(കവിത)
രാജശ്രീ സി വി
ആകാശത്തെച്ചെരുവിൽ
തേങ്ങാപ്പൂളുപോലെ
തൂങ്ങിക്കിടക്കുമ്പോഴും
വൈഡൂര്യമെത്തയിൽ
മന്ദഹാസം പൊഴിച്ചു നിൽക്കുമ്പോളും
താഴോട്ടായിരുന്നു നിൻ്റെ നോട്ടം..
നോക്കുന്നവന് കുളിർമ്മ പകർന്ന് നീയങ്ങനെ നിന്നു…
എൻ്റെ നോട്ടമെപ്പഴും മുകളിലോട്ടും മുന്നോട്ടും മാത്രമായിരുന്നു.
താഴോട്ടു നോക്കുവാൻ
ഞാനെന്നേ മറന്നു കഴിഞ്ഞിരുന്നു.
എന്തിനെന്നറിയാതെ
ചുട്ടുപഴുത്ത വഴിയിലൂടെ
സകലരേയും പിറകിലാക്കി
എന്നു ചിന്തിച്ച് ഞാൻ ഓടിക്കൊണ്ടേയിരുന്നു…
അപ്പോഴും ശാന്തനായി കവിയുടെ കണ്ണിനുവിരുന്നായി
ശാന്തനായി
നീയങ്ങനെ..
മന്വന്തരങ്ങളായി….
ഇന്നു നിന്നിലേയ്ക്ക് മിഴികളുയർത്തുമ്പോൾ
ഓടിത്തളർന്ന
ഞാനുമൊരു കുഞ്ഞായ്
മാറിയെന്ന തോന്നലുണ്ടാവുന്നു..
നിൻ്റെ കുളിർമ്മ
എന്നിൽ നിറയുന്നത്
നീയെൻ്റെ അമ്പിളിമാമനായി മാറുന്നത്
ഞാനിന്നനുഭവിച്ചറിയുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല