മാറക്കാന നിശബ്ദമായ ദിനം

0
121

പവലിയൻ

 

ജാസിര്‍ കോട്ടക്കുത്ത്‌

“Down through its history, only three people have managed to silence the Maracana – the Pope, Frank Sinatra and me.” – Alcides Ghiggia.

1950 ൽ ബ്രസീലിൽ വെച്ച് നടന്ന ലോകകപ്പ് ടൂർണമെന്റിന് ഒരുപാട് പ്രത്യേകതകൾ ഉണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധം കാരണം മുടങ്ങി കിടന്നിരുന്ന ലോകകപ്പ് മത്സരം 12 വർഷങ്ങൾക്ക് ശേഷമായിരുന്നു പുനരാരംഭിച്ചത്. 1942, 1946 വർഷങ്ങളിൽ ടൂർണമെന്റ് നടന്നിരുന്നില്ല. ഫിഫയുടെ പ്രസിഡന്റായി 25 വർഷം തികച്ച യൂൾസ് റിമേയുടെ പേരിൽ ലോകകപ്പ് ട്രോഫി അറിയപ്പെടാൻ തുടങ്ങിയതും 1950 മുതലായിരുന്നു. അന്നേ ലോക ഫുട്ബോളിലെ വൻ ശക്തികളിൽ ഒന്നായിരുന്ന ബ്രസീലിൽ വെച്ചായിരുന്നു 1950 ലെ ടൂർണമെന്റ് നടന്നത്.

നാല് ഗ്രൂപ്പുകളിൽ ആയി 16 ടീമുകൾ ആയിരുന്നു പ്രാഥമിക റൗണ്ടിൽ മത്സരിക്കാൻ ഉണ്ടായിരുന്നത്. പക്ഷെ, ഇന്ത്യ, തുർക്കി, ഫ്രാൻസ് തുടങ്ങിയ ടീമുകൾ ടൂർണമെന്റിൽ നിന്ന് പിന്മാറിയതോടെ 13 ടീമുകൾ ആണ് ലോകകപ്പിൽ മത്സരിച്ചത്. ഓരോ ഗ്രൂപ്പിൽ നിന്നും കൂടുതൽ പോയിന്റുകൾ നേടുന്ന ഓരോ ടീം വീതം ഫൈനൽ റൗണ്ടിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് ആദ്യ റൗണ്ട് വിഭാവനം ചെയ്തിരുന്നത്. ബ്രസീൽ, ഉറുഗ്വേ, സ്‌പെയിൻ, സ്വീഡൻ എന്നീ ടീമുകളാണ് ഫൈനൽ ഘട്ടത്തിൽ എത്തിയത്. റൗണ്ട് റോബിൻ അടിസ്ഥാനത്തിലായിരുന്നു ഫൈനൽ റൗണ്ട്. 4 ടീമുകളും പരസ്പരം മത്സരിക്കുകയും കൂടുതൽ പോയിന്റുകൾ നേടുന്ന ടീം ലോക കിരീടം ഉയർത്തുകയും ചെയ്യുന്ന രീതിയായിരുന്നു ഇത്. സ്വീഡനെ 7-1 നും സ്പെയിനിനെ 6-1 നും തകർത്ത ബ്രസീലിന്റെ അവസാന മത്സരം ഉറുഗ്വേ ആയിട്ടായിരുന്നു. സ്പെയിനിനോട് സമനില വഴങ്ങിയും സ്വീഡനോട്‌ 3-2ന് പൊരുതി ജയിച്ചും എത്തിയ ഉറുഗ്വേ ബ്രസീലിനോട് വലിയ മാർജിനിൽ തന്നെ പരാജയപ്പെടുമെന്ന് ഏവരും വിശ്വസിച്ചു. കിരീടം ഉയർത്താൻ ആതിഥേയർക്ക് ഒരു സമനില മതിയെന്നിരിക്കെ ബ്രസീൽ ആരാധകരും പത്ര മാധ്യമങ്ങളും എല്ലാം മത്സരം തുടങ്ങുന്നതിനു മുമ്പ് തന്നെ ബ്രസീലിനെ ലോക ചാമ്പ്യന്മാരായി കൊട്ടിഘോഷിക്കാൻ തുടങ്ങി. മികച്ച ഫോമിൽ പന്ത് തട്ടുന്ന ബ്രസീലിന് ഉറുഗ്വേ ഒരു എതിരാളിയെ അല്ലായിരുന്നു.

