HomeTHE ARTERIASEQUEL 40ക്ഷേത്രങ്ങളെ അരക്കില്ലങ്ങളാക്കുമ്പോൾ ...

ക്ഷേത്രങ്ങളെ അരക്കില്ലങ്ങളാക്കുമ്പോൾ …

Published on

spot_imgspot_img

ലേഖനം
സുജിത്ത് കൊടക്കാട്

” നാങ്കളെ കൊത്ത്യാലും ചോര .
നീങ്കളെ കൊത്ത്യാലും ചോര .
പിന്നെ നാങ്കളും നീങ്കളും തമ്മിൽ
എന്തന്തരം ചൊവ്വറേ ”

എന്നിങ്ങനെ ഉറക്കെ വിളിച്ച് ചോദിച്ച പൊട്ടൻ തെയ്യത്തിന്റെ നാടാണ് ഉത്തരമലബാർ. പ്രത്യേകിച്ച് കണ്ണൂർ,കാസർഗോഡ് ജില്ലകൾ. തട്ടമിട്ട മുസ്ലീം സ്ത്രീയോട് “നീ വെറെയൊന്ന്വല്ല ഇങ്ങ് വാ” എന്ന് മുത്തപ്പൻ മൊഴിഞ്ഞിട്ട് അധിക നാളായിട്ടില്ല.

മതേതരത്വത്തിന്റെ പ്രതീകങ്ങളായി മാപ്പിളത്തെയ്യങ്ങൾ ഉറഞ്ഞു തുള്ളുന്ന നാട്ടിൽ, ഉറൂസും ഉത്സവങ്ങളുമൊന്നിക്കുന്ന ‘പെരുമ്പട്ട’ ഗ്രാമങ്ങളുടെ നാട്ടിൽ, അടിച്ചമർത്തപ്പെടുന്നവരുടേയും കീഴാള വർഗ്ഗത്തിന്റേയും പ്രതിഷേധങ്ങളെ തീപ്പാട്ടുകളാക്കി ഉറഞ്ഞുതുളളിയ അറകളിലും കാവുകളിലുമെല്ലാം “ജാതിക്കോമരങ്ങൾ” ഉറഞ്ഞാടുകയാണ്.
അറകളും കാവുകളുമെല്ലാം ക്ഷേത്രങ്ങളായി രൂപാന്തരം പ്രാപിക്കുമ്പോൾ നിസ്വവർഗത്തിന്റേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും കേദാരങ്ങളാണ് തകർന്നു വീഴുന്നത്.

തിരുവിതാംകൂറിലെ ‘അവർണ്ണ’- ദളിത് വിഭാഗങ്ങൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചു കൊണ്ട് 1936 ലാണ് ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്. എന്നാൽ അതിനും പല ദശകങ്ങൾക്കപ്പുറം ഉത്തര മലബാറിൽ അവർണ്ണനായി പിറന്നവർ ദൈവങ്ങളായി മാറിയിരുന്നു. പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർ കെട്ടിയാടിയ തെയ്യക്കോലങ്ങളെ ബ്രാഹ്മണനും നായരും നമ്പ്യാരുമെല്ലാം തൊഴു കയ്യോടെ വണങ്ങി.

സവർണ്ണ മാടമ്പിത്തത്തോടുള്ള പ്രതിഷേധങ്ങളാണ് പലപ്പോഴും തെയ്യം മൊഴികളിലൂടെ പുറത്തു വന്നത്. മുഖമെഴുതി ചുവന്ന പട്ടുടുത്ത് മുടിയെടുത്തുവെച്ച് കണ്ണാടി നോക്കിക്കഴിഞ്ഞാൽ മലയനും പുലയനും വണ്ണാനുമെല്ലാം ദൈവക്കോലങ്ങളായ് മാറും. പിന്നീടവർ മൊഴിയുന്നതത്രയും ദൈവ വചനങ്ങളാണെന്നാണ് വിശ്വാസം. ഈ വിശ്വാസത്തെ കൂട്ടുപിടിച്ചു കൊണ്ടാണ്, തെയ്യക്കോലമല്ലെങ്കിൽ തങ്ങളെ 96 അടിയും 46 അടിയും ദൂരെ മാറ്റി നിർത്തുന്ന സവർണ്ണ തമ്പുരാക്കന്മാരോട്,എന്റെയും നിങ്ങളുടെയും ചോരയുടെ നിറം ചുവപ്പാണെങ്കിൽ ഞങ്ങൾ തമ്മിലെന്ത് വ്യത്യാസമെന്ന് പൊട്ടൻ തെയ്യം കെട്ടിയ മലയൻ ഉശിരോടെ ചോദിച്ചത്.

കാവുകളിലും അറകളിലും കെട്ടിയാടിയ ഉത്തര മലബാറുകാരുടെ തെയ്യം കേവലം കലാരൂപം മാത്രമല്ല. പ്രതിഷേധത്തിന്റെ, ഉയിർത്തെഴുന്നേൽപ്പിന്റെ, നിലനിൽപ്പിന്റെ, വിശ്വാസത്തിന്റെ, പരിസ്ഥിതിയുടെ, കാർഷിക ജീവിതത്തിന്റെ, സാമൂഹ്യ ബോധത്തിന്റെ, ഐക്യപ്പെടലിന്റെ, മത സൗഹാർദ്ദത്തിന്റെ അങ്ങനങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര പലതിന്റെയും അടയാളങ്ങളാണ്.

മണ്ണിൽ പണിയെടുക്കുന്ന കർഷകരും തൊഴിലാളികളുമടങ്ങുന്ന പഴയ ”അവർണ്ണ – കീഴാള “വർഗ്ഗത്തിന്റെ ഉയിർത്തെഴുന്നേൽപ്പുകളായ കാവുകളും അറകളും ബ്രാഹ്മണ മേധാവിത്വ സ്വഭാവമുള്ള ക്ഷേത്രങ്ങളുടെ സ്വാഭാവ രീതിയിലേക്ക് മാറാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി.
പുന:പ്രതിഷ്ഠ നടത്തി പഴമയെ പുതുക്കിയപ്പോൾ, കാവുകളെ വെട്ടിത്തെളിച്ച് കോൺക്രീറ്റ് കാടുകൾ കെട്ടിപ്പൊക്കിയപ്പോൾ തകർന്നു പോയത് പരിസ്ഥിതി മാത്രമല്ല. ഇരുണ്ട ഇന്നലെകളുടെ നിണമണിഞ്ഞ ചരിത്രം കൂടിയാണ്.

ഇന്നു ക്ഷേത്രങ്ങളായി മാറിയ പല കാവുകളും അറകളും ഒരു കാലത്ത് ആ പ്രദേശത്തിന്റെ സാമൂഹിക മുന്നേറ്റങ്ങൾക്ക് ബീജാവാപം പകർന്ന ഇടങ്ങളാണ്. ജന്മി മാടമ്പിമാരുടെ മുന്നിൽ സമ്പത്തിന്റെ പേരിലും അതിലുപരി ജാതിയുടെ പേരിലും നടുവളച്ചിരിക്കേണ്ട സാമൂഹിക ശ്രേണിയിൽ പെട്ടവരായിരുന്നു കാവുകളുടെയും അറകളുടെയും നടത്തിപ്പുകാർ.

ഭൂപരിഷ്കരണനിയമം നടപ്പിലാക്കപ്പെടാത്ത നാളുകളിൽ ഇവരിൽ പലരും ജന്മിയുടെ കുടിയാന്മാരോ ജന്മിക്ക് പാട്ടം കൊടുത്തു ജീവിക്കേണ്ടിവന്നവരോ ആയിരുന്നു.
നിരവധി രക്തപങ്കിലമായ പോരാട്ടങ്ങളും
1967-ലെ ഭൂപരിഷ്കരണ നിയമവും കീഴാളനെ സ്വപ്നം കാണാൻ പഠിപ്പിച്ചു.എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാൻ അവകാശമില്ലാത്ത കാലം മാറി .
ഇതേ വിഭാഗത്തിൽ കൂടുതൽ അധ്വാനിച്ചവരും ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചവരും സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് നയിക്കപ്പെട്ടു. ഇവർ അറകളെയും കാവുകളുടെയും കൂടുതൽ ജനകീയ വൽക്കരിക്കാൻ ശ്രമിച്ചു. തങ്ങളുടെയടക്കം സമ്പത്ത് ഉപയോഗപ്പെടുത്തി കാലഘട്ടത്തിനനുസരിച്ചുള്ള സൗര്യങ്ങൾ അവർ അവിടെ ഒരുക്കി കൊടുത്തു. വികസന പ്രവർത്തനങ്ങൾക്കും കാര്യ നിർവ്വഹണത്തിനും പുതിയ ഭരണ സമിതികൾ രൂപം കൊണ്ടു. ഇത്തരം കമ്മറ്റികൾ കാവുകൾക്ക് / അറകൾക്ക് പുറത്ത് വായന ശാലയുടേയോ വിദ്യാലയങ്ങളുടേയോ വിശാലമായ മൈതാനത്തേക്ക് സൈക്കിള് യജ്ഞക്കാരനെയും നാടകക്കാരനെയും കൂട്ടി കൊണ്ടു വന്നു. കാവുകളും അറകളും ഏത് ജാതിയിൽ പെട്ടവരുടേതായാലും ആഘോഷ കമ്മറ്റി വ്യത്യസ്ത ജാതിക്കാറുൾപ്പെടുന്ന, നാട്ടുകാർ നേതൃത്വം നൽകുന്ന ജനകീയ കമ്മറ്റികളായിരുന്നു. ചൂട്ടും തീപ്പന്തവും മാത്രം കണ്ടുവളർന്ന ഉത്തര മലബാറത്തുകാരെല്ലാം ആദ്യമായി ‘ കാമ്പു വെളിച്ചം’ (ട്യൂബ് ലൈറ്റ്) കണ്ടത് തെയ്യാട്ട കാലത്തു തന്നെയായിരിക്കണം.

പിന്നെയും വർഷങ്ങൾ പിന്നിട്ടു. അനുഭവങ്ങളുടെ തീച്ചൂളയിലൂടെ നടന്നവർ കാലം ചെയ്തു. പുതുതായി വന്നവരിൽ ചിലർ അറകളെയും കാവുകളെയും ക്ഷേത്രങ്ങളാക്കി മാറ്റി. പഴയ ജന്മിമേധാവിത്വത്തിന്റേയും ബ്രാഹ്മാണാധിപത്യത്തിന്റേയും പ്രേതങ്ങളെ ഇക്കൂട്ടർ സ്വശരീരത്തിലേക്ക് ആവാഹിച്ചു. സ്വയം അധികാര കേന്ദ്രങ്ങളായി മാറാൻ ജാതീയതക്കും വർഗ്ഗീയതക്കും വളമിട്ടു കൊടുത്തു. സാമൂഹിക മുന്നേറ്റത്തിന് ബീജാവാപം പകർന്നയിടങ്ങൾ ഗ്രാമ വിശുദ്ധിയെ പച്ചക്ക് കത്തിക്കുന്ന അരക്കില്ലങ്ങളായി മാറി. പുതിയ ചില ക്ഷേത്ര ഭരണ സമിതി സെക്രട്ടറിമാരുടെ ശരീരത്തിൽ കയറിക്കൂടിയ പഴയ ജന്മി പ്രേതങ്ങൾ പുതിയ പുതിയ തിട്ടൂരങ്ങളിറക്കി. തങ്ങളുടെ താൽപര്യങ്ങൾക്ക് വഴങ്ങാത്തവരെ ഊരുവിലക്കി. നിഷ്കളങ്കരായ വിശ്വാസികളെ കബളിപ്പിച്ച് സ്വാർത്ഥ താൽപ്പര്യങ്ങൾ നടപ്പിലാക്കി.

മകൻ ഇതര മതത്തിൽ പെട്ട പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ഒരു പാവം പൂരക്കളി പണിക്കരെ പടിയടച്ച് പിണ്ഡം വെച്ച് ‘ന്യൂ ജെൻ ആചാരങ്ങൾക്ക്’ തിരികൊളുത്തിയിട്ടുണ്ട് ഇക്കൂട്ടർ. പൊതു ജനങ്ങൾക്കുപയോഗിക്കാൻ കഴിയുന്ന വഴികളുടെ ആധുനിക വൽക്കരണം പോലും വിശ്വാസത്തിന്റെ പേര് പറഞ്ഞ് തടസ്സപ്പെടുത്തുന്ന ഇടങ്ങളും ഒട്ടും കുറവല്ല. ക്ഷേത്ര ഭരണ സമിതിയുടെ തീരുമാനത്തെ എതിർക്കുന്ന വിശ്വാസികള ഭയപ്പെടുത്താനും വരുതിക്ക് കൊണ്ടുവരാനും ഇവർ ഏത് മാർഗ്ഗവും സ്വീകരിക്കും. അതിൽ ഏറ്റവും പ്രധാനം വിലക്കുകളാണ്. തങ്ങളെ എതിർത്ത കുടുബത്തിലെ കുട്ടികൾക്ക് മുതൽ മൃതദേഹങ്ങൾക്ക് വരെ ഇത്തരം വിലക്കുകളെ നേരിടേണ്ടി വന്നിട്ടുണ്ട്.

കിട്ടേണ്ട കൂലി ചോദിച്ചു വാങ്ങുന്ന തെയ്യം കലാകാരന്മാർ ധിക്കാരികളുടെ പട്ടികയിൽ ഇടം പിടിച്ചു.തങ്ങളുടെ മുന്നിൽ ശിരസ്സു കുനിച്ചില്ലെന്നും മര്യാദയ്ക്ക് വണങ്ങിയില്ലെന്നും പറഞ്ഞ് എത്രയോ കലാകാരന്മാരെ ഇക്കൂട്ടർ വിലക്കിയിട്ടുണ്ട്. ആത്മാഭിമാനം പണയം വെച്ച് ഈ തെമ്മാടി കൂട്ടങ്ങളോട് ‘റാൻ’ മൂളിയവർക്ക് മാത്രമേ നില നിൽപ്പുള്ളൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേരുന്നത്. നവോത്ഥാന നായകർ കുഴിച്ചുമൂടിയ അനാചാരങ്ങളെ ഒന്നൊന്നായി മാന്തിയെടുത്ത് നവോത്ഥാന മൂല്യങ്ങളെ അതേ കുഴിയിൽ മണ്ണിട്ട് മൂടാൻ ശ്രമിക്കുകയാണ് ഇവർ. ഗാന്ധിയെ തീണ്ടാപ്പാടകലെ നിർത്തിയ ഇണ്ടം തുരുത്തി മനയിലെ ദേവൻ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെയും , അരുവിപ്പുറം ശിവ പ്രതിഷ്ഠ നടത്തിയപ്പോൾ ഗുരുദേവനെ അക്രമിക്കാൻ വന്ന മാടമ്പിമാരുടേയും ഗുരുവായൂരിൽ അമ്പലമണി മുഴക്കിയപ്പോൾ പി.കൃഷ്ണപ്പിള്ളയെ ഉലക്ക കൊണ്ടടിച്ച സവർണ്ണ തമ്പുരാക്കന്മാരുടേയും പ്രേതങ്ങൾ ദംഷ്ട്ര കാട്ടി നാടിന്റെ ചോരയൂറ്റി കുടിക്കാൻ വരികയാണ്. പ്രതിരോധമല്ലാതെ ഇതിനെ തളക്കാൻ മറ്റു വഴികളില്ല.

വിശ്വാസത്തെ കൂട്ടു പിടിച്ച് വ്യക്തി താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്ന ഇത്തരം ശക്തികൾക്കെതിരെ മറ്റൊരു നവോത്ഥാന പോരാട്ടത്തിന്റെ കാഹളം ഇനിയുമുറക്കെ മുഴങ്ങേണ്ടിയിരിക്കുന്നു.

Photo Courtesy : സച്ചിൻ രവി

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...