കവിതയിലെ ശ്രീകുമാര്യം

0
138

The Reader’s View

അന്‍വര്‍ ഹുസൈന്‍

കവി, നോവലിസ്റ്റ്, ചലച്ചിത്ര ഗാന രചയിതാവ്, സിനിമാ നിർമാതാവ്, സംവിധായകൻ എന്നീ വൈവിധ്യമാർന്ന നിലയിൽ അടയാളപ്പെടുത്തപ്പെട്ട ശ്രീകുമാരൻ തമ്പിയെ ഒരു കവിയെന്ന നിലയിൽ വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ല. കവിയെന്ന നിലയിൽ ജീവിതത്തെ ആഴത്തിൽ സ്പർശിക്കുന്ന ഒരു പിടി മികവാർന്ന കവിതകൾ അദ്ദേഹത്തിൽ നിന്നും പിറവി കൊണ്ടിട്ടുണ്ട്. അച്ഛൻ്റെ ചുംബനം എന്ന കറൻ്റ് ബുക്ക്സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തിലും ഈ പ്രതിഭ നമുക്ക് ദർശിക്കാം.

അമ്മവീടെവിടെ, നീ വഴി തെറ്റിയലയുന്നു
അമ്മിഞ്ഞ തൻ മണം വ്യഥകളിൽ തിരയുന്നു
കാഴ്ചയുണ്ടെങ്കിലും കാണാത്ത കണ്ണുകൾ
കേൾവിയുണ്ടെങ്കിലും കേൾക്കാത്ത കാതുകൾ
ഉച്ചത്തിലലറുന്നു പാടുന്നു തെല്ലുമി –
ല്ലൊച്ചയിൽ നാദബീജാക്ഷര സ്പന്ദനം!

അമ്മ വീട് എന്ന കവിതയിലെ അമ്മിഞ്ഞപ്പാൽ മണം എത്ര ഹൃദ്യമായ് നമ്മിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു!

എന്തൊക്കെയാണ് നമുക്ക് നഷ്ടമായി തീർന്നത്?

നിൻ ചോര തൻ മണം, നിൻ ഭാഷ തൻ മണം
നീയാദ്യമായ് നുകർന്നൊരു മണ്ണിൻ മണം
നഷ്ടമായ് തീർന്നതെന്തൊക്കെ, നിഴൽ ചൊല്ലി
നഷ്ടമായ് തീർന്നു നിനക്കു നീ തന്നെയും…

പടി കടന്നു പോവുന്ന മകൾക്ക് അച്ഛൻ്റെ ചുംബനം കവി രേഖപ്പെടുത്തുന്നത് നോക്കൂ

മകളേ നിനക്കിന്നു നൽകുമീ ചുംബനം
മന്വന്തരങ്ങളായ് തുടരുന്ന സാന്ത്വനം!
സുകൃതമെന്താണെന്നറിഞ്ഞു ഞാനിന്നു നിൻ
മിഴിയിൽ പിതൃത്വ സൗഭാഗ്യം തുളുമ്പവേ
അധരത്തിലിറുമീയുപ്പുമാത്മാക്കളിൽ
മധുരമായ് മാറുന്നൊരദ്ഭുതം കാൺക നീ

അച്ഛൻ്റെയും അമ്മയുടെയും വാത്സല്യം പുറന്തോടു പോലെ നിന്നെ പൊതിഞ്ഞിരിക്കുന്നു എന്നാണ് അച്ഛൻ മകളെ ഓർമ്മിപ്പിക്കുന്നു. മംഗല്യം കഴിഞ്ഞാലും ആ പുറന്തോട് പൊട്ടിക്കരുത് എന്ന അധിക വരികൾ കവിതയോട് ചേർത്തു വയ്ക്കുന്നു.

കൃഷ്ണനെയെഴുതാത്ത കവികളില്ല. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ മുതൽ സുഗതകുമാരിയും യൂസഫലി കേച്ചേരിയും മാധവിക്കുട്ടിയും ഒക്കെ മാധവനിലൂടെ കടന്നു പോവുന്നു. പ്രണയത്തിൻ്റെ പ്രോജ്ജ്വല രൂപമാണ് കണ്ണൻ. ശ്രീകുമാരൻ തമ്പിയിൽ കൃഷ്ണവൃത്തം നൃത്തമായി മാറുന്നു

നിന്നെ തിരിച്ചു വിളിക്കുവാനാശിക്കു –
മെൻ ഭാഷ മൗനമാകുന്നു
കുറ്റപ്പെടുത്തുന്നതില്ല ഞാൻ നിന്നെ, യെൻ
തെറ്റു ഞാൻ നന്നായറിവൂ
എന്നാണ് കവി ഭാഷ്യം

നാത്തൂനും നാത്തൂനും തമ്മിലടിച്ചു
നാലുകെട്ടിന്നകം ഞെട്ടിത്തെറിച്ചു!
പത്നിക്കും പെങ്ങൾക്കും ഭാരമായ് മാറും
പാവത്തിൻ നട്ടെല്ലിന്നസ്തിത്വ ദുഖം!
ഇത്തരം വരികളും നർമ്മത്തിൽ ചാലിച്ച് ജീവിത രംഗങ്ങളെ രേഖപ്പെടുത്തുന്നു.

ഡോ എം ലീലാവതിയാണ് അവതാരിക. പെറ്റമ്മയും പിറന്ന നാടും പൊന്നാര്യൻ വിളയുന്ന നെൽപ്പാടവുമൊക്കെയാണ് ശ്രീകുമാരൻ തമ്പിയിൽ കവിത ഉണർത്തുന്നതെന്ന് ടീച്ചർ നിരീക്ഷിക്കുന്നു.

ശ്രീകുമാരൻ തമ്പി എഴുതിയ ഗാനങ്ങളും കവിതകളാണ്. ആഴത്തിൽ അവയെയും വിലയിരുത്തപ്പെടേണ്ടതുണ്ട്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here