പ്രിയപ്പെട്ട അച്ഛനുമമ്മയും കുട്ടികളും വായിച്ചറിയുന്നതിന്

0
314
Vinod ambalathara 1200

പൈനാണിപ്പെട്ടി
വി. കെ. അനിൽകുമാർ
ചിത്രീകരണം; വിനോദ് അമ്പലത്തറ

“പ്രിയപ്പെട്ട അച്ഛനും അമ്മയും കുട്ടികളും വായിച്ചറിയുന്നതിന്. നിങ്ങൾക്കവിടെ സുഖം തന്നെയെന്ന് വിശ്വസിക്കുന്നു. എനിക്കിവിടെ ഒരുവിധം സുഖം തന്നെ…. ”

ഇങ്ങനെ ഒരെഴുത്തെഴുതാനും, എഴുത്ത് വായിക്കാനും നമ്മളെത്ര കൊതിച്ചതാണ്. എത്രയെത്ര പ്രതീക്ഷകൾ നിറച്ച്, സന്തോഷങ്ങൾ നിറച്ച് നിറച്ച്, നൊമ്പരങ്ങൾ നിറച്ചാണ് വെറുമൊരു കടലാസിനെ കത്തെന്ന അനുഭവത്തിലേക്ക് രേഖപ്പെടുത്തി വെക്കുന്നത്
കത്തെഴുത്തെന്നത് ഒരനുഷ്ഠാനം പോലെയാണ്. വാക്കുകൾ, അക്ഷരങ്ങൾ, പേന, കടലാസ് ഇവയൊക്കെയും ചേർന്ന് ഒരു ദു:ഖത്തെ, പ്രതീക്ഷയെ, ജീവിതത്തെ ആഭിചാരം ചെയ്തെടുക്കുന്നു. മന്ത്രമാവാഹിച്ച തകിട് പോലെ അക്ഷരങ്ങൾ മാന്ത്രിക സിദ്ധിയാർജിച്ച് ചില എഴുത്തുകളെ പ്രവചനാതീതമാക്കുന്നു. കത്തെഴുത്തെന്നത് ഒരാൾ തനിച്ച് ചെയ്യുന്ന പ്രാർത്ഥനയാണ്. അതിൻ്റെ മറ്റേയറ്റത്തൊരാളുണ്ട്. അയാളിലേക്കാണ്… ആരായാലും അയാൾ പ്രതീക്ഷയാണ്. ഓരോ എഴുത്തും പ്രതീക്ഷയിലേക്ക് തുഴഞ്ഞു പോകുന്ന തോണികളാണ്. കണ്ണിൽ കാണാത്ത ദൂരത്തേക്കും ദേശത്തേക്കുമുള്ള തീർത്ഥയാത്ര തന്നെയാണത്….. ആശയ വിനിമയത്തിൻ്റെ ഏറ്റവും നവീനമായ ഒരു ലോകം കത്തെഴുത്തിനെ എങ്ങനെയായിരിക്കും കാണുക. നമ്മൾ മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ അത് വേണ്ടപ്പെട്ടവരെ അറിയിക്കാനുള്ള കുറ്റമറ്റ സാങ്കേതിക സംവിധാനം നിലനിൽക്കുമ്പോൾ കത്തെഴുത്തെന്നത് അത്രമേൽ പഴഞ്ചനായ കാലംചെന്ന ഒരേർപ്പാടാണ്. നീല നിറത്തിലുള്ള ഇൻലൻ്റിൽ ബോൾപെന്നുകൊണ്ട് കത്തെഴുതുന്നവർ ഇന്നാരെങ്കിലുമുണ്ടാകുമോ….? വീട്ടുമുറ്റത്തെ ഒരു കാട്ട് പൂഗന്ധം, കുരുവിയുടെ പാട്ട്, ഇവയൊക്കെ ഇല്ലാതാകുന്നതുപോലെ തന്നെയാണ് ഇൻലൻ്റും ജീവിതത്തിൽ നിന്നും പടിയിറങ്ങിപ്പോയത്…. ഇപ്പോഴാണാലോചിക്കുന്നത്. ഒരിൻലൻ്റ് കണ്ടിട്ട് എത്ര കാലമായി, ഇപ്പോഴും