ബ്രസീൽ പത്രമായ ‘ഒ മുൻഡോ ‘ഒരു പടി കൂടി കടന്ന് മത്സര ദിവസം രാവിലെ തന്നെ ‘ഇതാ ലോക ചാമ്പ്യന്മാർ’ എന്ന തലക്കെട്ടിൽ ബ്രസീൽ ടീമിന്റെ ചിത്രം പ്രസിദ്ധീകരിച്ചു. ഇതെല്ലാം ഉറുഗ്വേ ടീം ക്യാമ്പിനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. ബ്രസീൽ ടീമിന്റെ ശക്തി അറിയുന്ന ഉറുഗ്വേ പരിശീലകൻ യുവാൻ ലോപ്പസ് മത്സരത്തിന്റെ തൊട്ട് മുമ്പ് തന്റെ ടീമിനോട് പ്രതിരോധത്തിൽ ഊന്നി കളിക്കാൻ നിർദേശം നൽകി. പക്ഷെ ഇത് ടീം ക്യാപ്റ്റൻ വരേലക്ക് സ്വീകാര്യം ആയിരുന്നില്ല. പരിശീലകൻ ഡ്രസിങ് റൂമിൽ നിന്ന് പുറത്ത് പോയ സമയത്ത് വരേല സഹതാരങ്ങളോട് സംസാരിച്ചു. “ജുനാസിറ്റോ ഒരു നല്ല മനുഷ്യനാണ്. പക്ഷെ ഇന്ന് അദ്ദേഹം പറഞ്ഞത് തെറ്റാണ്. പ്രതിരോധത്തിലൂന്നി നമ്മൾ ബ്രസീലിനെതിരെ കളിച്ചാൽ നമ്മുടെ വിധി സ്പെയിനിന്റെയും സ്വീഡന്റെയും പോലെ ഇരിക്കും.” പിന്നാലെ എതിരാളികളുടെ മികവോ എതിർ ആരാധകരുടെ സമ്മർദമോ ടീമിനെ ബാധിക്കരുതെന്നും മികച്ച കളി പുറത്തെടുക്കണമെന്നും പറഞ്ഞു കൊണ്ട് അദ്ദേഹം ചെറിയ പ്രസംഗം സഹ താരങ്ങളോടായി നടത്തി.

“Boys, outsiders are just stickdolls. Let’s start the show” എന്ന വാചകത്തോടെ ടീമിന് ആത്മവിശ്വാസം പകർന്നാണ് വരേല തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
രണ്ട് ലക്ഷത്തിലേറെ കാണികൾ തിങ്ങി നിറഞ്ഞ മാറക്കാന സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഫൈനൽ മത്സരം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രസീലിന്റെ തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഉറുഗ്വേക്കായി. എന്നാൽ രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ ബ്രസീൽ ഫ്രിയാക്കയിലൂടെ ലീഡ് നേടി. സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ബ്രസീൽ ആരാധകർ സന്തോഷത്തിന്റെ പരകോടിയിൽ ആയിരുന്നു. പക്ഷെ ആഘോഷം അധിക നേരം നീണ്ടു നിന്നില്ല. ഉറുഗ്വേയുടെ മികച്ച ഒരു ആക്രമണം വന്നപ്പോൾ ടൂർണമെന്റിൽ അത് വരെ പരീക്ഷിക്കപ്പെടാത്ത ബ്രസീലിയൻ പ്രതിരോധം തകർന്നു. 66ആം മിനുട്ടിൽ ഷൈയേഫിനോ ആണ് സമനില ഗോൾ കണ്ടെത്തിയത്.

ലോക ചാമ്പ്യന്മാരാകാൻ സമനില മതി എന്ന ആത്മ വിശ്വാസത്തിൽ ബ്രസീൽ ടീം പന്ത് തട്ടിയെങ്കിലും ആരാധകർ സമ്മർദ്ദത്തിലായിരുന്നു. പതിയെ സ്റ്റേഡിയത്തിലെ ബഹളങ്ങൾ കുറഞ്ഞു വന്നു. When the players needed the Maracana the most, the Maracana was silent” എന്നാണ് ഇതിനെ പറ്റി പിന്നീട് പ്രമുഖ ബ്രസീലിയൻ കവിയും പാട്ടുകാരനുമായ ചിക്കോ ബ്വാർക് നിരീക്ഷിച്ചത്. വർധിത വീര്യത്തോടെ പൊരുതിയ ഉറുഗ്വേ 79ആം മിനുട്ടിൽ ലക്ഷ്യം കണ്ടു. വലത് വശത്തു കൂടെ പന്തുമായി ആൽസിഡസ് ഗിഗിയ മുന്നേറുമ്പോൾ ബ്രസീൽ അപകടം മണത്തിരുന്നില്ല. ഒരു ക്രോസ് പ്രതീക്ഷിച്ചു മുന്നോട്ടു കയറി നിന്ന ബ്രസീൽ ഗോൾ കീപ്പർ ബാർബോസ യെ കബളിപ്പിച്ചു കൊണ്ട് ഗിഗിയ യുടെ ഷോട്ട് ബ്രസീൽ വലയിലേക്ക് തുളച്ചു കയറി. മാറക്കാന ഒരു നിമിഷം കൊണ്ട് ശ്മശാന മൂകമായി. ഉറുഗ്വേ താരങ്ങൾ ഗോൾ ആഘോഷിക്കുമ്പോൾ ബ്രസീൽ ആരാധകർ അവിശ്വസനീയതയോടെ തരിച്ചു നിൽക്കുകയായിരുന്നു. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഒരു അട്ടിമറിക്കാണ് അന്ന് മാറക്കാന സാക്ഷ്യം വഹിച്ചത്.’

ഗോൾ വഴങ്ങിയ ബാർബോസ പലപ്പോഴും ആരാധകരുടെ രോഷത്തിനിരയായി. ഒരു ദുശ്ശകുനം ആയിട്ടാണ് പലരും അദ്ദേഹത്തെ കണ്ടത്. ” In Brazil, the maximum sentence is thirty years, but I have served fifty.” എന്നാണ് ഇതിനെ പറ്റി പിന്നീട് ബാർബോസ പറഞ്ഞത്.

‘മാറക്കാനാസോ’ എന്ന പേരിൽ അറിയപ്പെട്ട ഈ അട്ടിമറി ലോക ഫുട്ബോൾ ചരിത്രത്തിലെ അനശ്വരമായ ഒരേടാണ്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here