(കവിത)
അനൂപ് ഷാ കല്ലയ്യം
കണ്ടിട്ടില്ലേ…?
ഒന്നും ഒത്തുനോക്കാതെ
പരിചയക്കാരാക്കുന്നവരെ,
ആട്ടം നിക്കാത്ത ചെറിയസൂചിപോലെ-
കാക്കത്തൊള്ളായിരം കഥ,അതിനാത്ത് അതിന്റെയിരട്ടി-
കഥാപാത്രങ്ങൾ.
സ്ഥിരം ലൊക്കേഷനൊന്നുമില്ല
പോക്കും വരവും പറഞ്ഞട്ടുമാകില്ല
ഏത് വട്ടത്തിനാത്തേക്കും കൂട്ടാം
എന്നാ കേസിനുവേണേലും കിറുക്കന് പൊക്കാം
എവിടെക്കിട്ട് എറിഞ്ഞാലും
കിറി കീറി ചിരിച്ചോണ്ടിരിക്കും,
അറിയില്ലെന്ന് പറയും
നൊണയും കൊതികുത്തും അസൂയേം,
കടം ചോദിക്കും കള്ളവണ്ടികേറും
കക്കും-
അങ്ങനെ സ്വാഭാവികത്വം തീരാത്തൊരിടം.
ഞങ്ങളവസാനമായി കാണുന്നത് കഴിഞ്ഞ കൊല്ലാണ്,
എന്നട്ടിപ്പോ ഓടിവന്ന് കെട്ടിപ്പിടിക്കുന്നു
പാവക്കൂത്ത് പോലെ മുന്നിൽ നിന്ന് പിടക്കുന്നു
എന്തോരും നിഴലാണിവന്,
ആ
കണ്ണിന്നൊരു നൂല് എന്നെ ചേർത്തുപിടിച്ചേക്കാണ്-
വിട്ടിട്ടുപോകാനാകുന്നില്ല;
ഒരാളിങ്ങനെയെങ്ങനാവും…?
നീ
കരഞ്ഞിട്ടുണ്ടോടാ..?
ചിരിക്കുന്നു ..,
തകർന്നു പോകാറുണ്ടോ..?
ചിരിക്കുന്നു..,
ആത്മഹത്യ ചെയ്യാൻ തോന്നാറുണ്ടോ..?
ചിരിക്കുന്നു..,
‘ഇതുവരെയങ്ങനെ ജയിച്ചിട്ടൊന്നുമില്ല-
പിന്നെങ്ങനെ കരയും..!
തലേ ചൊമടാകുന്ന ആരും കോൺടാക്ക്ടിലില്ലാ-
അതോണ്ട് തകർന്നുപോകാറില്ല..!
പിന്നെ,
കാണാൻകൊറേയൊള്ളോണ്ട്,ഞാനെങ്ങനെ ആത്മഹത്യ ചെയ്യാനാ.!
“ചിരി തുടരുന്നു”
കൈകളുയർത്തി ചുമരിൽ തട്ടുന്നു
എന്നെ വകഞ്ഞു മാറ്റി മുമ്പോട്ട് പോകുന്നു
പടം പൊഴിച്ച്
പുതിയ കൂട്ടത്തിനൊത്ത നിറത്തിലേക്ക് കേറി
ഒച്ചയുണ്ടാക്കുന്നു
ഒന്നും ഒത്തുനോക്കാതെ,അവിടെ ലയിക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല