ബോസ് എന്ന സമ്പന്ന ഹൃദയൻ

0
74

(ലേഖനം)

സുബൈർ സിന്ദഗി പാവിട്ടപ്പുറം

സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്. അത്തരം കാഴ്ചകളെയെല്ലാം വളരെ പോസറ്റീവായി അംഗീകരിക്കാന്‍ സാധിക്കാറുമുണ്ട്. പരിചിതരോ അപരിചതരോ ആയ അത്തരം മനുഷ്യരെക്കുറിച്ച്, അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചറിയാനുള്ള ആവേശം ഇന്നും ഉള്ളിലുണ്ട്. അത്തരത്തില്‍ ഒട്ടേറെ മഹത്തരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്ത വ്യക്തിയാണ് ബോസ്. പൊന്നാനിക്കാര്‍ക്ക് മാത്രമല്ല, അദ്ദേഹത്തെയറിയുന്നവര്‍ക്കെല്ലാം അദ്ദേഹം പ്രിയപ്പെട്ട ബോസാണ്.

ഇത് വെറുതെ ഒരു സുഖിപ്പിക്കലല്ല. നേരിട്ടനുഭവിച്ചറിഞ്ഞതും ഏറെ കൗതുകം തോന്നിയതുമായ കാര്യങ്ങളില്‍ ചിലതുമാത്രം പങ്കുവെക്കാം. പേരും പ്രശ്‌സതിയും ആഗ്രഹിക്കാതെ നന്മ ചെയ്യുന്ന നിരവധി മനുഷ്യരുണ്ട്. അത്തരം മനുഷ്യരെ ഓര്‍ക്കുന്നതും അവരെക്കുറിച്ച് നല്ലതുപറയുന്നതും മരണശേഷമായിരിക്കും. എന്നാല്‍ അതിനു വിപരീതമായി പ്രവര്‍ത്തിച്ചാലോ എന്നാണ് എന്റെ ചിന്ത. അതുകൊണ്ടാണ് റഫീഖ് അല്‍ മയാറിനെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചതും.

ഏകദേശം ഒരു മാസത്തോളമായി ബോസ്സിന്റെ വീട്ടുമുറ്റ് ഞാന്‍ കാണുന്ന ദിനചര്യകളെക്കുറിച്ചുതന്നെ പറഞ്ഞുതുടങ്ങാം.

വലിയ ഗെയ്റ്റിന്റെ വിടവിലൂടെ മാത്രമേ പല വലിയ വീടികളും കാണാന്‍ സാധിക്കുകയുള്ളൂ. അവിടെയുള്ള മനുഷ്യരെ കാണണമെങ്കില്‍ പിന്നെയും കടമ്പകൾ ഏറെയാണ്. ചിലരൈയെല്ലാം കാണണമെങ്കില്‍ മണിക്കൂറുകളോ ദിവസങ്ങളോ പരിശ്രമിക്കേണ്ടതായി വരും. എന്നാല്‍ ബോസ്സിന്റെ വീടിന്റെ അവസ്ഥ അതല്ല. പകല്‍ മുഴുവന്‍ തുറന്നുകിടക്കുന്ന ഗെയ്റ്റുകളാണ് അദ്ദേഹത്തിന്റെ വീടിനുള്ളത്. വിശാല മനസ്സിന്റെ തുറവിപോലെയാണ് അദ്ദേഹത്തിന്റെ വീടിന്റെ ഗെയ്‌റ്റെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആരുടെയും അനുവാദത്തിന് കാത്തുനില്‍ക്കാതെ അദ്ദേഹത്തിനരികിലെത്താനാകും എന്നതാണ് ഞാന്‍ അദ്ദേഹത്തിന്‍ കണ്ട എറ്റവും നല്ല ക്വാളിറ്റി.


കുട്ടികളോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും സവിശേഷമാണ്. കുട്ടികള്‍ക്കിടയില്‍ ഒരു കുട്ടിയെപ്പോലെയാകാന്‍, അവരുടെ സുഹൃത്താകാന്‍ അദ്ദേഹത്തിന് എളുപ്പം സാധിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലൂടെ പോകുന്ന കുട്ടികള്‍ അദ്ദേഹം വീട്ടിലുണ്ടെങ്കിലും ഇല്ലെങ്കിലും വീട്ടിലേക്ക് കടന്നുവരും. അദ്ദേഹമുണ്ടെങ്കില്‍ അവര്‍ക്ക് കുടിക്കാനും കഴിക്കാനുള്ളതെല്ലാം നല്‍കി അദ്ദേഹം അവരിലൊരാളായി അലിഞ്ഞുചേരും. എന്നാല്‍ തന്നെ പ്രവര്‍ത്തികളെ ക്യാമറക്കാഴ്ചകളിലേക്ക് പകര്‍ത്തി, വിപണിയുടെ സമവാക്യത്തിലേക്കെത്തിച്ച് തന്റെ പേരും പെരുമയും ഉയര്‍ത്താനോ ഒന്നും അദ്ദേഹം ഇന്നോളം മുതിര്‍ന്നിട്ടില്ല. തന്നെക്കൊണ്ട് ആവുന്ന വിധത്തില്‍ സഹായങ്ങളെത്തിക്കാന്‍ അദ്ദേഹം എപ്പോഴും ജാഗരൂപനായി. വിശന്നുവലയുന്നവര്‍ക്ക് ഭക്ഷണവും മറ്റും എത്തിച്ചുനല്‍കാന്‍ പരിശ്രമിച്ചു. ഒരു ദിവസത്തേക്കുള്ള നാടകമല്ല, അദ്ദേഹത്തെ സംബന്ധിച്ച് ഈ പ്രവൃത്തി. മിഠായി സ്വാമിയും, മാധാരിക്കയും, അംഗ വൈകല്യം മറന്നു പൊരുതുന്ന കട്ടപ്പനയിലെ ഡയാനയെ കുറിച്ചെല്ലാം ഞാനെഴുതിയത് വായിച്ചവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളു എന്റെ എഴുത്തിന്റെ വിശ്വാസ്യത.

ബിരിയാണിയുടെ കൂടെ ആദ്യമായി ഐസ്‌ക്രീം കഴിച്ച, 28 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള അനാഥാലയത്തിലെ വിദ്യാര്‍ത്ഥിയുടെ സന്തോഷത്തെക്കുറിച്ച് പങ്കുവെക്കുന്ന കുറിപ്പില്‍ ബോസിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. എന്നാല്‍ അന്നെനിക്ക് മനസ്സിലാക്കാന്‍ സാധിച്ചതിനേക്കാള്‍ ഏറെ ഇന്നദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് നിന്നുകൊണ്ട് ഞാന്‍ മനസ്സിലാക്കുന്നുണ്ട്.

സഹജീവികളോടുള്ള സ്‌നേഹവും, കരുണയും, കരുതലുമുള്ള വ്യക്തിയാണ് അദ്ദേഹം. അതിന്റെ പേരില്‍ അറിയപ്പെടാന്‍ അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. ആയിരങ്ങള്‍ക്ക് അത്താണിയായ ഈ മുഷ്യന് ദീര്‍ഘായുസ്സുണ്ടാകട്ടെയെന്നാണ് ആത്മാര്‍ഥമായ പ്രാര്‍ത്ഥന. അദ്ദേഹത്തെക്കുറിച്ച് എഴുതാന്‍ ഒരുപാടുണ്ട്. അത് പിന്നീടൊരിക്കലാവട്ടെ. ടിക്കറ്റിന് പൈസ വാങ്ങാതെ ഗള്‍ഫിലേക്ക് കയറ്റി അയച്ചത് മുതല്‍ മുംബയില്‍ അന്നവും, അന്തിയുറങ്ങാന്‍ ഇടവും നല്‍കിയ കഥകള്‍ വരെ എത്രയെത്ര കഥകള്‍ പറയാന്‍ കിടക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here