കവിത
അനൂപ് കെ എസ്
നനയാൻ നല്ലോണം ഭയക്കുന്ന
ഒട്ടും തിരക്കില്ലാത്ത
നടത്തം തരാട്ടുന്ന
രണ്ടാളാണ് ഞങ്ങൾ.
തമ്മിൽ യാതൊരു കരാറുമില്ല
കടുത്ത പരിചയമില്ല
പ്രിയപ്പെട്ട രഹസ്യങ്ങളില്ല
അടുത്ത് നിന്നിട്ടുണ്ടെങ്കിലും,
പരസ്പരം
ആരുടെയും ആരുമായിട്ടില്ല.
എങ്കിലും,
കാണാതിരുന്ന വിടവ് നേരങ്ങളെ
പ്രവചിച്ച് ശരിയാക്കി ഞെട്ടാറുണ്ട്.
ഒരൗപചാരികതയുമില്ലാതെ ;
കണ്ടാൽ, കൈകാണിച്ചു നിൽക്കും
അവസാനം നിർത്തിയ
ചിരീന്ന് തുടരും
പുതിയതൊക്കെ തടഞ്ഞുവക്കാതെ
പങ്കുവെക്കും, നടക്കാതെപോയ
പഴയതിനൊക്കെ ആശ്വാസമാകും.
മേലുപദ്രവിക്കും,
കണ്ണ് നിറയുന്നവരെ
പൊട്ടി പൊട്ടി ചിരിക്കും.
സമയമൊത്താൽ രണ്ട് രുചിയിൽ
ചായപറയും.
എത്ര മഴ
എന്തോരം വെയിൽ,
എങ്കിലും കൂടുതൽ അടുക്കാതെ
ഉറച്ചൊരു യാത്ര പറയാതെ
കെട്ടിപിടിക്കാതെ
ആരുടെയും ആരുമാകാതെ
ഒരേ സീറ്റിൽ ഇരുന്ന്
രണ്ട് ടിക്കറ്റ് എടുക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
മനോഹരം ❣️
വളരെ നന്നായിട്ടുണ്ട് !❤️❤️