ഫോട്ടോസ്റ്റോറി
സീമ സുരേഷ്
സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അവർ അവരുടെ ഭൂമികയിലൂടെ സ്വാതന്ത്ര്യം ആഘോഷിച്ചു നടക്കുന്നു …
ഉത്തർഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലെ ആന കാഴ്ചകൾ എന്റെ കാമറ ഫ്രെയ്മുകളിലേക്കു നടന്നു കയറുമ്പോൾ കണ്ണിനും മനസ്സിനുമിടയിൽ കണ്ട സ്വപ്നങ്ങൾക്കു തെളിച്ചമേറുന്നു.
തൃശ്ശൂരിന്റെ പൂരയാരവങ്ങൾക്കിടയിൽ കാലിൽ ചങ്ങല പൂട്ടുകളിൽ സ്വാതന്ത്ര്യം മറന്ന ഗജരാജന്മാരെ മാത്രം കണ്ടു വളർന്ന എന്റെ കാഴ്ചകളിലും ആ വേദനയുണ്ടായിരുന്നിരിക്കാം. കാട് കയറി തുടങ്ങിയ നാളുകളിൽ മൂന്നാറിലെ പച്ചപ്പുൽപരപ്പിലൂടെ കരിവീരന്മാർ ആഹ്‌ളാദത്തോടെ നടക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. കാട് നൽകിയ സന്തോഷം കൊണ്ട് ..
തണുത്തുറഞ്ഞ ഒരു മഞ്ഞു കാലത്തു പ്രവീൺ പി മോഹൻദാസ് എന്ന ഫോട്ടോഗ്രാഫി ഗുരുവിനൊപ്പം ജിം കോർബെറ്റ് ദേശീയോദ്യാനത്തിൽ എത്തുമ്പോൾ അമിതാവേശത്തിൽ ആയിരുന്നു. അവിടെന്നു പ്രവീൺ പകർത്തിയ ആനചിത്രങ്ങളുടെ സൗന്ദര്യം എനിക്ക് സമ്മാനിച്ചത് അത്ഭുതം മാത്രമായിരുന്നു. മഞ്ഞിലൂടെ രാം ഗംഗ നദിക്കരയിൽ പുലർച്ചെ തണുത്തുറഞ്ഞു ഇരിക്കുമ്പോൾ ആന സാമീപ്യം ഉണ്ടായില്യ. പക്ഷെ അന്ന് വൈകീട്ട് അസ്തമയ സൂര്യനൊപ്പം മഞ്ഞു പടരുന്നതിനിടയിൽ ആനക്കൂട്ടങ്ങൾ ക്യാമറയിലേക്കു നടന്നു വന്നു. മെല്ലെ പുല്ലു തിന്നു കുളിർന്നു നടക്കുന്നു.
വീണ്ടും എത്രയോ ചിത്രങ്ങളെടുത്തു അന്ന്.
അതിനു ശേഷം വീണ്ടും വീണ്ടും കോർബെറ്റിലേക്കു എല്ലാ ഋതുക്കളിലും ചെന്നെത്തി.
രാം ഗംഗാനദിക്കരയിലെ മൺ വഴികളിലൂടെ കടന്നു ചെല്ലുമ്പോൾ കാണാം ദൂരെ നിന്നും വരി വരിയായി തല കുലുക്കി വരുന്ന ആനക്കൂട്ടങ്ങൾ. പൊടി മണ്ണ് പറപ്പിച്ചു നദിയിലേക്കിറങ്ങിയുള്ള ജലക്രീഡകൾ, കുഞ്ഞാനകളുടെ കുറുമ്പുകൾ, ബലപരീക്ഷണങ്ങൾ. അവിടന്നങ്ങോട്ട് മണ്ണ് തെറിപ്പിച്ചു സാല്മരങ്ങൾക്കിടയിലൂടെ ഉൾക്കാടിലേക്ക്.
ഇതിനിടയിൽ കൊമ്പന്മാരുടെ കൊമ്പുകോർക്കൽ,അമ്മയാനകളുടെ വാത്സല്യ തലോടൽ ,അമ്മയെ വലിച്ചു കൊണ്ട് മുന്നോട്ടു നയിക്കുന്ന കുഞ്ഞാനകൾ. കൂടെ പെണ്ണാനയെ പാട്ടിലാക്കാൻ കൊമ്പന്മാരുടെ വമ്പത്തരങ്ങൾ. അങ്ങനെ അവരുടെ പകലുകളെ
പകർത്തി താമസ സ്ഥലത്തേക്ക് തിരിക്കുമ്പോൾ മനസ്സിൽ വൈകുന്നേരത്തെ അസ്തയസൂര്യനൊപ്പമുള്ള ആനക്കാഴ്ചകളാണ് മനസ്സിൽ.
വെളിച്ചം ഒളിച്ചു കളിക്കുന്ന മരക്കൂട്ടങ്ങളിലൂടെ ഒന്ന് രണ്ടു കിലോമീറ്റലോളം ഞങ്ങളുടെ ജീപ്പിനു പിന്നാലെ നടന്നു വന്ന ആ ഉയർന്നമസ്തകമുള്ള കൊമ്പനെ മറക്കാനാവില്ല്യ. പൊടി മണ്ണെറിഞ്ഞ് അവൻ വെളിച്ചത്തെ കൂടുതൽ ശോഭയുള്ളതാക്കി.
ക്യാമറകണ്ണുകൾ ഇടക്കിടെ തുറന്നടയുമ്പോൾ അവൻ വൃക്ഷക്കൂട്ടങ്ങൾക്കിടയിൽ മറ്റൊരു തലയെടുപ്പുള്ള വന്മരമായി തോന്നപ്പെട്ടു.
വൈകുന്നേരത്തെ കാടുകേറ്റത്തിൽ പുൽമൈതാനങ്ങളിലൂടെ വാഹനം ഉരുണ്ടു നീങ്ങുമ്പോൾ ആനക്കൂട്ടങ്ങൾ പൊട്ടുകളായി കാണപ്പെട്ടു.
അസ്തമയ സൂര്യനൊപ്പം..അവരും മടങ്ങുകയാണ്. ആനക്കൂട്ടങ്ങളുടെ കാലുകൾ കോട്ട സമാനമായി മാറ്റി കുഞ്ഞാനയെ ദൃഷ്ടികളിൽ നിന്ന് ദൂരെനിർത്താൻ ശ്രമിച്ച മറ്റൊരു ആനക്കൂട്ടം. അവരിങ്ങനെ ദൂരേക്ക് നടക്കുകയാണ്. കാലുകളുടെ സംരക്ഷണ വലയത്തിൽ കുട്ടിയാനയും. ചുവപ്പു രാശി ഏറി. ഗജരാജൻമാർ വരിവരിയായി ആ ശോഭയിലേക്കു നടന്നു പോയപ്പോൾ. ദൂരെ മറ്റൊരിടത്തു ഏകാന്തമായി ഒഴുകുന്ന നദിക്കരയിൽ ഒറ്റയ്ക്കവൻ എത്തി നീരാടി. മറ്റൊരു ആനക്കാഴ്ച …
പിന്നീടൊരു യാത്രയിൽ ഞാൻ അവനെ കണ്ടു. ആനക്കൂട്ടങ്ങളിൽ നിന്നൊഴിഞ്ഞു ഒറ്റയായി മാറിയ മറ്റൊരു ലക്ഷണമൊത്ത ഗജരാജൻ. സൂര്യന് താഴെയുള്ള ഭൂമിയിൽ അവൻ ഏകാന്തതയെ ആസ്വദിച്ച് നടന്നു നീങ്ങുന്നു. ഒന്നോർത്താൽ ആ ഫ്രൈയിം ഇപ്പോഴും ഹൃദയത്തെ തൊടാറുണ്ട്. വലിയ ലോകത്തു ദൂരകാഴ്ചയിൽ ഒരു കുഞ്ഞുറുമ്പിനെ പോലെ തോന്നിക്കുന്ന ആ വലിയ ചിത്രം. കോർബെറ്റിലെ ധിക്കാല എന്ന് വിളിക്കപ്പെടുന്ന കാടിന്റെ അറ്റത്തു ഹൃദയം മറന്നു വെച്ച് പോരുന്ന ഒരുവൾ മാത്രമാണ് ഞാൻ.
കൊറോണയെന്ന മഹാമാരിയിൽ ലോകം മുഴുവൻ നിശ്ചലമായി നിന്നപ്പോൾ ,,യാത്രചെയ്യാനാവാതെ വിഷാദത്തിന്റെ പടുകുഴിയിലേക്ക് വീഴാതെ പതുക്കെ പതുക്കെ എന്നെ ഉയർത്തിക്കൊണ്ടു വന്നത് മനസ്സെന്ന ഫ്രെയിമിൽ ഞാൻ ചില്ലിട്ടു വെച്ചിരിക്കുന്ന ആനക്കൂട്ടങ്ങളുടെ ചിത്രങ്ങളായിരിക്കാം. എന്റെ കണ്ണിൽ തലയുർത്തി നിൽക്കുന്ന പൊടിമണ്ണിൽ കുളിച്ച.. ചുവന്ന സൂര്യനൊപ്പം നിൽക്കുന്ന ആ ഒറ്റക്കൊമ്പനാവാം…
…
Seema Suresh
Nature & Wildlife Photographer.
Director Public Relations & Nature Conservation Programs,
Green Cap Safari.