HomeTHE ARTERIASEQUEL 116ലീലാപ്രഭു; ചട്ടമ്പിസ്വാമികളുടെ ജീവിതേതിഹാസം

ലീലാപ്രഭു; ചട്ടമ്പിസ്വാമികളുടെ ജീവിതേതിഹാസം

Published on

spot_imgspot_img

The Reader’s View

അന്‍വര്‍ ഹുസൈന്‍

നവോത്ഥാന നായകരെയും ആത്മീയാചാര്യന്മാരെയും ജാതിക്കൂട്ടിലൊതുക്കുന്ന പ്രവണത മലയാളിക്ക് നന്നായുണ്ട്. ‘ഇത് നമ്മടെ ആള് , അത് മറ്റവന്മാരുടെ ആള് ‘ എന്നിങ്ങനെ അവർ ജനിച്ച സമുദായങ്ങളുടെ പേരിൽ സ്വന്തമാക്കുകയാണ്. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും വക്കം മൗലവിയുമെല്ലാം ഈ ദുര്യോഗത്തിന് പാത്രീഭൂതരായിട്ടുണ്ട്. നാരായണ ഗുരുവിൻ്റെ ദർശനങ്ങൾ കുറെയൊക്കെ പഠന വിധേയമായിട്ടുണ്ട്. പക്ഷേ ചട്ടമ്പിസ്വാമികളെ മലയാളി അത്രത്തോളം അറിഞ്ഞു കാണുന്നില്ല.

കുഞ്ഞൻപിള്ളയിൽ നിന്നും ശ്രീവിദ്യാധിരാജാ ചട്ടമ്പിസ്വാമികളിലേക്കുള്ള വഴി നടത്തം നോവലിൻ്റെ ആഖ്യാന രൂപത്തിൽ കോറിയിട്ടിരിക്കുന്നു ഡോ. സുധീർ കിടങ്ങൂർ. തിരുവനന്തപുരത്തെ സൗപർണിക പബ്ലിക്കേഷൻ ആണ് പ്രസാധകർ. ആഖ്യാന മികവ് കൊണ്ട് വായനാസുഖം പകരുന്ന ഈ കൃതി മുന്നൂറിലധികം പേജുകളിലൂടെ ആ മഹനീയ ജീവിതത്തെ രേഖപ്പെടുത്താൻ ശ്രമിക്കുന്നു.

അമ്മയിലാണ് തുടക്കം. അമ്മയിലാവണം. കുഞ്ഞൻ്റെയും ആദ്യ ഗുരു അമ്മ തന്നെ. പരിക്ഷീണമായ ബാല്യമായിരുന്നു. ശങ്കരാചാര്യരുടെ പിൻതലമുറയായി നാരായണ ഗുരുവിൻ്റെയും ഗുരുവായി ആ യുഗപ്രഭാവൻ വളർന്നു വന്നു. സന്യാസത്തിലേക്കുള്ള ചവിട്ട് പടികളിൽ ഉണ്ടായ അദ്ഭുത പ്രവൃത്തികൾ ചിലത് ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. സ്വാമി വിവേകാനന്ദനോ ശ്രീരാമകൃഷ്ണ പരമഹംസനോ ചട്ടമ്പി സ്വാമികൾക്കോ നാരായണ ഗുരുവിനോ ഇത്തരം വിഭൂതി കഥകൾ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നില്ല. അവർ ഉയർത്തിയ ദർശനങ്ങളാണ് പ്രധാനം.

ഡോ. സുധീർ കിടങ്ങൂർ

വേദങ്ങൾ ബ്രാഹ്മണന് മാത്രമാണ് പ്രാപ്യം എന്ന പമ്പരവിഡ്ഢിത്തത്തെ ചട്ടമ്പിസ്വാമികൾ ശക്തിയായി എതിർത്തു. വേദങ്ങളും ഉപനിഷത്തുകളും ബ്രാഹ്മണങ്ങളും സൂക്തങ്ങളും ഉദ്ധരിച്ച് അദ്ദേഹം ഉയർത്തിയ വാദമുഖങ്ങൾ പുസ്തകത്തിൽ നന്നായി വിവരിക്കുന്നുണ്ട്. ബ്രാഹ്മണനായ പിതാവിനെപ്പോലും സ്പർശിക്കാൻ കഴിയാത്ത ചീഞ്ഞ വ്യവസ്ഥിതി എത്ര പേരുടെ പോരാട്ടത്തിലൂടെയാണ് നമ്മൾ തൂത്തെറിഞ്ഞത്.

ധ്യാന നിമഗ്നനായി അലഞ്ഞ ആ അവധൂതൻ ജ്ഞാനത്തിൻ്റെയും ഓർമ്മശക്തിയുടെയും മൂർത്തിയായിരുന്നു. എന്നിട്ടും അദ്ദേഹം വായനയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

സെക്രട്ടറിയേറ്റ് മന്ദിരത്തിനായി കല്ലും മണ്ണും ചുമന്ന ഒരു കാലം കുഞ്ഞന് ഉണ്ടായിരുന്നു. ജീവിതോപാധിക്കായി കണക്കപിള്ളയായും വേഷം കെട്ടിയ കാലത്തും വിജ്ഞാനദാഹിയായിരുന്നു.

നാരായണ ഗുരുവായിരുന്നു പ്രഥമ ശിഷ്യൻ എന്ന് പുസ്തകം പറയുന്നു. ചിലർ ഇത് അംഗീകരിക്കുന്നില്ല. മോദസ്ഥിതനായി വസിപ്പൂ മല പോലെ എന്ന കഥയിൽ എസ് ഹരീഷ് ചൂണ്ടിക്കാട്ടുന്നത് പോലെ നായർ -ഈഴവ യുദ്ധമാണ് ഈ നിരാസത്തിന് പിന്നിൽ. ഇത്തരം മഹാഗുരുക്കന്മാർ പരസ്പരം ബഹുമാനിച്ചിരുന്നു; അംഗീകരിച്ചിരുന്നു. അണികൾക്കാണ് വലിയ പ്രയാസം.

നവമഞ്ജരി എന്ന കൃതിയിൽ തന്നെ നാരായണ ഗുരു ‘ശിശുനാമഗുരോരാജ്ഞാം ‘ എന്ന പ്രയോഗത്തിൽ കുഞ്ഞൻ എന്ന ഗുരുവിനെയാണ് എന്ന് ലേഖകൻ സമർത്ഥിക്കുന്നു. ചട്ടമ്പിസ്വാമികളുടെ ശിഷ്യൻ ആണ് എന്ന് പറയുന്നത് നാരായണ ഗുരുവിൻ്റെ മഹത്വം ഒട്ടുമേ കുറയ്ക്കുന്നില്ല. ഒരു തർക്കത്തിന് പ്രസക്തിയില്ല.

വിവേകാനന്ദ സ്വാമികൾ ചട്ടമ്പി സ്വാമികളെ കണ്ടുമുട്ടിയതും ചിന്മുദ്രയെപ്പറ്റി പഠിച്ചതും പുസ്തകത്തിൽ പറയുന്നു. താളവും രാഗവും ഹൃദയത്തിലേറ്റിയ ചട്ടമ്പിസ്വാമികളിലെ സംഗീതജ്ഞനെ സുന്ദരമായി വരച്ചു കാട്ടുന്നു.

ബ്രഹ്മാനന്ദ ശിവയോഗിയും ആനന്ദമതവും മോക്ഷപ്രദീപം എന്ന ഗ്രന്ഥവും ഒരു അധ്യായത്തിൽ ചർച്ച ചെയ്യുന്നു. ജാതിവിവേചനം എത്ര ക്രൂരമായാണ് പ്രതിഭകളെപ്പോലും ബാധിക്കുന്നത്! എഴുത്തച്ഛൻ്റെ അനുഭവങ്ങൾ തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന നോവലിൽ സി രാധാകൃഷ്ണൻ വരച്ചു കാട്ടുന്നുണ്ട്.

കുമ്പളത്ത് ശങ്കുപ്പിള്ള നോവലിൽ പ്രധാന കഥാപാത്രമായി കടന്നു വരുന്നു. സ്വാമിയുടെ സമാധി ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്.

ചട്ടമ്പി സ്വാമികളുടെ കൃതികൾ ആഴത്തിൽ വിലയിരുത്തപ്പെട്ടിട്ടില്ല. വേദാധികാര നിരൂപണം പോലെയുള്ള കൃതികൾ ഏറെ പഠന വിധേയമാക്കേണ്ടതാണ്. പ്രാചീന മലയാളം, പിള്ളത്താലോലിപ്പ് തുടങ്ങിയ കൃതികൾ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ക്രൈസ്തവ – ഇസ്ലാം ദർശനങ്ങളെയും നന്നായി പഠിച്ച സ്വാമി എന്തുകൊണ്ട് കൃസ്തുമതഛേദനം എഴുതി എന്ന് മനസിലാവുന്നില്ല. സർവമതസാമരസ്യവും സ്വാമി രചിച്ചു. പല കൃതികളും ലഭ്യമല്ല. നവോത്ഥാന നായകരെ കേവല ഭക്തിക്ക് ഉപയോഗപ്പെടുത്താനാണ് പൊതുവേ താൽപര്യം. ആ ദർശനങ്ങൾ പഠിക്കാനോ കൃതികൾ ചർച്ച ചെയ്യാനോ മെനക്കെടുന്നില്ല.

നാട് അദ്ദേഹത്തെ അറിഞ്ഞില്ല എന്ന് ഗ്രന്ഥകാരൻ വിലപിക്കുന്നു. നമ്മുടെ ആള് എന്ന് അഭിമാനിക്കുന്നവർ പോലും നാമജപ ഘോഷയാത്ര നടത്താനല്ലാതെ നമ്മുടെ ആള് എന്താണ് പറഞ്ഞത് എന്ന് പഠിക്കാൻ തയ്യാറല്ല. കേഴുക പ്രായനാടേ എന്ന് നമുക്കും വിലപിക്കാം.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...