(കവിത)
ആരിഫ മെഹ്ഫിൽ
തണൽ മരിച്ച വീട്
കുട്ടിക്ക് മുന്നിൽ
ഒരു ചോദ്യചിഹ്നമാണ്
ഓർമ്മപ്പെടുത്തലിൻ്റെ ഒച്ചയില്ലാത്ത
വെള്ളകീറലുകളിൽ
ഉറ്റുനോക്കുന്ന
ചുമരിലെ സൂചികളും
തുന്നലുവിട്ട യൂണിഫോമും
ചൂണ്ടക്കൊളുത്തുകളായി
കുട്ടിയെ ഉരഞ്ഞു രസിക്കാറുണ്ട്
സ്കൂളിലേക്കിറങ്ങും മുമ്പ് ചിലതെല്ലാം
കുട്ടിക്ക് മുമ്പിൽ
വളഞ്ഞ് തലകീഴായി നിൽക്കാറുണ്ട്
മഷി വറ്റിയ പേന
താളുകൾ തീർന്ന നോട്ടുബുക്ക്
പിടിയിലൊതുങ്ങാത്ത കുറ്റിപ്പെൻസിൽ
ഒഴിഞ്ഞ കറിപ്പാത്രം
കാലില്ലാത്ത കുട
അങ്ങനെയങ്ങനെ
സന്ധ്യക്ക് മാത്രം കത്തുന്ന
വിളക്കിൻ്റെ നാമ്പുകൾ കാറ്റിലാടുമ്പോൾ
ഇരുട്ട് വീണ്ടും ചോദ്യങ്ങളായി വന്ന്
കുട്ടിക്ക് മുമ്പിൽ
കൊഞ്ഞനം കുത്തും
കുഞ്ഞിക്കൈയിൽ വട്ടം കറക്കി
തട്ടിത്തെറിപ്പിച്ച മഴത്തുള്ളികൾ പോലെ
നിറങ്ങൾ മാഞ്ഞു പോയതിൽ പിന്നെ
അവൾ പുള്ളിക്കുട ചൂടിയിട്ടേയില്ല.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല