അതിരാണിപ്പാടത്തെ വിശേഷങ്ങൾ

0
336
Krishnakumar mapranam 1200

വായന
കൃഷ്ണകുമാർ മാപ്രാണം

ലോക ക്ലാസ്സിക്കുകളോടു കിടപിടിക്കാവുന്ന മികച്ച രചനാ രീതികൊണ്ടു എക്കാലവും ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്ന ഒരു നോവലിനുപരിയായി കാല ദേശങ്ങള്‍ക്കപ്പുറത്തേയ്ക്ക് മനസ്സിനെ കൂട്ടികൊണ്ടു പോകുകയും പെയ്തടരുന്ന മേഘശകലങ്ങളെപ്പോലെ ഹൃദയത്തെ തരളിതമാക്കുകയും ചിലപ്പോഴൊക്കെ ഗൃഹാതുരത്വത്തിലേയ്ക്ക് നമ്മെ കൂട്ടികൊണ്ടുപോകുകയും ചെയ്യുന്ന നമ്മുടെയൊക്കെ പ്രിയങ്കരനായിരുന്ന ശ്രീ എസ് .കെ. പൊറ്റെക്കാട്ടിന്‍റെ’ ‘ഒരു ദേശത്തിന്‍റെ കഥ” യെ പറ്റിയോര്‍ക്കുമ്പോള്‍ ഒരു ഇതിഹാസത്തിലെന്നപോലെ എത്രയെത്ര കഥാപാത്രങ്ങളാണ് മുന്നില്‍ നിരന്നു നില്‍ക്കുന്നതെന്നോ! കഥാകൃത്ത്‌, നോവലിസ്റ്റ്, സഞ്ചാര സാഹിത്യകാരന്‍, എം.പി. എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ക്കുമപ്പുറത്ത് നന്മയുടെ വിശേഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു നാട്ടിന്‍പ്പുറത്തുകാരനായിരുന്നു ശ്രീ. എസ്. കെ. പൊറ്റെക്കാട്ട്. ഒരു ദേശത്തിന്‍റെയും അവിടുത്തെ അനേകം പേരുടെയും ജീവിതം പകര്‍ത്തി വച്ച ഈ ജ്ഞാനപീഠപുരസ്കാര ജേതാവിന്‍റെ രചനാ വൈഭവം കൊണ്ടു മിഴിവേകി നില്‍ക്കുന്ന ആത്മകഥാംശമുള്ള നോവലാകുന്നു ഒരു ദേശത്തിന്‍റെ കഥ. നോവല്‍ വായിക്കുമ്പോള്‍ അതിരാണിപ്പാടമെന്ന ദേശം വിശാലമായി മുന്നില്‍ തെളിയുകയാണ്. മഹാഭാരതവും രാമായണവും ശാകുന്തളവും ചിലപ്പതികാരവും ഈഡിപ്പസ്സും ഹാംലെറ്റും ഒഥല്ലോയും മറ്റു ഇതിഹാസ മഹാ ഗ്രന്ഥങ്ങളും പലയാവൃത്തി വായിക്കപ്പെടുന്നത് അത് മഹത്തരവും വിശിഷ്ടവുമായതുകൊണ്ടാണ്. ഒരു കൃതി വീണ്ടും വായിക്കപ്പെടേണ്ടതാണെന്നുള്ള ഓര്‍മ്മപ്പെടുത്തലുണ്ടെങ്കില്‍ അത് വിശേഷപ്പെട്ടതുതന്നെയാണ് എന്നുള്ളതുകൊണ്ടാണ്. ഒരു ദേശത്തിന്‍റെ കഥയ്ക്കു ജ്ഞാനപീഠപുരസ്കാരം ലഭിക്കുന്നതിനു മുന്‍പുതന്നെ വായിച്ചെടുത്തതാണ് . അന്നു തന്നെ ആ കൃതിയുടെ രചനാ വൈശിഷ്ട്യം എന്നെ അത്ഭുതപ്പെടുത്തി. പിന്നീടെപ്പോഴോക്കെയോ ആ കൃതി എന്‍റെ മനസ്സില്‍ സ്ഥാനം പിടിച്ചു .വീണ്ടും പലയാവര്‍ത്തി വായിക്കുകയുമുണ്ടായി.

പുസ്തകത്തിന്‍റെ താളുകള്‍ മറിക്കുമ്പോള്‍ എസ്.കെ. വരച്ചിട്ട ഒരു ദേശത്തിലെ പല കഥാപാത്രങ്ങളും മുന്നില്‍ ജീവനോടെ പ്രത്യക്ഷപ്പെടുന്നതുപോലെയും, ശ്രീധരന്‍റെ സന്തോഷവും വേദനയും നൊമ്പരങ്ങളും കഷ്ടപ്പാടുകളും എന്നിലും അനുഭവഭേദ്യമാകുന്നതായും തോന്നിയിരുന്നു. സഞ്ചാര പ്രിയനായിരുന്ന എസ്.കെ. നടന്നവഴികളും കണ്ടുമുട്ടിയ ആളുകളെയും സൂക്ഷ്മദര്‍ശിനിയിലൂടെ ആവാഹിച്ച് തന്‍റെയും കൂടി ആത്മകഥാപരമായ ദേശത്തിന്‍റെ കഥയില്‍ ആവിഷ്ക്കരിക്കുകയാണ് ചെയ്തത്. ശ്രീധരന്‍റെ കണ്ണുകളിലൂടെ കണ്ട കാഴ്ചകള്‍ അദ്ദേഹത്തിന്‍റെ കാഴ്ചകള്‍ തന്നെയായിരുന്നു. ചിന്തകൾ അദ്ദേഹത്തിന്‍റെ തന്നെ ചിന്തകളായിരുന്നു. എന്നും അതിരാണിപ്പാടത്തെ ഓരോ മനുഷ്യരെയും അത്രയ്ക്കും ഹൃദയത്തോട് ചേര്‍ത്തു കൊണ്ടുനടന്നിരുന്നുവെന്നും ഈ നോവല്‍ വായിക്കുമ്പോള്‍ നമുക്ക് ബോധ് കൗമാര യൗവനാരംഭങ്ങളില്‍ തനിക്കു ജീവിതത്തിലെ നാനാതരം നേരുകളും നെറികേടുകളും നേരമ്പോക്കുകളും വിസ്മയങ്ങളും ധര്‍മ്മ തത്വങ്ങളും വിഡ്ഢിത്തങ്ങളും വിഷാദ സത്യങ്ങളും വെളിപ്പെടുത്തി തന്നവര്‍ക്കും ആത്മബലിയര്‍പ്പിച്ചവര്‍ക്കും അതിരാണിപ്പാടത്തെ മണ്മറഞ്ഞവര്‍ക്കുമായിട്ടാണ് ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്. നോക്കൂ ഒരു മനുഷ്യസ്നേഹിയുടെ നാടിനോടുള്ള ആത്മാര്‍പ്പണം. ഇതിഹാസതുല്യമെന്നു മുന്‍പേ സൂചിപ്പിച്ച ഈ നോവലിന്‍റെ ആഴങ്ങളിലേയ്ക്കു ഞാന്‍ പ്രവേശിക്കുന്നില്ല. ഒരു മയില്‍പ്പീലിപോലെ ഹൃദയത്തോടു ചേര്‍ത്തു വയ്ക്കാവുന്ന ഒരു ആത്മ സുഖം പകര്‍ന്നു നല്‍കിയതുകൊണ്ടു മാത്രമാണ് ഈ നോവലിനെ ഒന്നു തൊട്ടു തഴുകി പോകുന്നത്.

നോവലിലെ പ്രഥമ അദ്ധ്യായം തുടങ്ങുന്നതിനു മുന്‍പ് റോഡരുകിലെ മൂലയില്‍ വെള്ളച്ചായം പൂശിയ പതിനായിരം ഗ്യാലന്‍ കൊള്ളുന്ന ആകാശത്തേയ്ക്കുയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ പെട്രോള്‍ടാങ്കിനെ കുറിച്ചു സൂചിക്കുമ്പോള്‍ ആ സംഭരണിയ്ക്കു പിറകില്‍ നൊമ്പരപ്പെടുത്തുന്ന ഒരു കഥയുണ്ടെന്നു നാം തിരിച്ചറിയുകയില്ല. അപ്രധാനമെന്നു നാം കരുതുന്ന ഒരു വസ്തുവിനെ കുറിച്ചു പ്രതിപാദിക്കുകയും കഥയുടെ അവസാനം ഏറ്റവും പ്രധാനപ്പെട്ടത് അതുതന്നെയായിരുന്നുവെന്ന് നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഒരസാധാരണ കഥാകഥനരീതിയാണ് എസ്.കെ.യുടെ മുഖമുദ്ര. 

അല്പം മുന്‍പ് നാം കണ്ട ആ സംഭരണി നില്‍ക്കുന്ന മൂല ഒരു സ്മാരകമാണ്. ശ്രീധരന്‍റെ യൗവനാരംഭത്തിലെ കടിഞ്ഞൂല്‍ പ്രണയഭാജനമായിരുന്ന അമ്മുക്കുട്ടിയുടെ ഓലപ്പുര നിന്നിരുന്ന മൂലയാണെന്ന് ഓര്‍മ്മപ്പെടുത്തുമ്പോഴാണ്‌ അതെത്ര വലിയ സ്മാരകമായിരുന്നുവെന്ന് നാം തിരിച്ചറിയുന്നത്. മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന തന്‍റെ പ്രണയഭാജനത്തിന്‍റെ ഓര്‍മ്മയെ തേടുന്ന ശ്രീധരന്‍ അവളെ കണ്ടു മുട്ടിയതും പ്രണയം ഉള്ളില്‍കൊണ്ടുനടന്നതും അതുപറയാനുള്ള ചങ്കൂറ്റമില്ലാതെ പതിയെ മറക്കാന്‍ ശ്രമിക്കുകയുമാണ്‌. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ ക്കുശേഷം അവളുടെ അനുജന്‍ കൊണ്ടു കൊടുക്കുന്ന കവിതാപുസ്തകത്തില്‍നിന്നുമാണ് അമ്മുക്കുട്ടി ഒരു കവയിത്രിയായിരുന്നുവെന്ന് തിരിച്ചറിയുന്നതും. തന്‍റെ അമ്മുക്കുട്ടി ജീവിച്ചിരിക്കുന്നില്ല എന്ന നഗ്നസത്യം കൂടി അറിയുമ്പോള്‍ ശ്രീധരനുണ്ടാകുന്ന നടുക്കം വായനക്കാരനിലും നടുക്കം സൃഷ്ടിക്കുകയാണ്. ശ്രീധരന് കൗമാര യൗവനകാലങ്ങളില്‍ അഭിനിവേശവും പ്രണയവും തോന്നിയ പെണ്‍കിടാങ്ങളും യൗവനകളായ സ്ത്രീകളും ഒരുപാടുപേരുണ്ട്.  നല്ല തങ്കനിറമുള്ള മാറില്‍ കുപ്പായമിടാതെ , കണങ്കാല്‍വരെയെത്തുന്ന മുണ്ടുധരിച്ച് അരയ്ക്കുതാഴെ ജീവനില്ലാതെ കിടക്കുന്ന നാരായണിയുടെ സ്ഥാനം രാജകുമാരിയുടെതായിരുന്നു. കവയിത്രിയായ അമ്മുകുട്ടിയെ അത്രയ്ക്കും പ്രണയിച്ചിരുന്നു. അതുകൊണ്ടാണ് അവളുടെ മൂക്കുത്തിക്കല്ലും ചെമ്പന്‍ മിഴികളും കുപ്പിവള കൈകളും മനസ്സിലേയ്ക്കിറങ്ങിചെല്ലുന്നത്. തങ്കവര്‍ണ്ണത്തില്‍ മെലിഞ്ഞു നീണ്ട് കൈത്തണ്ടയിലും നെറ്റിയിലും പച്ചകുത്തി കടമിഴികള്‍ കൊണ്ടു കസര്‍ത്ത് കാട്ടി നൃത്ത ഭംഗിയോടെ തെരുവിലൂടെ നീങ്ങുന്ന കാന്തമ്മയോട് അഭിനിവേശമായിരുന്നു. മാളികവീട്ടിലെ അയല്‍ക്കാരിയായ വിധവയായ സരസ്വതിയംബാളാകട്ടെ മോഹിപ്പിക്കുന്ന ഒരു പൗര്‍ണ്ണമിനിലാവായിരുന്നു. കഥയെഴുത്തിനിടെ ചീനവേലിയ്ക്കു മുകളിലൂടെ മിഴികള്‍കൊണ്ടു മിന്നലാട്ടം നടത്തി ശൃംഗാര പുഞ്ചിരികൊണ്ടു മയക്കിയ ജാനുവാണെങ്കില്‍ കോരിത്തരിപ്പും.
പ്രിയപ്പെട്ടവരായിരുന്ന പലരുടെയും ദാരുണമായ മരണവും ശ്രീധരനു കാണേണ്ടിവരുന്നു. നാരായണിയും അമ്മുക്കുട്ടിയും എരുമകാരത്തി പൊന്നമ്മയും കാന്തമ്മയും…
അങ്ങിനെ എത്രപേര്‍… 
അവരുടെ മരണം വായനക്കാരിലേയ്ക്കു നൊമ്പരമായി പടര്‍ന്നു കയറുന്നുമുണ്ട്.

വിശാലമായ ക്യാന്‍വാസില്‍ വരച്ചിട്ട നിരവധി കഥാപാത്രങ്ങളോരോന്നും നമ്മുടെ ജീവിത വഴികളിലും നമുക്ക് കാണാന്‍ കഴിയുന്ന ആളുകളാണെന്ന് നാം തിരിച്ചറിയുന്നുണ്ട്. കൃഷ്ണന്‍മാസ്ററും കുഞ്ഞാപ്പുവും കിട്ടന്‍രൈട്ടരും ഞണ്ടുഗോവിന്ദനും  ചന്തുമൂപ്പനും കൊതുകു ഗോപാലനും  ശങ്കുണ്ണികമ്പോണ്ടറും കൂനന്‍ വേലുവും, മീശകണാരനും  കോരന്‍ ബട്ളറും വെടിവാസുവും  ഹൈക്കുളൂസു കിട്ടുണ്ണിയും ചന്തുക്കുട്ടിമേലാനും മരക്കൊത്തന്‍ വേലപ്പനും ചുണ്ടിന്മേല്‍ പാണ്ടുള്ള ചേക്കുവും ഈര്‍ച്ചക്കാരന്‍ വേലുവും പൊരിക്കാലന്‍ അയ്യപ്പനും ആധാരമെഴുത്ത് ആണ്ടിയും ഗോപാലേട്ടനും കഥാകാരന്‍ ഇബ്രാഹിമും പാണന്‍ കണാരനും പാണന്‍ വേലുവും അഷ്ടവക്രന്‍ ഉണ്ണിരിനായരും കേശവന്‍മാസ്ടരും ആണ്ടിയും ആശാരി മാധവനും കുട്ടിമാളുവും എരുമാകാരന്‍ ഗോവിന്ദനും കീരന്‍ പൂശാരിയും  കടക്കാല്‍ ബാലനും ചക്കരച്ചോറ് കേളുകുട്ടിയും കരിമ്പൂച്ച ധോബി മുത്തുവും വെള്ളക്കൂറ കുഞ്ഞിരാമനും അമ്മാളുഅമ്മയും, ഉണ്ണൂലിയമ്മയും  ചിരുതയും എരുമാക്കാരത്തി പൊന്നമ്മയും തടിച്ചി കുങ്കിച്ചിയമ്മയും അപ്പുവും നാരായണിയും ദാക്ഷായണിയും കാന്തമ്മയും സരസ്വതിയംബാളും ജാനുവും….. അങ്ങിനെയെത്ര പേരുടെ ജീവിതങ്ങളാണ് നമ്മോടുകൂടേ സഞ്ചരിക്കുന്നത്. ഇതിലെ ഓരോ ആളുകളേയും നമ്മളൊക്കെ തന്നെ എവിടെയൊക്കെയോ കണ്ടുമുട്ടിയിട്ടുണ്ട് എന്ന് താളുകളിലൂടെ കടന്നുപോകുമ്പോള്‍ നാം തിരിച്ചറിയുന്നു. കഥകളും ഉപകഥകളും ഒട്ടേറെസംഭവങ്ങളും ഇതള്‍ വിരിയുന്ന ഈ ദേശത്തിന്‍റെ കഥയിലെ ആരും അപ്രധാനരല്ല. ഒരു ദേശം നമ്മോടു കഥ പറയുകയാണ്. ശ്രീധരന്‍ ഒരു സഞ്ചാരി മാത്രം. എല്ലാം കണ്ടും കേട്ടും അനുഭവിച്ചും നടക്കുന്ന ഒരു സഞ്ചാരി. സത്യസന്ധനും ധര്‍മ്മിഷ്ടനുമായിരുന്ന ചേനക്കോത്ത് തറവാട്ടിലെ കൃഷ്ണന്‍മാസ്റ്റര്‍ തന്‍റെ രണ്ടാം ഭാര്യ കുട്ടിമാളുവിനെ പുനര്‍ വിവാഹം ചെയ്ത് അതിരാണിപ്പാടമെന്ന കഥാ ദേശത്തേയ്ക്ക് യാത്രയാകുകയാണ്. വിദ്യാഭ്യാസംകൊണ്ടു ഉയര്‍ന്നുനില്‍ക്കുന്ന കുടുംബമായതുകൊണ്ട് നിരക്ഷരും പാവങ്ങളുമായ അതിരാണിപ്പാടത്തെ ബഹുജനം കൃഷ്ണന്‍ മാസ്റ്ററില്‍ സര്‍വ്വജ്ഞനായ ഒരു ഉപദേഷ്ടാവിനെയാണ് കണ്ടെത്തിയിരുന്നത്. ആദ്യഭാര്യയിലെ മക്കളായ കുഞ്ഞാപ്പുവും ഗോപാലേട്ടനും ഒപ്പമുണ്ട്. പിന്നീടാണ് രണ്ടാംഭാര്യ കുട്ടിമാളുവില്‍ ശ്രീധരന്‍റെ ജനനം.
ഒരു ചതുപ്പുനിലം കാലക്രമേണ തൂര്‍ന്നുണ്ടായ ഒരു കുടിപ്പാര്‍പ്പു കേന്ദ്രമായിരുന്നു അതിരാണിപ്പാടം. ധനികരോ പരിമ ദരിദ്രരോ ആയിരുന്നില്ല അവിടെയുള്ളവര്‍. ഈര്‍ച്ചപണിക്കാരായ തൊഴിലാളികളും കുടുംബങ്ങളുമായിരുന്നു അധികംപേരും. 

കഥ നടക്കുന്നത് അതിരാണിപ്പാടമെന്ന മഹാദേശത്താണ്. പലപ്പോഴും ശ്രീധരന് ഇലഞ്ഞിപൊയിലായിരുന്നു ഇഷ്ടം. രണ്ടു കുന്നുകള്‍ക്കിടയില്‍ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാര്‍ഷിക ഗ്രാമ മായിരുന്നു ഇലഞ്ഞിപൊയില്‍. പഴയ കര്‍ഷകവീടിനെ ഓര്‍മ്മപ്പെടുത്തുന്ന തറവാട്. പുല്ലുമേഞ്ഞ വീട്. തേങ്ങാകൂട് , ചാണകം മെഴുകിയ വിശാലമായ മുറ്റം. പശുതൊഴുത്ത്, പറമ്പില്‍ തെങ്ങും മാവും പ്ലാവും നെല്ലിയും, പോലെയുള്ള ഫലവൃക്ഷങ്ങള്‍. പറമ്പില്‍ തന്നെ പഴക്കം ചെന്ന ഇലഞ്ഞിമരവും, കടപ്പനകളും. കണ്ടങ്ങളിലാകട്ടെ പയറും വെണ്ടയും വഴുതിനയും ചേമ്പും പച്ചകുട വിടര്‍ത്തിനില്‍ക്കുന്ന ചേനകളും കാച്ചില്‍ വള്ളികളും കയ്പപന്തലുകളും  വെറ്റില കൊടികളും മുളകുവള്ളികളും പടര്‍ന്നു നില്‍ക്കുന്ന മനോഹരമായ ഒരു ഗ്രാമം. ഒരു കര്‍ഷക ഭവനത്തിന്‍റെ വര്‍ണ്ണന നമ്മെ ഗൃഹാതുരത്വത്തിലേയ്ക്ക് കൂട്ടികൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഗ്രാമാന്തരീക്ഷത്തിന്‍റെ ചെത്തും ചൂരും വാക്കുകളിലൂടെ വായിച്ചെടുക്കാന്‍ കഴിയുന്നുമുണ്ട്. അമ്മ്വാളോമ്മേന്‍റെ ഒക്കത്തിരുന്ന് നോക്കി വല്യ തള്ളക്കോഴീം മക്കളും കൊത്തി പ്പെര്‍ക്കി തിന്ന്‍ണ്…. എന്നിങ്ങനെ സംസാര ഭാഷയുടെ ചന്തം നിഴലിക്കുന്ന ഒരുപാടു മുഹൂര്‍ത്തങ്ങള്‍ നോവലില്‍ ഇഴപാകികിടക്കുന്നു. 

നാട്ടുഭാഷയുടെ മൊഴിയഴകും പ്രയോഗങ്ങളും വേണ്ടുവോളമുണ്ട്. 

കുട്ടിമാളുവിന്‍റെ ജീവിത പാതയിലെ ഒരു കള്ളിമുള്ളായിരുന്നു കുഞ്ഞാപ്പൂ’’ എന്ന ഒറ്റ പ്രസ്താവനയില്‍ കുഞ്ഞാപ്പുവിന്‍റെ സ്വഭാവത്തെകുറിച്ചുള്ള ധാരണ വായനക്കാരനു ബോധ്യമാകും.  “കലത്തില്‍പിറന്ന കുരങ്ങ്” എന്നു മുദ്രകുത്തി കുഞ്ഞാപ്പൂവിനെ മരം കേറാന്‍ വിട്ടിരിക്കയാണ് . എന്നിങ്ങനെയുള്ള പ്രസ്താവനകളും ഒട്ടനവധിയുണ്ട്‌. കഥാപാത്രങ്ങളുടെ ഇരട്ടപേരുകള്‍ മറ്റൊരു നോവലിലും ഇത്രയ്ക്കും കാണാന്‍കഴിയില്ല. ദേശത്തെ എല്ലാ ആളുകളും ഇരട്ടപേരുകളിലാണ് അറിയപ്പെടുന്നത് അത് അവരുടെ വ്യക്തിത്വത്തിന്‍റെ അടയാളങ്ങളുമാണ്. കുഞ്ഞാപ്പുവിന്‍റെ പട്ടാളവീരക്കഥകള്‍ കേള്‍ക്കുമ്പോഴും , സാമാന്യം ഭേദപ്പെട്ട വീടുകളിലൊക്കെ പ്രാതലിന്‍റെയും ഉച്ചയൂണിന്‍റെയും നേരം നോക്കി തെണ്ടിതിന്നുകൊണ്ട്‌ ജീവിക്കുകയും നാട്ടിലെ പ്രധാനപ്പെട്ട സംഭവങ്ങളിലൊക്കെ പ്രമാണിയായികൂടി ആളുകളെ പറ്റിക്കുന്ന കിട്ടന്‍ റൈറ്ററെയും വായിക്കുമ്പോള്‍ നാമൊക്കെ അങ്ങിനെയുള്ള ചിലരെ കണ്ടിട്ടുള്ളതയുള്ളതായും അനുഭവഭേദ്യമാകുന്നു. സ്ഥാനം തെറ്റിച്ച അക്ഷരങ്ങള്‍ കൊണ്ടുള്ള മറിച്ചു ചൊല്ലലും സപ്പര്‍സര്‍ക്കീട്ടുകളും. നാട്ടില്‍ നടക്കുന്ന അസാന്മാര്‍ഗ്ഗിക നേരമ്പോക്കുകളും തോന്ന്യാസ പരിഹാസപ്പാട്ടുകളും തുടങ്ങി എന്തെല്ലാം വിക്രിയകളാണ് ഈ കഥാകാരന്‍ നമുക്ക് കാണിച്ചുതരുന്നത്. ഈര്‍ച്ചക്കാരന്‍ വേലുവിന്‍റെ ഭാര്യഉണ്ണൂലിയും ചെത്തുകാരന്‍ കോതയുടെ ഭാര്യയും തമ്മിലുള്ള ശണ്ഠയും അസഭ്യവര്‍ത്തമാനങ്ങളും കോളനിയിലെ യഥാര്‍ത്ഥ മുഖങ്ങളെ അനാവരണം ചെയ്യുന്നുണ്ട്. അത്യാവശ്യം കവിതയെഴുത്തും കഥയെഴുത്തും തുടങ്ങിയ നാളുകളില്‍ അവയൊക്കെ പ്രസിദ്ധീകരിച്ചുകാണാനുള്ള ആഗ്രഹ സഫലീകരണത്തിനു വേണ്ടി സമീപിച്ച മാസികകളുടെ പത്രാധിപരില്‍ നിന്നുമൊക്കെ നേരിടേണ്ടിവന്ന പുച്ഛവും നിന്ദ്യവുമായ പരിഹാസങ്ങളും ശ്രീധരനിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നു. തുടക്കത്തിലെ ഒരു എഴുത്തുകാരന്‍ നേരിടേണ്ടി വരുന്ന ദുരോഗ്യത്തെയാണ്‌ ഇതിലൂടെ അദ്ദേഹം പ്രകടിപ്പിക്കുന്നത്. 
കഥാകൃത്തായ വിരിപ്പില്‍ ഇബ്രാഹിമെന്ന വലിയ സാഹിത്യകാരന്‍റെ വീട്ടില്‍ ചെല്ലുന്ന ശ്രീധരന്‍ കാണുന്നത് പലഗ്രന്ഥങ്ങളില്‍ നിന്നും പകര്‍ത്തി വച്ച കുറിപ്പുകളാണ്. അയാളൊരു കഥ രചിക്കുന്നത്‌ പലകഥയില്‍ നിന്നും കോപ്പിയടിച്ചെടുത്ത വാചകങ്ങള്‍ കൊണ്ടാണ്. ‘അന്യരുടെ തുണികക്ഷണങ്ങള്‍ കൊണ്ടു തുന്നിയുണ്ടാക്കിയ കുപ്പായമെന്നാണ്’’ കഥാകാരന്‍ അതിനെപറ്റി പരിഹസിക്കുന്നത്. ഒട്ടനവധി വികാര മുഹൂര്‍ത്തങ്ങള്‍ നേരിടേണ്ടി വരുന്നു കഥയുടെ പലഭാഗങ്ങളിലൂടെയും കടന്നുപോകുമ്പോള്‍. ചിലപ്പോള്‍ ചിരിയും സന്തോഷവും ; മറ്റുചിലപ്പോള്‍ ഒരു നൊമ്പരപ്പാടും കണ്ണീരും സൃഷ്ടിച്ച് ഈ ദേശത്തിലെ ഓരോ ആളുകളും നമ്മോടൊപ്പം സഞ്ചരിക്കുകയാണ്.  

അസ്വസ്ഥതകളുടെയും അല്‍പ്പ പ്രസരിപ്പുകളുടെയും മൂകതയുടെയും സ്വപ്നസങ്കല്‍പ്പങ്ങളുടെയും ഇടയിലൂടെ ശ്രീധരന്‍റെ ജീവിതം മുന്നോട്ടുപോകവെ അപ്രതീക്ഷിതമായുണ്ടായ ചില സംഭവങ്ങള്‍ അയാളുടെ ജീവിതത്തെ മാറ്റി മറിക്കുകയാണ്. കൃഷ്ണന്‍ മാസ്ടരുടെ മരണവും കന്നിപ്പറമ്പിന്‍റെ തകര്‍ച്ചയും വീട്ടുമുതല്‍ വരെ വീതം വയ്ക്കേണ്ടി വരുന്ന ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കു സാക്ഷിയാകേണ്ടിവരുന്ന ശ്രീധരന്‍ അതിരാണിപ്പാടത്തോട് വിടപറയുകയാണ്. ഒരുകാലത്ത് ശോഭിച്ചു നിന്നിരുന്ന കന്നിപ്പറമ്പിന്‍റെ പതനം നമ്മെ വേദനിപ്പിക്കുകയും ചെയ്യുന്നു. ശ്രീധരന്‍റെ ഭാവി ജീവിതത്തിനു നേര്‍വഴികാട്ടാന്‍ മുന്നോട്ടുള്ള പ്രയാണത്തിനു ആകെ കൂടി ശ്രീധരന്‍ കൈവശപ്പെടുത്തിയത് സത്യത്തെയും നന്മയേയും മാത്രം ദര്‍ശിച്ച കൃഷ്ണന്‍മാസ്ടരുടെ കണ്ണടയും പിന്നെ താന്‍ ഒരുപാടു സ്നേഹിച്ചിരുന്ന തന്‍റെ അമ്മുക്കുട്ടിയുടെ കണ്ണീരു വീണു നനഞ്ഞ , പരിശുദ്ധ കരസ്പര്‍ശമേറ്റ കടലാസ്സു തുണ്ടുകളുമാണ്. പ്രാണന്‍ പിടയ്ക്കുന്ന പ്രണയഗീതകങ്ങള്‍ കുറിച്ചിട്ട കടല്ലാസ്സുകള്‍, വിശാലമായ ഒരു ലോകം തേടി അതിരാണിപ്പാടത്തോടു വിട ചൊല്ലി നടന്നകന്ന ശ്രീധരന്‍റെ യാത്ര അതിരുകള്‍ക്കപ്പുറത്തേയ്ക്കായിരുന്നു. ഒടുവില്‍ ലോക സഞ്ചാരം കഴിഞ്ഞ് വീണ്ടും അതിരാണിപ്പാടത്തെത്തുമ്പോള്‍ കാലം കടന്നുപോയിരുന്നു. പഴയ ഓര്‍മ്മകള്‍ ശ്രീധരനെ വീണ്ടും തൊട്ടുണര്‍ത്തുന്നു. വേലുമൂപ്പരുടെ ഗൃഹത്തിലെ ആര്‍ക്കും വേണ്ടാത്ത ചീന പാത്രം ശ്രീധരന് അമൂല്യ വസ്തുവായി മാറുന്നു. അതിരാണിപ്പാടത്തെ പുതിയ തലമുറയെ കണ്ട് അതിക്രമിച്ചു കടന്നതിനു ക്ഷമ ചോദിക്കുന്ന ശ്രീധരന്‍ അതിരാണിപ്പാടമെന്ന മഹാദേശത്ത് വസിച്ചിരുന്ന ഒട്ടേറെ ചരിത്ര സത്യങ്ങള്‍ക്കു സാക്ഷിയാകേണ്ടിവന്ന കാര്യത്തെ ദുഃഖത്തോടെ മനപൂര്‍വം വിസ്മരിച്ചുകൊണ്ടാണ്, താന്‍ പഴയ കൗതുക വസ്തുക്കള്‍ തേടി നടക്കുന്ന ഒരു പരദേശിയാണെന്ന് സ്വയം വിമര്‍ശിക്കുന്നത്. ഒരു ദേശത്തിന്‍റെ ചരിത്രം മനോഹരമായ നിറച്ചാര്‍ത്തുകള്‍കൊണ്ടു അണിയിച്ചൊരുക്കിയ ഈ മനുഷ്യ സ്നേഹിയുടെ ദേശത്തിന്‍റെ കഥ വായിച്ചില്ലെങ്കില്‍ അതൊരു തീരാനഷ്ടത്തിന്‍റെ ദുഃഖമാണ് നല്‍കുക.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here