കവിത
അനൂപ്. കെ. എസ്
മുഴക്കങ്ങൾ
കുത്തിയൊലിച്ചിലുകൾ
ഉരുളലുകൾ
ഞാൻ കണ്ണടച്ചു.
അരവിയർപ്പിന്റെ ഉപ്പ് തൊട്ട് മുഷിഞ്ഞ കാവി തലവഴി മൂടി ഉറക്കം കേറി.
നല്ല കേറ്റം
നേരെയാവരുതെന്ന് തീരുമാനിച്ചു
പണിഞ്ഞിട്ട പോലുണ്ട്,
കയറ്റം കണ്ണുനിറക്കുന്നു
ഹൃദയത്തിനു ചൂട് പിടിപ്പിക്കുന്നു.
ഉറക്കത്തിലേക്ക് തൊടാൻ
ആവുന്നതിന് തൊട്ടുമുന്നെ
ഞാൻ തളർന്നിരുന്നു, വയ്യ.
താഴെ അറിയാവുന്നവരുടെ
വട്ടമേശ സമ്മേളനങ്ങളുടെ
അജണ്ട ഞങ്ങളാകുന്നു,
എനിക്ക് മുകളിന്ന് കേൾക്കാം.
ആരൊക്കെയോ എന്റെ നേരെ കൈവീശി അവർക്കെതിരെ നിന്ന്
അവൾ എനിക്ക് വേണ്ടി വാദിക്കുന്നു.
അവർ ആളെക്കൂട്ടി എതിർക്കുന്നോളം
അവൾ കട്ടിക്കു വളരുന്നു.
ആയിരത്തൊന്നു തിരകൾ പോലെ
എന്തൊരു ശക്തിയാണവൾക്ക്…
കാവിയുടെ ഉപ്പുനീര് കുറഞ്ഞൊരറ്റം
വായിൽ തിരുകി കണ്ണ് മുറുക്കി അടച്ചു
കാലിനിടയിലേക്ക് കൈ തിരുകി
വശം പിടിച്ച് കമന്ന് കിടന്നു,
കണ്ണിന് കടും കെട്ടിട്ടു.
വെട്ടം താണ് സന്ധ്യ കേറി വരുമ്പോളാണ്
പ്രതീക്ഷ ഉണ്ടായത്.
ഇരുട്ട് വീഴാറായല്ലോ ഇനി ഭയന്ന് കണ്ണടക്കേണ്ടതില്ല.
പ്രതീക്ഷിച്ച പോലെ വിളക്കു വെളിച്ചങ്ങളെ
ഊതി കെടുത്തി ഇരുട്ടു കേറി വന്നു
ചുരുണ്ട് കൂഞ്ഞിപോയ ഞാൻ കുതിച്ചുയർന്നു
മുഴക്കങ്ങൾക്ക് ചെവികൊടുത്തു
കുത്തിയൊലിച്ചിലുകൾ പെരുവിരലിന് ചവിട്ടി നിർത്തി
അവളുടെ കൈക്ക് പിടിച്ചു.
ഞങ്ങൾ ഇരുട്ടത്ത് കണ്ണു തുറന്നിരുന്നു…
…