കവിത
സ്നേഹ മാണിക്കത്ത്
പരസ്പരം മണത്തു നടക്കുന്ന
തെരുവുനായ്ക്കൾ
കടിച്ചു കുടഞ്ഞ പോലെ
ഉപ്പുകാറ്റേറ്റ്
വിണ്ടുകീറിയ
നിന്റെ ചുണ്ടുകൾ.
നെഞ്ചിൽ
ദുർഗന്ധം നിറഞ്ഞ
രഹസ്യകടൽ..
നിന്റെ പിൻകഴുത്തിൽ
മുട്ടിയിരുമ്മിയ എന്റെ
സ്വിസ്സ് ബ്യൂട്ടി ലിപ്സ്റ്റിക്ക്
മണം..
നിന്റെ വിരലിൽ
പൊട്ടിയ മറുകിലെ
ചോരപ്പത
ഉടലിൽ ബ്രേക്ക്
ചവിട്ടുന്നതിന്റെ
പ്രകമ്പനം
പെരുമ്പാമ്പിന്റെ
ആർത്തിനിറഞ്ഞ
കടൽത്തിരകളിൽ
തർക്കിച്ചു മരിച്ച
പ്രേമക്കുഞ്ഞുങ്ങൾ
സെമിത്തേരിയുടെ
തുരുമ്പിച്ച ഗേറ്റിൽ
പിടിച്ചു
നിന്റെ
ബൈക്കിലേക്ക്
തുറിച്ചു നോക്കിയത്.
മരണത്തിനും
അതിജീവനത്തിനും
ഇടയിലെ ചൂണ്ടയിൽ
പരൽ മീനായി
സെമിത്തേരിയിൽ
നീ തരുമെന്ന്
വാക്കുറപ്പിച്ച
ചുംബനങ്ങളിൽ
കുരുങ്ങി
മണ്ണിൽ പിടഞ്ഞു
മരിച്ചത്.
വീണ്ടും കടൽ
ഗർഭത്തിൽ
ഒളിക്കാനായി
നൊന്തു കരഞ്ഞു
ഇഴഞ്ഞു പോയത്
തുരുമ്പിച്ച ഗേറ്റിൽ
ബാക്കിവെച്ച
അത്തറിന്റെ ഗന്ധം,
ഈ മീഞ്ചുണ്ടിൽ
മരണത്തിന്റെ
തണുപ്പുള്ള
മുത്തങ്ങളായി
പെയ്തൊഴിഞ്ഞു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.