(കവിത)
നീതു കെ ആര്‍
മണ്ണിടിഞ്ഞു…മലയിടിഞ്ഞു…
പുതഞ്ഞു പോയ ജീവനുമേലേ
വാർത്തയുടെ മലവെള്ളപ്പാച്ചിൽ.
കഷ്ടം കഷ്ടമെന്ന് പൂതലിച്ച വിലാപക്കുറ്റിയിലിരുന്നു
നുണയുന്ന കട്ടനിൽ ഉപ്പു ചുവയ്ക്കുന്നു..
ഒരു ദ്രുത കവിതയിലും ഹാഷ്ടാഗിലും
കണ്ണീരുണങ്ങുന്നു…
തുന്ന് വിട്ട ചായത്തോട്ടങ്ങളിൽ
ഒരു രാത്രിയുടെ അന്നം
വിറങ്ങലിച്ചു ബലിച്ചോറാകുന്നു..
വടുകെട്ടിയ നെറ്റിയിൽ
നിന്നൂർന്നുപോയ തൊട്ടിയിൽ
കല്ലിച്ച കിനാവുകൾ..
ലായങ്ങൾ* പാടിപ്പാടിക്കുഴഞ്ഞ
സ്വാതന്ത്ര്യഗീതിയിൽ
നമ്മൾ മണ്ണു മാന്തുന്നു..
നുള്ളിയെടുത്ത കിളുന്തിൽ
ഒരായുസ്സിന്റെ രേഖ
മുറിച്ചു കടക്കാത്ത ഒറ്റ മുറി വീടുകൾ;
കിതച്ചു ഞെരങ്ങി വിയർത്ത്
പെറ്റിട്ട പിള്ളകൾ
ഒരേ കുഴിമാടം പങ്കിടുന്നോർ
തുരുമ്പിച്ച ചരിത്ര തുരങ്കത്തിൽ
‘വാമനതന്ത്രം’ കാവ്യമെഴുതുന്നു..
പിന്നെയും, തേയിലക്കറ വിരലുകൾ
ലായങ്ങൾ, ചായച്ചണ്ടികൾ
ഉയരം കൂടും തോറും
സ്വാദ് കൂടാത്ത വെന്ത ജീവിതങ്ങൾ…
* തോട്ടം തൊഴിലാളികൾ താമസിക്കുന്ന വീട്
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല