തീവണ്ടിക്ക് ഒരു പാട്ടിന്റെ വേഗം

1
155

(കവിത)

അമലു

വഴിയാത്രയിൽ കാണാത്ത
നഗരത്തിന്റെ മറുമുഖം
കെട്ടിടങ്ങളുടെ നിറം മങ്ങിയ
പിന്നാമ്പുറങ്ങൾ
ചെത്തിമിനുക്കാത്ത പുറംപോക്കുകൾ
വിചിത്രങ്ങളായ ഫ്രെയ്മുകൾ
നോക്കിനിൽക്കെ
മിന്നിമായുന്ന നഗരം
ആരോ പറയുന്നു
‘റെയിൽപാളങ്ങൾ നഗരത്തിന്റെ ഞരമ്പുകളെന്ന്
ത്വക്കിനുള്ളിലൂടെ അതങ്ങനെ
ഇരമ്പങ്ങളെ വഹിക്കുന്നുവെന്ന്’
തീവണ്ടിത്താളത്തിൽ നഗരം
കിതക്കുന്നു
കുതിക്കുന്നു
കുതിപ്പിൽ കൗതുകംകൊണ്ടൊരു കുട്ടി നീളൻ വണ്ടിയെ കൈവീശിയാത്രയയക്കുന്നു
അവന് അപു¹വിന്റെ ഛായ

1
അലീസ് വീണ
മുയൽമാളം കണക്കെ
പരിചിത നഗരത്തെ
വിഴുങ്ങുന്ന
തീവണ്ടിപ്പാതയിലെ തുരങ്കങ്ങൾ
അടുത്തിരുന്നൊരു വൃദ്ധ
പരിചയം പുതുക്കുന്ന മട്ടിൽ
മെല്ലെച്ചിരിക്കുന്നു
ഇയർഫോണിൽ
“stairways to heaven”²
ഇരമ്പിയാർക്കുന്നു

2
പുഴയെ കുറുകെ താണ്ടുന്ന
തീവണ്ടിയൊച്ചക്കും
കുഞ്ഞിന്റെ കരച്ചിലിനുമൊപ്പം
ഒരമ്മയുടെ പാടൽ
കൈവെള്ളയിൽ
നാണയക്കിലുക്കങ്ങൾ
ഇടറിയ ഒച്ചയിൽ
ഒളിഞ്ഞിരിക്കുന്നുണ്ട്,
ദേശങ്ങളെ മുറിച്ചോഴുകുന്ന
പലായനവേഗങ്ങൾ

3
തീവണ്ടിപോലെ നീണ്ടുവരുന്ന
തുറിച്ച നോട്ടങ്ങൾ
അഞ്ചു വയസുകാരിയുടെ
മാറിലുടക്കി കിതച്ചു നിൽക്കുന്നു
അവളുടെ കയ്യിൽ
കണ്ണിറുക്കിയടച്ചൊരു പാവ
കുതിപ്പിനിപ്പോൾ
“Highway to Hell”³ ന്റെ താളം

ചിത്രീകരണം: മിഥുന്‍ കെ.കെ.

4

മലർക്കെത്തുറന്ന പുസ്തകത്തിൽ
മുഖം പൊത്തിയൊരു ചെറുപ്പക്കാരൻ
പുസ്തകത്തിലെ പെൺകുട്ടിയുമായി
അയാൾ പ്രേമത്തിലാകുന്നു
അയാളുടെ ചുറ്റും
ഒരു മറുലോകം പുലരുന്നു
യാത്ര തീരുമ്പോൾ
അവർ ഒരു പാട്ടുപാടിപ്പിരിയുന്നു
“your lips my lips
Apocalypse”⁴
ലോകം അവസാനിക്കുന്നു

*1 സത്യജിത് റേയുടെ സിനിമയിലെ കഥാപാത്രം
*2 Led Zeppelin എന്ന ബാൻഡിന്റെ ഗാനം
*3 AC/DC എന്ന ബാൻഡിന്റെ ഗാനം
*4 Cigarettes after Sex എന്ന ബാൻഡ് പുറത്തിറക്കിയ Apocalypse എന്ന ഗാനത്തിൽ നിന്നുള്ള വരികൾ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

  1. തീവണ്ടിക്ക് ഒരായിരം വേഗങ്ങളുടെ പാട്ടായി ….. നല്ലെഴുത്ത്

LEAVE A REPLY

Please enter your comment!
Please enter your name here