കവിത
യഹിയാ മുഹമ്മദ്
സൂര്യനെ
അനുകരിക്കാൻ ശ്രമിക്കുന്നു
ഇരുട്ടിൻ്റെ മറവിൽ
മറഞ്ഞിരുന്ന ഒരു കുട്ടി.
അനുകരണകല
അതിമനോഹരം
നട്ടുച്ചവെയിലിൽ
ചുട്ടുപൊള്ളിയ ഭൂമിയെ
വിശ്രമവേളയിൽ
നിലാവു കൊണ്ടവൻ
കുളിർപ്പിക്കുന്നു…
ആനന്ദിപ്പിക്കുന്നു…
കിളിയൊച്ച നിലച്ച
മരച്ചില്ലയിൽ
ഊഞ്ഞാലു കെട്ടുന്നു…
നിലാപ്പുഞ്ചിരിയാൽ
ഉഞ്ഞാലാടുന്നു…
കുന്നുകൾക്ക് മുകളിൽ
പർവ്വതങ്ങൾക്ക് ഉച്ചിയിൽ
മൊട്ടത്തലയ്ക്കു മീതെ
പപ്പടവട്ടത്തിൽ
പതിയിരിക്കുന്നു.
ഉറക്കച്ചടവിൽ
പതിയെ ഓളം തല്ലും
കടലിൻ്റെ
തിര മുടിയിഴകൾ
വെറുതെ പിടിച്ച് വലിക്കുന്നു
കുസൃതിക്കുട്ടൻ
രാവിൽ
പെരുമ്പാമ്പായ് ഇഴയും
പുഴയുടെ പുറത്തവൻ
തുഴയില്ലാതൊഴുകി
ത്തിമിർക്കുന്നു.
കടയടച്ച്
മലയിറങ്ങിപ്പോവുന്ന
ഒരു മുത്തശ്ശനെ
വീടോളം ഒപ്പം നടന്ന്
വഴിതെളിക്കുന്നു.
അമ്മിണി ചേച്ചിയുടെ
കുടിലിൽ നിന്നും
പതിയെ ഇറങ്ങി
നടക്കുന്ന ഒരുവനെ
വയൽ വരമ്പിലിട്ടവൻ
വട്ടം കറക്കുന്നു.
തലയിൽ മുണ്ടിട്ടോടുന്ന
അവൻ്റെ പിന്നാലെ കൂടി
വെറുപ്പിച്ച് ചിരിക്കുന്നു.
ഇത്തിരി നേരമാണെങ്കിലും
അനുകരണകലയാൽ
കുഞ്ഞു സൂര്യനാവുന്നു….
ഒരു രാവിനെ
പതിയെപ്പതിയെ
വെളുപ്പിക്കുന്നു…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല