നിഖിൽ കാരാളി
അഞ്ചാംപാതിരക്കും ദൃശ്യം 2നും ശേഷം നല്ലൊരു ത്രില്ലർ മൂവി മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇന്ന് ഉത്തരമുണ്ട്. “Twenty one Gms”. തുടക്കം മുതൽ ഒടുക്കം വരെ കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന ഒന്ന്. പതിയെ തുടങ്ങുന്ന സിനിമ ഇന്റർവെല്ലിനോട് അടുക്കുമ്പോൾ പതിയെ ട്രാക്ക് മാറുന്നത് കാണാം. പിന്നീടങ്ങോട്ട് പ്രേക്ഷകർ തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരാവുന്നത്.
ഒരു അഭിമുഖത്തിൽ സംവിധായകൻ ബിബിൻ കൃഷ്ണ പറഞ്ഞ ഒരു കാര്യമുണ്ട് “പസിൽ സോൾവ് ചെയ്യുന്നത് പോലെ വേണം ഈ സിനിമ കാണാൻ, ശ്രദ്ധിച്ചില്ലെങ്കിൽ എനിക്ക് നിങ്ങളെ എളുപ്പത്തിൽ പറ്റിക്കാൻ കഴിയും” അക്ഷരാർത്ഥത്തിൽ അത് തന്നെയാണ് നടക്കുന്നതും. ഓരോ സീനും അരിച്ചു പെറുക്കി മാത്രമേ നമുക്ക് മുന്നേറാൻ പറ്റൂ. പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും ക്ലൈമാക്സും.
പതിവ് ക്രൈം ത്രില്ലർ മൂവികളിലെ ക്യാമറ ഗിമ്മിക്കുകൾ ഒഴിവാക്കി, ഭീതി ജനിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്‌കൊറോ ഇല്ലാതെ തിരക്കഥയുടെ ബലത്തിലാണ് സിനിമ മുന്നേറുന്നത്. ബിബിൻ കൃഷ്ണ എന്ന എഴുത്തുകാരന്റെയും സംവിധായകന്റെ വരവറിയിച്ചിരിക്കുകയാണ് 21 ഗ്രാംസിലൂടെ. എല്ലാവരും നല്ല അഭിനയം കാഴ്ച വെച്ചു എന്ന് തന്നെ പറയാം.
ഇനി സംവിധാകയനിലേക്ക് വരാം, ബിബിൻ കൃഷ്ണ. ഒരു സിനിമക്ക് പോലും അസിസ്റ്റ് ചെയ്യാതെയാണ് ബിബിൻ സംവിധായകൻ എന്ന റോൾ അതി ഗംഭീരമായ് പൂർത്തീകരിച്ചത്. സിനിമ ഒരു പാഷനാണെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച വ്യക്തി.ഓസ്‌ട്രേലിയയിലെ നല്ലൊരു ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് വണ്ടി കേറി സിനിമ പിടിക്കാൻ പുറപ്പെട്ടവൻ. ഷോർട് ഫിലിം മാത്രം ചെയ്തു പരിചയമുള്ള ഒരാൾ ഒരു സിനിമയിലേക്ക് കടക്കുമ്പോളുള്ള എല്ലാ വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമ കണ്ട് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ നമുക്ക് ഉറപ്പിച്ചു പറയാൻ പറ്റും ഈ സിനിമയുടെ വിജയം എഴുതി സംവിധാനം ചെയ്ത ബിബിൻ കൃഷ്ണയുടെ കൂടെ വിജയമാണ്. മലയാള സിനിമ ഇൻഡസ്ട്രിയിലേക്ക് ഒരു പ്രതിഭയെക്കൂടി ലഭിച്ചിരിക്കുന്നു.