കവിത
ജസ്റ്റിൻ പി. ജയിംസ്
മരിച്ചയാളെ
കാണാനാണ്
വന്നത്.
മരിച്ചയാൾക്ക് കാണാനല്ല.
അപ്പോളയാൾ,
മരിച്ചയാൾ
തുറന്നുവെച്ച
കണ്ണുകളോടെ
തുറിച്ചുനോക്കിയാലോ
ചത്ത മദയാനയുടെ
മസ്തകത്തിലെന്നപോൽ
പുഴുവരിക്കുന്നെന്നിലും
അയാളുടെ
നോട്ടത്തെയിതാദ്യമായി
നേരിടുന്നതിനാലല്ല
നിർബാധമയാളുടെ നിസ്സഹായത
പ്രതീക്ഷിച്ചെത്തിയതിനാൽ
മാത്രം
കെട്ടിയിടപ്പെട്ട
കാൽവിരലുകളിൽ
കെട്ടിയിട്ട
നിർവ്വാഹമില്ലാത്ത
നോവിൻ നടിപ്പറിയാതെ തെറ്റി
മുഖത്തെത്തിയാൽ
പകപ്പിൽ
കണ്ണടച്ചുപോകും
കണ്ണുകൾ
അനാസ്ഥയാൽ
തിരുമ്മിയടക്കാതെ
കുത്തിയിരുന്നു കണ്ണീരൊഴുക്കും
ഉത്തരവാദിത്തപ്പെട്ടവരോടുള്ള-
രിശം
പൂപ്പലായകമേപടരും
ഇയ്യാളെന്തിനാണിങ്ങനെ
ചുഴിഞ്ഞുകേറുന്നത്?
താൻ കൊന്നയാത്മാവിനു
മോക്ഷം ലഭിക്കുവാൻ
കോർട്ടിലിറങ്ങുന്ന
സർക്കാർ വക്കീലിനെപ്പോലെ
ഉള്ളിൽ കുഴിച്ചിട്ടതെല്ലാം,
തോണ്ടിപ്പുറത്താക്കുന്നത്??
കൊല്ലമെട്ടോയെൺപതോ കഴിഞ്ഞാലും
നോട്ടങ്ങളോളം
പിന്തുടർന്നെത്തിപ്പൊതിയുന്ന
തെറിയില്ല വേറെ
അൽപ്പം
മനസ്സമാധാനത്തിനായി
വെറുതെ
ഡയറി തുറന്നപ്പോൾ
കണ്ണുരുട്ടിയ
പേജിന്റെ
കാഴ്ചകുത്തിപ്പോറാനാണീ
കവിതപോലും.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Good
കവിത നന്നായിട്ടുണ്ട് … ☺️