അറുക്കലിന്റെ കല

6
204

(കവിത)

ജിഷ്ണു കെ.എസ്.

Audio Player

1

കുടുക്കുകൾ അഴിച്ച്
ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത്
സമയത്തിന്റെ മണൽച്ചുഴിയിലേക്ക്
ഉന്തിയിട്ടു.
ചലനങ്ങളെല്ലാം
ഒരൊറ്റ പിടച്ചിലിൽ
ഉറഞ്ഞു പോയി.

ശില്പത്തിൽ നിന്നും മറ്റൊരു ശില്പം
കൊത്തിയെടുക്കുന്നു.
മൂർച്ച കെണ്ട് മുറിഞ്ഞ കൈ
മേശവിരിയിൽ വെക്കുന്നു.
അതിനടയാളം പടർന്ന്
മരുഭൂമി ആകുന്നു.

കാലുകൾക്കടിയിൽ
കടൽ തിളയ്ക്കുന്നു.
മേശവിരിപ്പിൽ നിന്നും
കടലിലേക്ക്
മരുഭൂമി ഇറ്റി വീഴുന്നു.
കടൽ ചോരച്ചുവപ്പാകുന്നു.

കരിനീലിച്ച വരണ്ട ചുണ്ടുകളെ
നാവിനാൽ കുതിർത്തെടുക്കുന്നു.
മുലക്കണ്ണുകളില്‍ കത്തി രാകി
പിളർന്ന പളളയിൽ മുക്കി
തിളക്കിയെടുക്കുന്നു.

സോഫയിലും തറയിലുമായി കിടന്ന വസ്ത്രങ്ങളിൽ
തീനാളങ്ങൾ തുള്ളിക്കളിക്കുന്നു.

ഉടലിലെ വിളളലുകളിൽ നിന്നും
ചിതറിപ്പറന്ന മാംസങ്ങൾ
ഒന്നൊന്നായി പെറുക്കിയെടുത്ത്
വീണ്ടും അണിയിച്ചൊരുക്കുന്നു.

ഒടുവിൽ നീളമുള്ള എന്റെ വിരലുകൾ
നിന്റെ കണ്ണുകൾക്കുള്ളിലേക്ക്
ഇറക്കി
കാഴ്ചകളെ തുരന്ന്
പുറത്തെടുത്തു.
അവയിപ്പോൾ എന്റെ കാഴ്ചയായി.

2

വിയർക്കുന്നുണ്ടായിരുന്നു.
വിയർപ്പിന്
നിന്റെ മണമുണ്ടായിരുന്നു.
അതെന്നെ മത്തുപിടിപ്പിക്കുന്നു
മതിവരാതെ
ഓരോ കൈവിരലുകളും
അറുത്തെടുക്കുന്നു.

പതിനൊന്ന് ബ്രഷുകൾ
പതിന്നൊന്ന് വിരലുകൾ
ഞാനൊരു പെർഫോർമർ ആകുന്നു.
ഒരേ സമയം
തിരക്കഥാകൃത്തും, സംവിധായകനും, നടനും, ശില്പിയും, ചിത്രകാരനും, കവിയുമാകുന്ന പെർഫോർമെൻസ്.
അതിൽ ‘അറുക്കലിന്റെ കല’ എന്ന ലിപി വിന്യാസങ്ങളെ
അറുത്തെടുത്ത പതിനൊന്ന് വിരലുകളാൽ
ചുവരിൽ അഴിച്ചുവിടുന്നു.
അത് വിരിഞ്ഞ് പൂന്തോട്ടമാകുന്നു.
അതിൽ നിന്നും നാലുപാടും
വള്ളികൾ പന്തലിക്കുന്നു.
തറയിലേക്കവ ഊർന്നിറങ്ങി
കടലിൽ വളരുന്നു.
കടലിലെ ദ്വീപായി
നിന്റെ ശരീരം പൊന്തിക്കിടക്കുന്നു.
ദ്വീപിന് ചുറ്റും ഈച്ചകൾ
ചുവടുകൾ വെക്കുന്നു
അവയെ നോക്കി
നീ കിടക്കുന്നു.
നിന്നെ നോക്കി ഞാൻ
ചുവരിലെഴുതിക്കൊണ്ടിരുന്നു.
ചുവരിൽ തെളിയുന്നത്
അറ്റുപോയ നിന്റെ ഇടത്തെ ചെവിയിൽ
ഈച്ചകൾ നീട്ടി ചൊല്ലി –

ചിത്രീകരണം: മിഥുന്‍ കെ.കെ

“വലയം ചെയ്യുന്ന ഇരുട്ടിൽ ചുവന്ന ആകാശം, എല്ലാ പാപങ്ങളും അതിൽ ഒഴുകിനടക്കുന്നു, മേഘങ്ങളെ കീറി ഒരു വിമാനം കുതിക്കുന്നു, അതിൽ മൂർച്ചയുള്ള കത്തിയോ, മഴുവോ, ചെയിൻസോയോ ഉയർത്തിപ്പിടിച്ച് ഒരാൾ കാലങ്ങൾ താണ്ടുന്നു, അയാൾ ഏറ്റവും സ്വാദിഷ്ടമായ ഒന്ന് മാത്രം കണ്ടെത്തുന്നു, അതിന്റെ ആഹ്ലാദത്തിൽ അയാൾ ഉറക്കെ പറയുന്നവ കടൽ കാക്കകൾ കൊത്തിയെടുത്ത് തിരയിൽ കൊണ്ടിടുന്നു. അതിൽ നിന്നും സ്രാവുകൾ വാ പിളർന്ന് പുറത്തു വരുന്നു. അവ ഒരേ സ്വരത്തിൽ പറഞ്ഞു തുടങ്ങി –

‘നിങ്ങൾ എട്ടുകാലികളെപ്പോലെ വലവിരിച്ച് കാത്തിരിക്കുക, കാത്തിരിക്കുന്ന നിമിഷങ്ങളിൽ മൂളുവാനായി ഒരു പാട്ട് കെട്ടുക, ‘അറുത്ത്‌ കൊന്നേ, രക്തത്താൽ വിശുദ്ധനായേ’ എന്ന വരികൾ അതിൽ എഴുതി ചേർക്കുക. അതും ചേർത്ത് പാട്ട് മൂളുക, ഇരയെ രുചിക്കുക, വീണ്ടും രുചിക്കുക, വീണ്ടും വീണ്ടും രുചിക്കുക, രുചിയിൽ മതിമറന്നാടുക, ആടിത്തളരുമ്പോൾ അറുത്ത ഉടൽ പൊതിഞ്ഞുകെട്ടുക, ഉടുത്ത വസ്ത്രങ്ങളെല്ലാം തീയിടുക, ആ തീയിൻ തരി കൊണ്ടൊരു സ്ഗററ്റ് കത്തിക്കുക, അതിൻ പുകയാൽ മുറി വൃത്തിയാക്കുക, ചുവരുകളിൽ കാട് വരക്കുക, കാട്ടിൽ നിന്നും കഴുതപ്പുലികളെ കൂട്ടമായി അഴിച്ചെടുക്കുക, അവയുടെ തേറ്റയിൽ കത്തി മൂർച്ച കൂട്ടുക, ആ കത്തിയാൽ ശില്പത്തിൽ നിന്നും ശില്പം അറുത്തെടുത്തത് ഒന്നൂടെ ആനന്ദം അനുഭവിക്കുക, വീണ്ടും വിശക്കുക, അടുത്ത ഇരയെ മറ്റൊരിടത്ത് അറുത്തെടുക്കുക, രുചിക്കുക, ആനന്ദിക്കുക, വിശക്കുക, കാത്തിരിക്കുക, പിടിക്കുക, വീണ്ടും വീണ്ടും വീണ്ടും വീണ്ടും ഏറ്റവും പുതിയ ശില്‌പങ്ങൾ അറുത്തെടുത്ത് പണിയുക.’

സ്രാവുകൾ തിരകൾ തുരന്ന് കടലിനുള്ളിൽ വേട്ടക്കുപോയി, ഞണ്ടുകൾ ആ തിരകളിൽ കയറി തീരത്തേക്ക് ഇറങ്ങിപ്പോയി, കടൽ തീരത്തിനോട് ചേർന്ന ഊരുകളിൽ പെർഫോർമേർസ് അറുക്കലിന്റെ കല കെട്ടിയാടിത്തുടങ്ങി.”

3

ഞാൻ ചുവരിലെഴുതിക്കൊണ്ടേയിരുന്നു.
നിന്റെ പതിനൊന്ന് വിരലുകൾ
പതിനൊന്ന് ബ്രഷ് തലപ്പുകൾ
അതിൻ തുമ്പിൽ നിന്നും
നിന്റെ അവസാന ഓർമ്മയും
കുടഞ്ഞെടുത്ത്
‘അറുക്കലിന്റെ കല’
പെർഫോം ചെയ്തു കൊണ്ടേയിരുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

6 COMMENTS

    • വായനയ്ക്കും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി!!

      സ്നേഹം
      ജിഷ്ണു കെ.എസ്

  1. ഗംഭീരമായിട്ടുണ്ട്. വയലൻസിനെ ഇത്രയും മനോഹരമായി പെർഫോം ചെയ്യാൻ ജിഷ്ണുവിനേ കഴിയൂ. അഭിനന്ദനങ്ങൾ. എല്ലാവരും ശ്രദ്ധിക്കേണ്ടുന്ന, സംവാദങ്ങൾക്ക് നിരവധി സാധ്യതകൾ തരുന്ന, സമകാലിക സംസ്കാരത്തെ ആഴത്തിൽ കീറിമുറിക്കുന്ന മികച്ച കലാസൃഷ്ടിയാണ് ജിഷ്ണുവിൻ്റെ ഈ കവിത.

    • വായനയ്ക്കും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി!!

      സ്നേഹം
      ജിഷ്ണു കെ.എസ്

  2. വായനയ്ക്കും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി!!

    സ്നേഹം
    ജിഷ്ണു കെ.എസ്

LEAVE A REPLY

Please enter your comment!
Please enter your name here