ആത്മാവിനെ അധീരമാക്കാൻ ആർക്കു കഴിയും?

0
199

ആത്മാവിന്റെ പരിഭാഷകൾ
(സിനിമ, കവിത, സംഗീതം )
ഭാഗം 20

ഡോ. രോഷ്‌നി സ്വപ്ന

Facts do not convey truth.
That’s a mistake.
Facts create norms,
but truth creates
illuminations

-Werner Herzog

എൻറെ കവിതയിൽ കാഴ്ചകൾ കൊണ്ട് തീർക്കാനാവുന്ന ചില പാലങ്ങൾക്ക് വേണ്ടിയാണ് ഞാൻ സിനിമകൾ കാണുന്നത്.

കവിതയ്ക്ക് മുമ്പേ അത് മനസ്സിനെയും ഉടലിനെയും ഒരു ചൂണ്ട കൊണ്ട് കോർത്തെടുക്കുന്നു

വെർണർ ഹെർസോഗ് എന്ന ചലചിത്രകാരന്റെ സൃഷ്ടികൾ എന്നെ അങ്ങനെ കോർത്തെടുത്ത ഒരു കാലമുണ്ട് കാടിന്റെയും ജലപാതങ്ങളുടെയും അടിത്തട്ടിൽ മരിച്ചു കിടക്കാൻ ആഗ്രഹിച്ച കാലം.

നിശ്ചലതയെ
ഭയപ്പെടുത്താൻ.
അധീരമാക്കാൻ
ആർക്ക് സാധിക്കും?
എന്ന് ആ കാലത്ത് എന്നോട് നിരന്തരം പറഞ്ഞു കൊണ്ടിരുന്നവരിൽ ഹേർസോഗിന്റെ സിനിമകൾ കൂടിയുണ്ട്.

എല്ലാ കാഴ്ചകളുടെയും ഇടയിൽ
ഒരു തീനാളം
ആളിക്കത്തുന്നുണ്ട്.

താഴെ ഓറഞ്ച് നിറത്തിൽ ആളി വന്ന കാറ്റിൽ ഭൂതത്തെ പോലെ ആടിയൂലയുന്നുണ്ട് ഒരു കാലം

ഓറഞ്ച് കലർന്ന മുകളറ്റം വികൃതമായ
ആ തീ ജ്വാലക്കൊപ്പം
അടിയിൽ എന്നെപ്പോലെ മറ്റൊരാൾ…

എനിക്ക് മഴയുടെ വിരിപ്പുകൾ കാണാൻ കഴിയുന്നുണ്ട്

ഇതാണ് ആ സന്ദർഭം

“ഓഫ് വാക്കിങ് ഇൻ ഐസ്” എന്ന കൃതിയിൽ ഹെർസോഗ് എഴുതുന്നത് ഇങ്ങനെയാണ്

ദൃശ്യങ്ങളെ കേവലം ക്യാമറയിലേക്ക് പകർത്തുക അല്ല വിവരിക്കുകയാണ്
ഹെർസോഗ്.

ഓരോ സൂക്ഷ്മ വസ്തുവിനെയും കുറിച്ച് ഏറെ സൂക്ഷ്മതയോടെ…..

ഹെർസോഗിന്റെ സിനിമകളിൽ പത്തെണ്ണം എങ്കിലും കണ്ടിട്ടില്ലെങ്കിൽ നിങ്ങൾ ഒ നല്ല ചലച്ചിത്രാസ്വാദകരല്ല എന്ന് സിനിമ പഠന കാലത്ത് പി കെ നായർ സർ ആവർത്തിച്ചു പറയുമായിരുന്നു

ഹെർസോഗിന്റെ Aquira, the wrath of god
ആണ് എന്നെ പിടിച്ചുകുലുക്കിയ ഒരു ചിത്രം
മനുഷ്യാവസ്ഥയുടെ കയോട്ടിക് പരിസരങ്ങളിലൂടെയാണ്
ഹെർസോഗ് സഞ്ചരിച്ചത്.
.ജീവിതവും കാഴ്ചകളുടെ വൈവിധ്യവും മനുഷ്യശരീരങ്ങളും
വന്യതയും കാമവും ഉന്മാദത്തിന്റെ ആഴങ്ങളുമാണ്
ഹെർസോഗ് ചിത്രങ്ങൾ

മനുഷ്യൻ തൻറെ ഉറവകളിൽ നിന്ന് അകന്ന് അപരിചിതവും അജ്ഞാതവുമായ വേവലാതി കളുടെ ഭൂപ്രദേശങ്ങളിലേക്ക് പാഴ് വള്ളികൾ പോലെ പടരുന്നത് ആശങ്കകൾപോലെ ‘ഓഫ് വാക്കിങ് ഇൻ ഐസ്’ എന്ന പുസ്തകത്തിൽ ഉണ്ട്

ഏറ്റവുംഉയരങ്ങളെയും ചിറകുവിരിച്ചുള്ള പറക്കലുകളെയും പ്രണയിക്കുന്ന കഥാപാത്രങ്ങളെയാണ് ഹെർസോഗ്സൃഷ്ടിച്ചത്.

കണ്ണുകളിൽ ആഴത്തിൽ അനുഭവിച്ച,ഖനീഭവിച്ച സ്ഥൈര്യവും ആകുലതകളും പകർന്ന അഗിറ കുറേക്കാലം എൻറെ കാഴ്ചയെ അപഹരിച്ചു.

ഹെർസോഗിൽ നിന്ന് തിരിച്ചു പോരൽ എളുപ്പമല്ല എന്ന് തിരിച്ചറിഞ്ഞ ഞാൻ അതിനായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴും.

ഉന്മാദമെന്ന് തോന്നാമെങ്കിലും ജീവിതത്തെക്കുറിച്ച് യാഥാർത്ഥ്യബോധത്തെക്കുറിച്ച് ഹെർസോഗ് പറയുന്നത് ഇങ്ങനെയാണ്

“”തെറ്റായ ഒരു തീരുമാനം എടുത്ത ശേഷം
യഥാർഥത്തിൽ
ശരിതെറ്റുകളെ കുറിച്ചുള്ള ചിന്ത കടന്നുവരിക
പിന്നിലേക്ക് തിരിച്ചുപോകാനുള്ള ഞരമ്പ് എന്നിലില്ല””

( ഓഫ് വാക്കിംഗ് ഇൻ ഐസ് )

ഹെർസോഗ് മനുഷ്യനെ നഗ്നനായി അവതരിപ്പിച്ചു. ഓരോ മനുഷ്യനും ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു കുന്നിലേക്ക് തൻറെ വള്ളത്തെ തള്ളിക്കൊണ്ടു വരേണ്ടിവരും എന്ന് അദ്ദേഹം പറയുന്നു.

ദ ഗ്രേറ്റ് എക്സ്റ്റസി ഓഫ് വുഡ് കാർ വോൾട്ടർ സ്റ്റെയ്നർ (The great Ecstasy of wood carner Walter steiner ) എന്ന ഡോക്യുമെൻററി സിനിമയിൽ കഥാപാത്രത്തിന്റെ യാത്രയുടെ കഥ പറയുന്നു. ഏകദേശം 45 മിനിറ്റുള്ള ഈ ഡോക്യുമെൻററി സംസാരിക്കുന്നതും ഉയരങ്ങളെക്കുറിച്ചും പറക്കലിനെക്കുറിച്ചുമാണ്. ഉയരങ്ങളിലേക്ക് പറക്കാനുള്ള മനുഷ്യൻറെ ഉത്കടമായ ആനന്ദത്തിന്റെ മനശാസ്ത്രമാണ് ഈ ഡോക്യുമെൻററി അന്വേഷിക്കുന്നത്. ഒരു മനുഷ്യൻറെ ജീവിതവും കുതിപ്പുകളും അതിലേക്ക് അയാൾക്കുള്ള പ്രചോദനവും അയാളുടെ തിരിച്ചറിവും പേടിയും ചേർന്ന മനോഹരമായ ഒരു ദൃശ്യ കാവ്യമാണിത്. താൻ രക്ഷിച്ച ഒരുപക്ഷി യോടാണ് സ്റ്റെയ്നർ സ്വയം ഉപമിക്കുന്നത്. കവിതയിൽ സാധ്യമാകുന്നത് സിനിമയിൽ എങ്ങനെ എന്ന അന്വേഷണത്തിനുള്ള ഉത്തരവും ഈ ചിത്രത്തിലൂടെ എനിക്ക് കിട്ടുന്നുണ്ട്. 59 സിനിമകളാണ് ഹെർസോഗിന്റെതായി ഉള്ളത്.

Steiner നെക്കുറിച്ചുള്ള സിനിമയിൽ പക്ഷിയോളമെത്തുന്ന മനുഷ്യൻറെ ആത്മീയതയെ അല്ലെങ്കിൽ പക്ഷിയിലേക്ക് ചേർത്തുവയ്ക്കുന്ന മനുഷ്യന്റെ അടയാളങ്ങളെ ഈ ചിത്രത്തിലൂടെ ഹെർസോഗ് കണ്ടെടുക്കുന്നു. ഹെർസോഗിന് മാത്രം കണ്ടെടുക്കാൻ ആവുന്ന ഒരു യോഗാത്മകതയിലൂടെ…

“Filmmaking is always some sort of riskTaking.”

എന്നാണു ഹെർസോഗ് തന്റെ ചലച്ചിത്ര യാത്രകളെക്കുറിച്ച്പറയുന്നത്

സ്ക്രീനിലും സ്ക്രീനിനു പുറത്തും വ്യക്തമായ വഴികളിലൂടെയാണ് അദ്ദേഹം സഞ്ചരിച്ചത്. സങ്കീർണമായ വികാര ഘടനകളെയാണ് തൻറെ ചലച്ചിത്രങ്ങളുടെ ആശയ ഘടനയിൽ അദ്ദേഹം സ്വീകരിച്ചത്. 1970 കളിലും 80 കളിലും ഏറ്റവുമുയർന്ന പ്രശസ്തിയിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. 1882 സംവിധാനം ചെയ്ത Fitzcarralfo യിലൂടെ തൻറെ പ്രതിഭയെ മുഴുവനായി അദ്ദേഹം തുറന്നുകാട്ടി.

1976-ലെ “ഹാർട്ട് ഓഫ് ഗ്ലാസിലൂടെ” അഭിനേതാക്കളിൽ നിന്ന് എങ്ങനെയാണ് തന്റെ ധ്യാനാത്മകതയെ ഖനനം ചെയ്ത് എടുക്കുന്നത് എന്ന് വിശദീകരിച്ചു. അദ്ദേഹത്തിന്റെ മാസ്റ്റർപീസ് എന്നറിയപ്പെടുന്ന Aquirra the wrath of god ലൂടെ ചലച്ചിത്രകാരൻ എന്ന നിലയിലും കലാകാരൻ എന്ന നിലയിലും ആവിഷ്കാര ത്തിൻറെ ഏറ്റവും ഉയർന്ന ഒരു തലം കൂടി ഹെർസോഗ് സ്വായത്തമാക്കി. ഹെർസോഗിന്റെ പ്രധാനപ്പെട്ട ഒരു രൂപകമാണ് യാത്ര. ഓഫ് വാക്കിംഗ് ഇൻ ഐസിൽ അത് വ്യക്തമാക്കുന്നുണ്ട്

Today I often said Forest to myself truth is self wonders throw the forest.

ഒരുപക്ഷേ ഈ സത്യത്തെ തേടിയായിരിക്കും അദ്ദേഹം തന്റെ ചലച്ചിത്രങ്ങളിലൂടെ അദ്ദേഹം യാത്ര ചെയ്തതും. Wodaabe എന്ന സൃഷ്ടിയിൽ അലച്ചിലിന്റെ കാഴ്ചകളാണ് കാണാൻ കഴിയുക സഹാറയിലെ നാടോടി ഗോത്ര വർഗ്ഗക്കാരാണ് പരാമർശം. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ മനുഷ്യർ എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടമാണവർ.

ഒരു വിവാഹത്തിൻറെ സന്ദർഭമാണ്. പലയിടങ്ങളിൽ നിന്നും വന്നു സ്വയംവരത്തിൽ പങ്കെടുക്കുകയും ദിവസങ്ങളോളം ആ പ്രദേശത്ത് അധിവസിക്കുകയും ചെയ്യുന്നു ഈ കൂട്ടം മനുഷ്യർ.. ഒട്ടകങ്ങളുടെയും കന്നുകാലികളുടെയും ശബ്ദമാണ് ഹെർസോഗ് ഈ ചിത്രത്തിൽ സംഗീതമായി ഉപയോഗിച്ചിട്ടുള്ളത്. ഉയരംകുറഞ്ഞ കുറ്റിക്കാടുകൾ പുല്ലുകൾ, മരുഭൂവിലെ സാന്നിധ്യം, അലഞ്ഞുതിരിയുന്ന നാടോടികളായ മനുഷ്യരുടെ രൂപങ്ങൾ, നിശബ്ദത, ഒട്ടകങ്ങളുടെ കരച്ചിൽ…….!

കാഴ്ചയെ മറ്റൊരു പ്രതലത്തിലേക്ക് ചേർത്തുവെക്കുന്നു ഹെർസോഗ്.
മരുഭൂമിയുടെ വിദൂരതയിൽ ഒട്ടകത്തെ തെളിച്ച് വരുന്ന മനുഷ്യന്റെ ദൃശ്യമാണ് ചിത്രത്തിൻറെ ആരംഭത്തിൽ കാണുന്നത്
ഒപ്പം ആട്ടിൻപറ്റങ്ങളും ഉണ്ട്.
ഒട്ടകം….
മരുപ്പച്ചയുടെ ഓർമ്മ….
വെയിൽ…

ചിത്രത്തിന്റെ അവസാനം തിരക്കേറിയ നഗരത്തിലെ ദൃശ്യം കാണാം.
ആ നഗരത്തെ മുറിച്ചു കൊണ്ട് ഒഴുകുന്ന പുഴ. ഒരു മനുഷ്യൻ ഒട്ടകത്തെയും കൊണ്ട് പുഴയുടെ പാലത്തിലൂടെ നടന്ന് പോകുന്നു.

എതിരെ വരുന്ന മനുഷ്യരും സ്കൂട്ടറുകളും…

“”അതിർത്തികൾ
മുറിച്ചുകടന്നു കൊണ്ട്
സൂര്യൻ ഒടുങ്ങുന്നു

“ഒരു വീരൻറെയും
അമ്പിന്
എത്തിച്ചേരാൻ
ആവാത്ത ഇടത്തേക്ക്””””

അഖ്യാതാവിന്റെ ശബ്ദത്തിലൂടെയാണ് ഹെർസോഗ് ചില ആശയങ്ങൾ പങ്കു വക്കുന്നത്. എവിടെ നിന്ന് എവിടേക്ക് എന്നറിയാത്ത അലഞ്ഞുതിരിയുന്ന ആഖ്യാനമാണ് ഈ വൊഡാബെ. വിവാഹത്തിൻറെ തെരഞ്ഞെടുപ്പിൽ വിജയിച്ചയാൾ സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വപ്നത്തെ കുറിച്ചും പറയുന്നു.

Photograph: Ronald Grant

” തണുത്ത രാത്രിയിൽ
മലർന്നുകിടന്ന്
ആകാശത്തേക്ക്
നോക്കുമ്പോൾ
അനുഭവിക്കാൻ കഴിയുന്ന ഒന്നാണ്
തൻറെ സ്വപ്നം”

എന്നയാൾ വിശദീകരിക്കുന്നു. ഹെർസോഗിനെ സംബന്ധിച്ച് പ്രപഞ്ചത്തിനു കീഴിൽ ആകാശത്തിനു കീഴിൽ ഭൂമിക്കുള്ളിൽ കല എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുക എന്നതാണ് ഉന്മാദം എന്ന് വിമർശിക്കപ്പെട്ടേക്കാം ആഫ്രിക്കയിലെ സഹേളിലെ അലഞ്ഞുതിരിയുന്ന നാടോടി വർഗ്ഗത്തിൻറെ ഏറെ സവിശേഷമായ സന്ദർഭമാണ് വൊഡാബെ.

പ്രകൃതിയുടെ മൗലിക സൗന്ദര്യത്തോടു ഉള്ള ഹെർസോഗിന്റെ താല്പര്യമാണ് ഈ ചിത്രത്തിൽ ഉള്ളത്.

നരവംശശാസ്ത്രപരമായ ചിന്തകൾ കൂടി വൊഡാബെ ചർച്ച ചെയ്യുന്നു. വിവാഹവുമായി ബന്ധപ്പെട്ട് അവരുടെ ചടങ്ങുകൾ എങ്ങനെയാണ് അവരുടെ ചരിത്രത്തിൽ ഇടപെടുന്നത്…. അവരുടെ ഭാവിയെ നിർണയിക്കുന്നത് എന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ട്.

‘യാഥാർത്ഥ്യം എന്നത് കൂടുതൽ ഉന്മാദവും നിഗൂഢവുമായ ഒരു ഇടത്താണ്.
ഒരു പക്ഷെ ആർക്കും പറഞ്ഞു വിശദീകരണം നൽകാൻ ആവാത്തിടത്ത്’
എന്നാണ് അദ്ദേഹം പറയുന്നത്. ഭൂമിയുടെ അവകാശികൾ എല്ലാ മനുഷ്യരും അടങ്ങുന്ന കൂട്ടമാണെന്ന് വിശ്വസിക്കുന്ന വൊഡാബെകളുടെ യാത്ര അതിർത്തികൾക്കും സൂര്യനും അപ്പുറത്തേക്ക് എത്തുന്നുണ്ട്. സൂര്യന്റെ ഇടയന്മാരല്ലാത്തവർക്ക് ഈ വാഗ്ദത്ത ഭൂമിയിൽ ഇടമില്ല എന്ന വിശ്വാസത്തോടെ അവർ യാത്ര തുടരുന്നു.

ആഴങ്ങളിൽ നിന്നും കേൾക്കുന്ന നിലവിളികൾ

ബെൽസ് ഫ്രം ദി ഡീപ് എന്ന ചിത്രത്തിൻറെ തലക്കെട്ട് പോലെ തന്നെ പ്രധാനപ്പെട്ടതാണ് അതോടൊപ്പം കേൾക്കുന്ന, എഴുതുന്ന വാക്കുകളും

“Faith and Superstition in Russia”

എന്നാണ് ആദ്യം കാണിക്കുന്നത്. ഉറഞ്ഞുകൂടിയ മഞ്ഞു പാളിയിലൂടെ ഒരാൾ ഇഴഞ്ഞു നീങ്ങുന്നു. ദൂരെ കേൾക്കുന്ന മണി മുഴക്കങ്ങൾ പതിയെ വിസ്തൃതി കൂടുന്നു കാഴ്ചയിലേക്ക് മറ്റൊരാൾ കൂടി വരുന്നു ഹെർസോഗിന്റെ മറ്റു ചിത്രങ്ങളിലെല്ലാം കടന്നുവരുന്ന മതവും ദൈവ വിശ്വാസവും അന്ധവിശ്വാസവും എല്ലാം ഈ ചിത്രത്തിലും കാണാം. യേശുവാണ് ഞാൻ എന്ന വിശ്വാസത്തിൽ ജീവിക്കുന്ന ചില റഷ്യക്കാരെ നമുക്ക് കാണിച്ചു തരുന്നു. എല്ലാവർക്കും ദൈവത്തിൻറെ രൂപത്തിൽ ഒരാളെ ആവശ്യമുണ്ട് അവരുടെ വാക്കുകൾ ഈ ചിത്രത്തിലുണ്ട്. അവർക്കിടയിലെ ഒരു സാധാരണ മനുഷ്യൻ ഒരു സൂചകമായി അവശേഷിക്കുന്നു ദൈവത്തിൻറെ സൂചകം… കലാകാരന്റെ സൂചകമായി, പ്രതിരൂപമായി അയാൾ മണിമുഴക്കുന്നു.

ചിത്രം തുടങ്ങുമ്പോൾ നാം കണ്ട തണുത്തുറഞ്ഞ തടാകത്തിൽ ആണ്ടുപോയ കിറ്റഷ് നഗരത്തെ കുറിച്ച് ഒരാൾ പറയുന്നുണ്ട്. യുദ്ധത്തിൽ നിന്ന് രക്ഷനേടാനുള്ള ദേശവാസികളുടെ പ്രാർത്ഥന പ്രകാരം ഒരു മാലാഖ വെളിപ്പെടുകയും തടാകത്തിലേക്ക് അവരുടെ ദേശത്തെ താഴ്ത്തി രക്ഷിക്കുകയും ചെയ്യുന്നു. ആ നഗരത്തിലെ ഓർമ്മയാണ് ആഴങ്ങളിലേക്ക് നീളുന്ന പ്രാർത്ഥനയായി വരുന്നത്. ദേശാടകരും തീർത്ഥ യാത്രികരും തടാകത്തെ ചുറ്റി പ്രാർത്ഥിക്കുന്നു. അതാണ് നാം തുടക്കത്തിൽ കാണുന്നത് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയ നഗരത്തെയാണവര്‍ സങ്കൽപ്പിക്കുന്നത്. വിശ്വാസങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും പറയുന്ന സിനിമ അവസാനിക്കുമ്പോൾ ആരംഭത്തിൽ നാം കണ്ട ഉറഞ്ഞ തടാകം തന്നെ വീണ്ടും കാണുന്നു. പക്ഷേ കമിഴ്ന്നുകിടന്ന് പ്രാർത്ഥിക്കുന്ന മനുഷ്യരില്ല. മഞ്ഞും ഉറഞ്ഞുകൂടിയ തടാകവും വിശ്വാസവും പ്രാർത്ഥനയും കൊണ്ട് തീർക്കുന്ന ലോകം ആഴങ്ങളുടെതാണ്.

വെർണർ ഹെർസോഗിന്റെ “അഗ്വിറെ, ദ റാത്ത് ഓഫ് ഗോഡ്” (1973)ലോക സിനിമയിൽ ഏറ്റവും കൂടുതൽ മനുഷ്യ മനസിനെ വേട്ടയാടും വിധം പിന്തുടരുന്ന ദർശനങ്ങളിലൊന്നാണ്. 1560-ലും 1561-ലും നഷ്ടപ്പെട്ട നഗരത്തിന്റെ കഥകളാൽ ആകർഷിച്ച് പെറുവിയൻ മഴക്കാടുകളിലേക്ക് ഒരു കൂട്ടം മനുഷ്യരെ നയിച്ച വിജയിയായ ഗോൺസാലോ പിസാറോയുടെ വിനാശകരമായ പര്യവേഷണത്തിന്റെ കഥയാണ് ഇത് പറയുന്നത്.

 

ഏറെ ദൈർഘ്യമുള്ള ഓപ്പണിംഗ് ഷോട്ട് കൊണ്ട് ശ്രദ്ധേയമായ ഒരു ചിത്രമാണ് ഇത്.

മനുഷ്യരുടെ ഒരു നീണ്ട നിര കുത്തനെയുള്ള പാതയിലൂടെ താഴേക്ക് താഴ്‌വരയിലേക്ക് നീങ്ങുന്നു, അതേസമയം മൂടൽമഞ്ഞിന്റെ മേഘങ്ങൾ കൊടുമുടികളെ മറയ്ക്കുന്നു. പുരുഷന്മാർ സ്റ്റീൽ ഹെൽമെറ്റുകളും ബ്രെസ്റ്റ് പ്ലേറ്റുകളും ധരിക്കുന്നു, കൂടാതെ അവരുടെ സ്ത്രീകളെ അടച്ചു ചേർത്ത സെഡാൻ കസേരകളിൽ കൊണ്ടുപോകുന്നു. കാടിന്റെ സംഗീതം പ്രകൃതി ക്രമീകരിക്കുന്നു. ഫ്ലോറിയൻ ഫ്രിക്കിന്റെതാണ് ശബ്ദമിശ്രണം. അദ്ദേഹത്തിന്റെ ബാൻഡ് പോപോൾ നിരവധി ഹെർസോഗ് സിനിമകൾക്ക് സൗണ്ട് ട്രാക്കുകൾ സംഭാവന ചെയ്തിട്ടുണ്ട്.

അക്വിറയിലെ ഓപ്പണിംഗ് സീക്വൻസിനായി, ഹെർസോഗ് ഉപയോഗിച്ചത് വിചിത്രമായ ഒരു ഉപകരണമായിരുന്നു എന്നും അതിനെ തങ്ങൾ ‘കോയർ-ഓർഗൻ’ എന്ന് വിളിക്കുന്നു എന്നും ഹേർസോഗ് പറയുന്നുണ്ട്.. അതിനുള്ളിൽ മൂന്ന് ഡസൻ വ്യത്യസ്ത ടേപ്പുകൾ വിവിധ ലൂപ്പുകളിൽ ഘടിപ്പിച് സമാന്തരമായി ഓടുന്നുണ്ട്. ഈ ടേപ്പുകളെല്ലാം ഒരേ സമയം പ്രവർത്തിക്കുന്നു. ഒരു അവയവം പോലെ പ്ലേ ചെയ്യാൻ കഴിയുന്ന ഒരു കീബോർഡും അതിൽ ഉണ്ട്, അത് ചിലപ്പോൾ ഒരു മനുഷ്യ ഗായകസംഘം പോലെ തോന്നും, എന്നാൽ അതേ സമയം, വളരെ കൃത്രിമവും. വിചിത്രവുമായും തോന്നുംകയും ചെയ്യും. ഒരു ചലച്ചിത്രമെന്നതിനപ്പുറം ഒരു പ്രത്യേക കാലം അധികാര ദുർവേഴ്ചയെ നിരാകരിക്കുന്ന കൊടുങ്കാറ്റുകളെ അഴിച്ചു വിടുന്നു ഈ സിനിമ.

മനുഷ്യനും അവന്റെ മനസും പ്രണയവും രതിയും അധികാരവും മതവും ഇഴകലരുന്ന സംഘർഷങ്ങളെ വെളിച്ചത്തേക്ക് നീക്കി നിർത്തുന്നു ഈ സിനിമ.
കാലതീതമായ വിമർശന സാധ്യത ഈ സിനിമക്കുണ്ടാകുന്നതും അതുകൊണ്ടാണ്.

മനുഷ്യന്റെ അധികാര ദുരയും സ്വത്തിനു വേണ്ടിയുള്ള അത്യാർത്തിയും അവനിൽ ഏൽപ്പിക്കുന്ന തീരാത്ത അൽച്ചിലാണ് ഈ സിനിമ. സ്വപ്ന ദംശനങ്ങളിൽ നിന്ന് മനുഷ്യർ മരണത്തിലേക്ക് ഉയിർത്തെണീക്കുന്നു. ലക്ഷ്യമില്ലാത്ത യാത്രകൾ… പൊള്ളുന്ന വെയിൽ പോലെ പേമാരി പോലെ കൊടുങ്കാറ്റു പോലെ മനുഷ്യനെ വിഴുങ്ങുന്നു. ഉന്മാദത്തിൽ നിന്ന് വിഭ്രാന്തിയുടെ മടിയിലേക്ക് അഗ്വിറ സ്വന്തം ചങ്ങാടത്തിൽ ഒറ്റക്ക് തുഴയുകയാണ് ഒടുവിൽ

ഹെർസോഗ് സിനിമകളുടെ ശബ്ദം അതിന്റെ പ്രഭാവത്തിന്റെ ഭാഗമാണ് എപ്പോഴും.

അത് കൊണ്ടാണ് താൻ സംഗീതത്തിന് പ്രാധാന്യം നൽകുന്നത് എന്ന് അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ ആഖ്യാനങ്ങൾ നേർക്കു നേർ സംവദിക്കും വിധമാണ് ആരംഭിക്കുന്നത്, പക്ഷേ അവ എവിടേക്ക് നയിക്കുമെന്ന് പറയാനാവില്ല: അവ അവസാനിക്കുന്നത് കൃത്യമായ ഒരു പൂർണ്ണവിരാമത്തിലല്ല, മറിച്ച് നമ്മുടെ ഉള്ളിൽ ഒരു പ്രത്യേക മാനസികാവസ്ഥ സൃഷ്ടിക്കുന്നതിലാണ്. ആത്മീയമോ ദർശനപരമോ ആയ ഒരു വികാരം. മനുഷ്യന്റെ സ്വപ്നങ്ങളെയും വ്യാമോഹങ്ങളെയും കീഴ്പ്പെടുത്തുമ്പോൾ പ്രപഞ്ചത്തിന്റെ അപാരതയിൽ ദുഃഖിതനായി, സമയത്തിന് പുറത്ത് നിൽക്കുന്ന, വേർപിരിഞ്ഞ നിരീക്ഷകരായി തന്റെ പ്രേക്ഷകർക്ക് തോന്നണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അഗ്വിറ യായി അഭിനയിക്കാൻ എത്തിയ
കിൻസ്‌കിയെ ആദ്യമായി കാണമ്പോൾ ഹെർസോഗ് പറഞ്ഞത് ഇങ്ങനെയാണ്
“അഗ്വിറെ, ദൈവത്തിന്റെ ക്രോധത്തിന്” സംഗീതം നിർണായകമാണെങ്കിൽ, കിൻസ്കിയുടെ മുഖമതിനു ഏറെ ചേർന്നതാണ്. ഭ്രാന്തിന്റെ, ഇന്ദ്രിയാനുഭൂതിയുള്ളതായി തോന്നുന്ന നീലക്കണ്ണുകളും വീതിയേറിയ കട്ടിയുള്ള ചുണ്ടുകളും അവന്റെ പ്രത്യേകതകളാണ്.”

