പാർത്ഥചരിതം

3
514
Rajeesh Olavippalam 1200

കഥ
രജീഷ് ഒളവിലം

കാലിലെ നീറ്റൽ കൂടി വരുന്നതുപോലെ,
“ജീവനുംകൊണ്ട് ഓടിരക്ഷപ്പെടുമ്പോൾ വഴിയിലെ കൂർത്ത കല്ലുകൾ ഞാൻ കണ്ടിരുന്നില്ല. അമാനുഷിക സിദ്ധികളുള്ള ഷേക്സ്‌പിയർ കഥാപാത്രം പോലെ കുഴികൾ ചാടിക്കടക്കാനും കുത്തിയൊഴുകുന്ന പുഴ നീന്തിക്കടക്കുവാനും എനിക്ക് സാധിച്ചിരുന്നു”. നാട്ടിലെ കാറ്റ് ചെറുതായി വീശിത്തുടങ്ങിയ കാട്ടിലെ ഒരിടം, മണിയന്റെ ഭാഷയിൽ പറഞ്ഞാൽ മുളംകീറിലൂടെ എത്തിനോക്കുന്ന വിദൂര വികസനം.
“ന്നിട്ടാണോ മാഷേ കാലും കുത്തിക്കീറി
ചത്തുമലച്ചപോലെ എൻ്റെ കുടിയിലിങ്ങനെ
കെടക്കണത്” കാട്ടരുവിയിലെ ഉരുളങ്കല്ലുകളിൽ തട്ടി ചിതറിത്തെറിക്കുന്ന ശബ്ദമാണവൾക്ക്. പൂവിടാറായ കാപ്പിമരംപോലെ ഇളം പ്രായവും
സുഗന്ധി പൊട്ടിച്ചിരിച്ചുകൊണ്ടു കയ്യിലെ റാക്ക്കുപ്പി അപ്പുവിനുനേരെ നീട്ടി.
അവളുടെ പൊക്കിൾക്കുഴിയിലേക്ക് ഒഴുകിയിറങ്ങിയ വെങ്കലവിയർപ്പുതുള്ളിയിൽനിന്നും കണ്ണെടുക്കാതെ അവനാ കുപ്പി വായിലേക്ക് കമിഴ്ത്തി. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും തികച്ചും പ്രാകൃതമായ അവളുടെ വേഷം അവിടെയെത്തിയനാൾ മുതൽ അവനൊരു കൗതുകമായിരുന്നു. അടൂരിന്റെ ചില സിനിമകളെ അനുസ്മരിപ്പിക്കുന്ന മുലക്കച്ചയും ഒറ്റമുണ്ടും. കറുപ്പുടലിൽ കറുപ്പുടുപ്പ് ആ ഊരിന്റെ പൈതൃകം വിളിച്ചോതിക്കൊണ്ടിരുന്നു.
“അതുപിന്നെ കാടിളക്കി വന്ന ആ കാട്ടുപന്നിയുടെ തേറ്റ കൃത്യമായി എന്റെ കാലിൽത്തന്നെ ഉന്നംപിടിക്കുമെന്ന് എനിക്കറിയില്ലാലോ,” കുന്തമെറിഞ്ഞു ഇരപിടിക്കാനുള്ള മണിയന്റെ കഴിവ് പന്നിതേറ്റയുടെ പ്രയാണത്തിന് കാലിൽനിന്നും നെഞ്ചിലേക്കുള്ള ദൂരം കുറച്ചു എന്നതാണ് സത്യം
“പൊന്ന് മാഷേ അകായില് ബെഷം കൊണ്ട്നടക്ക്ന്ന രണ്ട് കാലൊള്ള മൃഗങ്ങളിൽ നിന്നും രക്ഷപ്പെട്ട് കാടുകയറിയ ങ്ങക്ക് ഒരു പാവം പന്നിയിൽനിന്നും രക്ഷപ്പെടാൻ പറ്റില്ലാലോ” ആർത്തിയോടെ നാവുനീട്ടി  ദാഹംതീർക്കാനൊരുങ്ങിയ പോക്കിൾച്ചുഴിയെ നിരാശയിലാഴ്ത്തിക്കൊണ്ട് അവളാ വിയർപ്പുതുള്ളിയെ തട്ടിക്കളഞ്ഞു. ഉള്ളിലേക്കരിച്ചിറങ്ങിയ റാക്ക് വേദനയുടെ പടയാളികളെ വെട്ടിവീഴ്ത്തിക്കൊണ്ടിരുന്നു. “മണിയൻ ബന്നില്ലേല് കാണേനും നാട്ടിലെ ചെക്കന്റെ പന്നികുത്തിയ കോലം” കാറ്റിനൊപ്പം കൈകൊട്ടിക്കളിക്കുന്ന  ‘മുള’ക്കുഞ്ഞുങ്ങളുടെ കലപിലപോലെ അവൾ പിന്നേം ചിരിച്ചു. “മണിയനൊരു യോദ്ധാവാണ് പെണ്ണേ, നിന്റപ്പൻ നിനക്കായ് കണ്ടുവച്ച ചെറുക്കനെന്തായാലും കൊള്ളാം. നിനക്ക് പറ്റിയവൻ തന്നെ.” മണിയനെക്കുറിച്ചുള്ള അപ്പുവിന്റെ പുകഴ്ത്തൽ നന്നായി ബോധിച്ചിട്ടെന്നോണം അവൾ നാണംകൊണ്ടു തലകുമ്പിട്ടു. നേരംപുലർച്ചേ കുന്നിന്റെ നെറുകയിൽ സൂര്യൻ തൊട്ടുകൊടുത്ത സിന്ദൂരംപോലെ അവളുടെ മുഖം വർണ്ണാഭമായി. “ന്നിട്ട് പാർത്ഥനെന്തുപറ്റി, അയാളെ ചാവാൻ ബിട്ടിട്ട് ഓടിരക്ഷപ്പെട്ടത് മോശായി” പാതിയിൽനിർത്തിയ കഥയുടെ ബാക്കി കേൾക്കാനായി അവൾ തിടുക്കംകൂട്ടി ഒപ്പം അപ്പുവിനെ കാട്ടിലേക്കെത്തിച്ച പാർത്ഥനുവേണ്ടിയും അവൾ വിലപിച്ചു,
“ദുശ്ശാസനന് മറ്റൊരു വിധിയില്ല”
“അയാൾ പാർത്ഥൻ ആന്നല്ലേ പറഞ്ഞേ..?”
“അതെ സവ്യസാചിയാണയാൾ”
“ഇതേതാപ്പാ പുതിയാള്..?”
“കാട്ടുപെണ്ണിനെന്ത് സവ്യസാചി..?”
കുപ്പിയിലെ ബാക്കി നുണഞ്ഞിറക്കി അവൻ പൊട്ടിചിച്ചിരിച്ചു.
പാർത്ഥന്റെ വീട്ടിലേക്കുള്ള വഴി പതിവിലും കാടുകയറിയിരിക്കുന്നു, ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന മീശപ്പുല്ലുകൾ തലയിൽതൊട്ടു അനുഗ്രഹം വർഷിച്ചുകൊണ്ടിരുന്നു. എന്നിരുന്നാലും എനിക്ക് അതൊക്കെയും സുപരിചിതമാണ്.  “അപ്പൂ ഇങ്ങനെ പണം മാത്രം കിട്ടിയാൽ എല്ലാമാവുമോ..? മൂന്നുമാസംപോലും പ്രായമാവാത്ത മോനെയെങ്കിലും ഒന്നു കാണാൻ വരണമെന്നുപറയണം പാർത്ഥനോട്” പാർത്ഥൻ തന്നുവിട്ട പണം എന്റെ കയ്യിൽനിന്നും വാങ്ങി ബ്രായ്ക്കുള്ളിൽ തിരുകിക്കൊണ്ട് അവന്റെ ധർമ്മപത്നി പരിഭവങ്ങളുടെ കെട്ടഴിച്ചുവിട്ടു. വിശപ്പുകൊണ്ടാവണം അരയിലിരുന്ന കുഞ്ഞ് അവരുടെ മുല കടിച്ചുനോവിക്കുന്നുണ്ടായിരുന്നു. “ആ എരണം കെട്ടവനോട് ഇനിയിങ്ങോട്ട് വരണ്ടാന്ന് പറഞ്ഞെക്ക്, പരിപാടീന്നും പറഞ്ഞു പോയാല് പിന്നെ വീടും കുടുംബോം നോക്കണ്ടാലോ.” ജാനകിയമ്മ പതിവ്തെറ്റിക്കാതെ പാർത്ഥൻ എന്ന വിഷവിത്ത് തന്റെ വയറ്റിൽ കുരുത്തല്ലോ എന്ന പല്ലവി ആവർത്തിച്ചു. അവനൊപ്പം കൂടിയത് മുതൽ ഇങ്ങനെ എത്രയെത്ര പഴികേൾക്കേണ്ടി വന്നിരിക്കുന്നു. രണ്ടുപേർക്കും ഓരോ പുഞ്ചിരി മാത്രം സമ്മാനിച്ചു കൊണ്ട് ഞാൻ അവിടം വിട്ടിറങ്ങി. കാറ്റ് മുളകളിൽ തലോടി ചൂളം വിളിക്കുന്നുണ്ട് കാർമേഘത്തിന്റെ കരിമ്പടം പുതച്ച ആകാശം ഇപ്പൊ കരഞ്ഞേക്കുമെന്നു തോന്നി.
“ഈ കലാകാരന്മാരൊക്കെ ഇങ്ങനാണോ..?”
“എങ്ങനെ..?”
“പാർത്ഥനെപ്പോലെ..?”
“ചിലരൊക്കെ”
“അപ്പുവോ..?”
“ചിലപ്പോഴൊക്കെ”
അപ്പുവിൽ നിന്നും അങ്ങനൊരു ഉത്തരം പ്രതീക്ഷിച്ചിരുന്നില്ല എന്ന് സുഗന്ധിയുടെ മുഖത്തു വീണ കരിനിഴൽ വിളിച്ചുപറഞ്ഞു. “കുടുംബം നോക്കാത്തോരെ ഏന് പുടിക്കൂല്ല”
“എനിക്കും”
ഉടക്കി നിന്ന നോട്ടങ്ങളിൽ നിന്നും പടർന്ന അജ്ഞാതമായ ഏതോ ഭാവം പരിണമിച്ചു പരിണമിച്ചു ഒരു പൊട്ടിച്ചിരിയായി മാറി….. കുടിലിനുപുറത്ത് കലപില ശബ്ദങ്ങൾ, മണിയനും ചങ്ങാതിമാരുമാണ്. ദൂരെകേട്ട വർത്തമാനം കുടിലിന്റെ വാതിൽക്കലെത്തി നിന്നു. “തേനെടുക്കാൻ പോണ്, സുഗന്ധി ബരണാ..?” കരിമ്പാറകണക്കെ ഉറച്ച നെഞ്ച് ഉയർത്തിപ്പിടിച്ചുകൊണ്ട് മുഖത്തെ പേശികൾ ഒട്ടുംതന്നെ അയഞ്ഞുപോവാതെ ഗൗരവത്തിൽ തന്നെയാണ് അവന്റെ ചോദ്യം
“ഏനില്ല നിങ്ങ പോ..”
അവന്റെ മുഖം കൂടുതൽ കറുത്തതിൽനിന്നും ആ മറുപടിയിലെ ഇഷ്ട്ടക്കേട് ഒരു പുസ്ത്തകത്തിലേതെന്നപോലെ അപ്പു വായിച്ചെടുത്തു. നാട്ടിൽനിന്നും വന്നവനാണ് കാട്ടിലെ നിയമങ്ങൾ അറിയാത്തവൻ, നമ്പാൻ കൊള്ളില്ലാത്തവൻ, അതോണ്ട് ഏതുനേരവും ഇങ്ങനെ കൂടെയിരിക്കണമെന്നില്ല എന്ന ശാസനയാണ് അവസാനം അവർക്ക്മാത്രം മനസ്സിലാവുന്ന ഭാഷയിൽ മണിയൻ പറഞ്ഞതെന്നും അപ്പു അനായാസമായി ഊഹിച്ചെടുത്തു. “ഏനെ നോക്കാൻ ഏനറിയാം”  ആ മറുപടിയിൽ അവന്റെ ഊഹത്തെ അവൻ ഒന്നൂടെ ഉറപ്പിച്ചു. മൂളങ്കുറ്റികളും അനുബന്ധ സാമഗ്രികളുമെടുത്തു മണിയനും സംഘവും തേൻ വേട്ടയ്ക്ക് പുറപ്പെട്ടു.
“ഓലെന്തിനാ ഇങ്ങളെ കൊല്ലാൻ നോക്കിയേ..?”
“അതൊരു വല്യ കഥയാ കുട്ടീ”
“ന്ത്..?”
“ഒരു പരിണയത്തിൻ കഥ”
“പാർവതീ പരിണയാ..?
ചിരിയിലൊരിത്തി കുസൃതി, കഥകേൾക്കാൻ സുഗന്ധി തിടുക്കംകൂട്ടി.
“പരമശിവനതാവാം.. അതിൽ ന്യായോണ്ട്,
എന്നുവച്ച് നങ്യേമക്കുട്ടിയെ പരിണയിക്കാൻ
ഓതിക്കന് പാടില്ലാലോ..?”
“ങേ, അതെല്ലാം ആരാ..?”
“ഒളപ്പമണ്ണ പെറ്റിട്ടതുങ്ങളാ……”
വെളിയിലപ്പുറത്തുവീണ വെള്ളംകണക്കെ പറഞ്ഞതൊക്കെ മണ്ണിൽപ്പോയീന്നു സുഗന്ധിയുടെ മുഖം കണ്ടാലറിയാം.
“ഇങ്ങള് കഥ പറ”
“പറയാം”
കന്നിനടപ്പാലവും, താഴെ ചിറകുവിരിച്ചു പറക്കുന്ന പാടശേഖരവും കണ്ടാൽ ഏതോ ചിത്രകാരൻ പച്ചയും മഞ്ഞയും ചുവപ്പും ചേർത്ത് കോറിയിട്ട ഒരു ഭാവനാ ചിത്രമാണെന്നെ തോന്നുകയുള്ളൂ. ഗ്രാമഭംഗിയെ കണ്ണുകളിലെന്നപോലെ കേമറയിലും പകർത്താൻ ഞാനും പാർത്ഥനും ഒരുപോലെ മത്സരിച്ചു…
“തിരുവള്ളൂരെ ഉത്സവോന്നുവച്ചാൽ ഈ നാടിന്റെ ആഘോഷമാണ്, ഇത്തവണ ഗാനമേളയും നാടകവും വേണ്ടാന്ന് വച്ച് ഇവിടുള്ള കുട്ടികളെത്തന്നെ പങ്കെടുപ്പിചോണ്ട് ഒരു മെഗാഷോ നടത്തണം എന്നത് സത്യത്തിൽ എന്റെ ഒറ്റ വാശിയാ” സംഘാടക സമിതി സെക്രട്ടറി മഹേഷിന്റെ വാക്കുകളിൽ പൂർണ്ണവളർച്ചയെത്തിയ ഒരു സംഘാടകൻ ഉണ്ടായിരുന്നു. യുവജനപ്രസ്ഥാനത്തിന്റെ യുവനേതാവെന്ന നിലയിൽ അയാൾ ഗ്രാമത്തിൽ ജനസമ്മതനും ആയിരുന്നല്ലോ. “പതിനാറിൽ താഴെയുള്ള ഇരുപത്‌ പെൺകുട്ടികളും അതേ പ്രായത്തിൽ അഞ്ചോ ആറോ ആൺകുട്ടികളുമുണ്ട്, പാട്ടും ഡാൻസും നാടകവും ഒരുപോലെ വഴങ്ങുന്ന പാർത്ഥന് എന്തായാലും ഈ പരിപാടി വിജയിപ്പിക്കാൻ കഴിയും, എനിക്കത് ഉറപ്പുണ്ട്” മഹേഷിന്റെ വാക്കുകളിലെ ആത്മവിശ്വാസം പാർത്ഥനിലൂടെ എന്നിലേക്കും നുരഞ്ഞു കയറി. കുടിലിന് പുറത്തെ ആളനക്കം കേട്ട് സുഗന്ധി കഥയിൽനിന്നിറങ്ങി കതക്‌ലക്ഷ്യമാക്കി നടന്നു. “മോളെ സുഗന്ധി മുളങ്കുറ്റിയില് ബച്ച മരുന്ന്കാട്ട്, ചേനന്റെ എളേന് വല്ലാണ്ടായിന്. ചർത്തിച്ചു ചർത്തിച്ചു കൊയകെട്ടിനാപെണ്ണ്” മൂപ്പനാണ്, സുഗന്ധിയുടെ അപ്പൻ. അയാള് തന്നെയാണ് ഊരിലെ ഡോക്ടറും ആസ്പത്രീയും. “റിസോർട്ടിലെ അടിച്ചുതളി പണിക്ക് പതിനാല്  തികയാത്ത നീലിപ്പെണ്ണിനെ പറഞ്ഞയക്കണ്ടാന്ന് ഏനും അപ്പനും, മണിയനും പറഞ്ഞതാ..  വിദേശി കള്ള് കിട്ടിയപ്പോ ചേനനത് കേട്ടില്ല.. ഇപ്പൊ ഉള്ളിലെ വിത്ത് കരിക്കാൻ അപ്പന്റെ മരുന്നെന്നെ ബെണോലും”
“മണിയൻ ബന്നാല് ചേനന്റെ കുടീലോട്ട് ബരാൻ പറ, ഏനെക്കൊണ്ട് പറ്റൂല്ലേങ്കി പട്ടണത്തിലെ ആശൂത്രില് കൊണ്ടോണം”
സുഗന്ധി കടുപ്പിച്ചൊന്നു പല്ലിറുമ്മി. മുളങ്കുറ്റി തോളിൽ തൂക്കി മൂപ്പൻ മുളകൾക്കിടയിലൂടെ നടന്ന് മറഞ്ഞു.
“കാലില് നോവുണ്ടാ…?”
“റാക്കിന് വീര്യമുണ്ട്”
“ന്നാ ബാക്കി പറ”
“ഉം” അപ്പു ഇരുത്തിയൊന്ന് മൂളി.
മഹേഷിന്റെ പെങ്ങളായതോണ്ട് മായയ്ക്ക് ഒരു പ്രത്യേക പരിഗണനയുണ്ടായിരുന്നു.
അതോണ്ട് തന്നെ മിക്ക ഡാൻസിലും നടുക്ക് ആ കുട്ടിയാണ്.
“മായക്കുട്ടി കാണാനെങ്ങനെ, ചേലുണ്ടാ..?”
“നിന്റത്രേം ഇല്ല പെണ്ണേ”
സുഗന്ധിയുടെ കണ്ണുകൾ താമരമൊട്ടുപോലെ കൂമ്പുന്നത് ഒരു കള്ളച്ചിരിയോടെ അവൻ നോക്കി നിന്നു.
“ന്നിട്ട്..?”
“എനിക്കൊന്നു മൂത്രമൊഴിക്കണം”
സുഗന്ധിയുടെ ചുമലിൽ താങ്ങി വേച്ചു വേച്ചു നടക്കുമ്പോൾ പണ്ടെങ്ങോ നഷ്ടമായ ഒരു ഗന്ധം അവനിലേക്ക് ആഴ്ന്നിറങ്ങി… സുഗന്ധി, പേരുപോലെത്തന്നെ എന്തൊരു ഗന്ധമാണവൾക്ക്. പേരറിയാത്ത ഏതോ ഒരു കാട്ടുപൂവിന്റെ ഗന്ധം. രാജഹംസമേ എന്ന ഗാനത്തിന് കുടകൾ വച്ചൊരു പുതിയ കൊറിയോഗ്രാഫിയാണ് പാർത്ഥൻ പരീക്ഷിച്ചത്. കുടചൂടിക്കൊണ്ട് നൃത്തച്ചുവടുകൾ പറഞ്ഞുകൊടുക്കുന്നതിനിടെ കുഞ്ഞുമുലഞെട്ടുകൾ ഞെരിക്കപ്പെട്ടപ്പോഴാണ് മായയ്ക്ക് പാർത്ഥനോട് ആദ്യമായി പ്രണയം തോന്നിയത്. പാർത്ഥന്റെ ആ കലാപരിപാടിക്ക് ആൺ കൂട്ടത്തിലെ മൂത്തചെക്കൻ സെന്തിൽ സാക്ഷിയായിരുന്നുവെന്നതിന് എനിക്കും സാക്ഷിയാവേണ്ടി വന്നു.
“അങ്ങനെ പ്രെമോണ്ടാവോ”
അവളുടെ സംശയം ന്യായമാണ്. ബുദ്ധിയുറക്കാത്ത പ്രായത്തിൽ പ്രേമത്തിനും കാമത്തിനും ഒരേയർത്ഥമാണെന്നത് അവളെയെങ്ങനെ പറഞ്ഞു മനസ്സിലാക്കും.
“ഉം” ഉത്തരം അവനൊരു മൂളലിൽ ഒതുക്കി
കഥയിലേക്ക് ആഴ്ന്നിറങ്ങിയ സുഗന്ധി അപ്പുവിലേക്ക് ഒന്നൂടെ ചേർന്നിരുന്നു. പുറത്തെ വന്മരപ്പൊത്തിലിരുന്ന് കാലൻകോഴി
തന്റെ ഇണയെ കൂവിവിളിച്ചു. മാനം പുതച്ച കാർമേഘ കമ്പിളി തുള്ളികളായ്‌ പൊഴിഞ്ഞു വീണു, കൊള്ളിയാൻവെട്ടത്തിലവ കൂട്ടത്തോടെ മിന്നിത്തിളങ്ങി.
“ന്നിട്ടാ ചെക്കൻ കൊയപ്പാക്കിയാ..?”
“വായനശാലയിലെ അലമാരക്ക് പിറകിൽ കെട്ടുപിണഞ്ഞുകിടക്കുന്ന ഇണസർപ്പങ്ങളെ കാണുന്നതുവരെ, ഇല്ല”
കുപ്പിയിലെ റാക്ക് അവനെയെന്നപോലെ കഥയിലെ രതി അവളെയും ഉന്മത്തയാക്കി
“അപ്പൊ മഹേഷ്..?”
“അറിഞ്ഞു”
മുളം കൂട്ടത്തിന്റെ ചൂളംവിളികൾക്കിടയിൽ ചേന്നന്റെ കുടിലിൽ നിന്നും കൂട്ടനിലവിളി ഉയർന്നു കേട്ടു, അങ്ങോട്ടേക്ക് പോവാനൊരുങ്ങിയ സുഗന്ധിയെ അവൻ തടഞ്ഞു നിർത്തി
“ബാക്കി കേൾക്കണ്ടേ..?”
“പറ”
നാട്ടിലാകെ സംസാരവിഷയമായി പരിപാടി നടത്തണ്ട എന്ന് തീരുമാനിച്ച് കമ്മറ്റി ഉത്തരവിറക്കി. അടുത്ത നാൾ തിരുവള്ളൂരപ്പന്റെ തിരുനടയിൽ വച്ച് പതിനാറിന്റെ കഴുത്തിൽ മുപ്പത്തഞ്ച് താലിച്ചരട് കെട്ടി,
“ഓല് മങ്ങലം കയിച്ചാ..?”
“എന്ന് പറയപ്പെടുന്നു”
“അപ്പൊ പാർത്ഥന്റെ ഓളും കുട്ടിയും..?”
” അങ്ങുദൂരെ മീശപ്പുല്ലുകൾക്കപ്പുറം ഒരു മൂന്നരമാസ്സക്കാരൻ വാവിട്ടു കരയുന്നുണ്ടായിരുന്നു.”
‘നങ്യേമക്കുട്ടിയെ പരിണയിക്കാൻ ഓതിക്കനു പാടില്ലാലോ’
“ഇത്രോക്കെ ഇണ്ടായിട്ട് ഇങ്ങളതൊക്കെ കണ്ടുനിന്നാ..?”
“അന്നായിരുന്നു ഞാൻ പണവുംകൊണ്ടു അവന്റെ വീട്ടിൽ പോയിരുന്നത്”
“അപ്പൊ പാർത്ഥനെ ഓല്…?”
“അറിയില്ല”
“ഇങ്ങളോ..?”
“രാത്രി തിരിച്ചെത്തിയ ഞാൻ കണ്ടു.
ആ നാടുതന്നെ ഇളകിയിരുന്നു, ചെറുതും വലുതും വ്യത്യാസമില്ലാതെ അവർ കൂട്ടത്തോടെ എന്റെ ജീവനെടുക്കാൻ കുതിച്ചുപായുന്നത്”
“അയിന് ഇങ്ങളൊന്നും ചെയ്തില്ലാലോ..?”
“അവരുടെ കോടതിയിൽ കൂട്ടുപ്രതിക്കും തുല്യ ശിക്ഷയാവണം”
“ഈടെ പെണ്ണ് ഇരയോ, പ്രതിയോ..?”
“പാർത്ഥന്മാർ ഉള്ളിടത്തോളം ഇരകൾ പ്രതികളാവും, പ്രണയത്തിനും കാമത്തിനുമിടയിൽപ്പെട്ട് പെൺജീവിതങ്ങൾ
കാലിടറി വീഴും”
“അങ്ങനെ ഇങ്ങള് രക്ഷപ്പെട്ടു ല്ലേ..?”
“റോഡ് തീരുവോളം വണ്ടിയോടിച്ചു,
പിന്നെ ഓടി, ജീവനോളം വലുതല്ലാലോ മറ്റൊന്നും. കണ്ണ് തുറന്നപ്പോ മൂപ്പന്റെ മടിയിലാണ്” മേൽക്കൂരയിലെ ഓലമടലും ടാർപ്പോളിനും വകഞ്ഞുമാറ്റി മഴ കുടിലിനെ കീഴടക്കാൻ തുടങ്ങി, കാറ്റിൽ ഉലഞ്ഞ വിളക്ക് കണ്ണടച്ചു മാറിയിരുന്നു,  കയ്യിൽ കിട്ടിയ പാളമുറമെടുത്ത് സുഗന്ധി അപ്പുവിന്റെ തലയിൽ ചൂടിച്ച് ചേർന്നിരുന്നു. കാട്ടുപൂവിന്റെ ഗന്ധം റാക്കുമായ് ചേർന്ന് അവനെ ഉന്മാദിയാക്കി. “ഇങ്ങക്കിപ്പോ ഏൻ ഇന്നോളം കാണാത്ത പാർത്ഥന്റെ മുഖമാണ്” വന്മരത്തിലേക്ക് ചുറ്റിക്കയറുന്ന വള്ളിപോലെ അവനിലേക്ക് പടർന്നുകയറിക്കൊണ്ടാണ്‌ അവളത് പറഞ്ഞത്. മുറത്തിന്റെ ഇത്തിരിവട്ടത്തിൽ അവളെ ചേർത്തുപിടിച്ച് അവൻ തന്നിലേക്കടുപ്പിച്ചു. പാതിതുറന്ന വാതിലിന് ഇപ്പുറത്ത് മണിയനും അപ്പുറത്ത് മൂപ്പനും, ചേന്നനും നിൽപ്പുണ്ടെന്ന് ഒരു കൊള്ളിയാൻ വന്ന് അവർക്ക് കാട്ടിക്കൊടുത്തു. “നീലിക്ക് ചെതയൊരുക്കണം” ചേന്നൻ കരഞ്ഞുകൊണ്ടോടി.  മുളങ്കുറ്റിയിലെ മരുന്ന് തറയിലൂടെ പരന്നൊഴുകി. മണിയന്റെ കയ്യിലെ കുന്തമുന പന്നിതേറ്റ കണക്കെ തിളങ്ങി. മുറത്തിനകത്തു ‘മഴ’ നേർത്തു നേർത്തു നിലച്ചു. പുറത്തേ മഴയിൽ തേറ്റയിൽ കൊളുത്തിയ തീപ്പന്തങ്ങളുമായി കുടില് ലക്ഷ്യമാക്കി കുതിച്ചുപായുന്ന കാട്ടുപന്നിക്കൂട്ടത്തെക്കണ്ട് മൂപ്പൻ നിസ്സംഗനായി പടിയിലിരുന്നു. ആകാശം ആർത്തലച്ചു പെയ്തുകൊണ്ടേയിരുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here