ജിറാഫ്

1
497

കഥ

ഷെമീർ പട്ടരുമഠം

ഭൂമിയെക്കാൾ വലുതും മനുഷ്യനെക്കാൾ മെലിഞ്ഞതുമായ മൃഗത്തിന്റെ രണ്ടുകാലുകൾ സൂര്യനെയും ചന്ദ്രനെയും ചവിട്ടിത്താഴ്ത്തി മുൻപോട്ട് കുതിച്ചു..ഓരോ കാലടിയിലും ഓരോ നൂറ്റാണ്ട് അപ്രത്യക്ഷമായി..വരും കാലത്തേയ്ക്ക് കാലെടുത്തുവെയ്ക്കും മുൻപ്, എസ്തപ്പാനോട് കാലുകൾ നീട്ടി ”ഇനിയും എന്തിന് കാത്തിരിക്കുന്നു..വരൂ വരൂ ” എന്ന് ആ മൃഗം ആവേശത്തോടെ ക്ഷണിച്ചു.
പോയ കാലങ്ങൾ ഏതൊക്കെയാണെന്ന് ഓർമ്മകളില്ലാതെ അവശതയോടെ എസ്തപ്പാൻ ചോദിച്ചു…
നീ..നീ ജിറാഫല്ലേ….?
എസ്തപ്പാൻ ഒരിക്കൽ കൂടി ആ മൃഗത്തെ നോക്കി..
ആകാശങ്ങൾ കടന്ന് അതിന്റെ തല നീണ്ടുപോയിരിക്കുന്നു.
മറുപടി ഉയരങ്ങളിൽ അവ്യക്തമായി മുഴങ്ങി..
എസ്തപ്പാനെ ഇനിയും കാത്തുനിൽക്കാൻ ക്ഷമയില്ലാതെ ആ മൃഗം മുൻപോട്ട് കുതിച്ചു ..ഉത്തരം തേടി പിന്തുടരാനെന്നോണം എസ്തപ്പാനും.
താഴെ വീണുകിടക്കുന്ന അപ്പനെ ഒറ്റയ്ക്ക് എടുത്ത് കട്ടിലിലേയ്ക്ക് തിരികെ കിടത്തുവാനുളള ശ്രമത്തിലായിരുന്നു ആൻസി.
എന്തെങ്കിലുമൊക്കെ സ്വപ്നം കണ്ട് താഴെ വീണ് പിച്ചും പേയും പറയുന്നത് ഇതാദ്യമല്ല.
മോളെ ”ജെനി…ജെനിമോളെ ഒന്നിങ്ങോടി വന്നേ”
അപ്പാപ്പനെ നിലത്തുനിന്ന് പൊക്കിയെടുക്കുവാൻ പത്തുവയസുകാരിയുടെ ചെറിയ കൈകളും ആൻസിയുടെ കൂടെ കൂടിയപ്പോൾ എസ്തപ്പാൻ കട്ടിലിനുളളിൽ കൃത്യമായി ഒതുങ്ങി.
നല്ല ഉയരമുളള ശരീരമായിരുന്നു എസ്തപ്പാന്റേത്..ഇപ്പോൾ പ്രായത്തിന്റെ ക്ഷതങ്ങളേറ്റ് കട്ടിലിൽ വളഞ്ഞ് ഒതുങ്ങികൂടി,
ആരോ വരച്ച് വെച്ചതുപോലെ നിശ്ചലമായ കിടപ്പാണ്.
മരണം കാത്തുളള കിടപ്പാണെന്നാണ് ആൻസിയുടെ കെട്ടിയോൻ സോജന്റെ പ്രവചനം.
ആ പ്രവചനമെന്തെ ഫലിക്കാത്തതെന്നോർത്ത് ചിലപ്പോഴെങ്കിലും ആൻസി നിരാശപ്പെടാറുണ്ട്.
”ഈശോയെ എന്റപ്പനെ അധികം നരകിപ്പിക്കാതെ പെട്ടെന്നങ്ങ് വിളിക്കേണേയെന്ന് ”
മുട്ടിപ്പായി പ്രാർത്ഥിക്കാറുമുണ്ട് .
എന്തോ..കർത്താവ് എസ്തപ്പാൻ അങ്ങോട്ട് ചെല്ലുന്നത് അത്ര താൽപര്യമില്ലാത്ത മട്ടിൽ അതീവനിഗൂഢമായ ചില സ്വപ്നങ്ങളിട്ട് കൊടുത്ത്  കൊതിപ്പിച്ചുകൊണ്ടിരിക്കും.
എസ്തപ്പാനാകട്ടെ കണ്ട സ്വപ്നത്തിന്റെ പൊരുൾതേടി ഭാവികാലത്തേയ്ക്കും ഭൂതകാലത്തേയ്ക്കും മനസിനെയിട്ട് തേരാപാര ഓടിക്കും.
ആൻസിയുടെ സാന്നിദ്ധ്യം ആ മുറിയിൽ ഇല്ലാതായപ്പോൾ പതിവില്ലാതെ ജെനിമോൾ അപ്പാപ്പന്റെയരികിലേയ്ക്ക് ചേർന്നിരുന്നു.
”അപ്പാപ്പാ അപ്പാപ്പനെയെന്താ എല്ലാരും ജിറാഫെന്ന് വിളിക്കുന്നേ..കൊറേ കൊറേ പൊക്കോള്ളോണ്ടാ…?”
ആ ചോദ്യത്തിൽ എസ്തപ്പാനൊന്ന് ഞെട്ടി.
മറുപടി പറയാതെ ചുളിഞ്ഞ മുഖത്തെ വരകളിലൂടെ ഒരു ജിറാഫ് അതിവേഗത്തിൽ പാഞ്ഞുപോയി.

1960 കളിൽ, തണുത്തുവിറച്ച ഏതോ ഒരു മാസത്തിൽ അവിടെ കൊച്ചി തുറമുഖത്ത് അടുപ്പിച്ച കപ്പലുകളിലൊന്നിൽ സുരക്ഷിതനായി കൊണ്ടുവന്ന ആ ജിറാഫ്, പ്രത്യേകം തയ്യാറാക്കിയ വലിയ ലോറിയിൽ പതിനഞ്ചുദിവസം അമ്പതു കോഴിക്കോടൻ ഖലാസികളും പതിനാല് മൃഗപരിശീലകരുടെയും അതികഠിനശ്രമത്തിൽ കയറിക്കൂടി.
തിരുവനന്തപുരം മൃഗശാലയിലേയ്ക്ക് ഇറക്കുമതി ചെയ്ത് കൊണ്ടുവന്ന, കേരളത്തിൽ ആദ്യമായി കാലുകുത്തുന്ന ജിറാഫാണ്.
കൊച്ചിയിൽ നിന്നും തിരുവനന്തപുരം വരെ ജിറാഫിനെ സുരക്ഷിതമായ് എത്തിക്കുവാൻ എസ്തപ്പാനെന്ന ഒരു മിടുക്കൻ ഡ്രൈവറെ കൂടി അധികൃതർ ഏർപ്പെടുത്തിവെച്ചിരുന്നു.
എസ്തപ്പാനും ആദ്യമായി കാണുകയായിരുന്നു ഇത്രയും ഉയരമുളള മൃഗത്തെ.
എന്തൊരു നീണ്ട കഴുത്താണ് മേരിയെപ്പോലെ,
എന്തൊരു നീണ്ട കാലുകളാണ് ജൈനമ്മയെപ്പോലെ, എന്തൊരു കൗതുകമുളള മുഖമാണ് രാധയെപ്പോലെ.
എസ്തപ്പാൻ അനുഭവിച്ച പല സ്ത്രീകളും ആ ഒരു ചെറിയ നിമിഷത്തിൽ ജിറാഫിന്റെ വർണ്ണനയിലൂടെ കടന്നുപോയി.
എസ്തപ്പാന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയുടെ തുടക്കമായിരുന്നു അത്.
എസ്തപ്പാനെ കൂടാതെ നാലുപേർകൂടി ലോറിയിലുണ്ടായിരുന്നു. വീതികുറഞ്ഞ റോഡാണ്. ഇരുവശവും മരങ്ങളുണ്ട്. പലയിടങ്ങളിലും ഉയർന്ന മരത്തിന്റെ ചില്ലകൾ ജിറാഫിന്റെ തലയെക്കാൾ താഴെയായിരുന്നു. ജിറാഫിനെ കാണുവാൻ ഓരോ സ്ഥലത്തും ഓടികൂടിയ ആളുകൾ മരങ്ങൾ വെട്ടി അവരുടെ യാത്രാ തടസം മാറ്റുവാൻ ഒരുമിച്ച് സഹായിച്ചു.
ആൾക്കൂട്ടത്തിൽ ജിറാഫിന്റെ ചിത്രമോ പേരോ ഇതുവരെ അറിഞ്ഞിട്ടില്ലാത്തവർ
ഇതെന്ത് ജീവിയെന്ന അമ്പരപ്പിൽ കണ്മിഴിച്ച് വാ പൊളിച്ച് നിന്നുപോയി.
ഡ്രൈവർ സീറ്റിൽ എസ്തപ്പാൻ അൽപം ഗമയോടെ തന്നെ ഞെളിഞ്ഞിരുന്നു.
ജിറാഫിനെ കാണുവാൻ ഓടികൂടുന്ന ആളുകളുടെ കൂട്ടത്തിൽ ഭംഗിയുളള സ്ത്രീകളുമുണ്ട്. പക്ഷെ അവരൊന്നും തന്നെ ഒട്ടും ശ്രദ്ധിക്കാതെ ജിറാഫിനെ മാത്രം നോക്കി നിൽക്കുന്നതിൽ എസ്തപ്പാൻ ഉളളാലെ കടുത്ത അമർഷം രേഖപ്പെടുത്തി.
മരങ്ങളുടെ തടസമുണ്ടാകുന്നതിനാൽ പകൽ മാത്രമാണ് യാത്ര.
ഇരുട്ട് വീഴുമ്പോൾ ലോറി നിർത്തിയിടും. പകൽ തെളിയുന്നതുവരെ എല്ലാവരും നല്ല ഉറക്കത്തിലാവും. പുതിയ ഇലകളോട് പൊരുത്തപ്പെടാനുളള ബുദ്ധിമുട്ടിൽ വിശപ്പ് സഹിക്കാനാവാതെ ജിറാഫ് പലരാത്രിയിലും ഇവരുടെ ഉറക്കം നഷ്ടപ്പെടുത്തിയപ്പോൾ കൂട്ടത്തിൽ ഒരുത്തൻ അടുത്ത ദിവസം ജിറാഫിന്റെ ഇഷ്ടഭക്ഷണം കണ്ടുപിടിച്ചു.
ഒരു മരത്തിലെ ഇലയോട് മാത്രം ജിറാഫിന് വിശപ്പടക്കാൻ താൽപര്യം. അടുത്ത ദിവസങ്ങളിൽ അതിന്റെ ചില്ലകൾ കൂടുതലായി വെട്ടി ലോറിയിൽ സൂക്ഷിച്ചുതുടങ്ങി. തിരുവനന്തപുരത്ത് എന്നെത്തുമെന്ന് കൃത്യമായി പ്രവചിക്കുവാൻ പറ്റാത്തത്ര തടസങ്ങളായിരുന്നു വഴിനീളെ.
ചില സ്ഥലങ്ങളിൽ പുതിയ വഴി തന്നെ വെട്ടികൊടുക്കേണ്ടിവന്നു.കായൽ കടക്കുവാൻ പ്രത്യേകം ജങ്കാറുകൾ തയ്യാറാക്കിയിരുന്നു.
പുതിയ നാടിന്റെ കാഴ്ചകൾ, ആൾക്കൂട്ടത്തിന്റെ നോട്ടവും ആരവവും..ഒറ്റപെടലിന്റെ വേദനയും സങ്കടവും ഇടയ്ക്കിടെ അതൊക്കെയോർത്ത് ജിറാഫ് ശബ്ദമില്ലാതെ നിലവിളിക്കും.
കൂടെയുളളവർക്ക് അതൊന്നും പിടികിട്ടിയില്ലെങ്കിലും എസ്തപ്പാന് പതിയെ പതിയെ ജിറാഫിന്റെ ഭാഷ മനസിലാകുവാൻ തുടങ്ങി.
മറ്റുളളവർ ഉറങ്ങുമ്പോൾ എസ്തപ്പാൻ ലോറിയിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങി കുറച്ച് ദൂരേയ്ക്ക് മാറി നിന്ന് ജിറാഫിനെ നോക്കും.
നിലാവും പൂർണ്ണചന്ദ്രനുമുളള ഒരു രാത്രിയിൽ എസ്തപ്പാൻ അവന്റെ സൗന്ദര്യം വെളുക്കുവോളം ആസ്വദിച്ച് നിന്നുപോയി.
ദൂരെ നോട്ടത്തിൽ കൃത്യം ജിറാഫിന്റെ തലയുടെ ഭാഗത്തായി പൂർണ്ണചന്ദ്രൻ.
അതനങ്ങാതെ നിൽക്കുകയാണ്.
പെട്ടെന്ന് എന്തോ കണ്ടത് പോലെ അതിന്റെ തല നീണ്ട് ചെന്ന് ഒരു മരത്തിന്റെ ഇലയനക്കങ്ങൾക്കരികെ കാതോർത്ത് നിന്നു.
ആ വല്ലിയ മരത്തിന്റെ താഴെ എസ്തപ്പാന്റെ നോട്ടം ചെന്ന് വീണു.
ആൾക്കൂട്ടങ്ങളുടെ ബഹളങ്ങളില്ല, ഇരുട്ടിന്റെ നിശബ്ദത മാത്രം.
കൂടെയുളളവരൊക്കെ നല്ല ഉറക്കം.
എസ്തപ്പാന് ഉറക്കം നഷ്ടപ്പെട്ടു.
ആ വലിയ മരത്തിലേയ്ക്ക് വലിഞ്ഞ് കയറി.
വളരെ സൂക്ഷിച്ച് സാവധാനം നിലാവെളിച്ചത്തിൽ ചില്ലകളുടെ തുടക്കം കണ്ടെത്തി കാൽ പതിയെ പതിയെ മുൻപോട്ട് നീങ്ങി.
ഇപ്പോൾ ജിറാഫിന്റെ തലയിലേയ്ക്ക് നീണ്ട ചില്ലയിലാണ്.
ഇലകൾ വകഞ്ഞ് മാറ്റി മുൻപോട്ട് നീങ്ങി ജിറാഫിന്റെ കാതുകൾക്ക് തൊട്ടരികെയെത്തി.
അപരിചിതനാണ്, ഒന്ന് തലകൊണ്ട് കുത്തിയാൽ താൻ താഴെ വീഴുമെന്ന ഭയം പെട്ടെന്ന് എസ്തപ്പാനെ ബാധിച്ചത്.
മനുഷ്യനല്ല മൃഗമാണ്..പ്രതികരണം എന്തെന്ന് ഊഹിക്കാവുന്നതേയുളളൂ. താഴെയിറങ്ങിയാലോ..?
ഇലകൾ നിറഞ്ഞ തീരെ ചെറിയ ഒരു കമ്പൊടിച്ച് ജിറാഫിന്റെ നേരെ നീട്ടി.
നാക്ക് നീണ്ടു രുചിയുളള ഭക്ഷണം കഴിക്കുന്നതുപോലെ ആ ഇലകൾ മുഴുവൻ ആർത്തിയോടെ ജിറാഫ് ചവച്ച് അകത്താക്കി. എസ്തപ്പാൻ
ഒരു കയ്യിൽ ഇലകൾ നീട്ടി മറുകൈകൊണ്ട് ജിറാഫിന്റെ തലയിൽ മെല്ലെ തലോടി.
ജിറാഫ് നന്ദിയോടെ എസ്തപ്പാനെ നോക്കി.
”നീ പേടിക്കണ്ടടാ ജിറാഫെ
തിരുവനന്തോരം വരെ ചെല്ലുന്ന ബുദ്ധിമുട്ടെയുളളു..അവിടെത്തിയാ നെനക്കിഷ്ടോളള ശാപ്പാട് കിട്ടും…കേട്ടോ..”
ലോകത്തെല്ലാ ജീവികൾക്കും വിശപ്പിന്റെ ഭാഷ ഒന്നായതിനാൽ എസ്തപ്പാൻ പറഞ്ഞത് പിടികിട്ടിയ കണക്കെ ജിറാഫ് തലകുലുക്കി.
ജിറാഫിന് ഭക്ഷണം കൊടുത്ത് അതിനെ തലോടിയ സന്തോഷത്തിൽ എസ്തപ്പാൻ മരത്തിൽ നിന്നും താഴേയ്ക്കിറങ്ങി ലോറിയിൽ കയറി അൽപം മയങ്ങി.
പകൽ തെളിഞ്ഞപ്പോൾ ആ മരത്തിന്റെ ഇലകൾ മുഴുവൻ ജിറാഫ് അകത്താക്കിയിരുന്നു. ഡീസൽ നിറച്ച് വീണ്ടും യാത്ര മുൻപോട്ട് നീങ്ങി.
ആലപ്പുഴ എത്തിയപ്പോൾ നിയന്ത്രിക്കാൻ പറ്റാത്തവിധം ആൾക്കൂട്ടം ലോറിയ്ക്കു ചുറ്റും കൂടി. ചിലർ ലോറിയിൽ കയറി ജിറാഫിനെ തൊടുവാനുളള ശ്രമം നടത്തി.
ഭയന്ന് പോയ ജിറാഫ് ലോറിയ്ക്കുളളിൽ നിന്നും കയറുപൊട്ടിച്ചോടാനുളള വെപ്രാളം പ്രകടിപ്പിച്ചു. എസ്തപ്പാനും കൂടെയുളളവരും ആൾകൂട്ടത്തെ ലോറിയുടെ മുൻപിൽ നിന്നും മാറ്റുവാനുളള ശ്രമം തുടർന്നു. ആരോ ചെന്ന് പറഞ്ഞറിയിച്ചതിനാൽ പോലീസ് സ്ഥലത്തെത്തി ആൾക്കൂട്ടത്തെ അടിച്ചോടിച്ചു. മരങ്ങളെക്കാൾ തടസ്സം മനുഷ്യരാണെന്ന രീതിയിൽ കാര്യങ്ങൾ കൈവിട്ട് പോയോ എന്ന് എസ്തപ്പാന് തോന്നിപ്പോയി.
വണ്ടി സമയമെടുത്ത് പതിയെ പതിയെ മുൻപോട്ട് നീങ്ങി.
സന്ധ്യയായപ്പോൾ എസ്തപ്പാന് ഏറ്റവും പരിചിതമായ ഒരു പ്രദേശത്ത് തന്നെയായിരുന്നു ലോറി ഒതുക്കിയിട്ടത്.
അവിടെ ഓടിക്കൂടിയ ആൾക്കൂട്ടത്തിനിടയിൽ നിന്നും തന്നെ നോക്കി ചിരിക്കുന്ന, ജിറാഫിനെ പോലെ കൗതുകമുളള രാധയുടെ മുഖം എസ്തപ്പാന് കണ്ടെത്തുവാൻ അധിക സമയം വേണ്ടി വന്നില്ല. ഇരുട്ട് വീണപ്പോൾ എസ്തപ്പാൻ പതിയെ അവിടെ നിന്നും രാധയുടെ വീട് ലക്ഷ്യമാക്കി നടന്നു. ഒരു വലിയ പറമ്പിന് നടുവിലായി പഴയ ഒരു തറവാട്. പാർട്ടിയെ ഒറ്റ് കൊടുത്തെന്ന തെറ്റിധാരണ പരന്നപ്പോൾ തല രക്ഷിക്കാൻ ആന്റപ്പൻ താൽക്കാലികമായി തന്നെ ഒളിച്ചുതാമസിപ്പിച്ച ഇടം.
ജീവിതത്തിൽ ആദ്യമായി ഒരാളുടെ ജീവനെടുക്കാൻ തന്നെ പ്രേരിപ്പിച്ച സ്ഥലം.
ഇരുട്ടാണ് ഏത് പാപത്തിനും മറപിടിക്കുന്നത്.
അതൊരു പാപമായിരുന്നോ..? ഒന്നാലോചിച്ചാ..അതത്ര പാപമുളള ഒരു കാര്യമല്ലായിരുന്നു എന്ന് വേണം കരുതാൻ.

”നോക്കൂ ഞാൻ ഇവിടെ തനിച്ച് താമസിക്കുന്നൊരു സ്ത്രീയാണ്. എന്നിട്ടും നിങ്ങളെ ഇവിടെ സുരക്ഷിതനായി നിർത്തിക്കോളാന്ന് സമ്മതിച്ചത് ആന്റപ്പൻ ചേട്ടനോടുളള കടപ്പാടും എന്റെ ആശയങ്ങളോട് നിങ്ങളും ചേർന്ന് നിൽക്കുന്നുവെന്ന തിരിച്ചറിവും ഉളളതുകൊണ്ട് മാത്രമാണ്..പറഞ്ഞത് മനസിലായോ ? മാന്യമായിട്ട് ഇവിടെ കഴിഞ്ഞോളണമെന്ന്”
അന്ന് അത് പറഞ്ഞ് നിർത്തുമ്പോൾ രാധയുടെ മുഖത്ത് ഒരാണിന്റെ ശൗര്യം പ്രത്യക്ഷപ്പെട്ടു.
”നിങ്ങള് പേടിക്കണ്ട ഞാൻ അത്ര പ്രശ്നക്കാരനൊന്നുമല്ല.”
അങ്ങനെയൊരു മര്യാദഭാവത്തിൽ രാധ ചൂണ്ടികാണിച്ച മുറിയിൽ കയറി കതകടച്ചു.
ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാധ ഇങ്ങോട്ട് മിണ്ടിതുടങ്ങി.
പതിയെ പതിയെ അത് പ്രണയഭാഷയായി.
ഒരു ദിവസം തന്റെ നെഞ്ചിൽ പറ്റിപിടിച്ച് കിടക്കവെ
രാധയാണ് അത് ശ്രദ്ധിച്ചത്. അടുത്ത ദിവസങ്ങളിലായി രാത്രി അസമയങ്ങളിൽ പുറത്തൊരു കാൽപെരുമാറ്റം.
ഒരു ഭയം ഉളളാകെ പൊതിഞ്ഞു..അവരാകുമോ..?
എല്ലാം പറഞ്ഞ് ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞുപോയ ആന്റപ്പൻ എവിടെ..?
ആ രാത്രി നിശബ്ദമായി കാതോർത്തിരുന്നു.
എങ്കിലും രാധയുടെ മുൻപിൽ ഒരു ധൈര്യശാലിയെ പോലെ ഒരു ബീഡിയ്ക്ക് തീ കൊളുത്തി കട്ടിലിന്മേൽ ഞെളിഞ്ഞിരുന്നു
ആ ശബ്ദം അകന്നകന്ന് പോയി.
പകൽ കരിയിലകൾ തൂത്തുകളയവെ രാധയാണ് അതു കണ്ടുപിടിച്ചത്.
വന്നത് ഒന്നിലധികം പേരില്ല…ഒരാളാണ്..
ആരോ ഒരാൾ..!
ആരാണയാൾ..?
അടുത്ത രാത്രിയിൽ അങ്ങനെ ചിന്തിച്ച് കിടക്കവെയാണ് രാധയുടെ നിലവിളികേട്ട് ഞെട്ടിയുണർന്നത്.
അതിവേഗം വാതിൽ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി.
വീണ്ടും ഇരുട്ടിൽ നിലവിളി ഉയർന്നു.
അരയിൽ നിന്നും പിച്ചാത്തി പുറത്തെടുത്ത്,
അത് മുറുകെ പിടിക്കുമ്പോഴും കൈ വിറച്ചിരുന്നു.
വീടിന് ചുറ്റും തിരയവെ ആ കാഴ്ച കണ്ടു.
സാധാരണയിലും ഉയരമുളള ഒരാൾ രാധയുടെ കഴുത്തിൽ കൈ കൊണ്ട് ചുറ്റിപിടിച്ചിരിക്കുകയാണ്.
” എടാ വിടടാ അവളെ ”
ഉച്ചത്തിലലറി അവരുടെ അടുത്തേയ്ക്ക് പാഞ്ഞു.
അയാൾ ഒറ്റച്ചവിട്ടിന് തന്നെ ദൂരെയ്ക്ക് വീഴ്ത്തി.
വീണ്ടും എഴുന്നേറ്റ് തന്റെ നേർക്ക് വരുന്ന ശത്രുവിനെ ചാടി കുത്തി..മർമ്മം നോക്കിയുളള കുത്തായിരുന്നോ അത്..?
.അയാളിൽ നിന്നും ശബ്ദമൊന്നുമുണ്ടായില്ല.
ചോരചീറ്റിയ വയറിൽ ഒരു കൈകൊണ്ട് അമർത്തിപിടിച്ച് അയാൾ വീണ്ടും തന്റെ നേരെ പാഞ്ഞു..
വീണ്ടും തന്നെക്കാൾ ഉയരമുളള ശരീരത്തിൽ ആഞ്ഞാഞ്ഞു കുത്തി.
നിശബ്ദമായൊരു നിലവിളിയിൽ ആ ശരീരം
നിശ്ചലമായി.
ഉയർന്നുവന്ന നിലവിളി രാധ കൈ ചുണ്ടിന് മീതെ അമർത്തി തടഞ്ഞു.
നാളെ നേരം വെളുക്കുമ്പോൾ ഈ കൊലപാതകം നാടുമുഴുവനറിയും, തനിയ്ക്ക് വേണ്ടി ഈ പാവം പെൺകുട്ടിയും ബലിയാടാവും.
”ആലോചിച്ച് നിൽക്കുവാൻ ഒട്ടും സമയമില്ല പെട്ടെന്ന് എന്തെങ്കിലും ചെയ്യണം..”
കണ്ണുകൾ തുടച്ച് രാധ ഓർമ്മപ്പെടുത്തി.
ഇവിടെ കുഴിച്ചിട്ടാലോ..?
കത്തിച്ചുകളഞ്ഞാലോ..?
അങ്ങനെ പലതും ആലോചിച്ചു.
നിങ്ങൾക്ക് വളളം തുഴയാനറിയോ..?
‘അറിയാം…”
എങ്കിൽ ഈ പറമ്പിന്റെ വടക്കേയറ്റം പൊഴിയാണ് .അവിടെ ഒരു വളളമിരിപ്പുണ്ട്…ഇയാളെ കടലിൽ കളഞ്ഞാലോ..?
അത് തന്നെ തീരുമാനമുറപ്പിച്ചു..ആ ശരീരം വലിച്ചുകൊണ്ടുപോയി വളളത്തിൽ കയറ്റി പൊഴിയിലൂടെ കടലിൽ കൊണ്ടുപോയി ഒഴുക്കി.
പകൽ അങ്ങനെ ഒരു സംഭവമെ മുൻപ് നടന്നിട്ടില്ലാത്തവിധം അവിടെ വൃത്തിയാക്കിയിരുന്നു.
ഉടനെയൊന്നും പൊങ്ങാതിരിയ്ക്കുവാനുളളതൊക്കെ ആ ശരീരത്തിൽ ചെയ്തുകൂട്ടിയിരുന്നു.
തന്നെ വകവരുത്താനായി എത്തിയ അയാൾ ആരാണ്..?
അയാളെന്താണ് നിലവിളിക്കാതിരുന്നത്.
വീണ്ടും വീണ്ടും ആ ചോദ്യം സ്വയം ചോദിച്ചുതുടങ്ങിയപ്പോൾ രാധയാണ് മറുപടി തന്നത്.
”അയാൾ ഊമയാണ്..അതുകൊണ്ടാണ് ശബ്ദമുണ്ടാക്കാതെ മരണപ്പെട്ടത്.”
അത് രാധയ്ക്കെങ്ങനെ പിടികിട്ടി..?
മറുപടി നടുക്കിക്കളഞ്ഞു.
അയാളുടെ ഭാഷ എനിക്കറിയാം.അയാൾ എന്റെ ഭർത്താവായിരുന്നു ഒരിക്കൽ.
അയാൾ എന്നെ കൊല്ലാനാണ് ഇവിടെ വന്നത്. നിങ്ങൾ രക്ഷപ്പെടുത്തിയത് നിങ്ങളുടെ ജീവനല്ല..എന്റെ ജീവനാണ്. പിന്നീടുയർന്നത് ഒരു തേങ്ങലാണ്.
അന്നുരാത്രി തന്റെ നെഞ്ചിലേയ്ക്ക് അവളുടെ കഥകൾ ഇറക്കിവെച്ചു..ഈ രഹസ്യം നമ്മൾ മാത്രമറിഞ്ഞാൽ മതിയെന്ന ഉറപ്പിൽ.
അയാളെക്കുറിച്ചുളള വൃത്തികെട്ട കഥകൾ…രാധ അയാളെ ഉപേക്ഷിക്കാനുളള കാരണം എല്ലാം കേട്ടപ്പോൾ ആ കൊലപാതകം ഒരു പാപമായി തോന്നിയില്ല.
രാധ അയാളെക്കുറിച്ച് പറഞ്ഞതും അയാളുടെ കൊലപാതകവുമൊക്കെ ഇന്നും മൂന്നാമതൊരാൾക്കറിയാത്ത രഹസ്യമായി ഈ വീടിന്റെ ചുമരുകൾക്കുളളിലുറങ്ങുന്നു. എസ്തപ്പാനെ കാത്തിരുന്നതുപോലെ വാതിൽ തുറന്ന് രാധ അകത്തേയ്ക്ക് ക്ഷണിച്ചു. അപ്പോഴാണ് എസ്തപ്പാൻ അതോർത്തത്. ഇടയ്ക്കിടെ ഇവിടെ വരുമ്പോൾ രാധയ്ക്ക് മാത്രമായി ചിലതൊക്കെ കയ്യിൽ കരുതാറുണ്ട്..ഇന്ന് അതൊന്നുമില്ലാതെ വെറും കയ്യോടെയാണല്ലോ വന്നത്.
അതിന്റെ പരിഭവമൊന്നും രാധ പ്രകടിപ്പിച്ചതുമില്ല.
പക്ഷെ മടങ്ങുന്നതിന് മുൻപ് രാധ തന്റെയൊരാഗ്രഹം എസ്തപ്പാനെ അറിയിച്ചു.
” എനിക്ക് ആ ജിറാഫിനെ ഒന്ന് തൊടണം”
എസ്തപ്പാനെ സംബന്ധിച്ച് ഇപ്പോൾ അതത്ര നിസാരമായി സാധിച്ച് കൊടുക്കാവുന്ന ഒന്നായിരുന്നു. പരിചിതമായ വഴികളിലൂടെ പഴയ കഥകൾക്കൊന്നും ഓർമ്മയെ നോവിക്കാൻ അനുവാദം കൊടുക്കാതെ
രാധയുടെ കൈപിടിച്ച് എസ്തപ്പാൻ ലോറിക്കരികിലേയ്ക്ക് നടന്നു.

ദൂരെ നിന്നെ ആ കാഴ്ച കണ്ട് എസ്തപ്പാൻ നടുങ്ങിപ്പോയി. ലോറിയിൽ ജിറാഫിനെ കാണുന്നില്ല. രാധയുടെ കയ്യിൽ നിന്നും പിടിവിട്ട് എസ്തപ്പാൻ മുൻപോട്ട് ഓടി. നാലുപേരും നല്ല ഉറക്കത്തിൽ…
എസ്തപ്പാൻ അവരെ തട്ടിവിളിച്ചു…അഞ്ചുപേരും അഞ്ചു വഴിക്കായി ഓടി. രാധ പരിചയമുളള വീടുകളിൽ നിന്ന് തട്ടിവിളിച്ചു നാട്ടുകാരെ മുഴുവൻ ഉണർത്തി. പന്തം കത്തിച്ചും റാന്തൽവെളിച്ചത്തിലും ഇരുട്ടിലൂടെ ആളുകൾ മുൻപോട്ട് നീങ്ങി.
ടോർച്ച് വെളിച്ചത്തിൽ ജിറാഫ് ഓടിയ കാൽപാടുകൾ കണ്ടെത്തിയത് എസ്തപ്പാനാണ്. ആ വഴി പിന്തുടർന്ന് എസ്തപ്പാൻ മുൻപോട്ട് കുതിച്ചു. നല്ല വേഗതയിൽ തന്നെയായിരുന്നു ജിറാഫിന്റെ ഓട്ടം. തടസമുളള ചെറിയ മരങ്ങളൊക്കെ അത് ചവിട്ടിമാറ്റി വീടുകൾക്കിടയിലൂടെ മുൻപോട്ട് കുതിച്ചു. കാര്യമറിയാതെ അസമയത്ത് പുറത്തിറങ്ങിയ പലരും അപൂർവ്വജീവിയെ കണ്ട് ബോധംകെട്ട് വീണു. തെരുവുനായ്ക്കളും പൂച്ചകളും പശുക്കളുമൊക്കെ അപരിചിതമൃഗത്തെകണ്ട് ഭയന്ന് നിലവിളിച്ചു. തന്റെ നാട് തൊട്ടടുത്തെവിടെയോ ഉണ്ടെന്നുളള തോന്നലിൽ അത് തിരഞ്ഞുളള പ്രാണന്റെ കുതറിയോട്ടമായിരുന്നു ജിറാഫിന്റേത്.
ദൂരെ അങ്ങ് ദൂരെ ആകാശം തൊടുന്ന നീണ്ട കഴുത്തുകൾ.
എന്നും മിണ്ടുന്ന ഇലമരങ്ങൾ,
പൂക്കൾ ,പച്ചപ്പ് ,കുന്നുകൾ
പരിചിതമായ നാട് തേടിയുളള തെരഞ്ഞോട്ടം.
എല്ലാ തടസങ്ങളും മറികടന്ന് കടലിനടുത്തെത്തിയപ്പോൾ വഴികൾ അസ്തമിച്ചു.
എസ്തപ്പാനും ആൾകൂട്ടവും ഓടികിതച്ച് ജിറാഫിന്റെ തൊട്ടരികിലെത്തിയിരുന്നു അപ്പോൾ. ഉപദ്രവിക്കുമെന്ന ഭയത്താൽ പലരും മാറി നിന്നപ്പോൾ എസ്തപ്പാൻ ധൈര്യത്തോടെ ജിറാഫിനടുത്തെത്തി പതിയെ അതിന്റെ കാലുകളിൽ തലോടി.
