(കവിത)
മായ ചെമ്പകം
ഇല്ലാതെയായിപ്പോയ
ഒരു ഗ്രാമത്തിന്റെ പേരിലാവണം
നീയെന്നെ ഓർമ്മിക്കേണ്ടത്.
ഒരിക്കലുണ്ടായിരുന്നു, ഇന്നില്ല
എന്നറിയുമ്പോൾ ഒരിറ്റു കണ്ണീര്
പിടഞ്ഞുവീഴണം.
ഇവിടെ കുഞ്ഞുങ്ങൾ സ്‌കൂളിൽ പോയിരുന്നു,
പുൽമേടുകളിലവർ കളിച്ചിരുന്നു.
ചുവന്ന പോപ്പിപ്പൂക്കൾ നിറയെ വിടർന്നിരുന്നു.
തണുപ്പിനെയകറ്റാൻ അവർ ശ്രമിച്ചിരുന്നു.
ചുമലിലെ ഭാരം കനപ്പെടുമ്പോൾ
ദിവസങ്ങളുടെ മറവിലിരുന്ന് അവർ
വിങ്ങിപ്പൊട്ടുകയോ നെടുവീർപ്പിടുകയോ
ചെയ്‌തിരുന്നു. എങ്കിലും,
ഖനികളിലെ ഇരുളിലും പുകയിലും അവർ
ജീവിതത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്നു.
ഓരോ വീടും നാളെയെക്കുറിച്ച് സ്വപ്‌നം കണ്ടിരുന്നു.
ഇന്ന് നിങ്ങളുടെ വീടുകൾ സ്വപ്‌നങ്ങൾ
കാണുന്ന പോലെ.
പകലൊടുവിൽ ഒന്നുറങ്ങുവാൻ
ചുരുണ്ട് കൂടുകയായിരുന്നു അവർ.
നിങ്ങളെപ്പോലെ തന്നെ ദിവസംമുഴുക്കെ
പണിയെടുത്ത് തളർന്നവരായിരുന്നു അവർ.
കൂട്ടത്തോടെ ആട്ടിത്തെളിച്ചെത്തുംവരെ-
യറിഞ്ഞില്ല, കനിവ് തേടി കണ്ണീരൊഴുക്കിയിരുന്ന
അൾത്താര മരണത്തിന്റെ കശാപ്പുശാലയായെന്ന്.
നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ;
പെട്ടെന്നൊരു രാത്രി ജീവനുവേണ്ടിയിരന്നു
മുട്ടിന്മേൽനിന്ന നിസ്സഹായതയുടെ മുറിവാകേണ്ടിവന്ന
ഗ്രാമം നീയായിത്തീർന്നാലോയെന്ന് ?.
ഇല്ല, ആക്രോശങ്ങളിലും ആർപ്പുവിളികളിലും
നീണ്ട മൌനങ്ങളിലും നിഷ്‌പക്ഷതകളിലുമായിരിക്കേ
നിങ്ങളങ്ങനെ ചിന്തിക്കുന്നേയുണ്ടാവില്ല.
എന്നാൽ,
ഏകാധിപതികളുടെ കുതിരക്കുളമ്പടികൾ
നിങ്ങൾക്ക് തിരിയാതെ പോകരുത്.
അവരുടെ രക്തദാഹത്തിന്റെ വാറോലകൾ
ഗ്രാമത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുത്.
എന്തുകൊണ്ടെന്നാൽ,
തുടച്ചുമാറ്റിയ ജീവിതങ്ങൾക്കു മീതെ
വളർത്തിയെടുത്ത വനത്തിന്റെ
ഭയാനകമായ മൂകതയാണ്
നാളെകളെന്നു നിങ്ങൾ തിരിച്ചറിയണം.
കാതോർത്താലപ്പോഴും,
വംശഹത്യയുടെ പ്രേതമരങ്ങളിൽ നിന്നും
ഉതിർന്നു വീഴുന്ന നിലവിളികൾ
നിന്റെ കാതുകൾക്കു തിരിച്ചറിയാനാവണം.
അളവുകളൊപ്പിച്ചു തുന്നിയ ഭ്രാന്തൻ തയ്യൽക്കാരന്റെ
കുപ്പായത്തിനുള്ളിൽ പാകപ്പെടാത്ത മനുഷ്യരുടെ
ചോരയും കണ്ണീരും നിന്റെ കാലടികളെ പൊള്ളിക്കണം.
നിങ്ങൾക്കിപ്പോഴും മനസ്സിലാകുന്നില്ലേ ?
‘ലിഡിസ്’ – അത് ഞാനായിരുന്നു.
ഇല്ല, തിരയണ്ട. ഭൂപടത്തിലിന്നു ഞാനില്ല.
*ലിഡിസ് – 1943 ജൂൺ 1-ന് ഹിറ്റ്ലറുടെ നാസിപ്പട്ടാളം ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കിയ ചെക്കോസ്ലോവാക്യയിലെ ഒരു ഗ്രാമം. ദേവാലയത്തിനുള്ളിൽ വച്ച് പുരുഷന്മാരെയും സ്‌ത്രീകളെയും കുഞ്ഞുങ്ങളെയും(193) വെടിവച്ചു കൊന്നു. ഗർഭിണികളായ സ്‌ത്രീകളെ ഗർഭഛിദ്രം ചെയ്‌ത് നാസി കോൺസൻട്രേഷൻ ക്യാമ്പിലിട്ട് കൊന്നു. ദേവാലയം ബോംബിട്ട് തകർക്കുകയും ഗ്രാമം മുഴുക്കെ മണ്ണിട്ട് മൂടി അതിന് മുകളിൽ വനം നിർമ്മിച്ചെടുക്കുകയും ചെയ്‌തു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല