കവിത
ബിനീഷ് കാട്ടേടൻ
മൂന്നിലേക്ക് മറച്ചുപിടിച്ച
ഉടലാണെപ്പോഴും
സ്വാതന്ത്ര്യത്തിൻ്റെ വാക്കുകൾ
തെരുവിൽ നിന്ന്
രണ്ടാളുകൾ തമ്മിൽ പ്രസംഗിക്കുന്നത്.
അവിടെ
പക്ഷിയും ഞാനും തമ്മിൽ
ഒരു യുദ്ധം നടക്കുന്നുണ്ട്
പറങ്കിമാങ്ങയും
റൗക്കയിട്ട ഒറോതയും തമ്മിൽ.
ഇതുവരെ
മരങ്ങളുടെ കോടതിയിൽ
എഴുത്തുകുത്തുക്കൾ അവസാനിപ്പിച്ചിട്ടില്ല
ഒരിലയും മുഖം താഴ്ത്തി
ചില്ലയുടെ മുറിയിലേക്ക് പിൻവാങ്ങിയിട്ടുമില്ല.
നഗ്നമായ ഒരുടൽ
പുഴ അവതരിപ്പിക്കുന്നുണ്ട്
നഗ്നമായ ഒരുടൽ
പൂവ് ശ്വസിപ്പിക്കുന്നുണ്ട്
നഗ്നമായ ഒരുടൽ
മഴ വീശിയെറിയുന്നുണ്ട്.
തണുത്ത് വിറച്ച്
കേറിപ്പോയതാണ് ഈ ശിലാഗുഹ
കൈകൾ തോളിൽ പിണച്ച്
ചൂട് ഉണ്ടാക്കുന്നു.
ഞാനൊരു തണുപ്പുടുത്തിരുന്ന്
കാലുകൾ കൂട്ടിയുരുമി
തീ കടയുന്നു .
മരങ്ങൾ
എൻ്റെ ശ്വാസം പാകം ചെയ്യുന്നു
കാറ്റ്
എന്നിൽ ജീവൻ പുകയ്ക്കുന്നു.
എന്നുമോർക്കും
വീമ്പിളക്കുന്ന വാക്കുകൾക്കു പോലും
ഇല്ലാത്തതെന്തോ
പുതച്ചിരുന്നാണ്
ഞാനെൻ്റെ നഗ്നതയെഴുതുന്നതെന്ന്.
രണ്ട് പൂവുകൾക്കിടയിൽ
അവരുടെ ലോകത്തിലേതു പോലെ
ഞാൻ നഗ്നനേയല്ല
ഒരു പുഴയുടെ
എത്രയോ ഒഴുക്കുകളിൽ,
നിറഭേദത്തിൽ
ഞാൻ നഗ്നനേയല്ല
മഴയുടെ സംഗീതത്തിൽ, നിറത്തിൽ
ഞാൻ തവളയെക്കാളും
ഒട്ടും നഗ്നനേയല്ല.
രണ്ടിലേറെ ഗ്രഹങ്ങളിൽ
ഭൂമിക്കില്ലാത്തൊരു നഗ്നത
നമുക്ക് രണ്ടുപേരുടെ ഇടയിലിതെങ്ങനെ
എന്തെങ്കിലും
മണ്ണിൽ നിന്നൊടിച്ചു കുത്തി
എങ്ങനെ
ഒളിപ്പിക്കുവാൻ തോന്നുന്നു.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.