HomeTHE ARTERIASEQUEL 116ഇരുള്‍

ഇരുള്‍

Published on

spot_imgspot_img

(നോവല്‍)

യഹിയാ മുഹമ്മദ്

ഭാഗം 11

സോളമനും കൂട്ടുകാരുമാണ് ആ കാഴ്ച ആദ്യം കണ്ടത് കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോവുകയായിരുന്നു അവര്‍. ചോലമലയിലെ വെള്ളച്ചാട്ടത്തിന് താഴെ ഇത്തിരി തെക്കുമാറിയുള്ള കൈതക്കാടിന്റെ നടുവിലായി നില്‍ക്കുന്ന ചേരമരത്തിന്റെ ചോട്ടില്‍ ഈച്ചകളുടെ പരപര ശബ്ദം കേട്ടാണ് സോളമൻ അങ്ങോട്ട് ചെന്നത്. കാഴ്ച കണ്ടയുടനെ സോളമന്‍  ഒരു ഞെട്ടലോടെ ബോധരഹിതനായി താഴെവീണു. സോളമന്‍ വീണതുകണ്ട് പാതി കയറിയ മരത്തിനു മുകളില്‍നിന്നുമിറങ്ങി കൂട്ടുകാര്‍ അവിടേക്ക് ഓടിയെത്തി. കാഴ്ച കണ്ട അവരും എന്തുചെയ്യണമെന്നറിയാതെ പരവശപ്പെട്ടു.. ചേരമരത്തിനോട് ചാരി ഒരു ശവം. കൈയില്‍ കുടിക്കാന്‍ കരുതിയ വെള്ളം സോളമന്റെ മുഖത്ത് തെളിച്ച് അവനെ അവര്‍ എഴുന്നേല്‍പിച്ചു.

‘ഇത് നമ്മുടെ തൊമ്മിച്ചായനാ…’ സോളമന്‍ എഴുന്നേറ്റ ഉടനെ പറഞ്ഞു. എന്താ സംഭവിച്ചതെന്നറിയാതെ അവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കിനിന്നു.

‘നിങ്ങളാരെങ്കിലും പോയി നാട്ടില്‍ വിവരമറീക്ക്…’ അവരില്‍ ഒരാള്‍ വാണം വിട്ടതുപോലെ നാട്ടിലേക്കോടി.

അറിഞ്ഞവരറിഞ്ഞവര്‍ ചോലമലകയറി. അധികസമയം കഴിയാതെ തന്നെ ആളുകള്‍ തടിച്ചു കൂടി. വര്‍ഷങ്ങളായല്ലോ തൊമ്മിച്ചായനെ കാണാതായിട്ട്. ആ മരണം വീണ്ടും അവര്‍ക്കിടയില്‍ ഭീതിയുടെ കാര്‍മേഘമായി ചുരുണ്ടുകൂടി. വിവരമറിഞ്ഞ് ടൗണ്‍ എസ്.ഐയും രണ്ടുമൂന്ന് പോലീസുകാരും മണിക്കൂറുകള്‍ക്കകം അവിടേക്കെത്തി. എസ്.ഐ. അരവിന്ദനും കൂട്ടരും ബോഡി പരിശോധിച്ചു.

‘ഇതൊരു കാട്ടുമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാവാനാണ് സാധ്യത പ്രാധമിക നിഗമനത്തിൽ പോലീസുകാരുടെ അഭിപ്രായം.

‘കുറച്ച് ദിവസമായി കാട്ടുപന്നിയുടെ ആക്രമണമുണ്ടായിരുന്നു. കൃഷിയും അതുപോലെ ചായക്കടക്കാരന്‍ തോമയെയും ആക്രമിച്ചിരുന്നു.’

‘എങ്കില്‍ അതുതന്നെയാവാനാണ് സാധ്യത.’

എസ്.ഐ. ഫോറസ്റ്റില്‍ വിളിച്ച് വിവരമറിയിച്ചു.

‘എനിയുമൊരു ജീവന്‍ കൊഴിയുന്നതിനു മുന്‍പ് അതിനെ പിടിക്കണം.’ നാട്ടുകാര്‍ എസ്.ഐയോട് ആവശ്യപ്പെട്ടു.

‘ഫോറസ്റ്റ് ഓഫീസര്‍മാരും കൂടി വന്നിട്ട് നമുക്ക് വേണ്ടത് ചെയ്യാം.’

ഈ സംഭവം കൂടിയായപ്പോള്‍ കാര്യത്തിന്റെ ഗൗരവം വര്‍ദ്ധിച്ചു. എങ്ങനെയെങ്കിലും ആ അക്രമകാരിജന്തുവിനെ പിടികൂടണം. ജനങ്ങള്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടിട്ടേ ഉറങ്ങൂ എന്ന് തീരുമാനിച്ചു. ഒപ്പം പോലീസും ഫോറസ്റ്റും സഹായത്തിനെത്തി. അന്നുരാത്രി ചോലമല ഒരു യുദ്ധഭൂമിപോലെ സജ്ജമായി പല ഇടങ്ങളിലായി ഫോറസ്റ്റ് വലവിരിച്ചു. ആളുകള്‍ പന്തവും ടോര്‍ച്ച്‌ലൈറ്റുമായി കാടുമുഴുവന്‍ അരിച്ചുപെറുക്കി. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരില്‍ ചിലര്‍ മരച്ചില്ലയില്‍ കയറിയിരുന്ന്, തോക്കും പിടിച്ച് ഊഴം കാത്തിരിക്കുകയായിരുന്നു.

‘എന്തായാലും തൊമ്മിച്ചന്റെ മരണം വല്ലാത്തൊരു മരണംതന്നെ. തോമാച്ചായന്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു എന്നുപറയാം. അടുത്തത് ആരാണെന്ന് ആര്‍ക്കറിയാം. അതിനുമുന്നേ അതിനെ ഇവര്‍ പിടിച്ചാമതിയായിരുന്നു.’ കാട്ടില്‍ ആളൊഴിഞ്ഞ ഒരിടത്തിരുന്ന് കൈയില്‍ കരുതിയ കുപ്പി പതിയെയായിക്കുടിക്കുന്നതിനിടയില്‍ സേവിയര്‍ പറഞ്ഞു.

‘തൊമ്മിച്ചായന്റെ ബോഡി മനസ്സില്‍നിന്നും പോകുന്നില്ല. അടിവയറ്റിലും നെഞ്ചിലും തേറ്റകൊണ്ട് മുറിഞ്ഞ് ഉള്ളിലുള്ളതൊക്കെ പുറത്തേക്ക്  തുറിച്ചിട്ടുണ്ട്. ഹോ… കാണാന്‍ മേല…’ രാഹുലന്‍ പറഞ്ഞു.

പക്ഷേ, ഇതൊന്നുമല്ലായിരുന്നു റാഫേലിന്റെ പ്രശ്‌നം. ആ രഹസ്യമായിരുന്നു. അത് പുറത്തു പറഞ്ഞ അന്നുതന്നെ തൊമ്മിച്ചായന്‍ മരിച്ചിരിക്കുന്നു. ഈ രഹസ്യത്തിന് പിന്നില്‍ ആരാണ്? എന്ത് ശക്തിയാണയാള്‍ക്കുള്ളത്? ഈ നാട്ടില്‍ നടന്ന ഓരോ മരണങ്ങള്‍ക്ക് പിന്നിലും ഓരോ കഥകള്‍ കാണും.

അന്നു രാത്രിയും പിറ്റേന്നും കാരിച്ച് തിരച്ചിൽ നടത്തി.ഫലം വിപരീതം തന്നെ. ആളുകൾ പതിയെ കാടിറങ്ങി. പിന്നിട് ഒന്നു രണ്ട് ദിവസം കൂടി ഫോറസ്റ്റുകാർ തിരച്ചിൽ നടത്തിയെങ്കിലും കാര്യമായ ഫലമൊന്നുമില്ലാതെ അവരും പിൻമാറി

തൊമ്മിച്ചൻ്റെ വിവരണങ്ങളും പിന്നീടുണ്ടായ അയാളുടെ മരണവും റാഫോലിൻ്റെ ജീവിതത്തെ ആകെ ഉലച്ചു കളഞ്ഞു. ഒന്നിനും ഒരു താൽപര്യമില്ല.മനസ്സിൽ എന്തൊക്കയോ ചിന്താഭാരങ്ങൾ. കുറച്ചു കൂടി ഗൗരവത്തിൽ കാര്യങ്ങളെ സമീപിക്കേണ്ടതുണ്ട്. തന്നിൽ വലിയ എന്തോ ഒരു ദൗത്യം അർപ്പിതമായത് പോലെ ഒരു തോന്നൽ. സമാധാനമയവുമായുള്ള ഈ ചിന്ത അവനെ തികച്ചും മൂകനാക്കി.

ഈ ഇടവകയിൽ എന്തൊക്കെയോ നടക്കുന്നു റാഫേലിൻ്റെ ഉള്ളിൽ ആ രഹസ്യം വീണ്ടും വീണ്ടും പൊള്ളിച്ചുകൊണ്ടേയിരുന്നു.എല്ലാ രഹസ്യങ്ങളും ജനം അറിയണം അതിന് കുരിശുപള്ളി തുറക്കണം. എനി ഒരു ദുർമരണം കൂടി ഈ ഇടവകയിൽ നടക്കരുത്.

ഈ സംഭവത്തിന് ശേഷമുണ്ടായ ആദ്യ ഞായറാഴ്ച റഫേൽ വർഷങ്ങൾക്കിപ്പുറം വീണ്ടും പള്ളിയിൽ പോയി

കുര്‍ബാനയുടെ ആള്‍ത്താര പിരിയുന്നതിന് മുന്‍പേ, റാഫേല്‍ ജനമധ്യത്തിലേക്ക് ഒരു കാര്യമവതരിപ്പിച്ചു. പക്ഷേ, അതവിടെ  ചെറിയ കോലാഹലങ്ങളൊന്നുമല്ല സൃഷ്ടിച്ചത്. ജനങ്ങള്‍ രണ്ട് ചേരിയായി. പരമ്പരാഗതരീതിയില്‍നിന്ന് ഇത്തിരിപോലും വ്യതിചലിക്കാതെ സഭയെയും പള്ളിയെയും പട്ടക്കാരെയും അണുവിട വ്യത്യാസമില്ലാതെ അനുസരിച്ചുപോരുന്ന പഴമക്കാരും എന്നാല്‍ ചില കാര്യങ്ങള്‍ കാലത്തിനൊത്ത് മാറണമെന്ന് അത്യാവശ്യം പുരോഗമനപരമായി ചിന്തിക്കുന്ന പുതുതലമുറയും ഈ ഒരു സംഭവത്തോടെ രണ്ടു ചേരികളിലായി.

എങ്കിലും ഒരു തെമ്മാടിയുടെ അഭിപ്രായം പള്ളിക്കാവശ്യമില്ല എന്നു തന്നെയാണ് ബഹു ഭൂരിപക്ഷം വരുന്നവരുടെ അഭിപ്രായം. മറുചോരി ന്യൂനപക്ഷമാണേലും ഒരു നാടിൻ്റെ യുവത്വമായിരുന്നു എന്നത് അച്ചനെ വല്ലാതെ അങ്കലാപ്പിലാക്കി.

ഈ അടുത്തായി കമ്യൂണസത്തിന്റെ കാറ്റ് വലിയതോതില്‍ത്തന്നെ മലയോരങ്ങളില്‍ വീശിത്തുടങ്ങിയിരുന്നു. നാട്ടിൽപ്രത്യക്ഷത്തിലില്ലെങ്കിലും ജോസഫിനെപോലെയുള്ള പല യുവാക്കളും രഹസ്യമായി ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണിപ്പോൾ റാഫേലിനെ പൂർണ്ണമായും ഏറ്റുപിടിച്ചിരിക്കുന്നത്. റാഫേല്‍ വിചാരിച്ചതിലും വലിയ കോലാഹലങ്ങളായിരുന്നു പിന്നീട് അവിടെ നടമാടിയത്. അതോടെ അച്ചന്‍ വലിയ പ്രതിസന്ധിയില്‍ ആവുകയും ചെയ്തു.

‘അല്ലേലും റാഫേല്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്?’, തന്റെ അപ്പച്ചനടക്കമുള്ള മതനേതാക്കളും പ്രമാണിമാരുമുള്ള എതിര്‍ ചേരിക്കാരോട് ജോസഫ് ശക്തമായ സ്വരത്തില്‍ തന്നെ ചോദിച്ചു.

‘ഒരു തെമ്മാടിയുടെ വാദത്തെ നീ ന്യായീകരിക്കുന്നോ നീ ഒരച്ചന്‍പട്ടത്തിനു പോവേണ്ടവനാണെന്ന് മറന്നാണ് സംസാരിക്കുന്നത്.’ യാക്കോബ് കോപവും സങ്കടവും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു.

‘അവന്‍ പറഞ്ഞതുതന്നെയാണ് ശരി പതിറ്റാണ്ടുകളായി കുരിശുപ്പള്ളി പൂട്ടിക്കിടന്നിട്ട്. അതിന്റെ അകമൊന്ന് കാണാന്‍ നേര്‍ച്ചയും വഴിപാടും ഇടുന്ന വിശ്വാസികള്‍ക്ക് ഒരിക്കല്‍പോലും അവകാശമില്ലേ? ആരോരുമില്ലാത്തപ്പോള്‍ അച്ചന്‍ മാത്രമതു  തുറക്കുന്നു, അകത്തുകടക്കുന്നു,  പ്രാര്‍ത്ഥനകളര്‍പ്പിക്കുന്നു. അതുപോലെതന്നെ വര്‍ഷത്തിലൊരിക്കലെങ്കിലും അതിനകത്തുകടക്കാന്‍ ഈ നാട്ടുകാര്‍ക്കവകാശമില്ലേ? ജനങ്ങള്‍ക്ക് കുരിശുപള്ളി തുറന്നുകൊടുക്കണം, വര്‍ഷത്തിലൊരിക്കലെങ്കിലും. അല്ലെങ്കില്‍ അത് തുറക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോവാനാണ് ഞങ്ങളുടെ തീരുമാനം.’ അപ്പന്റെ മുഖത്ത് നോക്കാതെ ഇടറാത്ത ശബ്ദത്തില്‍ ജോസഫ് പറഞ്ഞു നിര്‍ത്തി.

‘ഇത് സഭയുടെ തീരുമാനമാണ്. നമ്മള്‍ അതനുസരിക്കാന്‍ ബാധ്യസ്ഥരാണ്.’ യാക്കോബ് കോപം കടിച്ചമര്‍ത്തി പറഞ്ഞു. കാര്യങ്ങള്‍ കൂടുതല്‍ വഷളമാകുമെന്ന് തോന്നിയപ്പോള്‍ അച്ചന്‍ മധ്യസ്ഥനായി വന്നു.

‘ഇങ്ങനെ ഒരഭിപ്രായം വന്ന സ്ഥിതിക്ക് ഞാന്‍ പുരോഹിതന്മാരോടും സഭക്കാരോടും കൂടിയാലോചിച്ച് ഒരു മറുപടി പറയാം.  അതുവരെ ഇതിനെക്കുറിച്ച് ഇനിയാരും സംസാരിക്കരുത്. എല്ലാവരും സമാധാനത്തോടെയും ഈശ്വരകൃപയോടെയും  സന്തോഷത്തോടെയും ഇവിടുന്ന് പിരിഞ്ഞുപോവുക. കര്‍ത്താവ് അനുഗ്രഹിക്കട്ടെ. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,’ ഫാദര്‍ കുരിശുവരച്ച് സൗമ്യനായി പറഞ്ഞു. ചെറിയ ചെറിയ കുശുകുശുപ്പോടെ ആളുകള്‍ പതിയെ പിരിഞ്ഞുതുടങ്ങി.

ജോസഫ് പള്ളിയില്‍ നിന്നുമിറങ്ങി നടവരെ എത്തിയപ്പോഴാണ് അച്ചന്‍ പിറകില്‍ നിന്നു വിളിച്ചത്.

‘ജോസഫ് ഇവിടെ വരൂ…’ അവന്‍ അച്ചന്റെ അടുത്തേക്ക് ചെന്നു. അച്ചന്‍ അവനെയുംകൂട്ടി പള്ളി ഹാളിലേക്ക് നടന്നു.

‘ജോസഫേ നിനക്ക് നിന്നെക്കുറിച്ച് വല്ല ബോധവുമുണ്ടോ? നീ ആരാണെന്നും നിന്റെ കുടുംബ മഹിമ എന്താണെന്നും നീ ഓര്‍ത്തോ. കുടുംബത്തില്‍ പിറക്കാത്തവന് എന്തും വിളിച്ചുപറയാം. അതിനൊക്കെ നിന്നെ പോലുള്ളവര്‍ കൂട്ടുനിന്നാലോ?’

‘അഭിപ്രായങ്ങള്‍ പറയുന്നവരും സമൂഹത്തിലെ അനാചാരങ്ങളെ എതിര്‍ക്കുന്നവരും കുടുംബത്തില്‍

പിറക്കാത്തവര്‍… ഒന്നും മിണ്ടാതെ അനുസരണയോടെ നില്‍ക്കുന്നവര്‍ കുടുംബമഹിമയുള്ളവര്‍. അങ്ങനെയാണോ അച്ചോ?’

‘നമുക്കൊരു സഭയും അനുസരിക്കാന്‍ കര്‍ത്താവിന്റെ നിയമങ്ങളുമുണ്ട്. ഒന്നുമില്ലെങ്കിലും നീയൊരച്ചന്‍പട്ടത്തിന് പോവാനിരിക്കുന്നവനല്ലേ…’

‘എക്കാലത്തും അങ്ങനെ തന്നെയല്ലേ അച്ചോ. വിമര്‍ശിക്കുന്നവരും ചോദ്യം ചെയ്യുന്നവരും വഴിപിഴച്ചവര്‍, കൂട്ടംതെറ്റിപ്പോയവര്‍… നല്ല കുടുംബത്തില്‍ ജനിക്കാത്തവന്‍… താന്തോന്നി. മിണ്ടാതിരിക്കുന്നവന്‍ നല്ലവന്‍, ദൈവഭക്തന്‍, സല്‍സ്വഭാവി, നല്ല കുടുംബത്തില്‍ ജനിച്ചവന്‍. അപ്പോ നമ്മുടെ യേശു ഇതില്‍ ഏത് ഗണത്തില്‍ പെടും?’

‘നീ തര്‍ക്കിച്ചുതര്‍ക്കിച്ച് കര്‍ത്താവിനെയും വില കുറയ്ക്കുകയാണോ?’

‘അല്ല അച്ചോ… തെറ്റ് അച്ചന്‍ ചെയ്താലും തെരുവുതെണ്ടി ചെയ്താലും സാക്ഷാല്‍ കര്‍ത്താവ് ചെയ്താലും തെറ്റു തന്നെയാ. ശരിയും അതുപോലെ തന്നെ. ആര് ചെയ്താലും ശരിതന്നെയാ. റാഫേല്‍ പറഞ്ഞത് ശരിയാണെന്നെനിക്ക് തോന്നി. ഞാനതില്‍ ഉറച്ചുനില്‍ക്കുന്നു. അത് ഞാന്‍ പാതിരിയായാലും ബിഷപ്പായാലും അങ്ങനെ തന്നെയേ ചെയ്യുകയുള്ളൂ. നിങ്ങള് കുടുംബ മഹിമയെക്കുറിച്ച് പറഞ്ഞല്ലോ അങ്ങനെയാണേൽ റാഫേൽ ഇവിടുത്തെ സഭ നടത്തുന്ന അഗതിമന്ദിരത്തിൽ വളർന്നവനല്ലേ അപ്പോൾ അവൻ്റെ കുടുംബം എതായിരിക്കുമച്ചോ

അച്ചൻകോപം കൊണ്ടു ജ്വലിച്ചു.

‘നിന്റെ അപ്പനോട് നിനക്ക് വിപ്ലവത്തിന്റെ ആസക്തിയുണ്ടെന്ന് ഞാനന്നേ പറഞ്ഞതാ…’

‘അച്ചോ… അച്ചനെ ഞാന്‍ ബഹുമാനിക്കുന്നു… ആദരിക്കുന്നു… കാരണം, അച്ചന്‍ ന്യായത്തിന്റെ കൂടെയേ നില്‍ക്കൂ എന്നതുകൊണ്ട്. അത് ഈ നാട്ടുകാരുടെ വിശ്വാസവും കൂടിയാണ്. ആ കല്ലറയുടെ അവകാശികളായി ഈ നാട്ടുകാര്‍ കാണുന്നത് ഒന്ന് എന്റെ അപ്പനെയും പിന്നെ അച്ചനെയുമാണ്. അതിനുകാരണം അച്ചനൊരു തികഞ്ഞ വ്യക്തിയാണെന്ന് അവരുടെ ബോധംകൊണ്ടാണ്. അവര്‍ അച്ചന് തരുന്ന ഏറ്റവും വലിയ ആദരവ് കൂടിയാണത്. അത് അച്ചനായിട്ട് ഇല്ലാതാക്കരുത്. ഈ പ്രശ്‌നം നാട്ടുകാരുടെ പ്രശ്‌നമാണ്. അവര്‍ക്കും ആഗ്രഹമുണ്ടാകില്ലേ ഒരിക്കലെങ്കിലും കുരിശുപള്ളി  തുറന്നു കാണാന്‍. ഈ നാടിന്റെ ചരിത്രം കൂടിയല്ലേ ആ കുരിശുപ്പള്ളി. അച്ചന് വേണ്ടത് തീരുമാനിക്കാം. ഞാനിറങ്ങുന്നു. ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.’ ജോസഫ് അവിടുന്ന് ഇറങ്ങി നടന്നു.

അച്ചന്‍ ഒന്നും മിണ്ടാതെ അവനെതന്നെ നോക്കിനിന്നു. നടവരെ എത്തിയ ജോസഫ് തിരിഞ്ഞുനിന്ന് അച്ചനോട് വിളിച്ചുപറഞ്ഞു, ‘അച്ചനില്‍നിന്നും അനുകൂലവും മാന്യവുമായ ഒരു തീരുമാനം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’ അതു പറയുമ്പോൾ അവൻ്റെ മുഖത്ത് ആഗതമായ ഒരു സഖാവിൻ്റെ വീര് അച്ചനെ തെല്ലൊന്നു നിശബ്ദനാക്കി

അച്ചന്‍ മൃദുലമായൊന്ന് പുഞ്ചിരിച്ചു. ജോസഫ് വളരെ നല്ല പ്രതീക്ഷയോടെ തന്നെയാണ് പള്ളിവിട്ടിറങ്ങിയത്. അച്ചന്‍ അനുകൂലമായൊരു തീരുമാനമെടുക്കുമെന്ന് ജോസഫിന് ഉറപ്പുണ്ടായിരുന്നു; മതത്തിന്റെയും സഭയുടെയും പരിമിതമായ വ്യവസ്ഥിതികളുടെ കെട്ടുകളുടെ അകത്താണെങ്കിലും. അപരിമിതമായ മനുഷ്യപ്രശ്‌നങ്ങളെക്കുറിച്ച് നല്ല അവബോധമുള്ള ആണാണ് അച്ചന്‍ എന്നതുകൊണ്ടുതന്നെ അച്ചനെ ഒരു പള്ളിവികാരി എന്നതിലുപരി നല്ല ഒരു മനുഷ്യസ്‌നേഹിയായാണ് എല്ലാവരും കാണുന്നത്.

ചിത്രീകരണം: മിഥുന്‍ കെ.കെ.

രാത്രി വളരെ പ്രക്ഷുബ്ധമായിരുന്നു . ഇടിയും മിന്നലും കാറ്റുമായി മഴ തിമര്‍ത്തുപെയ്യുന്നു. ഗ്രാമവാസികള്‍ ഈയൊരു മഴയെ പ്രതീക്ഷിച്ചിരുന്നു. എല്ലാ വര്‍ഷവും ഈ സമയത്ത് ഇങ്ങനെയൊരു കുത്തിയൊലിക്കുന്ന മഴ പതിവായിരുന്നു. മീനമാസച്ചൂട് കത്തിക്കയറുന്നതിനു മുന്‍പുള്ള ഇത്തിരി ആശ്വാസം. പഴമക്കാര്‍ പറയുന്നതുപോലെ, ചൂട് കനപ്പിക്കാനുള്ള മഴ. അതൊരു വാസ്തവംതന്നെയാണ്. എത്ര കനത്തില്‍ മഴ പെയ്താലും അന്നും ഉറങ്ങണമെങ്കില്‍ വിശറി വീശിക്കൊണ്ട്  തന്നെ കിടക്കണം. അച്ചന് ഫാനിന്റെ കാറ്റ് അലര്‍ജിയാണ്. അതുകൊണ്ട് ഫാനിടാറില്ല. കവുങ്ങിന്റെ പട്ട വെട്ടിയെടുത്ത് അത്യാവശ്യം വലിയ വലിപ്പമുള്ള വിശറി വീശിക്കൊണ്ട് അച്ചന്‍ ഉറങ്ങാന്‍ കിടന്നു. എന്തൊക്കെയോ ചിന്തകള്‍ മനസ്സിനെ അലട്ടുന്നതുപോലെ. ഇന്ന് പള്ളിയിലുണ്ടായ പ്രശ്‌നം കുറച്ചൊന്നുമല്ല അച്ചനെ അസ്വസ്ഥനാക്കിയത്. ആ കുരിശുപ്പള്ളി ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു കൂടാ… എന്ത് വിലകൊടുത്തും അതിനെ തടയണം.

ഈ മഴയ്ക്ക് തൊട്ടുമുന്‍പാണ് റാഫേല്‍ വന്നുപോയത് അവന്റെ മനസ്സിപ്പോള്‍ സംശയങ്ങളുടെ ചവറുകെട്ടാണ് എല്ലാ സംശയങ്ങളും അവന്‍ വിരല്‍ചൂണ്ടുന്നത് തനിക്ക് നേരെയും. എന്തൊക്കെയോ രഹസ്യങ്ങള്‍ അവനറിഞ്ഞിരിക്കുന്നു.  അവന്റെ മനസ്സിലെ സംശയങ്ങളുടെ ഭാഗമായി തന്നെയാണല്ലോ ഇന്ന് കാലത്ത് ആള്‍ത്താരയില്‍ കുരിശുപ്പള്ളിയുടെ കാര്യം  അവനുന്നയിച്ചത്. മരിക്കുന്നതിന് മുന്‍പ് തൊമ്മിച്ചന്‍ എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞിട്ടുണ്ട്.ആ രഹസ്യമറിയുന്നതില്‍ തന്റെ നിയന്ത്രണത്തിലില്ലാത്ത ഒരുവന്‍. അതപകടമാണ്…. വലിയ അപകടം… ഈ അവസാന നിമിഷം എല്ലാം ചീട്ടുകൊട്ടാരംപോലെ വീണടിയുമോ എന്ന ആവലാതി അച്ചനെ അലട്ടിത്തുടങ്ങി. ജനമറിഞ്ഞാല്‍ തന്റെ കാര്യമെന്താവും. ഇതുവരെ അച്ചനില്ലാതിരുന്ന ഒരു ഭയം വേട്ടയാടിത്തുടങ്ങി. ഭയം ഉറക്കം നഷ്ടപ്പെടുത്തുന്ന ഒരു വികാരം തന്നെ. ഇന്നുവരെ ഞാനറിയാത്ത ആ വികാരം എന്നില്‍ കടന്നുകൂടിയിരിക്കുന്നു. എല്ലാം കൈവിട്ടു പോവുന്നതിനുമുന്‍പ് എന്തെങ്കിലും ചെയ്യണം.

‘അവന്റെ വരവിന്റെ അവസാനത്തെ കാലടിയൊച്ചകള്‍ ലോകം കേട്ട് തുടങ്ങിയിരിക്കുന്നു. അവന്‍ വരും… വരികതന്നെ ചെയ്യും… ആജ്ഞാനുവര്‍ത്തികളെ, റാഫേലിനെ ഞാന്‍ നിങ്ങളെ ഏല്‍പിച്ചിരിക്കുന്നു. ആ രഹസ്യം അറിഞ്ഞിട്ടുള്ള അവന്‍ ഇനി  ജീവനോടെ ഇരുന്നുകൂടാ പോ… എല്ലാവരും അവന് പിന്നാലെ പോ… നിങ്ങള്‍ നിങ്ങളുടെ കര്‍മംചെയ്യുക. ഇരുട്ടിന്റെ സഞ്ചാരികളെ, രഹസ്യമെന്ന ഇരുട്ട്, പരസ്യമെന്ന വെളിച്ചത്തിലെത്തുംമുന്‍പേ അവനെ അവസാനിപ്പിക്കുക.’ അച്ചന്‍ ഒരു ഭ്രാന്തനെപ്പോലെ വികാരാധീതനായി പുലമ്പിക്കൊണ്ടിരുന്നു. അയാള്‍ ഒരു ഉന്മാദിയെപോലെ കട്ടിലില്‍നിന്ന് ചാടി എഴുന്നേറ്റു. കണ്ണുകള്‍ തീക്കട്ടപോലെ ചുവന്നു തുടങ്ങിയിരുന്നു. കട്ടില്‍ പലകയില്‍ മുറുക്കിപ്പിടിച്ച് ക്രമാതീതമായ ശ്വാസത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചു.

1982-ല്‍ ആണ് സംഭവം. അന്ന് അയാള്‍ ഫ്രാന്‍സിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡിക്ക് പഠിക്കുന്ന കാലം. ഗണിതശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും അത്ഭുതകരമായ അറിവുള്ള താന്‍ പെട്ടെന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ക്കിടയിലും അധ്യാപകന്മാര്‍ക്കിടയിലും പേരുകേട്ട വിദ്യാര്‍ത്ഥിയായി. പി.എച്ച്.ഡിക്ക് തിരഞ്ഞെടുത്ത വിഷയം ‘ഗണിതശാസ്ത്രവും മതനിയമങ്ങളും’ എന്നതായിരുന്നു. അന്ന് ലൈബ്രറിയും ഗവേഷണവും യാത്രയുമായി ന ടന്ന തനിക്ക് അടുത്തസൗഹൃദങ്ങള്‍ വളരെ കുറവായിരുന്നു. അതിനിടക്കാണ് ഫ്രാന്‍സ് സിറ്റസണായ ജോണ്‍ കത്തലിക്കിനെ  പരിചയപ്പെടുന്നത്. അവനും തത്വശാസ്ത്രത്തിലായിരുന്നു കമ്പം. ഞങ്ങള്‍ അങ്ങനെ വളരെ നല്ല സൗഹൃദത്തിലായി.

ഒരിക്കല്‍ ജോണിന്റെ നിര്‍ബന്ധപ്രകാരമാണ് ഞാനുമവിടെ എത്തിയത്. ആദ്യം കാര്യമൊന്നും അവന്‍ പറഞ്ഞിരുന്നില്ല. നിന്റെ ടോപ്പിക്കിനിത് ഗുണം ചെയ്യും എന്നുമാത്രം പറഞ്ഞു. അന്ന് ഞാനവിടെ കണ്ട കാഴ്ചകള്‍ തികച്ചും വ്യത്യസ്തമായിരുന്നു കറുത്ത കുര്‍ബാന (Black Mass). ആ ദിവസം എന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചു. അവിടെ കണ്ടവരില്‍ കൂടുതലും സമൂഹത്തില്‍ ഉയര്‍ന്ന ശ്രേണിയില്‍ ഉള്ളവരും പുരോഹിതന്മാരുമായിരുന്നു. അവിടെ അന്ന് പ്രധാന കാര്‍മികനായി കുര്‍ബാന നടത്തിയിരുന്നത്, ഞങ്ങളുടെ കോളേജിലെ തന്നെ ഏറ്റവും പ്രശസ്തനായ ഗണിതശാസ്ത്ര  പ്രഫസര്‍ ലൂയിസ് എഡ്‌വേഡായിരുന്നു. കറുത്ത കുര്‍ബാനയെക്കുറിച്ചുള്ള എന്റെ എല്ലാ മുറവിധികളും തെറ്റിപ്പോയ ഒരു ദിവസം കൂടിയായിരുന്നു അന്ന്. റോമന്‍ കത്തോലിക്കയിലെ ഏറ്റവും പ്രഗത്ഭനായ ഒരു വൈദികന്‍ കൂടിയായിരുന്നു അയാള്‍.

പിന്നീട് അയാളുമായുള്ള സഹവാസം പൂര്‍ണമായും എന്നെ അതിലേക്ക് ആവാഹിച്ചു. ഞാനും അവരോടൊപ്പം ചേര്‍ന്നു. അധികസമയം ആകുന്നതിനുമുന്‍പേ, ഞാനും അവരില്‍ പ്രധാനിയായി. ഇത് അവസാന കാലഘട്ടമാണെന്നും ഇനി ലോകം  നിയന്ത്രിക്കുന്ന കറുത്തശക്തി അവനാണെന്നും മനസ്സിലായി. അവനില്‍ അര്‍പ്പിക്കുന്ന ആരാധനകൊണ്ടു മാത്രമേ ഇനി ലോകത്തിന് സമാധാനമുണ്ടാവുകയുള്ളൂ എന്ന് മനസ്സിലാക്കി. ഈ കാലഘട്ടം വേഗത നിറഞ്ഞതാണ്. വേഗത നിറഞ്ഞ  കാലത്ത് ദൈവത്തോട് പ്രാര്‍ത്ഥിച്ച് കാര്യസാധ്യത്തിന് കാത്തിരിക്കാന്‍ സമയമില്ല. സമയമില്ലാത്ത മനുഷ്യന് അവന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മനുഷ്യന്റെ ആജ്ഞാനുവര്‍ത്തികളായി അവര്‍ കൂടെയുണ്ടാവും.

വളരെ പെട്ടെന്നുതന്നെ അവരുടെ രഹസ്യകൂട്ടായ്മയിലെ പ്രധാനികളില്‍ ഒരാളായി ഞാന്‍ മാറി. സദാസമയം അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ മുഴുകി. എനിക്ക് ശക്തി പ്രാപിച്ചു. നാളുകള്‍ക്കുമുന്‍പ് ലോകത്തിന്റെ പല ഭാഗങ്ങളിലായിക്കിടക്കുന്ന സാത്താന്‍ ആരാധകരെക്കുറിച്ച് ഒരു പഠനം തയ്യാറാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആ സംഘത്തിന് നേതൃത്വം നല്‍കുന്നവരില്‍ ഞാനും പ്രഫസറും അംഗങ്ങളായി. പല രഹസ്യകോഡുകളായി പല ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന സാത്താന്‍ ആരാധനാരീതികളെ ഏകീകരിച്ച്, പൊതുവായ ഒരു ആരാധനാരീതി ഗ്രന്ഥരൂപത്തില്‍ പുറത്തിറക്കുക എന്നതായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം.

ലോകത്തില്‍ പലഭാഗങ്ങളിലായി മറവെട്ടുകിടക്കുന്ന അത്തരം ആളുകളുടെ ശവക്കല്ലറക്ക് മുകളില്‍ പൊതുജനത്തിനറിയാത്ത വിധം രഹസ്യകോഡുകളില്‍ രേഖപ്പെടുത്തിയ തെളിവുകള്‍ ശേഖരിക്കാന്‍ ഒരു സംഘത്തെ നിയോഗിച്ചു. ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്കുപുറമേ കേരളത്തിലും അത്തരം ആളുകളുണ്ടായിരുന്നു എന്നറിയാന്‍ സാധിച്ചു.

കേരളത്തില്‍ അതിവിടെയായിരുന്നു. 1945ന്റെ അവസാനം ഇവിടെയെത്തിയ എന്‍ട്രിക്ക് സായിപ്പും അവരുടെ മകള്‍ ഇസബെല്ലയുമായിരുന്നു അവരെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. സ്വാതന്ത്ര്യലബ്ധിക്ക് ഏതാനും മാസങ്ങള്‍ക്കുമുന്‍പാണ് ഇസബെല്ല വസൂരി വന്ന് മരണപ്പെട്ടത്. പൂര്‍ത്തിയാക്കാനാവാത്ത ഒരു കര്‍മത്തിന്റെ ബാക്കിയായിരുന്നു അവളുടെ ശവക്കല്ലറ. ചെയ്ത് പാതിയില്‍ നിന്നുപോയ ഒരാഭിചാരക്രിയ. എങ്കിലും കാര്യങ്ങള്‍ രഹസ്യകോഡ് ഉപയോഗിച്ച് ആ കല്ലറക്ക് മുകളില്‍ സായിപ്പ് രേഖപ്പെടുത്തിയിരുന്നു. അതിനെക്കുറിച്ച് അഗാധമായി ഞങ്ങളുടെ സംഘം പഠനം നടത്തുകയും വിലപ്പെട്ട പല അത്ഭുതരഹസ്യങ്ങളും അതുവഴി ചുരുളഴിയുകയും ചെയ്തു. ഇസബെല്ലക്ക് പെട്ടെന്നായിരുന്നു വസൂരി പിടിപെട്ടത് അസുഖം ഓരോ ദിവസം കഴിയും തോറും മൂര്‍ഛിക്കുകയല്ലാതെ കുറഞ്ഞുവന്നില്ല. വസൂരിയെ ആളുകള്‍ അത്രയും ഭയക്കുന്ന കാലം. ആരും അടുത്തേക്ക് പോകാന്‍ ധൈര്യപ്പെട്ടില്ല. ഭക്ഷണം കൊടുക്കാന്‍ ഒരു പണിക്കാരി കാട്ടുപെണ്ണ് മാത്രം പോവും. അവളെ ബംഗ്ലാവിന് ചേര്‍ന്നുള്ള ഒരു ഷെഡില്‍ താമസിപ്പിച്ച് പുറത്തുവിടാതെ മകളെ ശുശ്രൂഷിക്കാന്‍ മാത്രമായി  സായിപ്പ് നിയമിച്ചു. മകളെ മരണത്തില്‍നിന്ന് രക്ഷിക്കാന്‍ സായിപ്പ് ആവതും പരിശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.  അതിനിടയില്‍ വസൂരി ബാധിച്ച ആ കാട്ടുപെണ്ണ് ചികിത്സയും ഭക്ഷണവും കിട്ടാതെ ആ ഷെഡില്‍ തന്നെ നരകിച്ച് മരിച്ചു. സായിപ്പും കൂട്ടരും അവളെ അടക്കംപോലും ചെയ്യാതെ ഷെഡടക്കം പെട്രോളൊഴിച്ച് തീവെച്ച് നശിപ്പിച്ചു.

വൈദ്യശാസ്ത്രം മുഴുവനും കൈമലര്‍ത്തിയപ്പോള്‍ അവസാനം അയാള്‍ അതുതന്നെ തീരുമാനിച്ചു. ഇനി അവനാണു രക്ഷ അവൻ മാത്രം. താൻ ആർജ്ജിച്ച സകല ശക്തിയും അറിവും അയാൾ അതിനായി ഉപയോഗിച്ചു. സായിപ്പിന് അത്രയും പ്രിയപ്പെട്ടതായിരുന്നു മകൾ . അവളുടെ ജീവൻ നിലനിർത്താൻ വേണ്ടിയുള്ള അറ്റകൈ പ്രയോഗം.വീര്യം കൂടിയത് ഒരിക്കലും തിരസ്ക്കരിക്കപ്പെടാൻ പാടില്ലാത്തത്. എല്ലാ ആചാരമുറകളും അത്രയും കർക്കശത്തോടെ അയാൾ ഒരുക്കി വെച്ചു.ബ്ലാക്ക് മാസ്സ്. ഏറ്റവും  ശക്തമായ രീതിയില്‍ തന്നെ ചെയ്യാന്‍ ഉറപ്പിച്ച് വീട്ടിലെ ഒരു മുറിതന്നെ അതിനുവേണ്ടി സജ്ജമാക്കി. ഏറ്റവും എളുപ്പം സാത്താനെ പ്രീതിപ്പെടുത്താന്‍ തന്റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ സാത്താന് ബലിയര്‍പ്പിക്കാന്‍ അഞ്ചുവയസ്സില്‍ താഴെയുള്ള  ഒരു ആണ്‍കുഞ്ഞിനെ ബലമായി പിടിച്ചുകൊണ്ടുവന്ന് ആ മുറിയില്‍ പൂട്ടിയിട്ടു. ഇരുട്ടുനിറഞ്ഞ ആ മുറിയില്‍ കറുത്ത മെഴുകുതിരിവെട്ടങ്ങള്‍ മാത്രം പ്രകാശിപ്പിച്ചു. സാത്താന്റെ ചിത്രങ്ങള്‍,  ബലി പലക, മദ്യം, പന്നിയെ അറുത്തെടുത്ത രക്തവും ആര്‍ത്തവ രക്തവും ഒരുക്കിവെച്ചു. സേവക്കുള്ള എല്ലാ കാര്യങ്ങളും സജ്ജമാക്കി രാത്രി പന്ത്രണ്ട് മണിയാവാന്‍ കാത്തിരുന്നു. മകളെ ആ മുറിയില്‍ ഒരു ടേബിളിൽ കിടത്തി. നിലത്ത് കളങ്ങള്‍ വരച്ച് കുറുക്കന്റെ തൊലിയില്‍ പൊതിഞ്ഞ ബൈബിളും വെച്ചു. അതിന് മുകളിലേക്ക് ആര്‍ത്തവരക്തവും പന്നി രക്തവും കലര്‍ത്തിയ  മിശ്രിതം ധാരധാരയായി ഒഴിച്ചു. സാത്താന്‍മന്ത്രങ്ങള്‍ ഇടവിടാതെ ഉരുവിട്ടുകൊണ്ടേയിരുന്നു. തന്റെ കൈയില്ലാത്ത കറുത്ത  ഗൗണ്‍ ധരിച്ച് ബാലനെ കിടത്തിയ ബലിപീഠത്തിനരികിലേക്ക് നീങ്ങി. പെട്ടെന്നായിരുന്നു. അയാളുടെ ടെലിഫോണ്‍ ശബ്ദിച്ചത്. ബ്രിട്ടീഷ് ആര്‍മിയില്‍നിന്നായിരുന്നു സന്ദേശം. എത്രയും വേഗം തിരുവിതാംകൂറില്‍ എത്തണമെന്ന സന്ദേശമായിരുന്നു അത്. വൈസ്രോയി തന്നെയായിരുന്നു നേരിട്ട് വിളിച്ചത്. ഒരുനിമിഷം കൂടി വൈകിക്കൂട ഇപ്പോള്‍ തന്നെ പുറപ്പെടണം. ഇപ്പോള്‍ പുറപ്പെട്ടാല്‍ നാളെ വൈകുന്നേരത്തിനുമുന്‍പേ തിരുവിതാംകൂറിലെത്താം. എല്ലാ കമാന്റോകളും അഞ്ചു മണിക്ക് മുന്‍പേ റിപ്പോര്‍ട്ട് ചെയ്യണമെന്ന സ്ട്രിക്ട് ഓര്‍ഡറാണ് വൈസ്രോയിയുടേത്. അയാള്‍ ഒരു പട്ടാളക്കാരനായതുകൊണ്ടുതന്നെ മറ്റൊന്നും മറുത്ത് ചിന്തിക്കാന്‍ നിന്നില്ല. രണ്ടുമൂന്ന് ദിവസത്തേക്കുള്ള

ഭക്ഷണവും വെള്ളവും ആ മുറിയില്‍വെച്ചുകൊടുത്ത് കതകുപൂട്ടി അയാള്‍ പെട്ടെന്നുതന്നെ അങ്ങോട്ടേക്ക് പുറപ്പെട്ടു. നാളെ വൈകുന്നേരം മീറ്റിങ് കഴിഞ്ഞ ഉടനെ തന്നെ തിരിച്ചു വരാം എന്ന കണക്കുകൂട്ടലുകളായിരുന്നു അയാള്‍ക്ക്.

പക്ഷേ, അയാള്‍ പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല കാര്യങ്ങള്‍. ഇന്ത്യയില്‍ പലയിടങ്ങളിലും സ്വാതന്ത്ര്യസമരത്തിന്റെ സായുധവിപ്ലവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ഗാന്ധിയുടെ നിരാഹരങ്ങള്‍, അതിനുപുറമേ ലോകമാസകലമുള്ള ബ്രിട്ടന്‍വിരുദ്ധ മുന്നേറ്റങ്ങള്‍ എല്ലാംകൊണ്ടും ബ്രിട്ടീഷ് സൈന്യം ചൂടുപിടിച്ച പ്രതിസന്ധിയിലായിരുന്നു. ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് ആര്‍മികള്‍ നീങ്ങിക്കൊണ്ടേയിരുന്നു. അയാളുടെ കണക്കുകൂട്ടലുകളെല്ലാം തകിടം മറിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ആഴ്ചകള്‍ കഴിഞ്ഞിരുന്നു.

സായിപ്പ് പോയതിന്റെ പിറ്റേന്ന് രാത്രി ഇസബെല്ലക്ക് രോഗം മൂര്‍ഛിച്ചു. രോഗാധിക്യത്താല്‍ അപസ്മാരം പിടിപെടുകയും ശ്വാസംകിട്ടാതെ വായില്‍നിന്നും നുരതുപ്പി പിടഞ്ഞുപിടഞ്ഞവള്‍ മരണപ്പെട്ടു. ഭീകരമായ ആ മുറി ഇത്തിരിപോലും സൂര്യപ്രകാശം കടന്നുവരാത്ത വിധം അടച്ചു പൂട്ടിയിരുന്നു. പേടിച്ചു വിറച്ച് ഒരു പിഞ്ചുപൈതല്‍ ദിവസങ്ങളോളം ആ മുറിയില്‍ ഒറ്റപ്പെട്ട് കരഞ്ഞുതളര്‍ന്ന് വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചുപോയി. കറുത്തിരുണ്ട മുറിയില്‍ കത്തിത്തീരാറായ ഒത്തിരി മെഴുകുതിരിവെട്ടം മാത്രം ബാക്കി. ചുവരുകളില്‍ സാത്താന്റെ പേടിപ്പെടുത്തുന്ന ചിത്രങ്ങള്‍,

നിലത്ത് കളങ്ങള്‍, തലതിരിച്ചു വരച്ചിട്ട കുരിശുചിത്രങ്ങള്‍, അഞ്ചിതള്‍ നക്ഷത്രം, ബലിപീഠം.

വിശപ്പും ദാഹവും അസഹനീയമായപ്പോള്‍ തളര്‍ന്ന കുരുന്ന് അടുത്തുകിടക്കുന്ന ഇസബെല്ലയുടെ ശവശരീരത്തിന്റെ മാറിടം തുറന്ന് മുലകള്‍ ചുരത്തിക്കുടിച്ചു നോക്കി. തണുത്ത് മരവിച്ച് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയ ആ മാറില്‍നിന്നും രക്തംപോലും  വന്നില്ല. ഒടുക്കം ആ ശവശരീരത്തിന്റെ മാറിടം അവന്‍ കടിച്ചുപറിച്ചു വിശപ്പടക്കാന്‍ ശ്രമിച്ചു കാണും.

സായിപ്പ് തിരിച്ചുവന്നത് ഒമ്പതാംനാളായിരുന്നു. ആ കതകു തുറക്കുമ്പോഴേക്കും പുറത്തേക്ക് അടിച്ചുവീശിയ ദുര്‍ഗന്ധത്തില്‍ അയാള്‍ കാര്യത്തിന്റെ കിടപ്പ് ഊഹിച്ചു. മൂക്ക് വരിഞ്ഞു മുറുക്കിക്കെട്ടി  വാതില്‍ തുറന്നപ്പോള്‍ കണ്ടകാഴ്ച അയാളെ ഞെട്ടിച്ചു കളഞ്ഞു. അളിഞ്ഞുതുടങ്ങിയ മകളുടെ പാതി നഗ്നമായ ശരീരത്തിലെമാറിടത്തില്‍ കടിച്ചുതൂങ്ങി  ആ ബാലനും മരണപ്പെട്ടിരിക്കുന്നു. മുലയുടെ പാതിയും അവന്‍ ഭക്ഷിച്ചു കഴിഞ്ഞിരുന്നു. ഇത്രയും ഭീകരമായ ഒരു കാഴ്ച അയാളുടെ ജീവിതത്തില്‍ ഇതാദ്യമായിരുന്നു. അയാളിക്കാര്യം പുറത്തറിയിക്കാന്‍ നിന്നില്ല. ആരുമറിയാതെ രാത്രിയില്‍ വിജനമായ ഒരു കാട്ടുപറമ്പില്‍ ഒരു കുഴിവെട്ടി അവരെ രണ്ടുപേരെയും ഒരു കുഴിമാടത്തില്‍തന്നെ അടക്കം ചെയ്തു.

പിന്നീട് അവളുടെ ഓര്‍മക്കായ് അയാള്‍ അവിടെ ചെറിയ ഒരു കുരിശുപള്ളി പണിതു. ആ കുഴിമാടം കെട്ടിപ്പൊക്കി ഒരു ശവക്കല്ലറ പണിതു. അതില്‍ അവളുടെ പേര് കൊത്തിവെച്ചു. അതിനുപുറമേ ഒരു ഫലകത്തില്‍ ആര്‍ക്കും മനസ്സിലാവാത്തവിധം  സാത്താന്‍വര്‍ഷിപ്പിനെക്കുറിച്ചുള്ള രേഖകളും നടന്ന സംഭവങ്ങളും വരാനിരിക്കുന്ന വലിയ അത്ഭുതങ്ങളും  രഹസ്യകോഡുകള്‍ ഉപയോഗിച്ച് രേഖപ്പെടുത്തിവെച്ചു. മകളുടെ വിയോഗം സായിപ്പിനെ കുറച്ചൊന്നുമല്ല ഉലച്ചുകളഞ്ഞത്. വീര്യം ചോര്‍ന്നുപോവുന്നതുപോലെ പിന്നീടുള്ള കാലം മകളുടെ ഭയാനകമായ ആ മരണം അയാളെ വേട്ടയാടിക്കൊണ്ടേയിരുന്നു. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍, ഉറങ്ങുമ്പോള്‍, വെറുതെയിരിക്കുമ്പോള്‍ എല്ലാം അയാളെ അസ്വസ്ഥത വേട്ടയാടിക്കൊണ്ടേയിരുന്നു. എവിടുന്നോ ആ ജീര്‍ണ്ണിച്ച ശരീരത്തിന്റെ ദുര്‍ഗന്ധം അയാളുടെ നാസാരന്ധ്രിയിലേക്ക് അടിച്ചുകൊണ്ടേയിരുന്നു. പാതിതിന്നു തീര്‍ത്ത മാറിടം. അയാള്‍ക്ക് കണ്ണുകളടക്കാനായില്ല. തന്റെ എല്ലാ പരിശ്രമവും അറിവും കഴിവും പാഴായിപ്പോയ സംഭവമായിരുന്നു അത്. ദൈവം എത്ര വിദഗ്ധമായാണ് അവന്റെ വിധി നടപ്പിലാക്കിയത്. സാത്താന്മാര്‍ കോപിച്ചിരിക്കുന്നു. എന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. ആജ്ഞാനുവര്‍ത്തികള്‍ അകന്നിരിക്കുന്നു. പലപ്പോഴും സായിപ്പ് അവളുടെ ശവക്കല്ലറയില്‍ തലതല്ലിക്കരഞ്ഞു. തീര്‍ത്തും വളരെ ഭക്തിയോടെ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥനാനിരതനായി. സായിപ്പിന്പിന്നാലെ കുരിശുപ്പള്ളിയില്‍ ആരാധനയര്‍പ്പിക്കാന്‍ പതിയെ പതിയെ നാട്ടുകാരും വന്നുതുടങ്ങി. ചിലര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. അത് ആ നാടിൻ്റെ ആദ്യത്തെ ആരാധനാലയമായി. ജനങ്ങളുടെ ഈ ഒരു മാറ്റം സായിപ്പിനെ വല്ലാതെ സന്തോഷിപ്പിച്ചു. അവർ അർച്ചനയർപ്പിക്കുന്നത് തൻ്റെ മകൾക്കാണെന്നത് അയാളെ ആനന്ദിപ്പിച്ചു.ഒരു നാട് ആകമാനം മാറിയിരിക്കുന്നു.

1947 ആഗസ്റ്റ് 13. ഇന്നോ നാളെയോ ഇന്ത്യയെ ഇന്ത്യക്കാര്‍ക്ക് വിട്ടുകൊടുക്കും. ബ്രിട്ടീഷ് ഗവര്‍ണര്‍ പട്ടാളത്തെ  തിരിച്ചുവിളിച്ചു. അവസാനമായി അയാള്‍ അവിടുന്ന് തിരിച്ചുപോകുമ്പോള്‍ ആ ശവക്കല്ലറയും അതിനു മുകളില്‍ ചില രഹസ്യങ്ങളും ബാക്കിയാക്കി. ആ രഹസ്യങ്ങള്‍ സാത്താന്‍വര്‍ഷിപ്പിന്റെ വിലപ്പെട്ട രേഖകളായിരുന്നു. അത് പഠിച്ചെടുക്കാന്‍  ഞങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പ്രയത്‌നംതന്നെ വേണ്ടിവന്നു.

ക്രിസ്ത്യന്‍ മിഷിനറി പ്രവര്‍ത്തനങ്ങളുടെ സുവര്‍ണകാലം കൂടിയായിരുന്നു കുരിശുപള്ളിയുടേത്. നാട്ടുകാര്‍ മതപരിവര്‍ത്തനത്തിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. ആ കല്ലറയും കുരിശുപള്ളിയും പതിയെ ക്രിസ്ത്യാനികളുടെ വിശുദ്ധ ഇടമായി മാറി.

‘അവന്‍ വരും. അവന്റെ വരവിന്റെ മുന്നോടിയായി അവന്റെ പട്ടാളങ്ങള്‍ സജ്ജമാവും. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും അവനുള്ള സേനാധിപന്മാര്‍ പുറപ്പെടും. അതില്‍ ഒരുവന്‍ ഇവനാകുന്നു. അവന്റെ സേവയില്‍ പാതിനിന്ന് മരിച്ചുപോയ ഈ കുഞ്ഞിന്റെ ആത്മാവ് പുനര്‍ജനിക്കും. ഏറ്റവും ശക്തനായ സേനാധിപനായാണിവന്‍ പിറവിയെടുക്കുക.  ഇസബെല്ലയെ ശുശ്രൂഷിക്കുന്നതിനിടയില്‍ വസൂരിവന്ന് മരണപ്പെട്ട ആ സുന്ദരിയായ സ്ത്രീയുടെ മുഖഛായയുള്ള ഒരു വേശ്യയിലായിരിക്കും അവന്‍ പിറവിയെടുക്കുക. യേശുവിനെപ്പോലെ.’

രാത്രിയുടെ രണ്ടാംയാമത്തില്‍ അയാള്‍ കൈയില്ലാത്ത തന്റെ കറുത്ത ഗൗണെടുത്തണിഞ്ഞു. ചുവന്നു തുടുത്ത കണ്ണുകളോടെ തലമറച്ച് പുറത്തേക്കിറങ്ങി. മഴയിപ്പോള്‍ കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ശക്തമായി പെയ്തിരുന്ന മഴയില്‍ വഴികളില്‍ മുഴുവന്‍ വെള്ളം കെട്ടിനില്‍പ്പുണ്ട്. മരങ്ങളില്‍നിന്ന് വീഴുന്ന വലിയ വെള്ളത്തുള്ളികള്‍ അയാളുടെ ഗൗണിനെ  നനച്ചിരുന്നു. ഇടിയില്ലെങ്കിലും ഇടക്കിടക്ക് കത്തുന്ന ശക്തമായ മിന്നലുകള്‍ അയാള്‍ക്ക് വഴിതെളിച്ചു. അയാള്‍ നേരെ ചെന്നത് പാമ്പുമുക്കിലേക്കായിരുന്നു. വാറ്റ് ഷാപ്പിൽ റാഫേല്‍ മൂക്കറ്റം കുടിച്ച് ബോധം പോയിക്കിടക്കുകയായിരുന്നു. അത് റാഫേലാണെന്ന് ഉറപ്പ് വരുത്തിയതിനുശേഷം അയാള്‍ അന്നയുടെ വീട്ടില്‍ ചെന്ന് കതകിനു മുട്ടി. അന്ന നല്ല ഉറക്കത്തിലായിരുന്നു. കുറച്ചുനേരം കാത്തെങ്കിലും വാതില്‍ തുറക്കാതിരുന്നപ്പോള്‍ ദുര്‍ബലമായ വാതില്‍ അയാള്‍ ഒറ്റ തള്ളിനുതന്നെ തുറന്ന് അകത്തുകടന്ന്, നേരെ അന്നയുടെ മുറിയില്‍ പ്രവേശിച്ചു.

പാതിയുറക്കില്‍ ഞെട്ടിയുണര്‍ന്ന അന്നക്ക് അയാളെ കണ്ടപാടെ ഉള്ളില്‍ നിറഞ്ഞ ഭയാധിക്യത്താല്‍ ഒന്നും മിണ്ടാനാവാത്ത വിധം നാവിറങ്ങിപ്പോയതുപോലെ തോന്നി. അവള്‍ കട്ടിലില്‍നിന്നും ചാടി എണീറ്റിരുന്നു. അയാള്‍ ഒരു ദൈവദൂതന്റെ മുഴുവന്‍ അധികാരത്തോടെയും അവളുടെ അടുത്ത് കട്ടിലില്‍ ശാന്തനായിരുന്നു.

‘നിന്നെ അവന്‍ തിരഞ്ഞെടുത്തിരിക്കുന്നു. നീ സന്തോഷിച്ചുകൊള്ളുക. ആ സന്തോഷവാര്‍ത്ത അറിയിക്കാന്‍ വന്ന ദൂതനാകുന്നു ഞാന്‍.’

‘ഈ പാത്രത്തിലെ വീഞ്ഞ് നീ കുടിച്ചുകൊള്ളുക,’ അയാളുടെ കയ്യിലെ പാത്രത്തില്‍ കരുതിയ ഒരു ലായനി അവള്‍ക്കു നേരെ നീട്ടി.

‘ഇത് കര്‍ത്താവിന്റെ രക്തമാവുന്നു.’

‘നീ ഒരാണ്‍കുഞ്ഞിനെ താമസിയാതെ പ്രസവിക്കും. അവനുവേണ്ടി ലോകം മുഴുവന്‍ അടക്കി ഭരിക്കാന്‍പോകുന്ന അവന്റെ ഏറ്റവും ശക്തനായ സേനാധിപനാണ്.

അയാളുടെ കണ്ണുകളില്‍നിന്നും അഗ്നി വമിക്കുന്നതുപോലെ അവള്‍ക്കുതോന്നി. ഒന്നും മിണ്ടാതെ അയാള്‍ നീട്ടിയ പാനീയം  അവള്‍ ഒറ്റവലിക്ക് കുടിച്ചുതീര്‍ത്തു. ‘മറിയത്തെപോലെ നീയും ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പോകുന്നു. നീ ആകാശത്തോളം ഉയര്‍ന്നിരിക്കുന്നു. നിന്നെയിപ്പോള്‍ അവന്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു. അവന്റെ ലോകത്ത് യഥേഷ്ടം നീ സഞ്ചരിച്ച് കൊള്ളുക.’

അന്നയിപ്പോള്‍ ഏതോ മായികലോകത്തില്‍ എത്തിയതുപോലെ. സമാധാനത്തിന്റെ സ്‌തോത്രങ്ങള്‍ ചുറ്റുപാടും ഉരുവിടുന്നതുപോലെ അവള്‍ക്ക് തോന്നി. അവള്‍ക്ക് ചുറ്റും അശരീരികള്‍ മുഴങ്ങിക്കേള്‍ക്കുന്നതുപോലെ.

‘നിന്നെ ഞാന്‍ ന്യായം നടപ്പിലാക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. പക്ഷേ, നിന്റെ ഭര്‍ത്താവ് നീചനും നികൃഷ്ടനുമാകുന്നു. അവനുള്ള നേര്‍വഴി മരണമല്ലാതെ മറ്റെന്താണ്. എനിക്ക് വേണ്ടി നീയത് ചെയ്യുക. ഏറ്റവും മഹത്തരമായ പുണ്യപ്രവര്‍ത്തനം. നിന്റെ കരങ്ങള്‍കൊണ്ടാവട്ടെ അവന്റെ അന്ത്യം. നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ പച്ച പരവതാനി  വിരിക്കപ്പെട്ടിരിക്കുന്നു. അവന്‍ നിനക്ക് പ്രിയപ്പെട്ടവനെങ്കില്‍ നീയങ്ങനെ തന്നെ ചെയ്യുക’ അവള്‍ മാസ്മരികമായ ആനന്ദത്തില്‍ ആഴ്ന്നിരിക്കുന്നു. അയാള്‍ അവളെ ബലിഷ്ഠമായി ആലിംഗനം ചെയ്തു. ആ ആലിംഗനംപോലെ ഉന്മാദമായതൊന്നും ഇന്നേവരെ അവള്‍ അനുഭവിച്ചിരുന്നില്ല. അപ്പോഴേക്കുമവൾ പൂര്‍ണമായും അയാളുടെ ചൊല്‍പ്പടിയില്‍ അകപ്പെട്ടിരിന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...