HomeTHE ARTERIASEQUEL 12തിൽക മാഞ്ചി: ചരിത്രം രേഖപ്പെടുത്താൻ മറന്ന വിപ്ലവകാരി

തിൽക മാഞ്ചി: ചരിത്രം രേഖപ്പെടുത്താൻ മറന്ന വിപ്ലവകാരി

Published on

spot_imgspot_img

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം

ഐശ്വര്യ അനിൽകുമാർ

ഒന്നാം സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന 1857 ലെ കലാപത്തിന് മുൻപ് ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ജനസമൂഹമാണ് ആദിവാസികൾ. ചരിത്രത്തിലോ പാഠപുസ്തകങ്ങളിലോ അർഹിക്കുന്ന സ്ഥാനം ലഭിക്കാതെ പോയ വിഭാഗമാണ് ആദിവാസികളും അവരുടെ പോരാട്ടങ്ങളും. ഭാരതത്തിലെ ആദിവാസികളുടെ അതിജീവനത്തിന്റെ പോരാട്ടങ്ങൾ ഇന്നും തുടരുകയാണ്. മായം കലർത്തപ്പെട്ട ചരിത്രങ്ങൾ മാറ്റി എഴുതപ്പെടുന്ന ഇൗ നൂറ്റാണ്ടിൽ ഇനി വരുന്ന തലമുറയ്ക്കായി ചരിത്രം പൊളിച്ചെഴുത്തപ്പെടേണ്ടത് അനിവാര്യമാണ്.

ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ആദിവാസി ചരിത്രത്തിന്റെ ആദ്യ താളുകളാണ് തിൽക മാഞ്ചിയുടെ 1770 ലെ പോരാട്ടം. ചരിത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിപ്ലവങ്ങളുടെ ആരംഭം എന്ന പേരിൽ മംഗൾ പാണ്ടെയുടെ 1857 ലെ വിപ്ലവം സ്ഥാനം പിടിച്ചപ്പോഴും ഏകദേശം 80 വർഷങ്ങൾക്ക് മുൻപ് നടന്ന ആദിവാസി വിപ്ലവങ്ങളെ നമ്മുടെ അംഗീകൃത ചരിത്ര ആഖ്യാതാക്കൾ തമസ്കരിച്ചു. ഒരു ചരിത്രം പോലും ബാക്കി വെക്കാത്ത വിധത്തിൽ ആദിവാസി സമൂഹത്തിന്റെ പല ചെറുത്തുനിൽപ്പുകളെയും അടിച്ചമർത്തി. എന്നാല്‍ കാലം പിന്നിട്ടപ്പോൾ വിസ്മൃതിയിലായിരുന്ന ആദിവാസി ചരിത്രങ്ങൾക്ക്‌ സാഹിത്യം സ്ഥാനം കൊടുത്തു. അവശേഷിക്കുന്ന ചരിത്ര രേഖകളുടെ പിൻബലത്തിൽ ഹിന്ദി സാഹിത്യകാരൻ രാകേശ് കുമാർ സിംഗ് 2012 ൽ പ്രസിദ്ധീകരിച്ച ‘ഹൂൽ പഹാഡിയ’ എന്ന നോവലിലൂടെ തിൽക മാഞ്ചിയുടെയും ജാർഖണ്ഡ് ‘പഹാഡിയ’ ആദിവാസികളുടെയും അറിയാചരിത്രം സാഹിത്യത്തിൽ ഇടം പിടിക്കുകയായിരുന്നു. കൃത്യമായ വിവരങ്ങളുടെ അഭാവത്താൽ തിൽക മാഞ്ചിയുടെ ജനനവും മറ്റും സംബന്ധിച്ചുള്ള വിവിധ വാദങ്ങൾ നിലനിൽക്കുന്നുണ്ട്. ഇന്നത്തെ ജാർഖണ്ഡ് സംസ്ഥാനത്തെ ‘പഹാഡിയ’ എന്ന ഗോത്രവർഗത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ‘സാന്താൽ’ ഗോത്രവർഗത്തിൽപ്പെട്ടതാണ് എന്ന വാദവും നിലനിൽക്കുന്നുണ്ട്. തിൽക ചെറുപ്രായത്തിൽ തന്നെ ഗ്രാമത്തിന്റെ തലവനായി. അദ്ദേഹത്തിന്റെ ഗോത്രത്തിൽ ഗ്രാമത്തലവനെ ‘മാഞ്ചി’ എന്ന് അഭിസംബോധന ചെയ്യുന്നതാണ് രീതി. അങ്ങനെ തിൽക ‘ബാബാ തിൽക മാഞ്ചി’ എന്നും അറിയപ്പെട്ടിരുന്നു.

