കവിത
സുരേഷ് നാരായണൻ
1
‘തുള്ളി വെള്ളമില്ല ക്ലീറ്റസ്സേ ,
വേണമെങ്കിലെന്നെ പച്ചയ്ക്കടിച്ചോ!’
മദ്യക്കുപ്പി ക്ലീറ്റസിനെ കൊഞ്ഞനം കുത്തി.
അവനാ കുപ്പി കയ്യിലെടുത്തു.
തൻറെ അവധാനതകളെ മുഴുവനും ചുണ്ടുകളിലേക്കാവാഹിച്ച്
അതിൻറെ വട്ടക്കഴുത്തിൽ ചുംബിച്ചു.
കുപ്പി വിറച്ചു
മദിച്ചു
നനഞ്ഞു
മൂർച്ഛയിലതിൻറെ മൂടി ഊരിത്തെറിച്ചു.
ശബ്ദം കേട്ട് ഫ്രിഡ്ജിൻറെ
തണുപ്പുപാളികൾക്കുള്ളിൽ മയങ്ങിക്കിടന്ന താറാവുകറി
പുറത്തേക്കു ചാടി
അവൻറെ കാൽച്ചുവട്ടിലേക്ക്
തലതല്ലി വീണു
2
പറുദീസാ സൂപ്പർമാർക്കറ്റീന്ന്
നക്ഷത്രപ്പൊറോട്ടകളും
വാങ്ങി വരുന്ന വഴിയാണ്
തടവുകാരുടെ മതിൽ.
അവിടെയെത്തിയതും
താറാവു കറിയുടെ മണം
മതിലിന്മേൽ ഇരുന്ന് ചൂളമടിച്ചതും
പൊറോട്ടകൾ ഒന്നാകെ
എൻറെ കൈയ്യും വിടുവിച്ച് ഒറ്റച്ചാട്ടം….*
3
ചൂടു താറാവുകറിത്തുള്ളികൾ കൊണ്ട് കവിളുകൾ പൊള്ളിക്കാനാഗ്രഹിച്ച
ഒരു മീൻ ഉണ്ടായിരുന്നു.
പക്ഷേ
പച്ചവെള്ളത്തിൽ വെറുതെ നീന്താനല്ലാതെ
വേറെന്തു ചെയ്യാനാണ്?
‘എന്നെ അടുപ്പിനരികിലേക്കെത്തിക്കൂ’
എന്ന മുട്ടിപ്പായ തുടർപ്രാർത്ഥന കേട്ടിട്ടാവണം
ആ ചൂണ്ട അവൻറെ കൺവെട്ടത്തേക്കിറങ്ങിവന്നു കൈനീട്ടിയത്.
ആ നിമിഷത്തിൽ
ലോകം മുഴുവൻ തന്റെ ചുണ്ടിലേക്കു ചുരുങ്ങുന്നതു പോലെ
അവനു തോന്നുകയും
എത്രയും സൗമനസ്യനാകാമോ
അത്രയും ബദ്ധശ്രദ്ധയോടെ
അവനാ ചൂണ്ടയിൽ
ഉമ്മവെക്കാൻ തുടങ്ങുകയും ചെയ്തു.
——
( രണ്ടാം കവിതയ്ക്ക് ഒരു അനുബന്ധം ഉണ്ട് കേട്ടോ:
‘ങ്ങളെ താറാവു കറി മണക്കുന്നു.’
വീട്ടിലെത്തിയതും
വലിച്ചു ചേർത്തുനിർത്തിക്കൊണ്ട്
ഓള് പറഞ്ഞു )
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : [email protected]
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.