കഥാന്ത്യത്തിൽ നായിക മരിച്ചു

0
170

കവിത

രേഷ്മ. സി

പടർന്ന സപ്പോട്ടാമരത്തിന്റെ ചോട്ടിൽ
അവന്റെ കഥയുമായിരുന്നിട്ടുണ്ട്.

അന്നവനോട് പ്രേമമില്ല.
അവന്റെ കഥയോട് മതിപ്പുമില്ല.

ചങ്കുപറിച്ചതാണെന്നവൻ
അവകാശപ്പെട്ട കാലത്തും
അതിരു കാണാൻ വെച്ച ചെമ്പരത്തിക്കാട്
ആകെ പൂത്ത പോലൊക്കെയേ തോന്നിയിട്ടുള്ളൂ,

ഇന്നിപ്പോൾ മൂക്കാത്ത സപ്പോട്ട കടിച്ച്
ഓക്കാനം വന്നിരിക്കുമ്പോൾ
അവനോട് പ്രേമവും തോന്നി
അവന്റെ കഥയോട് മമതയും തോന്നി.

വേനലിൽ ചെരിപ്പില്ലാതെ നടന്ന്
കാല് പൊള്ളിയ കാലത്തെക്കുറിച്ച്
കവിതയെഴുതണമെന്നു വിചാരിച്ചു.

പകരം അവന് ഒരു മെസേജയച്ചു.

“നീലിച്ച ആകാശത്തിന്റെ
കാലം തീരും വരെ
വെള്ളക്കുരുവിയായ് ജീവിച്ചവനേ,
കല്ലിച്ച കാൽപ്പാദങ്ങൾ കഴുകാൻ
വെള്ളവുമായി വരണേ”

മറുപടി വന്നില്ല.
ഓക്കാനം വീണ്ടും വന്നു.

മറ്റേതോ ജീവിതത്തിൽ
പിറക്കുമായിരുന്ന കുഞ്ഞുങ്ങളുടെ
പേരിട്ടു വളർത്തിയ മരങ്ങൾ
കൈ നീട്ടി വിളിക്കുന്നതുപോലെ തോന്നി;

“നോക്കിനിൽക്കാതെ വാ,
വന്ന് തൂങ്ങിച്ചാവ്.”

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ തന്നെ
ഈ ജന്മത്തിൽ നാം നട്ട മരങ്ങൾ !


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here