തന്റെ പര്യവേഷണം ഒരു വിഡ്ഢിത്തമാണെന്ന് പിസാരോ ഭയപ്പെടുമ്പോൾ, നദിയുടെ മുകളിലേക്ക് പര്യവേക്ഷണം ചെയ്യാൻ ഒരാഴ്ച ചെലവഴിക്കാൻ അദ്ദേഹം ഒരു ചെറിയ വഴി തിരഞ്ഞെടുക്കുന്നു. ഒന്നും കണ്ടെത്തിയില്ലെങ്കിൽ ശ്രമം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രഭു ഡോൺ പെഡ്രോഡി ഉർസുവയാണ് ഈ ചെറിയ സംഘത്തെ നയിക്കുന്നത്,. അഗ്വിറ (കിൻസ്കി) അദ്ദേഹത്തിന്റെ രണ്ടാമത്തെ കമാൻഡാണ്. സംഘത്തിൽ പട്ടാളക്കാർക്കും അടിമകൾക്കുമൊപ്പം ഗാസ്പർ ഡി കാർവാജൽ എന്ന പുരോഹിതനുമുണ്ട്; ഫെർണാണ്ടോ ഡി ഗുസ്മാൻ എന്ന കുലീനനായ പ്രഭുവും ഉണ്ട്. ഒപ്പം ഉർസുവയുടെ ഭാര്യ ഫ്ലോറസും അഗ്വിറെയുടെ മകൾ ഇനെസും.

ഒകെല്ലോ എന്ന കറുത്ത അടിമയും സങ്കടത്തോടെ ഒരു സ്ത്രീയോട് പറയുന്നുണ്ട്.

“ഞാൻ ഒരു രാജകുമാരനായി ജനിച്ചു, പുരുഷന്മാർ എന്നെ നോക്കുന്നത് വിലക്കപ്പെട്ടു. ഇപ്പോൾ ഞാൻ ചങ്ങലയിലാണ്.”

ഹെർസോഗ് അവരുടെ യാത്രയുടെ വേഗം കൂട്ടിയില്ല. സസ്പെൻസിന്റെയും ആക്ഷന്റെയും കൃത്രിമ എപ്പിസോഡുകൾ കൊണ്ട് നിറയ്ക്കുന്നുമില്ല. എല്ലാറ്റിനുമുപരിയായി നമുക്ക് അനുഭവപ്പെടുന്നത് നദിയുടെയും ചുറ്റുമുള്ള കാടിന്റെയുo പച്ചപ്പിന്റെയും ഈർപ്പത്തിന്റെയു.അപാരതയാണ് –

വെള്ളം ഉയർന്ന് വെള്ളപ്പൊക്കമുണ്ടായതിനാൽ അവിടെ നിൽക്കാൻ ഒരു തീരവും ഇല്ല. റാഫ്റ്റുകളിലൊന്ന് ചുഴിയിൽ അകപ്പെടുമ്പോൾ, ഹെർസോഗ് ആ പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന്
നോക്കൂ.

അടിമകൾ രോഷാകുലരായി തുഴയുന്നു, പക്ഷേ ചങ്ങാടത്തിന് നീങ്ങാൻ കഴിയില്ല. ഹെർസോഗിന്റെ ക്യാമറ റാഫ്റ്ററുകളിൽ നിന്ന് നദിക്ക് കുറുകെ നിൽക്കുന്നു; അവരുടെ ദുരിതം, പരിഹരിക്കാനാവാത്തതായ ഒന്നായി തോന്നുന്നു. അവരെ രക്ഷിക്കാനുള്ള ഏതൊരു ശ്രമവും അഗ്വിറ അവജ്ഞയോടെ നിരസിക്കുന്നു, എന്നാൽ മറുവശത്ത് നിന്ന് അവരെ എത്തിക്കാൻ ഒരു കക്ഷിയെ അയക്കുകയും ചെയ്യുന്നു.
ചങ്ങാടം ഇപ്പോഴും അതേ സ്ഥലത്ത് പൊങ്ങിക്കിടക്കുന്നതായി കാണാം.

അതിലുള്ളവരെല്ലാം മരിച്ചു കഴിഞ്ഞിരിക്കുന്നു.
അവർ എങ്ങനെയാണ് മരിച്ചത്?
ഒരു സംശയം ബാക്കി നിൽക്കുന്നു.
നേതാവ് ഉർസുവയെ അറസ്റ്റ് ചെയ്തു. ഗുസ്മാനെ അവരുടെ പുതിയ നേതാവായി തിരഞ്ഞെടുക്കുന്നത് അഗ്വിറെയുടെ തീരുമാനമാണ്. അധികം വൈകാതെ രണ്ടുപേരും മരണപ്പെടുകയാണ്. ഗുസ്മാന്റെ അവസാന ഭക്ഷണം മത്സ്യവും പഴവുമാണ്, “ചക്രവർത്തി” എന്ന നിലയിൽ അദ്ദേഹം അത്യാർത്തിയോടെ അത് കഴിക്കുന്നു, അതേസമയം അവന്റെ ആളുകൾ കുറച്ച് ധാന്യം എണ്ണിയെടുക്കുന്നു.. ഒരു കുതിരക്ക് ഭ്രാന്ത് പിടിക്കുന്നു, അതിനെ കടലിൽ എറിയാൻ അവൻ കൽപ്പിക്കുന്നു, ആളുകൾ അതിനെ ഒരാഴ്ചത്തേക്കുള്ള മാംസഭക്ഷണമാക്കാം കണക്കാക്കുന്നു. ഉടൻ തന്നെ ഗുസ്മാന്റെ മൃതദേഹം അവർ കണ്ടെത്തുന്നു.

അഗ്വിറെ തന്റെ ആധിപത്യത്തോടെയുള്ള ഭരണം തുടരുന്നു. അയാളുടെ കാൽമുട്ടുകളിൽ ഒന്ന് കുനിയില്ല എന്ന മട്ടിലാണ് അയാളുടെ നടത്തം.