അങ്ങനെയൊന്നുണ്ടോ. എത്രയാണതിൻ്റെ വില, എങ്ങനെയാണത് മടക്കേണ്ടത്. ഇൻലൻ്റിനെ കുറിച്ചൊന്നും അറിയില്ല. ആവശ്യമാണ് ഓരോന്നിൻ്റെയും ആയുസ്സ് നിർണ്ണയിക്കുന്നത്. സ്വന്തം വിലാസത്തിൽ ഇൻലൻ്റിൽ കൈപ്പടയിലൊരു കത്തു വരിക സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്തതാണ്. കത്തെഴുത്തിൻ്റെ പൂർവ്വകാലം. കത്തെഴുത്തിനെക്കുറിച്ച് പറയുമ്പോഴൊക്കെ അച്ഛനെയും ഏട്ടനെയുമാണെന്നും ഓർമ്മ വരിക. ഏഴുമക്കളുള്ള വീട്ടിൽ ഏട്ടൻ മൂത്തയാളാണ്. പഠനത്തിനും ജോലിക്കുമായി ഏട്ടൻ ചെറുപ്പത്തിൽ തന്നെ നാട് വിട്ടതാണ്. ഏട്ടന് അച്ഛൻ അയക്കുന്ന കത്തുകളും ഏട്ടൻ്റെ മറുപടിക്കത്തുകളും കുട്ടിക്കാലത്തെ ഏറ്റവും വലിയ കൗതുകങ്ങളിലൊന്നായിരുന്നു. കത്തെന്നത് വിവരിക്കാനാകാത്ത വൈകാരികാനുഭവമായി മാറുന്നത് ഏട്ടൻ വിദേശത്തേക്ക് പോകുന്നതോടെയാണ്. എൺപതുകളുടെ ആദ്യമാണ് ഏട്ടൻ ഒമാനിലേക്ക് പോകുന്നത്. അതു വരെയുണ്ടായിരുന്ന ഇൻലൻ്റിന് പകരം വിദേശത്തേക്ക് നാട്ടുവിശേഷങ്ങളുമായി പറക്കാൻ നിലയും വിലയും കൂടിയ ഏറോ ഗ്രാം വന്നു. ഏട്ടന് വീട്ടിൽ കത്തെഴുതുന്നയാൾ അച്ഛനാണ്. അപൂർവ്വമായി മാത്രം മൂത്ത ഏട്ടൻ്റെ താഴെയുള്ള ഏട്ടനും കത്തെഴുതും. വീടിനോട് ചേർന്ന് അച്ഛന് പീടികയുണ്ട്. അവിടെയിരുന്ന് ബോൾ പെന്നു കൊണ്ടാണ് കത്തെഴുതുന്നത്. അച്ഛൻ മരിച്ചിട്ട് 26 വർഷങ്ങൾ കഴിഞ്ഞു പോയി. അച്ഛനെഴുതിയ കത്തുകളിലെ അക്ഷരങ്ങൾ ഇപ്പോഴും കണ്ണിലുടക്കുന്നുണ്ട്. കത്തെഴുതി അഡ്രസ്സ് എഴുതുന്നതിനായി ഏട്ടത്തിക്കോ ഏട്ടനോ കൊടുക്കും. ചിലപ്പോ കത്തെഴുതി കയ്യിൽ തരും. ഏട്ടൻ്റെ വിദേശത്തെ മേൽവിലാസം പരമാവധി ഭംഗിയായി എഴുതി പോസ്റ്റോഫീസിലേക്ക്‌ പോകും…. തൃക്കരിപ്പൂരിലെ പോസ്റ്റ്മാൻ അമ്പൂഞ്ഞാട്ടൻ പ്രതീക്ഷയുടെയും സന്തോഷത്തിൻ്റെയും ആൾരൂപമായിരുന്നു. അമ്പൂഞ്ഞാട്ടനെ നോക്കി കണ്ണുകഴച്ചുപോയ എത്രയെത്ര ദിവസങ്ങൾ, എന്ത് പ്രതീക്ഷകൾ, എന്ത് സന്തോഷങ്ങൾ, എന്ത് നൈരാശ്യങ്ങൾ. ഗൾഫിൽ മക്കളുള്ള എല്ലാ വീടുകളും അങ്ങനെയായിരിക്കും. വളഞ്ഞ കാലുളള തൊണ്ടൻ കൊടയുമായി കറുത്ത ബാഗും തൊക്കിളിൽ വെച്ച് നിറയെ ചിരിയും പ്രതീക്ഷയുമായി വരുന്ന പോസ്റ്റ്മാൻ അമ്പുഞ്ഞേട്ടൻ…
ഏട്ടന്റെ കത്ത് ആദ്യം പൊട്ടിച്ച് വായിക്കുന്നത് അച്ഛനാണ്.
“പ്രിയപ്പെട്ട അച്ഛനും അമ്മയും കുട്ടികളും വായിച്ചറിയുന്നതിന്….” എല്ലാവരും ഒരുമിച്ചിരുന്ന് കത്ത് വായിക്കുകയാണ്.
ദുബായി എന്ന ഏതോ മായിക ലോകത്ത് നിന്ന് അക്ഷരങ്ങളിലൂടെ ഒരു മനുഷ്യൻ പലതായി പ്രത്യക്ഷപ്പെടുകയാണ്. അത് മകനാകും, സഹോദരനാകും, ഭർത്താവാകും, കാമുകനാകും… സ്നേഹം കൊണ്ടും വിരഹം കൊണ്ടും സ്ഫുടം ചെയ്യപ്പെട്ട ആരുമാകാം… അറബിനാടിലെ മരുഭൂമിയിൽ പൊള്ളുന്ന ഒരു മനുഷ്യൻ മറ്റൊരു ലോകത്ത് ഒരു കത്തിൻ്റെ സ്വപ്ന ഭൂമിയിൽ പൂങ്കാവനമായി പൂത്തുലയുകയാണ്…. കത്തെഴുത്തിൻ്റെ വൈകാരികാനുഭവങ്ങൾ പറഞ്ഞാൽ തീരില്ല. അത് സങ്കടത്തിൻ്റെയും കണ്ണീരിൻ്റെയും അക്ഷരങ്ങളെ വീണ്ടും കണ്ടെടുക്കലാണ്. അച്ഛൻ്റെ അവസാന കാലത്തെ കത്തുകൾ… പലതിലും മേൽവിലാസമെഴുതേണ്ട ചുമതലയായിരുന്നു എനിക്ക്. രോഗാവസ്ഥയിൽ വല്ലാതെ സങ്കടപ്പെടുമ്പോൾ, കച്ചവടം നടത്തിക്കൊണ്ടുപോകാൻ കഷ്ടപ്പെടുമ്പോൾ, എഴുതിയ പല കത്തുകളിലെയും അക്ഷരങ്ങൾ കലങ്ങിപ്പോയിരുന്നു. പലതും വായിച്ച് ഉള്ളു നൊന്തു പുകഞ്ഞു. കത്തുകളും മഷി നിറച്ച പേനയും ബാക്കി നിർത്തി അച്ഛൻ പടിയിറങ്ങി, പോസ്റ്റ്മാൻ അമ്പൂഞ്ഞേട്ടൻ നെഞ്ചുപൊട്ടി കരഞ്ഞു…. കത്തും കണ്ണീരുമില്ലാത്ത കാലം. കത്തെഴുത്തിനോട് വല്ലാത്ത ഇഷ്ടമായിരുന്നു. പ്രിയപ്പെട്ട ചങ്ങാതിമാർക്കൊക്കെ കത്തുകളെഴുതി… കത്തുകൾക്കായി ഒരു പുസ്തകം തന്നെ തയ്യാറാക്കിയിരുന്നു. അയച്ചു കിട്ടിയ കത്തുകളൊക്കെ സൂക്ഷിച്ചു വച്ചിരുന്നു… പഴയ പത്രക്കെട്ടുകളം പേപ്പറുകളും കത്തിച്ചു കളഞ്ഞപ്പോൾ കത്തുകളും അതിൽ പെട്ടു പോയി. എല്ലാം ചാരമായിരിക്കുന്നു. കത്തുകളില്ലാത്ത ലോകത്ത് പോസ്റ്റ്മാൻ അമ്പൂഞ്ഞേട്ടനും ഇല്ലാതായിരിക്കുന്നു…
പ്രിയപ്പെട്ട അച്ഛനും അമ്മയും കുട്ടികളും വായിച്ചറിയാനായി മാത്രം ഇന്ന് ഒന്നുമില്ലാതായിരിക്കുന്നു…
ഒന്നും….

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here