവും പ്രശ്നങ്ങളും അടങ്ങിയിരുന്നെങ്കിൽ തനിക്ക് കുറച്ചു ദിവസമെങ്കിലും അവധിയെടുക്കാമായിരുന്നെന്ന് നൂഹ് ആശിച്ചു. ഇരുപത്തി നാല് മണിക്കൂറും പണിയെടുത്ത് ഭ്രാന്ത് പിടിക്കുമെന്നായപ്പോൾ ഇനി മുതൽ ഞായർ അവധി ദിനമായി നൽകണമെന്ന അപേക്ഷ ദൈവത്തിന് അയച്ചെങ്കിലും ‘ഞായറവധിയും വീക്ക് ഓഫും മുതലാളിത്ത ആശയങ്ങളാണെന്നും ഇത്തരത്തിലുള്ള സാമ്രജ്യത്വ ജല്പനങ്ങളിൽ വീഴരുതെന്നും’ തുടങ്ങുന്ന ഹൃസ്വമായ കുറിപ്പാണ് മറുപടിയായി ലഭിച്ചത്.

കപ്പലിനകത്തെ തൻറെ റൂമിലെ കലണ്ടറിൽ നോക്കി നൂഹ് ദിവസങ്ങൾ എണ്ണി നോക്കി. കപ്പൽ പുറപ്പെട്ടിട്ട് ഇന്നേക്ക് 39 രാത്രികളും പകലുകളും പിന്നിട്ടിരിക്കുന്നു. എത്രയും പെട്ടെന്ന് കരകയറാൻ പറ്റിയെങ്കിലെന്ന് നൂഹ് ആഗ്രഹിച്ചു. തല കുനിച്ച്, കണ്ണടച്ച് ദൈവത്തോട് പ്രാർത്ഥിക്കുന്നതിനിടയിലാണ് സഹായികളിൽ ഒരാൾ ഓടി വന്നു ദൂരേക്ക് വിരൽ ചൂണ്ടി പറഞ്ഞത് “നോക്കൂ… അവിടെ ഒരു വലിയ കുന്നു കാണുന്നില്ലേ…മേലെ തട്ടിലെ കിളികളെല്ലാം അങ്ങോട്ട് പറന്നു പോകുന്നുണ്ട്. ആ ഭാഗത്തേക്ക് അടുപ്പിക്കൂ..”നൂഹിൻ്റെ കണ്ണിൽ പ്രകാശം നിറഞ്ഞു, അധികം ദൂരെയല്ലാതെ കാണുന്ന കുന്നിലേക്ക് പക്ഷികൾ പറന്ന വഴിയെ കപ്പൽ മെല്ലെ നീങ്ങി. നിറയെ കരഘോഷങ്ങൾ മുഴക്കി മൃഗങ്ങളും മനുഷ്യരും ആഹ്ലാദത്താൽ തുള്ളിച്ചാടി. കപ്പലിന്റെ മേൽത്തട്ടിൽ കയറി നിന്ന് നൂഹ് അത്രയുമുച്ചത്തിൽ വിളിച്ചുപറഞ്ഞു : മൃഗങ്ങളെ…… മനുഷ്യരെ….. പക്ഷികളെ…സന്തോഷിപ്പിൻ, ശാന്തരാകുവിൻ…നാം കരക്കടുത്തിരിക്കുന്നു.

**

വാലറ്റം: കഥക്കിടെ ഇൻ്റർവെല്ലിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിവരുണ്ടോ ?
ഉണ്ടെങ്കിൽ, ഉത്തരത്തിന് കഥയുമായി കൃത്യമായ ബന്ധമൊന്നുമില്ല. പക്ഷെ, ആവശ്യമായ സീനുകൾ മനസ്സിൽ കാണാൻ അവ നിങ്ങളെ സഹായിക്കും. കഥകൾക്കിടയിൽ ചോദ്യങ്ങളും കളികളും വേണമെന്ന് NCERT യുടെ നിർദ്ദേശവുമുണ്ട്.
..

ഉത്തരങ്ങൾ കണ്ടെത്താം :

1. നൂഹിനെ കുറിച്ച് മൃഗങ്ങൾ തങ്ങളുടെ അടുത്ത തലമുറക്ക് പറഞ്ഞുകൊടുത്തത് എന്തായിരിക്കും?

2. പുരുഷന്മാരെ മാത്രം വിളിച്ചുകൂട്ടി അവരുടെ പ്രശ്നങ്ങൾക്ക് കപ്പിത്താൻ നിർദ്ദേശിച്ച പോംവഴികൾ എന്തായിരിക്കാം ?

3. മൃഗങ്ങൾക്കും മനുഷ്യർക്കുമിടയിലെ പ്രശ്നം പക്ഷികൾ അറിഞ്ഞു കാണുമോ?
ഉണ്ടെങ്കിൽ, അവർ ആരുടെ കൂടെ നിൽക്കും ? കാരണം വ്യക്തമാക്കുക.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...