ഏറെ കൗതുകമുണർത്തുന്ന ചലനത്തോടെയാണ്‌ അവൻ ചങ്ങാടത്തെ ചുറ്റിനടക്കുന്നത്. അവന്റെ കണ്ണുകളിൽ ഭ്രാന്താണ്. രക്ഷപ്പെടാനുള്ള പദ്ധതികളെക്കുറിച്ച്‌ ആളുകളിലൊരാൾ മന്ത്രിക്കുന്നത് അവൻ കേൾക്കുമ്പോൾത്തന്നെ അയാളുടെ തല വളരെ വേഗത്തിൽ വെട്ടിമാറ്റുന്നു, അറ്റ് പോയ തല പറഞ്ഞ വാചകം പൂർത്തിയാക്കുന്നു. ഈ സിനിമയിലെ ഏറ്റവും ഭീതിതമായ രംഗമാണത്. സിനിമയിൽ മരണം സംഭവിക്കുന്നത് കൂടുതലും visual സ്‌ക്രീനിന് പുറത്താണ്. വേഗത്തിലും നിശബ്ദമായും.

കാട്ടിൽ നിന്ന് അമ്പുകൾ മൃദുവായി പറന്ന് പുരുഷന്മാരുടെ കഴുത്തിലേക്കും മുതുകുകളിലേക്കും പതിക്കുന്ന ദൃശ്യങ്ങൾ കാണാം.

സിനിമയുടെ അവസാന ദൃശ്യങ്ങൾ, കാഴ്ചയിൽ അവിസ്മരണീയമായ അനുഭവങ്ങൾ പകരുന്നു. അഗ്വിറെ തന്റെ ചങ്ങാടത്തിൽ, ശവങ്ങളാൽ ചുറ്റപ്പെട്ട്, നൂറുകണക്കിന് ചെറിയ കുരങ്ങന്മാരാൽ ചുറ്റപ്പെട്ട് തനിച്ച്…

“അഗ്വിറെ”യുടെ ചിത്രീകരണം സിനിമാ വൃത്തങ്ങളിൽ ഒരു ഇതിഹാസമാണ്. ”

ഹെർസോഗ് തന്റെ അഭിനേതാക്കളെയും ജോലിക്കാരെയും വിദൂരമായ ഒരു കാട്ടു പ്രദേശത്തേക്ക് കൊണ്ടുപോയി. കിൻസ്‌കിയുടെ അഭിനയ പരിശീലന സമയത്ത് ഹെർസോഗ് ഒരു തോക്ക് കൈയിൽ പിടിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.
പക്ഷേ കിൻസ്‌കി തന്റെ ആത്മകഥയിൽ ഇത് നിഷേധിക്കുന്നുണ്ട്, അഭിനേതാക്കൾ, സംഘം, അംഗങ്ങൾ, ക്യാമറകൾ എന്നിവയെല്ലാം നമ്മൾ കാണുന്നതുപോലുള്ള ചങ്ങാടങ്ങളിലായിരുന്നു കൊണ്ട് വന്നിരുന്നത്. കിൻസ്‌കിയുടെ മുഖവും ശരീരവും വാക്കുകളാൽ സൃഷ്ടിക്കപ്പെട്ട വ്യക്തിത്വവും ഈ സിനിമയുടെ ഏറ്റവും പ്രധാന ഘടകമാണ്.

സംഭാഷണം കൊണ്ടോ കഥാപാത്രങ്ങൾ കൊണ്ടോ അല്ല (അഗ്വിറേയൊഴികെ)
സിനിമ നയിക്കുന്നത്. കഥയിൽ ഹേർസോഗിന്റെ അദ്ദേഹത്തിന്റെ പല സിനിമകളിലും അദ്ദേഹം കണ്ടെത്തുന്നത് ഇതാണ്:

“മഹത്തായ നേട്ടങ്ങളുടെ ദർശനത്താൽ വേട്ടയാടപ്പെടുന്ന മനുഷ്യർ,…. അതിലേക്ക് എത്താൻ ധൈര്യത്തോടെ നീങ്ങുന്ന മനുഷ്യർ.

ആധുനിക ചലച്ചിത്ര നിർമ്മാതാക്കളിൽ, വെർണർ ഹെർസോഗ് ഏറ്റവും പ്രധാനപ്പെട്ടവൻ ആകുന്നത് അദേഹത്തിന്റെ ചലച്ചിത്ര ദർശനവും കാഴ്ചപ്പാടും കൊണ്ടാണ്.
നിരവധി ഓപ്പറകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഒരു കഥ പറയാനോ രസകരമായ ഡയലോഗ് റെക്കോർഡ് ചെയ്യാനോ അദേഹം ആഗ്രഹിക്കുന്നില്ല;മറിച്ചു നമ്മെ അത്ഭുതങ്ങളുടെ മണ്ഡലങ്ങളിലേക്ക് ഉയർത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് അദ്ദേഹത്തിന്റെ ഈ ദർശനത്തിന്റെ ധീരത പങ്കുവയ്ക്കുന്നത്;

“2001: എ സ്‌പേസ് ഒഡീസി”, “അപ്പോക്കലിപ്‌സ് നൗ” എന്നീ സിനിമകൾ ഓർക്കാം.

കിൻസ്കി അഭിനയിച്ച ഹെർസോഗിന്റെ “ഫിറ്റ്‌സ്‌കാരാൽഡോ” എന്ന ചിത്രമാണ് “അഗ്വിറെ” യുടെ മറ്റൊരു ചിത്രം. മഴക്കാടുകളിൽ ചിത്രീകരിക്കുക എന്ന സാഹസം അദ്ദേഹം ഈ സിനിമയുടെ കാര്യത്തിൽ സ്വീകരിച്ചു.

ആവിക്കപ്പൽ ഒരു നദീതടത്തിൽ നിന്ന് മറ്റൊന്നിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശാരീരികമായി ആഗ്രഹിക്കുന്ന ഒരാൾ. ഭൂമി. കേബിളുകൾ പൊട്ടി എല്ലാവരെയും പകുതിയായി മുറിക്കുമെന്ന എഞ്ചിനീയർമാരുടെ അടിയന്തര മുന്നറിയിപ്പുകൾ അവഗണിച്ച് ഹെർസോഗ് അക്ഷരാർത്ഥത്തിൽ ഒരു യഥാർത്ഥ കപ്പൽ കരയിലൂടെ വലിച്ചിഴച്ച് സിനിമ നിർമ്മിക്കുകയായിരുന്നു. ലെസ് ബ്ലാങ്കിന്റെ “ബർഡൻ ഓഫ് ഡ്രീംസ്” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി, സിനിമ പോലെ തന്നെ വേദനിപ്പിക്കുന്നതാണ്..

