നൂറ്റാണ്ടിന്റെ വിപ്ലവ സൂര്യന്‍

1
119

(ലേഖനം)

ശ്യാം സോര്‍ബ

‘തല നരയ്ക്കുവതല്ല എന്റെ വൃദ്ധത്വം
തല നരയ്ക്കാത്തല്ല എന്റെ യുവത്വവും
കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരു മുമ്പില്‍
തല കുനിക്കാത്തതാണെന്റെ യൗവനം’
കേള്‍ക്കാന്‍ വന്ന ജനസാഗരങ്ങളെ സാക്ഷിയാക്കി ആ മനുഷ്യന്‍ ഇങ്ങനെ പറഞ്ഞു. പിന്നീട് കേട്ടത് ജനങ്ങളുടെ ആര്‍പ്പുവിളി ആയിരുന്നു.

‘കണ്ണേ കരളേ വി എസ്സേ… ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ….’

ജാതിപേരില്‍ കളിയാക്കിയ നാട്ടിലെ ഉന്നതജാതിക്കാരായ കുട്ടികളെ അരയില്‍ കെട്ടിയ അരഞ്ഞാണം കൊണ്ട് ആഞ്ഞടിച്ച് തുടങ്ങിയ സമരവീര്യം. വാരികുന്തം കൊണ്ട് ‘തമ്പുരാക്കന്മാരെ’ എറിഞ്ഞു വീഴ്ത്തിയ പോരാട്ട ചരിത്രം. പുന്നപ്രയിലെ വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകന്‍ ആയി 1923 ഒക്ടോബര്‍ 20 ന് ജനനം. വെന്തലത്തറ എന്ന തറവാട് പേരില്‍ അല്ലാതെ പിന്നീട് താമസിച്ച വേലിക്കകത്ത് എന്ന പേര് ചേര്‍ത്ത് ആ മനുഷ്യനെ ജനങ്ങള്‍ വിളിച്ചു തുടങ്ങി. വി എസ് എന്ന രണ്ടക്ഷരം നിവര്‍ത്തി നോക്കിയാല്‍ വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന പേര് കാണാം. ജന്മിമാരെ പോലും കൂസാത്ത ശങ്കരന്റെ മകന്‍ ചെറുപ്പം മുതല്‍ക്കേ പോരാട്ടത്തിന്റെ സമര വീര്യം പേറിയാണ് വളര്‍ന്നു വന്നത്. തന്റെ നാലാം വയസ്സില്‍ വസൂരി ബാധിച്ച് അമ്മ അക്കമ്മ അന്തരിച്ചു. പതിനൊന്നാം വയസ്സില്‍ പോരാത്തത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അച്ഛനും വിട്ടുപിരിഞ്ഞു. അറിയാവുന്ന ദൈവങ്ങളെ മുഴുവന്‍ അലറി വിളിച്ചു പ്രാര്‍ത്ഥിച്ചിട്ടും അച്ഛനും അമ്മയും മരണത്തിനു കീഴടങ്ങി എന്ന് മനസിലാക്കിയ വി എസ് ദൈവസങ്കല്‍പ്പങ്ങളെ ദൂരെ എറിഞ്ഞ് ഒരു നിരീശ്വര വാദിയായി മാറി. പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാമ്പത്തികം ഒരു തരത്തിലും അനുവദിക്കാതെ വന്നപ്പോള്‍ ഏഴാം ക്ലാസ്സില്‍ വി എസ് പഠനം നിര്‍ത്തി. പിന്നീട് തുണിക്കടയിലെ ജോലി. അങ്ങനെ ഒന്നും തളരുന്ന ബാല്യം ആയിരുന്നില്ല ആ മനുഷ്യന്റേത്. പതിനേഴാം വയസ്സില്‍ ആക്കാലത്ത് നിയമം മൂലം നിരോധനം ഏര്‍പ്പെടുത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ് സ്വീകരിച്ചുകൊണ്ട് വി എസ് സഖാവ് വി എസ് ആയി മാറി. പി കൃഷ്ണപ്പിള്ളയുടെ ഉള്‍പ്പെടെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പഠന ക്ലാസുകള്‍ സ്ഥിരമായി പങ്കെടുത്ത് വി സ് പാര്‍ട്ടിയുടെ പ്രിയങ്കരനായ നേതാവായി മാറി.

കുട്ടനാട്ടെ പാടശേഖരങ്ങളില്‍ ആരംഭിച്ച പോരാട്ട ചരിത്രം കേരളം മുഴുവന്‍ പടര്‍ന്ന് കത്തി. യൗവ്വനത്തിന്റെ മൂര്‍ദ്ധന്യതില്‍ സര്‍ സി പി യുടെ അമേരിക്കന്‍ മോഡല്‍ ഭരണ പരിഷ്‌ക്കരങ്ങളെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ട് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി സഖാവ് വി സ്. തോക്കുകളും ലാത്തിയും കൊണ്ട് തേര്‍വാഴ്ച നടത്തിയ സര്‍ സി പി യുടെ പോലീസിനെ വാരിക്കുന്തം കൊണ്ട് മറുപടി നല്‍കി വി എസ് ഉള്‍പ്പെടെ ഉള്ള അന്നത്തെ പാര്‍ട്ടി സഖാക്കള്‍. അമേരിക്കന്‍ മോഡല്‍ അറബികടലില്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി വി എസ്സും സഖാകളും വാരിക്കുന്തം കൊണ്ട് നേരിട്ടു. ഒക്ടോബര്‍ മാസം ഇരുപത്തിഏട്ടിന് പൂഞ്ഞാറില്‍ വെച്ച് വി എസ് ആദ്യ അറസ്റ്റ് സ്വീകരിച്ചു. അത്രയും കാലം ഭരണാധികാരികളെയും പോലീസിനേം വെല്ലുവിളിക്കുകയും വിറപ്പിക്കുകയും ചെയ്ത വി എസ്സിനെ പോലീസ് തല്ലി ചതച്ചു. തോക്കിന്റെ ബയനറ്റ് കൊണ്ട് കാല്‍ കുത്തി തുളച്ചു. അതൊന്നും തളര്‍ത്തിയില്ല ആ വിപ്ലവ വീര്യത്തെ, 1948 ഫെബ്രുവരി മാസം ജയില്‍ മോചിതനായി വി എസ് വീണ്ടും പോരാട്ട ഭൂമിയില്‍ കാല്‍ ഉറപ്പിച്ചു. ദേവികുളം ഉപതിരഞ്ഞെടുപ്പില്‍ റോസമ്മ പൊന്നൂസിനെ നിയമസഭയിലേക്ക് നയിച്ചുകൊണ്ട് സഖാവ് വി എസ് നേതൃത്വം ഉറപ്പിച്ചു.

1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മീറ്റിംഗില്‍ നിന്ന് വി എസ് ഉള്‍പ്പെടെ മുപ്പത്തിരണ്ട് സഖാക്കള്‍ ഇറങ്ങിപോന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് വി എസ് ഉള്‍പ്പെടെ ഉള്ള സഖാക്കളുടെ നേതൃത്വത്തില്‍ രൂപീകൃതമായി. 1967 ല്‍ അമ്പലപ്പുഴയില്‍ നിന്ന് MLA ആയി ആദ്യമായി ജയിച്ചുകേറി. 1970 ല്‍ അമ്പലപ്പുഴയില്‍ നിന്നും 1991 ല്‍ മാരരിക്കുളത്ത് നിന്നും 2001, 2006, 2011, 2016 തിരഞ്ഞെടുപ്പുകളില്‍ മലമ്പുഴയില്‍ നിന്നും MLA ആയി ജനങ്ങള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തു. രണ്ടു വട്ടം മാത്രം പരാജയവും വി എസ് നേരിട്ടു. കേരളത്തിലെ ഏറ്റവും കൂടുതല്‍ കാലം പ്രതിപക്ഷ നേതാവായി കൂടെ ഇരുന്ന് വി സ് റെക്കോര്‍ഡ് സൃഷ്ടിച്ചു. തന്റെ 82- ആം വയസ്സില്‍ കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഘ്യമന്ത്രി ആയി ദൃഢപ്രതിജ്ഞ ചെയ്ത് വി എസ് ചരിത്രം കുറിച്ചു.

പാര്‍ട്ടിയെ പോലും വെല്ലുവിളിച്ചുകൊണ്ട് മുന്നണി പോരാട്ടം നയിച്ചു വി എസ് പാര്‍ട്ടിയുടെ പോലും വിദ്വേഷം നേരിട്ടു. നിരവധി തവണ പാര്‍ട്ടി അച്ചടക്കനടപടി പോലും വി എസ് നേരിട്ടു. കൂടെ ഉണ്ടായ ടി പി യുടെ കൊലപാതകം വി എസ് നേതാവിനെ തളര്‍ത്തിയത് ചെറുതായൊന്നുമല്ല. 2006 ല്‍ തിരഞ്ഞെടുപ്പ് കാലം സീറ്റ് വിഭജനത്തില്‍ പാര്‍ട്ടി വി എസ്സിന്റെ പേര് മനഃപൂര്‍വ്വം ഒഴിവാക്കി. അണികള്‍ ഒന്നാകെ ഇളകി. വി എസ്സിന് സീറ്റ് ഇല്ലെങ്കില്‍ പാര്‍ട്ടിയിലെക്കില്ല എന്ന് പറഞ്ഞ അണികള്‍ ഒരുപാടാണ്. നാട്ടിന്‍പുറത്ത് ഓട്ടോ സ്റ്റാന്‍ഡിനും കൂട്ടം ചേരുന്ന ഇടങ്ങള്‍ക്കും എല്ലാം അണികള്‍ വി എസ്സിന്റെ പേര് നല്‍കി. കണ്ണേ കരളേ വി എസ്സെ എന്ന മുദ്രാവാക്യം ആദ്യമായി അലയടിച്ചു. വി എസ്സിന്റെ ജനപിന്തുണയില്‍ പാര്‍ട്ടി പോലും വിറച്ചു. വി എസ്സ്, പാര്‍ട്ടിയുടെ സ്ഥാപക നേതാവ്, ഒരുപക്ഷെ അത്രമാത്രം അച്ചടക്കനടപടി നേരിട്ട മറ്റൊരു പോരാളി പാര്‍ട്ടിയില്‍ വേറെ കാണില്ല. ഇത് ഞാന്‍ കൂടെ ചേര്‍ന്ന് ഉണ്ടാക്കിയ പാര്‍ട്ടി ആണ്. അച്ചടക്ക നടപടികള്‍ കൊണ്ട് തകര്‍ത്താന്‍ ആകില്ല എന്ന് പാര്‍ട്ടി നേതൃവത്തെ പരസ്യമായി വി എസ് വെല്ലുവിളിച്ചു. വി എസ്സ് പങ്കെടുക്കുന്ന പരിപാടികള്‍ കാണുന്ന ജനസാഗരം മറ്റൊരു നേതാവിനും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. ജനക്കൂട്ടങ്ങളുടെ നേതാവ് ആയിരുന്നു വി എസ്. അവരുടെ മുദ്രാവാക്യങ്ങളും കയ്യടിയും ഒക്കെ തന്നെ ആയിരുന്നു വി എസ് എന്ന കമ്മ്യൂണിസ്റ്റിന്റെ ഊര്‍ജ്ജം. നാല്‍പ്പത്തിമൂന്നാം വയസ്സില്‍ വി എസ് വിവാഹിതനായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍ ആയിരുന്ന വസുമതിയെ 1967 ജൂലൈ 18 ന് വി എസ് തന്റെ പോരാട്ടജീവിതത്തില്‍ ഒപ്പം ചേര്‍ത്തു. ആശയും അരുണ്‍കുമാറും ആണ് മക്കള്‍. 2019 ഒക്ടോബര്‍ പുന്നപ്ര വയലാര്‍ ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവേ വി എസ്സിന് ശാരീരിക ആസ്വസ്ഥതകള്‍ വല്ലാണ്ട് കൂടി. അന്ന് ആ ദിവസം പുന്നപ്ര വയലാര്‍ സമര നായകന്‍ വിശ്രമ ജീവിതത്തിലേക്ക് തിരിഞ്ഞു.

ജന്മിത്വ പോരാട്ടങ്ങള്‍ക്കും ജാതി വിവേജനങ്ങള്‍ക്കും അഴിമതിക്കും എതിരെ പോരാടി കേരളത്തിന്റെ സമര ചരിത്രത്തില്‍ ഇത്രമാത്രം ജനങ്ങളെ സ്വാധീനിച്ച മറ്റൊരു നേതാവ് ഇനി പിറക്കില്ല. പാര്‍ട്ടിയെ പോലും വെല്ലുവിളിച്ചുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടി, അടിച്ചമര്‍ത്തപ്പെട്ട ജന വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ധിച്ച വിപ്ലവസൂര്യന്‍. 60 വയസ്സിലേക്ക് കാലെടുത്ത് വെക്കുന്ന പാര്‍ട്ടിയുടെ 100 തികഞ്ഞ നേതാവ്. ഒരു നൂറ്റാണ്ടിന്റെ സമരവീര്യമേ, വി എസ്സെ, ജന്മദിനാഭിവാദ്യങ്ങള്‍, ലാല്‍സലാം


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here