കവിത
പ്രദീഷ് കുഞ്ചു
കോരിച്ചൊരിയുന്നൊരു രാത്രിമഴയിലാണ്,
എന്റേതല്ലാത്ത ഒരു നായ, തണുത്തുവിറച്ച്,
എന്റെ കട്ടിലിൽ കേറി കിടക്കുന്നത്, ഞാൻ കണ്ടത്.
ഞാൻ കിടക്കാനൊരുങ്ങി, മൂത്രമൊഴിക്കാൻ പോയ സമയത്താണ്
പേരറിയാത്ത ആ ‘പട്ടി’
പണി പറ്റിച്ചത്.
പാവം.!
തണുത്തു വിറക്കുന്നുണ്ട്.
ഇതുപോലെ,
ഈ രാത്രിയിൽ
കേറിക്കിടക്കുവാൻ സ്ഥലമില്ലാതെ,
തണുത്തുവിറക്കുന്ന
എത്ര നായ്ക്കൾ ഉണ്ടാകും?!
എന്റെ മനസ്സലിഞ്ഞു.
ഞാൻ അതിനെ എന്നോടൊപ്പം കിടക്കാൻ അനുവദിച്ചു.
പിന്നെ, എനിക്ക് തണുക്കുവാൻ തുടങ്ങി.
എന്തായാലും ഞങ്ങൾ പരസ്പരം പുതച്ചു കിടന്നു എന്നത്,
നേരം വെളുത്തപ്പോഴും
എന്നെ വിട്ടുപോകാത്ത
ചൂടിൽ നിന്നാണ്
എനിക്കു മനസ്സിലായത്.
നിങ്ങൾക്ക് വിശ്വസിക്കാൻ ആകുന്നില്ല അല്ലേ?
എന്നാൽ ഞാനാ സത്യം പറയാം.
നിങ്ങൾ ചെയ്യുന്നതുപോലെ ഞാൻ,
കയ്യിൽ കിട്ടിയ നല്ലൊരു വിറകുകൊള്ളികൊണ്ട്
അതിന്റെ തലക്കുതന്നെ
ആഞ്ഞൊരടി കൊടുത്ത്,
ഓടിച്ചു വിട്ടു.
മഴയത്തേക്ക് അത് വീണ്ടും കരഞ്ഞുകൊണ്ടോടുമ്പോൾ
അതിന്റെ തലയിൽനിന്ന്
ചോരയൊലിക്കുന്നുണ്ടായിരുന്നു.
ഇനി ഒരു സത്യം കൂടി പറയട്ടെ?!
ആദ്യം ഞാൻ പറഞ്ഞത് വിശ്വസിക്കാത്ത നിങ്ങളാണ്, എന്നെക്കൊണ്ടത് ചെയ്യിച്ചത്.!
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല