(കവിത)
അലീന
മാർത്തയമ്മാമ്മയുടെ അച്ചായൻ
പെട്ടന്നൊരു ദിവസം ചത്തുവീണു.
നല്ലവൻ അല്ലാഞ്ഞിട്ടും
ആളുകൾ അയാളോട് സഹതപിച്ചു.
വെള്ളസാരിയുടുത്ത്,
മക്കളെ വാരിപ്പിടിച്ച്,
പെട്ടിയുടെ തലക്കലിരുന്നു കരഞ്ഞ
അമ്മാമ്മയുടെ തോളിൽ
കല്യാണസാരിയിൽ കുത്തിയിരുന്ന
സ്വർണ നിറമുള്ള പിൻ മാത്രം
ആളുകളുടെ കണ്ണിൽ പെട്ടു.
“പെണ്ണുംപുള്ള തന്നെയാ അങ്ങേരെ കൊന്നത്,
കണ്ടില്ലേ ഒരു കള്ളക്കരച്ചിൽ”.
നാത്തൂനാണ് ആദ്യം പറഞ്ഞത്.
പിന്നെ നാട്ടുകാർ ഏറ്റു പിടിച്ചു.
“രാവിലെ വിറകു കീറിക്കോണ്ടിരുന്നത്
ഞാൻ കണ്ടതാന്നേ.
പിന്നെ ഉച്ച കഴിഞ്ഞപ്പോ കുഴഞ്ഞു വീണെന്ന്.”
“എട്ടു മണിക്ക് പാലു കൊടുക്കാനും പോയാരുന്നു.”
“കള്ളു കുടിയനാണേൽ എന്നാ?
കുറച്ചു തല്ലു കൊണ്ടാൽ എന്നാ?
പിള്ളേർടപ്പനല്ലേ.
അങ്ങു കൊള്ളണം.”
ആയിരം അപരാധം പറച്ചിലുകൾക്കിടെ
മാർത്തയമ്മാമ്മ ഒറ്റക്ക് വിറകു കീറി.
ഒറ്റക്ക് പാൽപാത്രവും തൂക്കി
മിൽമയിലേക്കുള്ള കുന്നു കയറി.
പിള്ളേരെ വളർത്തി.
അവരുടെ ഉമ്മറത്ത്
വൈകുന്നേരങ്ങളിൽ
മൺപാത്രങ്ങളും
അതിലെ മീൻകറിയും പരിപ്പും
കഞ്ഞിക്കലവും
ചിതറി വീണില്ല.
“ഞാനൊന്നും ചെയ്തിട്ടില്ല”
മാർത്തയമ്മാമ്മയെ ആരും വിശ്വസിച്ചില്ല.
റബ്ബറു വെട്ടാൻ ചെന്നിരുന്ന വീട്ടുകാർ
ഇനി വരണ്ടെന്ന് പറഞ്ഞു വിട്ടു.
അവിടുത്തെ മരുമോൾ മാത്രം
രഹസ്യമായി
“കാശു വെല്ലോം വേണോങ്കി പറയണം”ന്ന്
വേലിക്കൽ പതുങ്ങി നിന്നു.
പള്ളിക്കാർ മാറി നിന്ന് പിറുപിറുക്കുന്നതിനാൽ
പള്ളിയിൽ പോകാതായി.
ബന്ധുക്കൾ വരാതായി.
പക്ഷേ മാർത്തയമ്മാമ്മ ഉറക്കത്തിൽ
ഞെട്ടിയെണീറ്റ്
മക്കളെ തപ്പി നോക്കിയില്ല.
പശുവിനെ വിറ്റ കാശ്
ഒരു കവറിൽ കെട്ടി
ഉപ്പുപാത്രത്തിൽ പൂഴ്ത്തിയില്ല.
അവരുടെ ഒരു ഗ്ലാസ്സുപോലും
പെട്ടന്നുള്ള ദേഷ്യത്തിൽ
പൊട്ടി വീണില്ല.
കട്ടിലീന്ന് എണീക്കാൻ മേലാതെ
ഉരുണ്ടുപിരണ്ട വാർദ്ധക്യത്തിൽ
മാർത്തയമ്മാമ്മ,
കൊച്ചുമോൾ മാർത്തയെ വിളിച്ചു.
“കൊച്ചേ,
നിന്റെ വെല്യപ്പനെ കൊന്നത് ഞാനാടീ.”
ചിരിച്ചു ചിരിച്ച് അവർ മരിച്ചു.
പെട്ടിയിൽ,
സാരിയിൽ,
സ്വർണ്ണപ്പിന്നും കുത്തി
അവർ ചിരിച്ചു കിടന്നു.
ഒരു മാർത്തയിൽ നിന്ന്
അടുത്ത മാർത്തയിലേക്ക്
രഹസ്യം
ഒരു തുള്ളി പോലും ചോരാതെ
പകർന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
ഓരോ വരിയിലും അതിൻ്റെ ഭൂതകാലം കൂടി ഒളിപ്പിച്ചുവച്ച രഹസ്യം. ഉടയാത്ത ഗ്ലാസ്സ്, ഉപ്പുപാത്രം, ഒറ്റയ്ക്ക് വിറകുകീറി, ഒറ്റയ്ക്ക് മിൽമയുടെ കുന്നു കയറി, മരുമോൾ മാത്രം, എന്നിങ്ങനെ ഓരോ പ്രോപ്പർട്ടിയും നാട്ടാചാര വർത്തമാനത്തിൻ്റെ മറുപുറം വെളിപ്പെടുത്തുന്ന രഹസ്യമായി പ്രത്യക്ഷപ്പെടുന്നു.