തുരുത്ത്

1
180

കവിത

രാഹുല്‍ ഗോവിന്ദ്

തുരുത്തീന്ന്
പാതിരാത്രി ഉൾക്കടലിലേക്കു
ബോട്ടുനീങ്ങും

മീനുകളുടെ ലോകത്തേക്ക് വലകളുമായിച്ചെല്ലുന്നവരുടെ പ്രതീക്ഷയെക്കുറിച്ചു
റേഡിയോപാടും.

തുരുത്തില്
പാതിരാത്രി
എയ്ത്തുനക്ഷത്രം
വഴിതെറ്റി
വീഴും

പാതയോരത്തെ
നനവഴിയാ മണലിൽ
മാണ്ടുകിടക്കും,

വെളുപ്പിനു
തിരികെട്ട്
മാഞ്ഞുപോകും

2

അവിടെ ഉപ്പുറവയുള്ള
ഉൾക്കാട്ടിൽ നിറയെ
കാട്ടുചെമ്പകങ്ങളാണ്

നിലാവുണ്ടെങ്കിൽ,

കടപടാന്നു,
ബോട്ട് തീരമകന്നാൽ,
കാറ്റിൽ
ചെമ്പകപൂക്കൾ
വാടിവീഴും.

അതുംവാരി
കിടക്കയിൽ
വിതറി
പെണ്ണുങ്ങളുറങ്ങും.

മത്തുപിടിക്കുന്നതെ-
ന്തെന്നറിയതെ
പിള്ളേരു ചിണുങ്ങും…

നീന്താനായും.,
നിത്യമാം
നീലവെളിച്ചം.

3

മഴക്കാലമെങ്കിൽ
ചെളിയടിഞ്ഞ മുളങ്കാട്ടീന്നു പെയ്ത്തുവെള്ളത്തിനൊപ്പം
മീൻമുള്ളുമൊഴുകിവരും,

വള്ളം മിന്നലിൽ രണ്ടാകും,

നിലാവ്…
നനഞ്ഞുകുതിർന്നു
വീർത്തങ്ങനെ

ചിത്രീകരണം: മിഥുന്‍ കെ.കെ

അല്ലെങ്കിൽ,

അടുത്ത
വെയിലത്തെല്ലാം ഉണങ്ങിനിവരും,
ആകാശത്തകലേക്ക്
അപ്പൂപ്പൻതാടികളെയ്യും
സമയം ചുരുട്ടിച്ചുരുട്ടി
ഉറുമ്പുകളെ കൂടൊരുക്കാൻ
വിളിക്കും.

4

ഉൾക്കടലുകൊണ്ട
ബോട്ടെല്ലാം
ഏഴാംനാൾ
തിരയിറങ്ങും,
തീരമണയും
തുഴയൊതുക്കും.

വലയഴിച്ചാൽ

പതിനൊന്നാം
നൂറ്റാണ്ടിലെ പവിഴപ്പുറ്റ്
പാതിരക്കാറ്റ്
പിരാന്ത്
പേക്കൂത്ത്…

5

ഓളപ്പെരുപ്പം നോക്കി,
മീൻവെട്ടും നിഴലുകൾ ,
വലകൾ,
വേനലുകളടുക്കിവെക്കും
ഞരമ്പുകൾ,

കാറ്റിനെപ്പ(ച്ചു)റ്റിയും
റേഡിയോ പാടും.

ഉറക്കപ്പടികളിൽ,
ദൂരെ ,
വഴിമറന്ന യാനങ്ങൾ നിലവിളിക്കുന്നത്,
കാറ്റ് മുടിയഴിക്കുന്നത്,
നഖക്കുഴിയിൽ
വെളുത്തുള്ളിയും
ചൊരുക്കുമിഴയുന്നത്

പഴുത്ത ചക്കേടെ
രുചിഭേദം മുതൽ
കാട്ടുചെമ്പകപ്പൂക്കടെ
കണ്ണുപൊട്ടിക്കുന്ന മണംവരെ
തീരത്തങ്ങോട്ടും ഇങ്ങോട്ടും
കവാത്തു നടത്തുന്നത്

തുരുത്ത്,
തഞ്ചത്തിൽ
കുരുമുളകും
കുന്നായ്മയും,
കഥകളും
മുളപ്പിക്കുന്നത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here