സ്വതന്ത്ര ജീവിതം നയിച്ചിരുന്ന ആദിവാസി ജനതയുടെ ജീവിതത്തിലേക്ക് ഇംഗ്ലീഷ് മേധാവിത്വത്തിന്റെ കടന്നുകയറ്റവും ഭൂവുടമകളുടെ ചൂഷണവും ഗോത്രവർഗ്ഗങ്ങളെ അമ്പും വില്ലും എടുത്ത് പോരിനിറങ്ങുവാൻ നിർബന്ധിതരാക്കി. 1757 ലെ പ്ലാസ്സി യുദ്ധം, 1764 ലെ ബക്സർ യുദ്ധം എന്നി യുദ്ധങ്ങളിലൂടെ ബംഗാളിന്റെ നിയന്ത്രണം സ്വന്തമാക്കിയ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വൻതോതിൽ വനഭൂമി ലേലം ചെയ്ത് ഊട്ടിയുറപ്പിച്ച അധികാരത്തിലൂടെ സമീന്ദാർ എന്ന ഭൂവുടമകളെ നിർമ്മിച്ചെടുത്തു. അതിന്റെ തുടർച്ചയെന്ന പോലെ ആദിവാസി ജനവിഭാഗങ്ങളെ തങ്ങളുടെ ലാഭങ്ങൾക്കുവേണ്ടി ഭൂവുടമകൾ ചൂഷണം ചെയ്തു. കമ്പനി സർക്കാരിന്റെ അധികാരഭാവത്തെ തകർക്കാനായി തിൽക മാഞ്ചി 1770 ൽ സായുധ കലാപത്തിന് സംഘടിക്കാൻ തന്റെ ജനവിഭാഗങ്ങളെ ആഹ്വാനം ചെയ്തു. ‘ഹൂൽ’ എന്നറിയപ്പെടുന്ന ആദിവാസി ജനതയുടെ സമരത്തിന് ആരംഭമായിരുന്നു അത്. 1770 ലെ ബംഗാൾ ക്ഷാമത്തിന്റെ സമയത്ത് തിൽക മാഞ്ചിയും കൂട്ടരും കമ്പനി സർക്കാരിനെ കൊള്ളയടിച്ച് ആദിവാസികൾക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി. ഇതിനെ തുടർന്ന് തിൽക ബ്രിട്ടിഷ് സർക്കാരിന്റെ നോട്ടപുള്ളിയായി. അമ്പും വില്ലും ഏന്തിയ ആദിവാസി ജനതയെ തങ്ങളുടെ ആധുനിക ആയുധങ്ങൾ കൊണ്ട് എളുപ്പം അടിച്ചമർത്താമെന്നുള്ള കമ്പനി സൈന്യത്തിന്റെ കണക്കുകൂട്ടൽ വിഫലമായി. അവസാന ശ്വാസം വരെ സ്വന്തം ഭൂമിക്കുവേണ്ടി പോരാടാൻ തയ്യാറായ ആദിവാസി സമൂഹത്തെ തോൽപ്പിക്കുക എന്നത് അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടിഷ് സർക്കാർ ചതിയിലൂടെ വിജയം നേടുവാനുള്ള പരിശ്രമങ്ങൾ തുടങ്ങി. ബംഗാൾ പ്രവിശ്യയിലെ അഡ്മിനിസ്ട്രേറ്ററും റവന്യു കളക്ടറുമായിരുന്ന അഗസ്റ്റസ് ക്ലീവ്‌ലാൻഡ് സൗഹൃദത്തിലൂടെ ആദിവാസി ജനതയുടെ വിശ്വാസം കൈയ്യിലെടുത്തു. ആദിവാസികളുമായി ആശയവിനിമയം നടത്താൻ അദ്ദേഹം ആദിവാസി ഭാഷ പഠിച്ചു. കമ്പനിയിൽ ശിപായിമാരായി നിയമിക്കുകയും അതുവഴി അവർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നത് അവരുടെ ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള ക്ലീവ്‌ലാൻഡ് നൽകിയ നികുതി ഇളവുകൾ പോലുള്ള ആനുകൂല്യങ്ങൾ കാരണം നാൽപ്പതോളം ഗോത്രങ്ങൾ ഉടൻ തന്നെ കമ്പനിയുടെ അധികാരം സ്വീകരിച്ചതായി പറയപ്പെടുന്നു. ആദിവാസികളെ കമ്പനിയിൽ ശിപായിമാരായി നിയമിക്കുകയും, അവർക്ക് തൊഴിൽ നൽകുകയും അതുവഴി അവരുടെ ഐക്യം തകർക്കാൻ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങൾ മുന്നോട്ട് വെച്ചു. തുടർന്ന് ആദിവാസികളെ കൊണ്ട് തന്നെ അവർക്കെതിരായി യുദ്ധം ചെയ്യിക്കാൻ തുടങ്ങി. ക്ലീവ്‌ലാൻഡിന്റെ ചതി മനസ്സിലാക്കിയ തിൽക മാഞ്ചിയും കൂട്ടരും രൂക്ഷമായ ആക്രമണം നടത്തി. 1784 ൽ ബ്രിട്ടിഷ് അധികാരപരിധിയിൽ പ്രവേശിച്ച് തിൽക മാഞ്ചി ക്ലീവ്‌ലാൻഡിനെ അമ്പെയ്തു കൊലപ്പെടുത്തി. ആയുധ പോരാട്ടത്തിലൂടെ ആദിവാസികളെ പരാജയപ്പെടുത്താൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ബ്രിട്ടിഷ് സർക്കാർ പോരാട്ടം നടത്തിയ ആദിവാസി ഗ്രാമങ്ങളെ ഒറ്റപ്പെടുത്തി. ജനറൽ സർ ഐർ കൂട്ടിന്റെ നേതൃത്വത്തിലുള്ള കമ്പനി സൈന്യം വനങ്ങളിൽ ഉപരോധം ഏർപ്പെടുത്തി. ആവശ്യ ഭക്ഷ്യവസ്തുക്കളും യുദ്ധ ആയുധങ്ങളും ലഭിക്കാതെ വന്നതോടെ വളരെ അധികം ദിനങ്ങൾ ആദിവാസി പോരാളികൾ ഉൾകാടുകളിൽ തുടർന്നു. വിശന്നു മരിക്കുന്നതിലും നല്ലത് തന്റെ ജനതക്കുവേണ്ടി പോരാടുന്നതാണ് എന്ന് മനസ്സിലാക്കി തിൽക മാഞ്ചിയും കൂട്ടരും യുദ്ധം ചെയ്തു. ഏറെനാൾ ഭക്ഷണം പോലുമില്ലാതെ കഴിഞ്ഞതിനാൽ ബ്രിട്ടിഷ് സൈന്യത്തിന് മുമ്പിൽ അധികസമയം പിടിച്ചുനിൽക്കാൻ അവർക്ക് സാധിച്ചില്ല. വർഷങ്ങളോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ 1785 ൽ നടന്ന ആക്രമണത്തിൽ തിൽക മാഞ്ചി പിടിക്കപ്പെട്ടു. ഏകദേശം നാന്നൂറോളം ആദിവാസി പോരാളികൾ കൊല്ലപ്പെട്ടു. യുദ്ധത്തിൽ പരിക്കേറ്റ തിൽക മാഞ്ചിയെ ബ്രിട്ടിഷ് സൈന്യം കുതിരയിൽ കെട്ടിവലിച്ച് ബിഹാറിലെ ഭഗൽപൂർ എത്തിച്ചു. അവിടെവെച്ച് അദ്ദേഹത്തെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിനുശേഷം അദ്ദേഹത്തെ തൂക്കിലേറ്റിയ സ്ഥലത്ത് അദ്ദേഹത്തിന്റെ പേരിൽ ഒരു പ്രതിമ സ്ഥാപിച്ചു. കൂടാതെ, ഭഗൽപൂർ സർവകലാശാലയുടെ പേര് ‘തിൽക്ക മാഞ്ചി ഭഗൽപൂർ സർവകലാശാല’ എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടു. 1770 ലെ ഇൗ വിപ്ലവം ആദിവാസി ജനതയുടെ തീക്ഷ്ണ ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും അധ്യായമായി ഇന്നും നിലനിൽക്കുന്നു. എന്നാൽ ഇതിന് മുഖ്യധാര ചരിത്രങ്ങളിൽ അർഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല. ബ്രിട്ടിഷ് സർക്കാരിന്റെ പരാജയം ഒളിപ്പിക്കുവാനും ആദിവാസികളുടെ മുൻപിൽ ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ തോൽവിയുടെ ചരിത്രം മറച്ചുപിടിക്കുവാനും വേണ്ടി ബ്രിട്ടിഷ് സർക്കാർ 1770 ലെ തിൽക മാഞ്ചിയുടെ പോരാട്ടത്തെ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്നും നീക്കം ചെയ്തു. ചരിത്രരേഖകൾ അഥവാ ചരിത്ര പുസ്തകങ്ങൾ കൂടുതലും എഴുത്തപ്പെട്ടത് വരേണ്യവർഗം അല്ലെങ്കിൽ അധികാരവർഗ്ഗങ്ങൾ വഴിയാണ്. അവർക്ക് എതിരായി ഉയരുന്ന ശബ്ദങ്ങളെ നിശബ്ദമാക്കുവാനും അവരുടെ കുറവുകളെ മറച്ചുപിടിക്കുവാനും ചരിത്രങ്ങളെ അവർ വളച്ചൊടിച്ചു. തിൽക മാഞ്ചിയുടെ പോരാട്ടവും അധികാരവർഗ്ഗങ്ങൾ‌ക്ക്‌ ഒരു തിരിച്ചടിയായിരുന്നു. അതുകൊണ്ട് തന്നെ തിൽക മാഞ്ചിയെ പോലെ ഒരു ആദിവാസി യുവാവിന്റെ ചെറുത്തുനിൽപ്പിന്റെ അധ്യായങ്ങൾ വേണ്ട രീതിയിൽ കുറിക്കപ്പെടാതെ പോയതിൽ അതിശയിക്കേണ്ടതില്ല. എഴുതപ്പെടാതെ പോയ ചരിത്രം പൂർത്തിയാക്കുക എന്നത് ശ്രമകരമായ കാര്യമാണെങ്കിലും ഗോത്രവർഗ്ഗങ്ങളുടെ ചുവർചിത്രങ്ങളിലും വാമൊഴിയായി തലമുറകളായി പകർന്നു കിട്ടിയ കഥകളിലും ചരിത്രം രേഖപ്പെടുത്താൻ മറന്ന പല വീരനായകന്മാരും ആദരവോടെ സ്മരിക്കപ്പെടുന്നുണ്ട്. ഇത് തിൽക മാഞ്ചിയെന്ന ഒരു ആദിവാസി പോരാളിയുടെ മാത്രം കാര്യമല്ല, ആദിവാസികളുടെ ശരീരവും ചോരയും കൊണ്ട് തീർത്ത ചരിത്രത്തിന്റെ പല ഏടുകളും ഇന്നും പലർക്കും കേട്ടുകേൾവി പോലും ഇല്ലാത്ത കഥകൾ മാത്രമാണ്.

AISWARYA ANILKUMAR

ഐശ്വര്യ അനിൽകുമാർ
എറണാകുളം ജില്ലയിലെ വെണ്ണിക്കുളത്ത് താമസിക്കുന്നു. അച്ഛൻ അനിൽകുമാർ, അമ്മ മോളി അനിൽകുമാർ. സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരിയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ബിരുദവും എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി. ഇപ്പോൾ മഹാരാജാസ് കോളേജിൽ ആദിവാസി സാഹിത്യത്തെ ആസ്പദമാക്കി ഹിന്ദി സാഹിത്യത്തിൽ ഗവേഷണം നടത്തുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...