Homeആസ്വാദനംകടലും കച്ചവടവും കാതലും

കടലും കച്ചവടവും കാതലും

Published on

spot_img

വായന

ഡോ. കെ എസ് കൃഷ്ണകുമാർ

 

സ്നേഹിക്കാൻ മാത്രം അറിയുന്നതിനാൽ ഏറെ പറ്റിക്കപ്പെടുന്നവരുടെ ചരിത്രമാണ് മനുഷ്യജീവിതം എന്ന കഥ. അക്കൂട്ടത്തിൽ ഞാനും പെടുന്നു എന്ന സ്വബോധം ഈയിടെയായി അനുഭവങ്ങളാൽ കൂടുതൽ വളർന്നു. ഒരു പുസ്തക വായന അതിനു മറ്റൊരു കാരണവുമായി. അറബിക്കടലും അറ്റ്ലാന്റിക്കും. വായനയെ ഗൗരവമായി കാണുന്ന അഞ്ച് സുഹൃത്തുക്കൾക്ക് വിവാഹം, പരീക്ഷ വിജയം, ജന്മദിനം തുടങ്ങിയ വേളകളിൽ സമ്മാനമായി അഷറഫ് കാനാമ്പുള്ളിയുടെ ആദ്യനോവലായ ‘അറബിക്കടലും അറ്റ്ലാന്റിക്കും’ നൽകിയിരുന്നു. നോവൽ വായിച്ച എല്ലാവരും ചോദിക്കുന്നു, ഇതെഴുതിയ അഷറഫ് ഇത്ര നാളും എവിടെയായിരുന്നു ?

സിനിമയുടെയും നോവലിന്റെയും കഥ മനസ്സിലാക്കാൻ മുൻകൂർ ട്യൂഷന് പോകുന്ന ആസ്വാദകരുടെ കാലമാണിത്. പൊന്നിയിൻ സെൽവനെയാണ് ഉദ്ദേശിച്ചത്. അത്രയും ഉന്നതമായ ശ്രദ്ധയും ബുദ്ധിയും നോട്ടുബുക്കുമൊക്കെ പ്രീ റിക്യുസൈറ്റാക്കുന്ന ആസ്വാദനത്തിന്റെ രാഷ്ട്രീയത്തിന്റെ സമയത്ത് സുഗമമായ വായന സാധ്യമാകുന്ന ഒരു നോവലിന്റെ വരവ്. വായനയെന്നാൽ പഠനവും, പഠനമെന്നാൽ മാറ്റവുമാണ്. മൂല്യമുള്ളത് നമ്മളെ അടിമുടി മാറ്റിയെടുക്കും. എം ടി യുടെ മഞ്ഞ് ഒരു ഉദാഹരണമാണ്. മഞ്ഞ് എന്ന വാക്ക് കേൾക്കുമ്പോഴേ നൈനിത്താൾ നമ്മുടെ മനസ്സിൽ തെളിയും. ഇനി കടൽ, അറബിക്കടൽ എന്നു പറയുമ്പോൾ, ഓർക്കുമ്പോൾ അഷറഫ് കാനാമ്പുള്ളിയെന്ന നോവലിസ്റ്റ് മനസ്സിലേക്ക് തിരയടിച്ചു വരും. ഇനി കടൽ കാണുമ്പോൾ അറബിക്കടലും അറ്റ്ലാന്റിക്കുമെന്ന നോവലും അതിലെ കഥയും കഥാപാത്രങ്ങളും ചുറ്റും തിരയിളക്കും. അറബിക്കടലും അറ്റ്ലാന്റിക്കുമെന്ന പുസ്തകം വാങ്ങാനും വായിക്കാനും ബലം തരുന്നത് എം ടി വാസുദേവൻ നായരുടെ അവതാരികയെന്നും ആമുഖമെന്നും വിശേഷിപ്പിക്കാവുന്ന കുറിപ്പാണ്. എം. ടി. എഴുതുന്നു. ” വിധിയുടെ എന്നോ കുറിച്ചിട്ട പാതയിലൂടെ നീങ്ങേണ്ടിവന്ന ജീവിതത്തിൽ തിരുത്തലുകൾക്ക് ഇനി സ്ഥാനമില്ല. മാറ്റി വരച്ചെടുക്കാവുന്ന രൂപങ്ങളില്ല. നവാഗതന്റെ ഇടറിച്ചകളില്ല. അഷറഫ് കാനാമ്പുള്ളിയുടെ നോവൽ നമ്മെ അദ്ഭുതപ്പെടുത്തുന്നു. കുതറിപ്പോകാതെ ഭാഷയെ ഒതുക്കി നിർത്തുന്ന കയ്യടക്കം നമ്മുടെ അഭിനന്ദനം നേടുന്നു. ” ഇനിയെന്ത് വേണം അനുവാചകനിൽ താത്പര്യം ജനിക്കാൻ.

നോവലിന്റെ അവസാന അധ്യായത്തിന്റെ ശീർഷകം
സീനസെന്നാണ്. പോർച്ചുഗലിലെ ആദ്യത്തെ പ്രധാന തുറമുഖം എന്നതിലുപരി വാസ്കോ ഡ ഗാമയുടെ ജന്മദേശമാണ് സീനസ്. അറബിക്കടലും അറ്റ്ലാന്റിക്കും വായിച്ചതോടെ ഇപ്പോൾ സീനസ് എന്ന ദേശം അഷറഫ് കാനാമ്പുള്ളിയുടെ ജന്മനാടായ ചാവക്കാടായി മാറി. എഴുത്തിലൂടെ അഷറഫും ജന്മനാട്ടിലേക്ക് സർഗ്ഗാത്മകമായ ഒരു തിരിച്ചു വരവ് സാധ്യമാക്കുന്നു. ഒരു കടം വീട്ടലാണത്. ചരിത്രപരവും സാംസ്കാരികവുമായ ഒരു തിരിച്ചു നൽകലാണ് ഈ നോവൽ. മാനവിക എഴുത്തിന്റെ അതിയായ ഉയരങ്ങളിൽ എത്തുകയാണ് ഈ പുസ്തകം. മനുഷ്യർക്കിടയിൽ ഇക്കാലത്ത് അത്ര എളുപ്പമല്ല ഇത്തരം തിരിച്ചടവുകൾ. ഭൂമിയാകെ പൊതിയുന്ന ദൈവീകതയുടെ ഭാഷ്യമാണ് അറബിക്കടലും അറ്റ്ലാന്റിക്കും. തുർക്കി നോവലിസ്റ്റും തിരക്കഥാകൃത്തും അക്കാദമിക് വിദഗ്ധനും സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ഓർഹാൻ പാമുക്ക് എഴുതിയ ഇസ്താൻബുൾ – ഓർമ്മകളും നഗരവും എന്ന പുസ്തകത്തിന്റെ വായനയാണ് അറബിക്കടലും അറ്റ്ലാന്റിക്കുമെന്ന നോവലിന്റെ രചനയുടെ കാരണങ്ങളിൽ ഒന്നെന്ന് അഷറഫ് നോവലിന്റെ എഴുത്തുവഴികളിൽ പറയുന്നു. രണ്ടായിരത്തി മൂന്നിലാണ് പാമുക്ക് ഇസ്താൻബുൾ – ഓർമ്മകളും നഗരവും എഴുതുന്നത്. അഗാധമായ വിഷാദത്തിന്റെ കാലത്ത് ഒരു സൈക്കോ തെറാപ്പി പോലെയായിരുന്നു പാമുക്ക് തന്റെ നഗരയോർമ്മകൾ പുസ്തകമാക്കിയത്. ഒരു അഭിമുഖത്തിൽ പാമുക്ക് പറയുന്നുണ്ട് – ” ജീവിതം, ഒരുപാട് കാരണങ്ങളാൽ പ്രതിസന്ധിയിലായിരുന്നു, അതിന്റെ വിശദാംശങ്ങളിലേക്ക് എനിക്ക് കടക്കാൻ താൽപര്യമില്ല; ഡിവോഴ്സ്, അച്ഛന്റെ മരണം, പ്രൊഫഷണൽ തലത്തിലെ പ്രശ്നങ്ങൾ, ആ പ്രശ്നം, ഈ പ്രശ്നം, എല്ലാം മോശമായിരുന്നു. ഞാൻ തളർന്നു പോയിരുന്നെങ്കിൽ എനിക്ക് ഡിപ്രെഷൻ വന്നേനെ. പക്ഷെ എല്ലാദിവസവും ഞാൻ ഉണർന്ന്, ഒന്ന് കുളിച്ച് ഇരുന്ന്, എപ്പോഴും പുസ്തകത്തിന്റെ ഭംഗിയിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ഓർത്തെടുത്ത് എഴുതും. “. അറബിക്കടലിന്റെ ആമുഖമായി അഷറഫ് പറയുന്നു- “ഇസ്താംബുൾ ആ നഗരത്തിന്റെ പഴയ പ്രതാപം കാണിച്ചു തന്നപ്പോൾ, എന്റെ മനസ്സ് എന്നെ കൊണ്ടുപോയത് കോഴിക്കോടിന്റെ കൊഴിഞ്ഞു പോയ സുവർണ്ണകാലഘട്ടത്തിലേക്കായിരുന്നു. രുചിയേറിയ വിഭവങ്ങൾ വേണ്ടുവോളം എനിക്കു വിളമ്പിത്തന്ന എന്റെ നഗരത്തിനോടു ഞാൻ കടപ്പെട്ടിരിക്കുന്നു. ആ കടപ്പാട് തിരിച്ചു കൊടുക്കുവാനുള്ള ഒരു എളിയ ശ്രമമാണ് ഞാൻ ഇവിടെ നടത്തിയത്. ”

മലയാളത്തിന്റെ ഓർഹാൻ പാമുക്കായി അഷറഫ് കാനാമ്പുള്ളി മാറിയെന്ന് പറയാതെ വയ്യ. മുൻകാലവും ഇക്കാലവും ചേർക്കുന്ന പാരസ്പര്യത്തിന്റെ ഒരു റെസിപ്രോക്കൽ ഇൻസിഡെന്റാണ് ഈ നോവൽ. ആദ്യത്തേത്, ലിസ്ബനിൽ നിന്ന് 1498 ൽ ഒരാൾ കോഴിക്കോട് എത്തുമ്പോൾ. രണ്ടാമത്തേത്, അഷറഫ് കാനാമ്പുള്ളി എന്ന എഴുത്തുകാരന്റെ നായക കഥാപാത്രം ഹാരിസ് എന്നൊരാൾ ചരിത്രത്തെ മറച്ചിടുന്നു. അത് എഴുതാൻ കാരണമായത് യഥാർത്ഥ ജീവിതത്തിൽ ബിസിനസ് ജീവിത ഭാഗമായി പോർച്ചുഗീസ് കച്ചവടക്കാരനായ കാൾ ഡ കോസ്റ്റയുടെ അതിഥിയായി ചാവക്കാട്ടുകാരൻ അഷറഫ് കാനാമ്പുള്ളി കോഴിക്കോട് നിന്ന് അബുദാബി വഴി പോർച്ചുഗലിൽ എത്തുന്നതാണ്. മാജിക്കൽ റിയലിസം മാതിരി യഥാർത്ഥ ജീവിതവുമായി ഇഴ ചേർത്ത് കഥ പറച്ചിന്റെ ഒരു ആർട്ട് റൂട്ട് മാപ്പാകുന്നു ഈ പുസ്തകം. കടലിന്റെ പര്യായമാകുന്ന നോവലാണ് അറബിക്കടലും അറ്റ്ലാന്റിക്കും . കടലിനു ധാരാളം വിശേഷങ്ങൾ പറയുന്നത് പോലെ ഈ നോവലിനും ആശയപരമായ സാധ്യതകൾ അത്രയും വിസ്തൃതമാണ്. അറബിക്കടലും അറ്റ്ലാന്റിക്കും എന്നത് നോവൽ മാത്രമല്ല, അതൊരു കവിതയാണ്. പാട്ടാണ്. മഹാകാവ്യമാണ്. ഇതിഹാസമാണ്. ചരിത്രമാണ്. ഫിലോസഫിയാണ്. ഇസമാണ്. പാലമാണ്. ഭൂമിഗോളമാണ്. വലിയ ക്യാൻവാസ് ചിത്രമാണ്. ബൃഹത്തായ സിനിമയാണ്. വിജ്ഞാനകോശമാണ്. പദകോശമാണ്. സംസ്കാര പഠനമാണ്. ഗവേഷണ ഗ്രന്ഥമാണ്. സർവ്വോപരി ഒരു മനുഷ്യന്റെ കഥയാണ്. ഒരു കൂട്ടം മനുഷ്യരുടെ ജീവിതമാണത് അറബിക്കടലും അറ്റ്ലാന്റിക്കും . കടൽ അത്രയും മനുഷ്യജീവിതത്തിന്റെ, അതിനാൽ എഴുത്തിന്റെയും അക്ഷയപാത്രമാകുന്നു. മാനവചരിത്രമെന്നാൽ കടൽചരിത്രം കൂടിയാണ്. കടലും വ്യാപാരവും പ്രണയവും കഥ പറയുമ്പോൾ എന്നാണ് ഹാഫിസ് മുഹമ്മദ് അറബിക്കടലും അറ്റ്ലാന്റിക്കും എന്ന നോവലിനു എഴുതിയ അവതാരികയുടെ ശീർഷകം. അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു നോവലും നോവലിലേക്കുള്ള പ്രവേശികയും വായിച്ചിട്ടില്ല. നോവലിലേക്കുള്ള അതിമനോഹരമായ ഒരു കാപ്റ്റിവേറ്റിങ്ങ് ട്രെയിലറാണ് ഹാഫിസ് മുഹമ്മദിന്റെ അവതാരിക. “കടൽ ഒരദ്ഭുതമാണ്.” ലളിതമായ ഒരു വാക്യത്തോടെയാണ് ഹാഫിസ് അവതാരിക ആരംഭിക്കുന്നത് . അതിലെല്ലാം അടങ്ങുന്നുണ്ട്. കടൽ, കച്ചവടം, കാതൽ എന്നീ മൂന്ന് കകളുടെ വിസ്താരവും വിനിമയവുമാണ് ഈ നോവൽ. കടൽ ഭൂമിയെ ഭൂമിയും മനുഷ്യരെ മനുഷ്യരുമാക്കുകയായിരുന്നു.

എന്റെ കുട്ടിക്കാലത്ത് സ്കൂളിൽ ഭൂമിശാസ്ത്രക്ലാസൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാൽ കുറെ നാലുമണിപലഹാരചിന്തകളുണ്ട്. ഞാനെന്ന കുട്ടി ആലോചിച്ചു കൂട്ടും. എല്ലാ കടലും ഒന്നല്ലേ ? എന്തിനാണ് വെവ്വേറെ പേരുകൾ ? എല്ലാ വൻകരകളും ഈ ഭൂമിയിൽ ഒന്നല്ലേ ? എന്തിനാ ഇത്രയധികം ഭൂമി കഷ്ണപ്പേരുകൾ ? കളിവീടുണ്ടാക്കി അതിന്റെ മുറ്റത്ത് ചിരട്ട ആയുധമാക്കി ഞങ്ങൾ ചെറുകിണർ കുഴിക്കും. മണ്ണിൽ കുഴിച്ച് കുഴിച്ച് ആഴമേറി അകത്ത് അറ്റം കാണായിരുട്ട് തെളിയുമ്പോൾ കളിക്കൂട്ടുകാരൻ ചോദിക്കും, അങ്ങ് അമേരിക്കയിൽ എത്തുമോയെന്ന് . സമുദ്രങ്ങളുടെ പേരുകൾ ഊരി വച്ചാൽ ഒറ്റ സമുദ്രമല്ലേ എല്ലാം ? ഇവിടെ നോവലിൽ ആ ചോദ്യങ്ങൾ ആവർത്തിക്കുന്നു. അഷറഫ് കാനാമ്പുള്ളി രണ്ട് കടലുകളെ ഒന്നാക്കി കഥയാക്കുന്നു. കടൽ പോലെ ജീവിതത്തിലേക്കുമുള്ള കാണാക്കാഴ്ചകളുടെ സമാഹാരമാണ് അറബിക്കടലും അറ്റ്ലാന്റിക്കുമെന്ന നോവൽ. പല വിജയങ്ങളുടെയും ആഘോഷ ചിത്രങ്ങളിൽ അതിൽ ഇല്ലാത്തവരാണ് യഥാർത്ഥ വിജയകാരണങ്ങൾ. യഥാർത്ഥ സംഭാവനകൾ തന്നവരെ തള്ളിക്കളഞ്ഞും നിസ്സാരപ്പെടുത്തിയും ഇല്ലാതാക്കിയും തന്നെ മാത്രം നിറയ്ക്കാൻ ശ്രമിക്കുന്ന ഫ്രെയിമുകളാണ് സമകാലിക ജീവിതം. സമൂഹമാധ്യമങ്ങൾ അത്തരം വ്യാജ പ്രചാരങ്ങളുടെ കേന്ദ്രങ്ങളാണ് ഇന്ന്. ജീവനും ജീവിതവുമായി ഒരു കാലം കൂടെ നടന്നവരെ പുതിയ വലിയ സെലിബ്രിറ്റികളുടെ കൂട്ട് ലഭിക്കുമ്പോൾ യഥാർത്ഥ സ്നേഹമനുഷ്യരെ വിസ്മരിക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന ചിരിയുടെ അഭിനയമിന്നൽ പ്രകടനങ്ങളുടെ കാലമാണിത്. വാസ്തവങ്ങളെ ഒരിക്കലും തിരിച്ചറിയാനാകാത്ത വിധം, തിരികെ വരുത്താത്ത രീതിയിൽ കുഴിച്ചു മൂടി അതിനു മുകളിൽ സമൃദ്ധമായി നാം വ്യാജനിർമ്മിതികൾ നടത്തുന്നു. സ്കൂളിലെ ക്ലാസുകളിലൊന്നും പഠിപ്പിക്കാത്ത ചരിത്രാതീതമായ ഇത്തരം ചതികൾക്ക് വേറെയും ധാരാളം ഉദാഹരണങ്ങളുണ്ട്. അത്തരം ഒരുഗ്രൻ ബലിയാടാണ് വാസ്കോ ഡ ഗാമാ കഥയിൽ നമുക്ക് അധികം പരിചയമില്ലാത്ത പീറോ ഡ കോവില. യഥാർത്ഥത്തിൽ പോർച്ചുഗൽ നിന്ന് ഇന്ത്യയിലേക്കുള്ള വഴി പറഞ്ഞു കൊടുത്തത് പീറോ ഡ കോവിലയാണ്. അന്നത്തെ പോർച്ചുഗൽ രാജാവ് പീറോ ഡ കോവിലയെ ആഫ്രിക്കയിലേക്ക് നാടുകടത്തുകയാണുണ്ടായത്. ചരിത്രഫ്രെയിമുകളിൽ ആ പാവം വരുന്നില്ല എന്ന് അറബിക്കടലും അന്റാർട്ടിക്കയും വഴി ഹാരിസ് പറയുന്നു. ജീവിതത്തിലും അങ്ങനെയാണ്. എത്രയോ പേരെ നാടുകടത്തി പഴയതെല്ലാം മറന്ന് എല്ലാം നമ്മളാണെന്ന് പത്രത്തിലും സമൂഹ മാധ്യമങ്ങളിലും വരാനുള്ള ഫോട്ടോകൾക്ക് നിറപുഞ്ചിരിയോടെ പോസ് ചെയ്യുന്നു. മനുഷ്യരുടെ പലതരം വ്യാജത്തരത്തെ പ്രതിക്കൂട്ടിൽ കയറ്റുന്ന എഴുത്താണ് അറബിക്കടലും അറ്റ്ലാന്റിക്കും. ഓർമ്മകളാണ് യാഥാർത്ഥ്യം. നമ്മൾ അധികവും ജീവിക്കുന്നത് ഓർമ്മകളിലാണ്. ഗീതാഞ്ജലിയെന്ന പുതുകാല മലയാള എഴുത്തുകാരി ഹൃദയം പറഞ്ഞ കഥകളെന്നാണ് ഓർമ്മകളെ വിളിക്കുന്നത്. അറബിക്കടലും അറ്റ്ലാന്റിക്കും നിറയെ ഓർമ്മകളും ഓർമ്മപ്പെടുത്തലുകളുമാണ്. മനുഷ്യരെ രൂപപ്പെടുത്തിയ ലോക ചരിത്രം ശരിക്കും കടലും കച്ചവടവുമാണ് , പിന്നെ കാതലുമാണ്. മൂന്ന് കകളാണ്

വിശ്വാസമാണ് എല്ലാം . വിശ്വാസത്തിന്റെ എല്ലാമാണ് കോഴിക്കോട് എന്ന നഗരം . സ്നേഹം കൊണ്ട് തോറ്റവരുടെ കഥയാണ് കോഴിക്കോട്. സ്നേഹിച്ചു തോറ്റവരുടെയെല്ലാം ഉള്ളിലൊരു കോഴിക്കോടുണ്ട്. പോർച്ചുഗലുകാർ വന്നിറങ്ങിയ കോഴിക്കോടും ഇന്നത്തെ കോഴിക്കോടും വിശ്വാസത്തിന്റെയും ആകർഷണത്തിന്റെയും കാര്യത്തിൽ എന്നും ഒരു പോലെയാണ്. കോഴിക്കോട്ടെ ഓട്ടോറിക്ഷക്കാർ ആതിഥേയത്വത്തിന്റെയും വിശ്വാസത്തിന്റെയും ഒരു ഗ്ലോബൽ ബ്രാന്റാണ്. പക്ഷെ അതിനുമകത്തുള്ള കാഴ്ചകളിലേക്കാണ് ജീവിതമെന്ന യാത്രയിൽ കോഴിക്കോട് എത്തിയ ഒരു ചാവക്കാട്ടുകാരൻ തന്റെ നോവലിലെ ഹാരീസിലൂടെ കഥ പറയുന്നത്. കഥാപാത്രസൃഷ്ടിയാണ് ഇവിടെ താരം. ഹംസക്കയും കോയട്ട്യാജിയും ഹൈദ്രോസ്ക്കയും പരുന്ത് ആലിയും നീർക്കോലി കാതുവുമൊക്കെ അക്കൂട്ടത്തിൽ വരുന്നു. തസ്രാക്കിലെത്തിയാൽ നമ്മൾ ചിലരെ തിരയില്ലേ. ഓത്തുപള്ളിയും മൊല്ലാക്കയും എവിടെയെന്ന് അന്വേഷിക്കും. യഥാർത്ഥത്തിൽ മാജിക്കൽ റിയലിസം അതാണ്. ഇനി കടലും കോഴിക്കോടും കാണുമ്പോൾ ഹാരിസിനെയും സാറയെയും തിരയും. സാറ, സാറാമ്മ . ആ പേരുകൾ പ്രണയത്തിന്റെ അവാച്യതകളാണ്. അത്രയും സവിശേഷതകളാണ് അറബിക്കടലും അറ്റ്ലാന്റിക്കും വിനിമയം ചെയ്യുന്ന സാന്ദ്രമായ പ്രണയസാരത്തിന്. പ്രണയത്തിന്റെ കാര്യത്തിലും എഴുപതുകളിലെ പ്രണയത്തെ അനുഭവിച്ച് നമ്മളെ വല്ലാതെ വൈകാരികതയിൽ എത്തിക്കുന്നുണ്ട് അറബിക്കടലും അറ്റ്ലാന്റിക്കും. കടലിനെ പല വിധങ്ങളിൽ ഉപമിക്കുകയും വിവരിക്കുകയും അനുഭവപ്പെടുത്തുകയും ചെയ്യുന്ന ഒരു പുസ്തകമാണിത്. പ്രണയാവസാനം വിവാഹം നടക്കില്ലെന്ന് ഹാരിസിന്റെ പിതാവ് സാറയുടെ പിതാവിനു അയക്കുന്ന കത്തിലും കടലുണ്ട്. “അവന് അവളോടുള്ള സ്നേഹം കടൽ പോലെയെന്ന്.” മൂന്ന് കാലങ്ങളെ സൃഷ്ടിക്കുന്ന ഒരു ഹിസ്റ്ററി ബുക്ക് കൂടിയാണിത്. എല്ലാം ഒടുങ്ങിയ ഒരു സായാഹ്നത്തിൽ അവ്യക്തമായി നിൽക്കുന്ന വിഷാദം, നഷ്ടം, ആത്മീയ യാതന എന്നിവയാണ് പുസ്തകത്തിന്റെ അടിക്കല്ലും സ്ഥായിയും. ഓർഹാൻ പാമുക്ക് എഴുതിയ ഇസ്താംബുൾ എന്ന നഗരകഥകളുടെ വായനയിൽ കുരുങ്ങിയ ഹുസൂൻ അത് തന്നെ. ഇസ്താംബുളും കോഴിക്കോടും നൊസ്റ്റാൾജിക് വിഷാദകാര്യത്തിൽ സമാനമാണെന്ന തിരിച്ചറിവ് . കടലും കോഴിക്കോടും ചെറിയ ചെറിയ അധ്യായങ്ങളായ വലിയ ആഖ്യായികയാണ് അറബിക്കടലും അറ്റ്ലാന്റിക്കും. ഭൂമിയിൽ രണ്ട് വൻകരകളിലായി വിന്യസിക്കുന്ന ഏക നഗരമാണ് ഇസ്താംബുൾ . ഒരർത്ഥത്തിൽ ഇസ്താംബുൾ എന്നത് നോവലിസ്റ്റിന്റെ മനസ്സ് തന്നെ. എഴുത്തുകാർക്കും സഞ്ചാരികൾക്കും ഏറെ പ്രിയതരമാണ് ദ്വന്ദങ്ങളുടെയും പൂച്ചകളുടെയും ഉൾപ്പെടെ മറ്റ് ധാരാളം വിശേഷണങ്ങൾ നിറഞ്ഞതാണ് ഇസ്താംബുൾ നഗരം. ഇസ്താംബുൾ ഉൾപ്പെടെ നിരവധി സ്ഥലങ്ങൾ ഗവേഷണാർത്ഥം സഞ്ചരിച്ച് എഴുതിയ വലിയ ഒരു പുതിയ മലയാള നോവലാണ് ഹരിത സാവിത്രിയുടെ സിൻ. ഇസ്താംബുളിലെ പ്രണയ പുഷ്പമേ പരിഭാഷയും ആ ജനുസ്സിൽ പെടുന്നു. എഴുത്തുകാരുടെ ഒഴിയാ മഷിപാത്രമാണ് ഇസ്താംബുൾ നഗരം. അറബിക്കടലും അറ്റ്ലാന്റിക്കും ഇസ്താംബുളിനെയും കോഴിക്കോടിനെയും സർഗ്ഗാത്മകമായി ആഖ്യായികയിലൂടെ ലയിപ്പിക്കുന്നു. ബിംബപ്രതിബിംബങ്ങളാക്കുന്നു.

കടലിന്റെ നാനാർത്ഥങ്ങൾ നിറഞ്ഞ സാകല്യമാണ് അറബിക്കടലും അറ്റ്ലാന്റിക്കും എന്ന നോവലിന്റെ വായന തരുന്നത്. മികച്ച ഭാഷാപരിചയ ഗ്രന്ഥം കൂടിയാണിത്. മിമ്പറ – പ്രസംഗപീഠം : മൗത്ത് – മരണം. കള്ളി – കപ്പലിൽ ചരക്ക് മുറി. മാസ് – ഉണക്ക മത്സ്യം. എത്രയെത്ര പരദേശ പദങ്ങളാണ് നോവൽ വായനയിലൂടെ നമ്മുടെ പരിചയക്കാരാകുന്നത്. ആ ലിസ്റ്റിൽ ഇനിയും ചേർക്കാം സതിര് പോലുള്ള വാക്കുകൾ. ചെറുകഥ പോലെ വായനസജ്ജമാണ് ഇതിലെ ഓരോ അധ്യായവും. സീനസ് എന്ന അവസാന അധ്യായം ഒരു സൂഫിക്കവിത പോലെ മനോഹരമാണ്. സൂഫിസം അറബിക്കടലും അറ്റ്ലാന്റിക്കും എന്ന നോവലിലെ ഒരു ആത്മീയചേരുവയാണ്.
എല്ലാം ഒരു തോന്നൽ മാത്രമായിരുന്നോ ?അല്ലെങ്കിലും എല്ലാം ഒരു വിഭ്രാന്തിയായിരുന്നല്ലോ… തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും പുനർവായനകളുമില്ലാതെ, വിധിയിലൂടെ നീങ്ങിയ ഏകതാനമായ ജീവിതയാത്ര.. അറബിക്കടൽ പോലെ ആർത്തിരമ്പിയ തിരമാലകൾ…. കടൽഭിത്തിയിൽ തട്ടിത്തകർന്ന പ്രതീക്ഷകൾ..ഇപ്പോൾ എല്ലാം ഒടുങ്ങിയിരിക്കുന്നു…. ജീവിതത്തിന്റെ പ്രതിരൂപമായി കനത്ത ഫിലോസഫി പറയുന്നുണ്ട് ഈ പുസ്തകം. മിസ്റ്റിസിസത്തിന്റെ വല്ലാത്ത സുഖകരമായ ബാധയുണ്ട്. റൂമിയുടെയെല്ലാം വലിയ സ്വാധീനം. നോവൽ എന്നത് പലയിടങ്ങളിലും കവിതയാകുന്നുണ്ട്. അസ്വസ്തകളിൽ സാന്ത്വനപ്പെടുത്തുന്ന നിഗീർണ്ണമായ ദൈവികത അറബിക്കടലും അറ്റ്ലാന്റിക്കും എന്ന നോവലിന്റെ വായന പ്രദാനം ചെയ്യുന്നു. ഇന്ന് കടൽ ശാന്തമാണ് . അത് നോവലിലെ ഒരു അധ്യായം കൂടിയാണ്. ആവർത്തിക്കുന്നുണ്ട്. “ഒന്നുമറിയാത്ത ഞങ്ങൾ കരയിലിരുന്നു പറയുന്നു, ഇന്ന് കടൽ ശാന്തമാണ് .” കടൽപ്പുസ്തകങ്ങളിലേക്ക് വലിയൊരു തിരമാല ഇതാ. അറബിക്കടലും അറ്റ്ലാന്റിക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പ്രാണാ അക്കാദമി ‘നിത്യകല്യാണി’ പുരസ്‌കാരം കലാ വിജയന്

പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, 'നിത്യകല്യാണി' പുരസ്കാരം പ്രഖ്യാപിച്ചു....

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...

A Man Called Otto

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: A Man Called Otto Director: Marc Forster Year: 2023 Language: English പെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന...

More like this

പ്രാണാ അക്കാദമി ‘നിത്യകല്യാണി’ പുരസ്‌കാരം കലാ വിജയന്

പ്രാണാ അക്കാദമി ഓഫ് പെർഫോമൻസ് ആർട്സ് ട്രസ്റ്റ് ഏർപ്പെടുത്തിയ, ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള, 'നിത്യകല്യാണി' പുരസ്കാരം പ്രഖ്യാപിച്ചു....

സ്വപ്നവും മിഥ്യയും ജീവിതത്തിന്റെ പാലങ്ങളും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം ) ഭാഗം 19 ഡോ രോഷ്നി സ്വപ്ന To you, I'm an atheist. To God, I'm the...

ഉപേക്ഷിക്കപ്പെട്ട നഗരത്തിന്റെ പാസ്സ്‌വേർഡ്

കവിത നിമ. ആർ. നാഥ്‌ നിന്നെയോർക്കുന്നു. ഉയിരിൽ നിന്നും ഇറങ്ങിപ്പോയൊരു നിഴൽ. ഉടലിൽ നിന്നും വേർപെട്ടു നിൽക്കുന്നോരവയവം. സമുദ്രജലവഴുപ്പ്. ഗർഭദ്രവഗന്ധം. ദിശതെറ്റിയുറഴി ചുഴിയരികുകളിൽ- ചുംബിക്കുന്നൊരു കപ്പൽ. ഉഗ്രതയുള്ള കരിമ്പുലിയെന്നവണ്ണം- മുരണ്ടമറുന്ന കറുത്ത റോയൽ...