പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

0
71

(ലേഖനം)

നിധിന്‍ വി.എന്‍.

തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും രാഷ്ട്രീയത്തിനും അദ്ദേഹം എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കേണ്ടതുണ്ട്.

സിനിമാ സെറ്റില്‍ നായകന്‍ മുതല്‍ ലൈറ്റ് ബോയ് വരെ എല്ലാവര്‍ക്കും ഒരേ ഭക്ഷണം വേണമെന്ന് വിജയകാന്തിന് നിര്‍ബന്ധമായിരുന്നു. സാമൂഹികവിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സിനിമകളിലൂടെ പുരട്ച്ചി കലൈഞ്ജര്‍ (വിപ്ലവ കലാകാരന്‍) എന്നറിയപ്പെട്ട വിജയകാന്ത് സിനിമാ സെറ്റുകളില്‍ സാമൂഹികനീതി നടപ്പിലാക്കാന്‍ മുന്‍കൈയെടുത്തു. അദ്ദേഹമല്ലാതെ മറ്റൊരു താരവും അത്തരത്തില്‍ ചിന്തിച്ചിരുന്നില്ല എന്നുകൂടി നാം ഓര്‍ക്കേണ്ടതുണ്ട്. സിനിമയിലും ജീവിതത്തിലും നായകവേഷങ്ങള്‍ തന്നെയായിരുന്നു വിജയരാജ് എന്ന വിജയകാന്തിനെ കാത്തിരുന്നത്.

കഠിനാധ്വാനത്തിലൂടെ, ആവേശംകൊള്ളിക്കുന്ന സംഘട്ടന രംഗങ്ങളിലൂടെ തമിഴകത്ത് തന്റേതായ സ്ഥാനമുറപ്പിക്കാന്‍ ക്യാപ്റ്റന് സാധിച്ചിരുന്നു. എന്നാല്‍ സിനിമയിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. മധുര തിരുമംഗലത്ത്

ചെറുപ്പം മുതല്‍ ഒരു ലക്ഷ്യം മാത്രം; എംജിആറിനെപ്പോലെ നായകനാകണം. പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് സിനിമാ നടനാകാന്‍ ആഗ്രഹിച്ച് നടക്കുന്ന വിജയരാജ് വഴിതെറ്റിപ്പോകുമോയെന്ന് അച്ഛന്‍ അഴകര്‍സാമി നായിഡുവിന് ആശങ്കയേറിയതോടെ അരിമില്ലിന്റെ ചുമതല ഏല്പിച്ചു. മകനാകട്ടെ അരിമില്‍ മികച്ച രീതിയില്‍ നടത്തി അച്ഛനെ അതിശയിപ്പിച്ചു. എന്നാല്‍ അവിടെ തുടരാന്‍ അയാള്‍ക്കാകുമായിരുന്നില്ല. അയാളുടെ സ്വപനങ്ങളുമായി അരിമില്‍ ചേര്‍ന്നുപോകാത്തിനാല്‍ ചെന്നൈയിലേക്ക് വണ്ടിക്കയറി.

നിറത്തിന്റെ പേരില്‍ സിനിമയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട വിജയകാന്തിന് കറുപ്പ് എംജിആര്‍ എന്ന ഖ്യാതി ലഭിച്ചതും കാലത്തിന്റെ കാവ്യനീതി. നായകനാകാന്‍ ആഗ്രഹിച്ചെത്തിയ വിജയരാജിന് ലഭിച്ചതാകട്ടെ വില്ലന്‍ വേഷവും. വില്ലന്‍ വേഷത്തിലൂടെ ‘ഇനിക്കും ഇല്ലമൈ’ എന്ന ചിത്രത്തിലൂടെ 1979ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച വിജയകാന്തിന് പിന്നീട് വില്ലന്‍ വേഷങ്ങളണിയേണ്ടി വന്നിട്ടില്ല. വിയരാജ് എന്ന പേരുമാറ്റി വിജയകാന്ത് എന്ന പേര് സ്വീകരിച്ചതും ആദ്യ ചിത്രമായ ഇമിക്കും ഇല്ലമൈയിലൂടെയായിരുന്നു. സംവിധായകന്‍ എം.എ. കാജയുടെ ഉപദേശപ്രകാരമായിരുന്നു പേരുമാറ്റം.

അഗര്‍വിളക്കിലൂടെ നായകനായെങ്കിലും ചിത്രം പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ച്ചയായ മൂന്ന് പരാജയ ചിത്രങ്ങള്‍ രാശിയില്ലാത്ത നായകനെന്ന വിശേഷണത്തിന് അദ്ദേഹത്തെ അര്‍ഹനാക്കി. 1980ല്‍ പുറത്തിറങ്ങിയ ദൂരത്ത് ഇടിമുഴക്കം വിജയമായി. തുടര്‍ന്ന് ചട്ടം ഒരു ഇരുട്ടറൈ, സാതിക്കൊരു നീതി, സിവപ്പു മല്ലി തുടങ്ങിയ ചിത്രങ്ങളിലൂടെ തുടര്‍ച്ചയായ വിജയങ്ങള്‍ കൈവരിക്കാന്‍ വിജയകാന്തിന് സാധിച്ചു. എസ്.എ. ചന്ദ്രശേഖര്‍, ആര്‍.കെ. ശെല്‍വമണി, കെ. വിജയന്‍ എന്നിവരുടെ സംവിധാനത്തിലിറങ്ങിയ വിജയകാന്ത് ചിത്രങ്ങില്‍ ഏറിയപങ്കും വലിയ വിജയങ്ങളായി മാറി.

വിജയകാന്തിനായി അവസരങ്ങള്‍ ചോദിച്ചു നടന്ന ഇബ്രാഹിം റാവുത്തര്‍, റാവുത്തര്‍ ഫിലിംസ് എന്ന നിര്‍മാണ കമ്പനി തുടങ്ങാന്‍ കാരണക്കാരനും അതിനുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്ത വ്യക്തിയും വിജയകാന്തായിരുന്നു. റാവുത്തര്‍ ഫിലിംസിലൂടെ പുറത്തുവന്ന ഭരതന്‍, രാജാദുരൈ, കറുപ്പ്‌നിലാ, ധര്‍മ എന്നീ വിജയകാന്ത് ചിത്രങ്ങള്‍ വലിയ വിജയങ്ങളാണ് സമ്മാനിച്ചത്. താരമായി തിളങ്ങിയപ്പോഴും അവസരം തേടി അലഞ്ഞുനടന്ന പഴയകാലം വിജയകാന്ത് ഒരിക്കലും മറന്നില്ല. സിനിമയില്‍ അവസരം ചോദിച്ച് മദിരാശിയിലെത്തുന്ന യുവജനങ്ങള്‍ക്ക് റാവുത്തര്‍ ഫിലിംസിന്റെ ഓഫീസ് ഒരു അഭയസ്ഥാനമായി മാറി. ഇവര്‍ക്ക് ഇവിടെ സൗജന്യ താമസസൗകര്യവും ഭക്ഷണവും ലഭ്യമായിരുന്നു.

രജനികാന്തും കമല്‍ഹാസനും കളംനിറഞ്ഞാടിയ തമിഴകത്ത് മൂന്നാമനെന്ന ലേബലിലേക്കെത്താന്‍ വിജയകാന്തിന് അധികം സമയം വേണ്ടി വന്നില്ല എന്നതാണ് സത്യം. 2010ല്‍ പുറത്തിറങ്ങിയ വിരുദാഗിരിയായിരുന്നു ക്യാപ്റ്റന്‍ നായകനായെത്തിയ അവസാന ചിത്രം. ടേക്കണിന്റെ റീമെയ്ക്കായ ഈ സിനിമ സംവിധാനം ചെയ്തത് വിജയകാന്തായിരുന്നു. 1980കളില്‍ തുടങ്ങി രാഷ്ട്രീയത്തില്‍ സജ്ജീവമായ 2010 വരെയുള്ള കാലഘട്ടംവരെ വലിയ ഓളം സൃഷ്ടിച്ച താരമായിരുന്നു വിജയകാന്ത്. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തോടെ അദ്ദേഹം സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണുണ്ടായത്. കലൈഞ്ജര്‍, എംജിആര്‍, ജയലളിത എന്നിവര്‍ക്കുശേഷം സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലെത്തി അല്പമെങ്കിലും ചലനമുണ്ടാക്കാന്‍ സാധിച്ചത് വിജയകാന്തിനായിരുന്നു. 2011ല്‍ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നു എന്നോര്‍ത്താല്‍ രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ പ്രസക്തി മനസ്സിലാകും.

എംജിആറിനും ജയലളിതയ്ക്കും മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന നൂറാം ചിത്രത്തിന്റെ വലിയ വിജയം കൈവരിക്കാന്‍ സാധിച്ച താരവും വിജയകാന്താണ് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. തന്റെ നൂറാമത്തെ ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകരനിലൂടെ അദ്ദേഹം തമിഴകത്തിന്റെ ക്യാപ്റ്റനായി മാറി. ക്യാപ്റ്റന്‍ എന്ന ചിത്രത്തിന്റെ സംഘട്ടനത്തിനിടയില്‍ തോളിനേറ്റ പരിക്ക് പിന്നീട് കൈകള്‍ ഉപയോഗിച്ചുള്ള ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നത് പ്രയാസകരമാക്കിയതോടെയാണ് കാലുകള്‍ ഉപയോഗിച്ചുള്ള ആക്ഷന്‍ സീനുകള്‍ക്ക് പ്രാധാന്യം നല്‍കിയതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയെയും രാഷ്ട്രീയത്തെയും അത്രമേല്‍ സ്‌നേഹിച്ച ക്യാപറ്റനില്‍ നിന്ന് രണ്ടും അകന്നുപോകുന്ന കാഴ്ചയാണ് നാം കണ്ടത്. രാഷ്ട്രീയത്തിനുവേണ്ടി സിനിമ ഉപേക്ഷിച്ച ക്യാപ്റ്റന്‍ ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചതോടെ പരാജയം രുചിച്ചു. സിനിമ സ്വപ്‌നം കാണുന്ന ഏതൊരാള്‍ക്കുമുള്ള പാഠപുസ്തകമാണ് ക്യാപ്റ്റന്റെ ജീവിതം. പരാജയങ്ങളില്‍ നിന്ന് വിജയത്തിലേക്ക് കുതിക്കാനുള്ള കഴിവ് ക്യാപ്റ്റന് സ്വന്തമായിരുന്നു. അത്തരമൊരു തിരിച്ചുവരവ് തമിഴകം ആഗ്രഹിച്ചിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here