HomePOETRYകാർ ഒരു കുടീരമാകുന്നു

കാർ ഒരു കുടീരമാകുന്നു

Published on

spot_img

കവിത

ഡോ.കെ എസ്‌ കൃഷ്ണകുമാർ

അന്തിമയങ്ങുന്നതേയുള്ളൂ,
പെട്ടെന്ന്
ആകെ ഇരുട്ട്‌.
ബസ്‌സ്റ്റോപിൽ
തണൽ വിരിച്ചുനിൽക്കുന്ന
പൂമരച്ചോട്ടിലെ
വൃദ്ധനായ വഴിവാണിഭക്കാരൻ
ധൃതിപ്പെട്ട്‌
ചാക്കുവിരികൾ ചുരുട്ടിവയ്ക്കുന്നു.

പിറുപിറുക്കുന്നു,
ഇന്നൊന്നും വിറ്റില്ല
ഭയങ്കര മഴ വരുന്നുണ്ട്‌
വരാൻ കണ്ട നേരം
ആകെ ഇരുട്ടായല്ലോ
രാത്രിയായോ.
വീട്ടിലേക്ക്‌ കൂടെ പോരാൻ
കുഞ്ഞുങ്ങളെപ്പോലെ
വില്പന സാധനങ്ങൾ
ഓരോന്നായി
അയാളുടെ ഭാണ്ഡങ്ങളിലേക്ക്‌
അനുസരണയോടെ
കയറിയിരുന്നു.

അയാൾ ശപിക്കുന്നുണ്ട്‌.
പണ്ടാറ മഴ
ഒടുക്കത്തെ ഇരുട്ട്‌
ഒന്ന് ശരിക്ക്‌ ഇരിക്ക്‌
എന്റെ‌ കണ്ണാടി ചീർപ്പേ
ചാന്തേ പേനകളേ,
സിഗരറ്റ്‌ ലൈറ്ററുകൾക്ക്‌
വീഴാൻ കണ്ട നേരം.

തിരിച്ചുപോകാൻ വണ്ടിയില്ലെന്ന്
ആരും കേൾക്കാനില്ലാതെ
അയാൾ കരയുന്നു.
മുഖം പറയുന്നുണ്ട്‌
എല്ലാം.
പാവം തോന്നി.
ആവശ്യമില്ലെങ്കിലും
പത്തുരൂപയുടെ
രണ്ട്‌ ചന്ദനത്തിരി പാക്കറ്റ്‌ വാങ്ങി
പൈസ കൊടുക്കുമ്പോൾ ചോദിച്ചു,
കാറിൽ പോരണോ
എന്റെ കൂടെ
ഞാനും അതുവഴിയാണു.

കാന പോലെ
കലങ്ങിയ പിത്തക്കണ്ണുകൾകൊണ്ട്‌
അയാൾ എന്നെ തുറിച്ചുനോക്കി.
പിന്നെ, ചിരിച്ചു
ചിരിക്കുന്നുണ്ടായിരുന്നില്ല
മുഖം പറയുന്നുണ്ടായിരുന്നു
അയാൾക്ക്‌ ചിരിക്കാനറിയില്ലെന്ന്.

വിശ്വാസം വരാൻ
ഞാൻ ഒന്നുകൂടെ പറഞ്ഞു.
അതെ, നിങ്ങളുടെ വഴിയാണ്
പോകുന്നത്‌.
കുമാരൻപടി?
അതെ
സംശയം തീർന്നില്ല അയാൾക്ക്‌
കണ്ണുകളമർത്തി
ഞാൻ തല സ്വൽപം താഴ്ത്തി
ഒന്ന് മൂളി.

ഉല്ലാസയാത്ര പോകുന്ന
സ്കൂൾകുട്ടിയെപ്പോലെയായി
പിന്നെ അയാൾ.
പഴയ തമിഴ്‌ പാട്ടുകൾ പാടി
ഞൊടിയിടയിൽ
മൂന്ന് വലിയ തോൾസഞ്ചിയും
നാലുകടലാസുപെട്ടിയും നിറഞ്ഞ്‌ വീർത്ത്‌
വില്പനസാധനങ്ങൾ വലിച്ചുവാരി
അയാൾ കെട്ടുകൾ മുറുക്കി.
പോകാം.

അവസാനവണ്ടി പോയ
അയാളെ സഹായിക്കാൻ
വെറുതെ നുണ പറഞ്ഞതാണ്.
എന്തായാലും
കുമാരൻപടി എന്ന സ്ഥലപ്പേർ കിട്ടി,
കുമാരൻപടിയിൽ എവിടെയാണെന്ന്
എനിക്കറിയില്ല
വഴി പറഞ്ഞുതരണേ.
ആ നാട്‌ പരിചയമുള്ളതുപോലെ
ഞാൻ വെറുതെ വീമ്പിളക്കി.
അതൊക്കെ പറഞ്ഞുതരാം
വൈദ്യരുടെ വീട്‌ കഴിഞ്ഞ്‌
കിണർ സ്റ്റോപിന്റെ മുമ്പ്‌
ഇടവഴിയുടെ അടുത്ത്‌
ഇറക്കിയാൽ മതി.
ഏത്‌ കുമാരൻപടി
ഏത്‌ വൈദ്യരുടെ വീട്‌
ഏത്‌ കിണർ ബസ്‌ സ്റ്റോപ്‌
ഏത്‌ ഗ്രാമം
ഒന്നുമറിയില്ല.

സാധനങ്ങളുടെ പെട്ടികളും ഭാണ്ഡങ്ങളും
വണ്ടിയിലേക്ക്‌ കയറ്റി വയ്ക്കാൻ
സഹായിക്കുന്നതിനിടയിൽ
ഞാൻ ഗൂഗിളിൽ തിരഞ്ഞു,
കുമാരൻപടി
വൈദ്യരുടെ വീട്‌
കിണർ ബസ്‌ സ്റ്റോപ്‌.
Kumaranpady
7.5 kilometres 16 minutes
Directions
Start

കാറിൽ
മുൻസീറ്റിൽ
എന്റെ ഇടത്‌ വശത്ത്‌
സഞ്ചി രണ്ടെണ്ണം
മടിയിൽ കെട്ടിപിടിച്ച്‌
അയാൾ ഇരുന്നു.
ചാരിയിരിക്കാം
സഞ്ചികൾ പുറകിൽ വയ്ക്കാം.
വേണ്ട, ഉടയുന്ന പലതും ഉണ്ട്‌
കണ്ണാടികൾ ചില്ലുവിളക്കുകൾ
ഉടയും.
ഉടഞ്ഞാൽ പിന്നെ കാര്യമില്ല
അയാളുടെ മുഖം പറയുന്നുണ്ടായിരുന്നു.
ആരാ എന്താ എങ്ങോട്ടാ
എന്നോട്‌
അയാൾക്ക്‌ ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല.

സീറ്റിൽ ഇരുന്ന്
കാറിന്റെ മുൻചില്ലിലൂടെ
ഒരേ നോട്ടം,
എതിരെ വരുന്ന
വണ്ടികളുടെ വെളിച്ചത്തിൽ
ക്ഷീണിച്ച വരണ്ട
ചുക്കിച്ചുളിഞ്ഞ
ആ മുഖം
ഞാൻ പലാവർത്തി കണ്ടു.
ആരും ചെല്ലാത്ത
അധികം ഭാഷകൾ ഇല്ലാത്ത
പഴയ ചെറുവീടുകൾ മാത്രമുള്ള
ഒരു കുഗ്രാമം പോലെ
അയാളുടെ മുഖം.
ഇടുങ്ങിയ വഴിയിലൂടെ
ഓരങ്ങളിലെ വേലികളിൽ
വണ്ടിവെളിച്ചം വീഴുന്നത്‌ പോലെ,
എന്റെ അരികിലിരുന്നു
അയാളുടെ ജീവചരിത്രം
മുഖം പറയുന്നുണ്ടായിരുന്നു.

