പൈനാണിപ്പെട്ടി
വി കെ അനിൽകുമാർ
ചിത്രീകരണം വിപിൻ പാലോത്ത്
കവികൾക്കും പ്രണയികൾക്കും പ്രിയങ്കരനാണ് ചന്ദ്രൻ.
ഇരുളാർന്ന നീലത്തുറസ്സിലെ നിലാസാമീപ്യം …
ഇരുൾ പടർന്ന സ്വപ്നങ്ങളെ
നനുത്ത പ്രകാശസ്പർശത്താൽ ദീപ്തമാക്കുന്നു.
ചന്ദ്രനേയും നിലാവിനേയും കുറിച്ചുള്ള എല്ലാ അലങ്കാരങ്ങളും ഭാഷയിലായിക്കഴിഞ്ഞു.
ഇനി അലങ്കാരങ്ങളഴിഞ്ഞ ജീവിതത്തെക്കുറിച്ച് മിണ്ടാം.
കവികൾക്കും പ്രണേതാക്കൾക്കുമെന്ന പോലെ കുട്ടികൾക്കും ഏറെ പ്രിയമാർന്നവനാണ് ചന്ദ്രൻ.
ആകാശത്ത് കയ്യെത്താവുന്ന ദൂരത്തിരുന്ന് മോഹിപ്പിക്കുന്ന കളിക്കൂട്ടുകാരന് തമ്പാൻ എന്നൊരു വിളിപ്പേരുണ്ട്.
തമ്പാൻ ആകാശത്തിൽ ചന്ദ്രനും
മണ്ണിൽ അതേ പേരിലുള്ള കുറേ മനുഷ്യരുമാണ്.
കരഞ്ഞ് വികൃതി കാട്ടുന്ന ഉണ്ണികളുടെ കരച്ചിലടക്കാൻ പണ്ടത്തെ അമ്മമാർ മാനത്തെ തമ്പാനെ കാണിച്ചു കൊടുക്കും.
അമ്മമാർ നീലപ്പരപ്പിലെ തിങ്കൾച്ചിരിയിലേക്ക് വിരൽ ചൂണ്ടും.
വെൺമയുടെ നനുത്ത മേനിയിലെ കറുത്ത കൊമ്പുകൾ അപ്പോൾ കൂടുതൽ തെളിഞ്ഞു വരും.
“തമ്പാൻ്റുള്ളിലെ കൊമ്പുംപോലതാ ….” എന്ന് പറയുമ്പോൾ കുഞ്ഞി ചിരിക്കുകയും
തമ്പാൻ്റെയുള്ളിൽ ദുഃഖത്തിന്റെ നിഴൽ പടരുകയും ചെയ്യും….
ചന്ദ്രന്റെ വെളിച്ചവും
ഉള്ളിലെ കറുത്ത ദുഃഖവും പേറി തമ്പാനെന്ന പേരിൽ കുറേ ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്.
ആണുങ്ങൾക്ക് തമ്പാനെന്ന പേരുള്ളത് വടക്കൻ കേരളത്തിലെ ചില സ്ഥലങ്ങളിൽ മാത്രമാണ്.
കുട്ടിക്കാലം മുതലേ തമ്പാനെന്ന സുമുഖനായ ചെറുപ്പക്കാരനുമായി വലിയ അടുപ്പത്തിലായിരുന്നു.
തമ്പാനേട്ടൻ ഒന്നാംതരം കൈക്കോട്ടു പണിക്കാരനും
നാട്ടിലെ നല്ല പാട്ടുകാരനുമായിരുന്നു.
ജീവിതത്തിൽ ആദ്യമായി കണ്ട പാട്ടുകാരനായിരുന്നു തമ്പാനേട്ടൻ.
കണ്ടത്തിലും പറമ്പിലും വെയിലുകൊണ്ട് പണിയെടുത്തിട്ടും പേരിൽ തിങ്കൾ പ്രഭ
ചൂടിയവനായതിനാൽ ആ പ്രകാശത്തിൽ തമ്പാനേട്ടൻ കറുത്തില്ല.
എത്ര പ്രായമായാലും ചന്ദ്രൻ്റെ തരുണശോഭ തമ്പാനേട്ടന് നിത്യയൗവ്വനം പ്രദാനം ചെയ്തു.
കാണാൻ നല്ല പാങ്ങുള്ള ശരീരവും കേൾക്കാൻ നല്ല പാങ്ങുള്ള പാട്ടും തമ്പാനേട്ടന് സ്വന്തമായുണ്ടായിരുന്നു.
ആർച്ച് താഴ്ത്തി കിണറുണ്ടാക്കാനും
കയ്യാല കോര്ന്നതിനും പുഞ്ചപ്പണിക്കും കാട് വയക്കുന്നതിനും അയാൾ നാട്ടിൽ അനിവാര്യനായിരുന്നു.
കുട്ടികൾ മദിച്ചു കുളിക്കുന്ന മടത്തുംകൊളത്തിന്റെ കരയിലായിരുന്നു തമ്പാനേട്ടനും അമ്മയും താമസിച്ചിരുന്നത്.
അവരുടെ പറമ്പിൽ നിന്ന് ഓടിവന്നാണ് കുളത്തിന്റെ ഏറ്റവും മുകളിൽ നിന്നും ഞങ്ങൾ കുട്ടികൾ താഴേക്ക് ചാടിയിരുന്നത്.
കുളിയും ബഹളവും നിയന്ത്രണം നഷ്ടപ്പെടുമ്പോൾ തമ്പാനേട്ടൻ വന്ന് കണ്ണു മിഴിച്ച് പേടിപ്പിക്കും.
തമ്പാനേട്ടൻ അങ്ങനെയായിരുന്നു.
എല്ല് മുറിയെ കൈക്കോട്ട് പണിയെടുക്കുകയും മനോഹരമായി പാടുകയും ചെയ്തു.
അമ്മ മരിച്ചതിന് ശേഷം അയാൾ തൃക്കരിപ്പൂരിൽ നിന്നും പുത്തിലോട്ടേക്ക് താമസം മാറി.
പക്ഷേ തൃക്കരിപ്പൂരിലെ കണ്ടങ്ങളും തോടുകളും തമ്പാനേട്ടനെ കൂട്ടുവിളിച്ചു.
കാറ്റും മഴയും മണ്ഡലികൾ ഇണചേരുന്ന കാട്ടു പൊന്തകളും കളിയാട്ടങ്ങളും തമ്പാനേട്ടനെ വിട്ടുപിരിഞ്ഞില്ല.
താമസം മാറീട്ടും കൈക്കോട്ട് പണിക്ക് വേണ്ടി അയാൾ പുത്തിലോട്ടു നിന്നും തൃക്കരിപ്പൂരിലേക്ക് ബസ്സു കയറി.
തൻ്റെ പ്രിയപ്പെട്ട നാടിനേയും നാട്ടാരേയും പിരിഞ്ഞിരിക്കാനയാൾക്ക് കഴിഞ്ഞില്ല.
ആഫ്രിക്കൻ പായൽ മടത്തുംകൊളം മൂടിയത് തമ്പാനേട്ടൻ പുത്തിലോട്ടേക്ക് പോയതിന് ശേഷമാണ്.
ചുറ്റിലും മതിലുകളും വീടുകളും വന്നതോടെ പുറത്തേക്കൊഴുകാനാകാതെ കുളം ശ്വാസം മുട്ടി.
കുളത്തിൽ നിറഞ്ഞു പടർന്ന ചുവന്ന പൂത്താലികളുടെ ഹൃദയങ്ങളെ ആഫ്രിക്കൻ പായലുകൾ വിഴുങ്ങി.
സ്മരണകൾ ചീഞ്ഞഴുകിയ കുളത്തിൽ മാലിന്യങ്ങൾ കുമിഞ്ഞു.
മൂക്കുപൊത്താതെ തമ്പാനേട്ടൻ മാത്രം കുളക്കരയിലൂടെ നടന്നു.
കുട്ടികളുടെ കളി ചിരികൾ അയാൾക്ക് ചുറ്റും മുഴങ്ങി.
കാറ്റിലുലയുന്ന പൂത്താലികളെയും വെള്ളത്തിന് മുകളിലൂടെ ഓളങ്ങളുണ്ടാക്കി നീന്തുന്ന നീർക്കോലികളെയും തമ്പാനേട്ടൻ വീണ്ടും വീണ്ടും കണ്ടു.
സങ്കടങ്ങളിൽ അയാൾ പാട്ടുകളെ പിൻപറ്റി.
പാട്ടുകളിലൂടെ അയാൾ പോയ കാലങ്ങളെ തിരിച്ചെടുത്തു.
കുടൽപൊട്ടിച്ചത്ത കുളം ദൈന്യതയോടെ
തമ്പാനേട്ടനെ നോക്കി.
പണിയില്ലെങ്കിലും തമ്പാനേട്ടൻ പുത്തിലോട്ടു നിന്നും തൃക്കരിപ്പൂരിലക്ക് ബസ്സ് കയറി.
കണ്ടത്തിലെ പണി നാമമാത്രമായെങ്കിലും തമ്പാനേട്ടന് പണി കുറവായിരുന്നില്ല.
കൈക്കോട്ട് പണിക്കും ജീവിതപ്പൊയ്ത്തിനുമിടയിൽ സംഗീതമൊളിപ്പിച്ച സപ്തസ്വരങ്ങൾ തുരുമ്പെടുത്തു.
എല്ലാ പാട്ടുകളും തമ്പാനേട്ടൻ നിശ്ശബ്ദമായി ഉള്ളിലിരുന്ന് പാടി.
തൃക്കരിപ്പൂരിലെ കിളികളും കാറ്റും മഴയും വെയിലും തമ്പാനേട്ടനെ ഏറ്റുപാടി.
മോഹനേട്ടന്റെ ബാർബർ ഷോപ്പിൽ കയറി ഷേവ് ചെയ്തു.
കണ്ണാടിയിൽ തമ്പാൻ പൂർണ്ണചന്ദ്രനെ കണ്ടു.
എത്ര മനോഹരം
അവർ പരസ്പരം പുഞ്ചിരിച്ചു.
വശ്യമായി പുഞ്ചിരിക്കുമ്പോഴും തമ്പാന്റെയുള്ളിലെ കറുപ്പ് കണ്ണാടി പ്രതലത്തിൽ
തുടച്ച് കളയാനാകാത്ത കറയായി പടർന്നു.
മണമുള്ള ക്രീം പുരട്ടി.
പൗഡറിട്ടു.
കൊഴിയാത്ത നരകയറാത്ത കറുത്ത മുടി നന്നായി ചീകിയൊതുക്കി.
മീശ മുറിച്ചത് തൃപ്തികരം.
തമ്പാൻ കണ്ണാടിയിലുദിച്ച മറുബിംബത്തെ നോക്കി ആർദ്രമായി ചിരിച്ചു.
കാണാം …
എന്ന് പറഞ്ഞ് തന്റെ വശ്യമായ പുഞ്ചിരി ബാർബർ മോഹനേട്ടന് നൽകി ബാർബർഷോപ്പിൽ നിന്നും ഇറങ്ങി.
നേരം സന്ധ്യയോടടുക്കുന്നു.
വേഗം നടന്നു.
പുതിയ ചെരുപ്പാണ്.
വിശാലമായ പാടത്തിന് നടുവിലൊറ്റപ്പെട്ട കുതിര്.
തന്റെ അധ്വാനമറിഞ്ഞ വയൽപ്പച്ച
കുറച്ച് തെങ്ങുകളും ഒന്നു രണ്ട് മാവുകളും മാത്രമുള്ളതാണ് കുതിര്.
പാടം വിശാലമെന്നു പറഞുവെങ്കിലും മുക്കാൽ ഭാഗവും പറമ്പായി മാറിക്കഴിഞ്ഞിരുന്നു.
കുതിരിൽ നിന്നും നിലാവിനായി ചകോരങ്ങൾ കരഞ്ഞു.
കിഴക്കുനിന്നും പതുക്കെപ്പതുക്കെ തമ്പാൻ യാത്ര പുറപ്പെട്ടു.
രണ്ട് തമ്പാന്മാർ ഒരുമിച്ച് യാത്ര ചെയ്തു.
പാടവരമ്പിലൂടെ കുതിരിന്റെ ഇരുളിലേക്ക് നടന്നു.
കുതിരിലും വയൽപ്പരപ്പിലും തമ്പാന്റെ പുഞ്ചിരി വെളിച്ചം വിളറിപ്പടർന്നു.
കുടുതൽ പ്രകാശമാനമാകുന്തോറും ഉള്ളിലെ കറുപ്പ് തെളിഞ്ഞുതെളിഞ്ഞു വന്നു.
മാവിന്റെ കൊമ്പിൽ ഊഞ്ഞാൽ കുരുക്കിട്ടു.
കയർ ഒരു സംഗീത തന്ത്രിയാണ്.
ഊഞ്ഞാലിലുറങ്ങുന്ന ഉണ്ണിയുടെ കനവിലക്ക് സംഗീതമൊഴുകിയിറങ്ങുന്നത് ഈ കയറിൻ തുമ്പിലൂടെയാണ്.
മാവിന്റെ ചില്ലയിലിരുന്ന് മണ്ണിലെ തമ്പാൻ മാനത്തെ തമ്പാനെ അവസാനമായി നോക്കി.
വിണ്ണിലെ മങ്ങിയ വെളിച്ചത്തിൽ കയർ തിളങ്ങി.
എന്റെ കണ്ണീരാണ് എന്റെ പ്രകാശ വട്ടത്തിനുള്ളിലെ കറുപ്പ്.
അതിനെ വ്യാഖ്യാനിക്കാനാകില്ല…..
തമ്പാൻ പറഞ്ഞു
അയഞ്ഞ തന്ത്രിയിൽ സംഗീതമുണ്ടാകില്ല.
കയർ മുറുകണം.
തുരുമ്പ് കളഞ്ഞ സപ്തസ്വരങ്ങൾ അനന്തതയുടെ സിംഫണിക്കായി തയ്യാറായി.
സംഗീതം നിറച്ച് വലിച്ചുമുറുക്കിയ തന്ത്രി പോലെയായിരുന്നു മാവിൻ ചില്ലയിൽ കുരുക്കിയ കയർ.
വർഷങ്ങൾക്ക് ശേഷം ഇരുൾ ചൂഴ്ന്ന കുതിരിൽ നിന്നും തമ്പാൻ അനശ്വരതയുടെ പാട്ട് പാടി.
ശ്രുതി ഭംഗമില്ലാതെ സ്വരഭംഗമില്ലാതെ ഒരനുഷ്ഠാനം പോലെ ആ ഘനരാഗം പാടിപ്പൂർത്തിയാക്കി.
പകലിലും അസ്തമിക്കാനാകാതെ തമ്പാൻ ഒരു മുഴം കയറിൽ പ്രകാശിച്ചു കൊണ്ടിരുന്നു…
https://athmaonline.in/vkanilkumar/
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
ഇത് തമ്പാന്റെ നിലാവല്ല..നെഞ്ചിൽ നെരിപ്പുമായി ജീവിതഗാനം പാടി കടന്നുപോയ ഒട്ടനവധി ജന്മങ്ങളുടെ ഗാഥ യാകുന്നു…
ഇന്ന് പെട്ടി തുറന്ന് കയ്യിൽ വച്ചത് തീക്കനൽ ആണല്ലോ.