ജീവിതത്തെക്കുറിച്ച് പതിനഞ്ച് നാനോ കവിതകൾ

0
562

കവിത
മുനീർ അഗ്രഗാമി

1.തുടർച്ച

ആദ്യ മനുഷ്യനിൽ
എന്റെ ആദ്യത്തെ ചുവട്
അവസാന മനുഷ്യനിൽ
എന്റെ അവസാന ചുവട്
ഇവിടെ ഇപ്പോൾ ഞാൻ
കാലു വെക്കുന്നു അത്രമാത്രം.

2. അടുക്കള

തിളച്ചുമറിഞ്ഞും വെന്തും ഒടുവിൽ
അവളെത്തുമ്പോൾ ചൂടാറും
അവൻ പാകം നോക്കും
തന്റെ രുചി വേവുന്ന അടുക്കളയ്ക്ക് വേണ്ടി
അവൾക്ക് വിശക്കും

3. ഉപേക്ഷിക്കപ്പെടുമ്പോൾ

പുറന്തള്ളിയ വിരലുകളിലേക്ക് നോക്കൂ
അതിലുണ്ടാവും
ചേർത്തുപിടിച്ചതിന്റെ ചുംബന മുദ്രകൾ !

4. കൂടെ

കൂടെ എന്നത് ഒരു സമസ്യയാണ്
ഓരോ ബന്ധങ്ങളും അത് നിർദ്ധാരണം ചെയ്യാൻ ശ്രമിക്കുകയാണ്.
ഒറ്റപ്പെട്ടവരിലാണ്
അതിന്റെ ഉത്തരം

5. വ്യർത്ഥം

അകലമില്ലാത്തത്ര അടുത്തവരെ കണ്ടു.
കടലും പുഴയും പോലെ ചേർന്ന് ലയിച്ചവർ
കടൽ മാത്രം തിരയടിച്ചു.
കടലിൽ പുഴയെവിടെ എന്ന ചോദ്യം എത്ര
വ്യർത്ഥമാണ് !

6. പച്ച

എന്റെ ഇലകളിലെല്ലാം നിന്റെ പച്ച
എന്റെ തളിരിൽ നിന്റെ ഹൃദയമിടിപ്പ്
നീ തൊട്ട ചില്ലകൾക്കിനി
വേനലില്ല.

7. ഗുരു

ഗുരു പറഞ്ഞു,
ഉണ്ടാവണം
ഒരു ഭൂമി
ഒരാകാശം
ഒരു പ്രണയം മനുഷ്യന് .

8. വില്ലാളി

അമ്പേറ്റ കിളിയും
മാൻ പേടയും
എന്റെ ഹൃദയവും
നിന്റെ മുന്നിൽ വീണു പിടഞ്ഞു.
നീ വില്ലാളിയാവേണ്ട
കരുണാനിധിയായാൽ മതിയായിരുന്നു.

9. പ്രണയ സംഗീതം

ഒരുപാട്ടും പാടിത്തീരുന്നില്ല
എന്റെ വാക്കേ
നിന്റെ സംഗീതമിതാ
എടുക്കുക!

10. ദൂരം

ദൂരത്തെ കുറിച്ച് ഞാനൊരു
രഹസ്യം പറയട്ടെ
ഉപേക്ഷിക്കപ്പെട്ടവർക്കല്ലാതെ
അതിന്റെ അർത്ഥം ശരിക്ക് മനസ്സിലാവില്ല.

11. ജീവനം

നോക്കൂ ആ മഴത്തുള്ളികളെ ,
എത്ര ഉയരത്തിൽ നിന്നുമാണതിൻ പതനം
എന്നിട്ടും മറ്റൊന്നിനു ജീവജലമാകുന്നു.

12. അവൾ

സ്വന്തം ചിറകുകൾ കാണാതെ
ചിത്രശലഭത്തെ പോലെ
അവൾ ഒരു പൂവിലിരിക്കുന്നു.

13. മരത്തിന്റെ ഉപമ

ഒറ്റയാവുകയെന്നാൽ
കരുത്തേറുകയെന്നാണ്
ഒറ്റയ്ക്ക്ക്കു നിൽക്കും
മരമതു പറയുന്നു.

14 . ഏകാന്തതയുടെ വെളിച്ചം

നീ നക്ഷത്രമാവേണ്ട
മിന്നാമിനുങ്ങായാൽ മതി
എന്റെ ഏകാന്തതയുടെ
വെളിച്ചമായ് തെളിയുവാൻ

15 . യാഥാർത്ഥ്യം

ജ്വലിക്കുന്നുണ്ട്
ഉള്ളിൽ തീ വഹിക്കുന്നവളുടെ കണ്ണുകൾ
അവൾക്കൊപ്പമിരിക്കാനാവും പക്ഷേ അവളിലെത്താനാവില്ല

– മുനീർ അഗ്രഗാമി

Muneer agragami
ചിത്രീകരണം : സുബേഷ് പത്മനാഭൻ


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here