സ്ഥലമെത്തി.
ഒരു പൈപ്പിൻചോട്ടിൽ
രണ്ട്‌ കുട്ടികൾ കാത്തുനിൽക്കുന്നു.
മുട്ടായിപ്പൊതി കിട്ടിയ പാടെ
സന്തോഷം കൊണ്ട്‌ ശബ്ദംവച്ച്‌
അവർ പുറകിലെ ഇടവഴിയിലൂടെ
ഓടിപ്പോയി.
യാത്രപ്പോലും പറയാതെ
ഭാണ്ഡങ്ങളും പെട്ടികളുമെടുത്ത്‌
അയാളും അതുവഴി വേഗത്തിൽ പോയി.
ഇടയ്ക്കെപ്പോഴോ
എന്നെ തിരിഞ്ഞുനോക്കി.
മുഖം പറയുന്നുണ്ടായിരുന്നു
എല്ലാം.

തിരികെ
ടൗണിലെത്തി
ആളൊഴിഞ്ഞ ആ മരച്ചോട്ടിൽതന്നെ
വണ്ടി നിർത്തി
ചില്ലുകൾ കയറ്റിയിട്ടു.
മഴ തിമർത്തു പെയ്യുന്നു
ഒരു മിന്നലിൽ
കവലയിലെ
വഴിവിളക്കുകളെല്ലാം കെട്ടു.
കനം കൂടി വന്നു
മഴയുടെയും ഇരുട്ടിന്റെയും.
പോകാൻ വീടില്ലാത്ത ഞാൻ
വണ്ടിയുടെ പിൻസീറ്റിൽ
കിടന്നു.

മഴയിൽ
മരത്തിൽ നിന്ന്
ഇലകളും പൂക്കളും
കൊഴിഞ്ഞുകൊണ്ടിരുന്നു.
കാർ
ഒരു കുടീരമായി.
കണ്ണാടിച്ചില്ലിൽ
എന്റെ മുഖം പറയുന്നുണ്ടായിരുന്നു,
എല്ലാം.


ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Latest articles

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...

ആത്മാവിൽ നിന്ന് അടർന്നു വീഴുന്ന ഇലകൾ

ആത്മാവിന്റെ പരിഭാഷകള്‍ സിനിമ ,കവിത ,സംഗീതം (ഭാഗം 5) ഡോ. രോഷ്നിസ്വപ്ന   ""മടക്കിപ്പിടിച്ച വിരലുകൾ പൊട്ടിക്കാതെ നമുക്ക്‌ നിവർത്താനാവില്ല"" -കൽപ്പറ്റ നാരായണൻ ആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ,...

More like this

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78...

തിരസ്കൃതന്റെ സാക്ഷ്യപത്രമെത്തുന്നു

പ്രേക്ഷകനോട് സംവദിക്കാൻ ഏകാംഗനാടകത്തോളം മികച്ച മറ്റൊരു കലാരൂപമില്ല. വിവിധ ഭാവങ്ങളിലേക്ക് അനുമാത്രം മിന്നിമാറാൻ കെല്പുള്ള ഒരു അഭിനേതാവിന് മാത്രമേ...

ഖബർ

കവിത ജാബിർ നൗഷാദ് എന്റെ അനന്തതാവളം ഇവിടെയാവരുതെന്ന് ഞാൻ പണ്ടേ തീരുമാനിച്ചുറപ്പിച്ചതാണ്. ഇവിടുത്തെ മൈലാഞ്ചിയിലകൾക്ക് പ്രത്യേകിച്ചു ലക്ഷ്യങ്ങളൊന്നുമില്ല. മഞ്ചാടിമരങ്ങളുടെ ഇലകളിൽ നിറയെ പച്ചുറുമ്പുണ്ട്. അഴിച്ചിട്ട ചെരുപ്പിൽ കയറിനിന്ന് എനിക്ക് വേണ്ടി യാസീൻ ഓതുമ്പോൾ നിങ്ങളുടെ (മെയിൽ ഒൺലി) കാലിലോ,...