ട്രോൾ കവിതകൾ – ഭാഗം 13

0
323

വിമീഷ് മണിയൂർ

ബഹിരാകാശ കവിത

ചൊവ്വയിൽ പോയി ഒറ്റക്കിരുന്ന് ചെസ്സ് കളിച്ച് ജയിച്ച് ഭൂമിയിലേക്ക് വരുന്ന വഴി ചന്ദ്രനിലെ എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു. അവിടുത്തെ വിചിത്രാകൃതിയുള്ള വീട്ടിൽ എപ്പോൾ വേണമെങ്കിലും വിടർത്തിയെടുക്കാവുന്ന മുറികളിൽ പൂജ്യം ഗ്രാവിറ്റിയിൽ ഉറങ്ങാൻ കിടക്കും. പിറ്റേന്നുള്ള ക്ലാസ് മുറികളിൽ ഭൂമി എത്രമാത്രം മുൻതലമുറകളെ മെരുക്കി വളർത്തിയിരുന്നെന്നും ഒരു അന്യഗ്രഹയാത്രാ വിമാനം പോലും കണ്ടുപിടിക്കാൻ സഹായിക്കാതെ ഒരു പാട് രാജ്യങ്ങളായ് മുറിച്ചുകളഞ്ഞെന്നും കേൾക്കും. സ്വാതന്ത്ര്യ സമരങ്ങൾ എന്തു വൃത്തികെട്ട കഥകളാണ്. ആരാണ് അതൊക്കെ പറഞ്ഞു പരത്താൻ സമയം കളയുന്നത്. ഞങ്ങൾക്ക് ആകാശത്തെക്കുറിച്ച് മാത്രമേ പഠിക്കാനുണ്ടായിരുന്നുള്ളൂ. ക്ലാസ് കഴിഞ്ഞാൽ സ്വകാര്യ വാഹനത്തിൽ കേറി ബഹിരാകാശ നിലയത്തിൽ ചെന്നിരിക്കും. വെറുതെയിരുന്ന് മടുത്താൽ പുറത്തിറങ്ങി നീന്തി വരും. അങ്ങനെയൊരു ദിവസമാണ് ചൊവ്വ കാണുന്നത്. വലുതായാൽ അവിടെ താമസമാക്കണമെന്ന് അന്നത്തെ ഓ.എസിൽ എഴുതിവെച്ചിരുന്നു. പൊടുന്നനെ ക്ലൗഡിലിറങ്ങി പഴയ സ്റ്റോറേജ് ഡാറ്റ മുഴുവൻ തിരിച്ചെടുത്ത് ഓഫീസ് സമയം തുടങ്ങുന്നതിന് മുമ്പ് ഭൂമിയിൽ കേറി.

കാറ്റിൽ നിന്ന് മരച്ചീനി വേർതിരിച്ചെടുക്കുന്ന വിധം

നിങ്ങളുടെ വീട്ടിലേക്ക് ഇപ്പോൾ വീശിക്കൊണ്ടിരിക്കുന്ന കാറ്റിൽ മരച്ചീനിയുണ്ട്. ഏതെങ്കിലും വീട്ടിൽ ബാക്കിയുള്ള മരച്ചീനി വെച്ച് മൂടാൻ മറന്നു പോയ കലത്തിൽ നിന്ന് മരച്ചീനിയുടെ മണം കാറ്റിലേക്ക് ആൾമാറാട്ടം നടത്തിക്കഴിഞ്ഞിരിക്കും. ഇപ്പോൾ വീശുന്ന കാറ്റിനെ മെല്ലെ അകത്തേക്ക് വിളിച്ച് കൊണ്ടുപോയി പഴയ ലുങ്കിയോ വീതിയുള്ള തോർത്തോ കൊണ്ട് മുറിയിലിട്ട് ഒറ്റപ്പിടുത്തം. അൽപ്പം കഴിയുമ്പോൾ നനച്ച് മന്തിരിയിലോ ഉണങ്ങിയ പായിലോ ഇട്ട് പുറത്ത് വെയിലത്ത് വെക്കുക. നന്നായി ഉണങ്ങിക്കഴിയുമ്പോൾ അതെടുത്ത് വീട്ടിലേക്ക് തിരിച്ചുപോരുക.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here