ചിത്രകരണത്തിലെടുത്ത വിപ്ലവങ്ങൾ മാത്രമല്ല, ചില വേറിട്ട ചിന്തകൾ കൊണ്ട് കൂടിയാണ് വേർണർ ഹേർസോഗ് എന്ന ചലച്ചിത്രകാരൻ പ്രസക്തനാകുന്നത്

Academia is the death of cinema. It is the very opposite of passion. Film is not the art of scholars, but of illiterates.

എന്ന നിലയിൽ നിശിത വിമർശനത്തിന്റെ വഴി തുറക്കുന്ന ചില പ്രസ്താവനകളും അദേഹത്തിന്റെതായുണ്ട്

…ഹെർസോഗുമായി
..ഐ .ഷണ്മുഖദാസ് നടത്തിയ ഒരു അഭിമുഖത്തിൽ
ഭാഷയെക്കുറിച്ച് ഹെർസോഗ് പറയുന്നത് ശ്രദ്ധേയമാണ്.

“…6500ഭാഷകൾ… അത്രയും ഭാഷകളാണ് ഏകദേശം നമുക്കുള്ളത്. അതിൽ പകുതിയിലേറെ ഭാഷകൾ അമ്പത് വർഷത്തിനുള്ളിൽ നമുക്ക് നഷ്ടമാകും. അതുകൊണ്ടാണ് ഇത് ഗൗരവമാകുന്നത്. ആ ഭാഷകൾ എല്ലാം ഇല്ലാതെയായാൽ മനുഷ്യത്വം എന്നത്… മനുഷ്യന്റെ സമ്പന്നതകൾ… മനുഷ്യസംസ്കാരങ്ങൾ… എന്നത് എല്ലാം തന്നെ പെട്ടെന്ന് തന്നെ തുടച്ചു നീക്കപ്പെടും. ഭാഷകൾ ഇങ്ങനെയല്ലാതാകുമ്പോൾ.

ഞാൻ ഒരു മനുഷ്യനെ കണ്ടിരുന്നു. അയാളായിരിക്കും അയാളുടെ ഭാഷയിലെ സ്വന്തം ഭാഷ സംസാരിക്കുന്ന അവസാനത്തെ മനുഷ്യൻ. ഇനി ഒരിക്കലും ആരോടും സംസാരിക്കാനാകാത്ത അവസ്ഥയിൽ എത്തിയ ഒരാൾ. അത് കൊണ്ട് ആളുകൾ കരുതിയത് അയാൾ ഒരു ഉണ്മയാണെന്നായിരുന്നു. പക്ഷെ ഭൂഗോളത്തിൽ സ്വന്തം ഭാഷയിൽ സംസാരിച്ചാൽ ഒരാളും തന്നെ കേൾക്കാനില്ലാത്ത നിലയിൽ എത്തിയ ഒരാളായിരുന്നു ആ മനുഷ്യൻ. ഇങ്ങനെ ഒരാൾ മാത്രം സംസാരിക്കുന്ന അവസ്ഥയിൽ എത്തിയ പന്ത്രണ്ടോ പതിനാലോ പതിനാലോ ഭാഷകൾ ചുരുങ്ങിയത് നമുക്കുണ്ട്. പത്തു പേരോളം സംസാരിക്കുന്ന നൂറോളം ഭാഷകളുണ്ട്.

ഒരു ഭാഷ നഷ്ടപ്പെട്ടാൽ
ഒരു ഭാഷ സംസാരിക്കുന്ന
അവസാനത്തെ മനുഷ്യൻ ,ആളുകൾ നമുക്ക് നഷ്ടപ്പെട്ടാൽ ….
അതിനർത്ഥം
ടോൾസ്റ്റോയ് ഇനിയില്ല …, പസ്തർനക് ഇനിയില്ല, അന്ന അക്മത്തോവ ഇനിയില്ല …എന്നാവും …..”

ഇത്തരത്തിൽ ജീവിതത്തിന്റെ വിവിധ ദേശങ്ങളിൽ ആഴത്തിലുള്ള അനുഭവങ്ങൾ
ഉള്ളിൽ ഉള്ളത് കൊണ്ടാവാം നിശബ്ദതയെ അദ്ദേഹം, തന്റെ ആഖ്യാന ഭാഷയുടെ ഒരു അടരാക്കി മാറ്റിയത്

“All the land to our left and all the land to our right now belongs to us. I solemnly and formally take possession of all this land”

ചലച്ചിത്രഭാഷയുടെ ഉന്മാദം…
അക്വിറ…
ഹെർസോഗ്..
നിങ്ങൾ വീണ്ടുമെന്റെ കൺപീലികൾക്ക് ഉറക്കമില്ലായ്മകൾ സമ്മാനിക്കുന്നു. മരണവും കാടും പുഴയുടെ വഴുക്കലും… വാരിക്കുഴികൾ പോലുള്ള കണ്ണുകളും… വെള്ളത്തിന്റെ ആഴങ്ങളിൽ നിന്ന് മരണം വിളിക്കുന്ന ഒച്ചകളും…

വെള്ളത്തിന്റെ ക്രുര വലയങ്ങളാൽ നീ വട്ടം ചുറ്റുമ്പോൾ,നിനക്ക് ചുറ്റും മരണപ്പെട്ട മനുഷ്യരുടെ നീറുന്ന നിലവിളികൾ…
ആമസോൺ ന്റെ കറുത്ത ജലപാളികൾക്കടിയിൽ നീ നിന്റെ തന്നെ മൃതദേഹത്തെ കാണുന്നു…

ഹെർസോഗ്… നന്ദി, ജീവിതത്തിൽ നിന്ന് കാൽതെറ്റി വീഴ്‌ത്തുന്ന കാഴ്ചകൾ സമ്മാനിച്ചതിന്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here