ജിറാഫ് ശാന്തനായി. ആൾക്കൂട്ടത്തിനിടയിൽ നിന്നിരുന്ന രാധ ഒരിക്കൽ തന്നെ ചേർത്ത് പിടിച്ച ആ ധൈര്യശാലിയുടെ കണ്ണുകളിലെ തിളക്കം ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരിച്ചറിഞ്ഞു. മൃഗപരിശീലകർ കൂടിയെത്തിയ ശേഷം, ദിവസങ്ങളോളം നീണ്ട കഠിന പ്രയത്നത്താൽ ജിറാഫിനെ തിരികെ ലോറിയിൽ കയറ്റി മൃഗശാലയിലേയ്ക്ക് യാത്ര തുടർന്നു.
ജിറാഫിന്റെ ഹൃദയം ദിക്കറിയാതെ കുതിച്ചുകൊണ്ടിരുന്നു..
ജിറാഫിനെയും കൊണ്ടുളള സാഹസികയാത്രയ്ക്ക് ശേഷം ഇടയ്ക്കിടെ തിരുവനന്തപുരം മൃഗശാല സന്ദർശിച്ച് ജിറാഫുമായി ഒരു ബന്ധം കാത്തുസൂക്ഷിച്ചിരുന്നു എസ്തപ്പാൻ. കൗതുകത്തോടെ തന്നെ നോക്കി നിൽക്കുന്ന അപരിചിതരായ കാഴ്ചക്കാരുടെ ഇടയിൽ നിന്ന് പരിചിതമായ എസ്താപ്പന്റെ മുഖം തിരിച്ചറിഞ്ഞ് അടുത്തേയ്ക്ക് ജിറാഫ് ഓടിയെത്തും. കമ്പിവലയുടെ അരികിൽ മുഖം താഴ്‌ത്തും..എസ്തപ്പാൻ മെല്ലെ തൊടും..ജിറാഫിനെ കാണുവാൻ വേണ്ടി മാത്രമാണ് എസ്തപ്പാൻ വല്ലപ്പോഴുമൊക്കെ അവിടം സന്ദർശിക്കുക. ”നിനക്ക് സുഖം തന്നെയല്ലേടാ ജിറാഫേ ”
ഓരോ കൂടികാഴ്ചയിലും എസ്താപ്പാന്റെ ചോദ്യത്തിന് മറുപടിഭാവമില്ലാതെ കമ്പിവലയിൽ മുഖംചേർത്ത് ഏതോ കാലത്തെയോർത്ത് തേങ്ങി നിൽക്കും ജിറാഫ്.
മരങ്ങളോടുളള ഭാഷ ജിറാഫ് മറന്നിരുന്നു.
അടർത്തിമാറ്റപ്പെട്ട ഇലകളോട് ഒന്നും മിണ്ടാതെ, ആരോടോ ഉളള അമർഷത്തിൽ ചവച്ചരച്ച് ശബ്ദമുണ്ടാക്കി പ്രതിഷേധം രേഖപ്പെടുത്തും.
അവിടെ നിന്നും യാത്ര പറയുമ്പോൾ
രണ്ടുപേർക്കിടയിലും
പ്രകടിപ്പിക്കാനാവാത്ത ദുഃഖം തങ്ങി നിൽക്കും.
ഉറക്കം നഷ്ടപ്പെട്ട രാത്രികളിൽ എസ്തപ്പാൻ പുറത്തേയ്ക്കിറങ്ങി മരക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് നോക്കും. അവിടെ നീണ്ട ഒരു കഴുത്ത് പ്രത്യക്ഷപ്പെടുന്നുണ്ടോന്ന് ശ്രദ്ധിക്കും. ഓരോരോ തോന്നലുകളുടെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്,
ഉറക്കം വരാതെ ചില രാത്രികളെയങ്ങ് തളളി നീക്കും.
വർഷങ്ങൾക്ക് മുൻപ് ജിറാഫ് ഈ ലോകത്ത് നിന്ന് കുതറിയോടും വരെ ആ ബന്ധം നിലനിന്നു.
നിലവിളികളൊന്നുമില്ലാതെ നിശബ്ദമായ ഒരു വിടപറച്ചിലായിരുന്നു ജിറാഫിന്റേത്.
ഒരു മൈതാനം നിറയെ
ജിറാഫുകൾ. പ്രിയപ്പെട്ടവരൊക്കെ
തന്നെ ക്ഷണിക്കാനായി ഒത്തുകൂടിയിരിക്കുന്നു.
മൈതാനത്തിലേയ്ക്ക് കാലുകുത്തുംമുൻപ് ഉപേക്ഷിക്കപ്പെട്ട ശരീരത്തിലേയ്ക്ക് ഒരിക്കൽ കൂടി നോക്കി. ദൂരെ കൂടിനിൽക്കുന്നവരിൽ പരിചിതമായ ഒരു മനുഷ്യമുഖത്തെ അവസാനമായി കാണുവാൻ പറ്റിയില്ലല്ലോ എന്ന സങ്കടത്തിൽ ജിറാഫ് തന്റ പ്രിയപ്പെട്ടവരുടെ നിഴലുകൾക്കൊപ്പം യാത്രയായി.
ജിറാഫ് വിടപറഞ്ഞതറിയാതെ ജൈനമ്മയെയും ആൻസിമോളെയും കൂട്ടിയാണ് എസ്തപ്പാൻ മൃഗശാലയിലെത്തിയത്.
ആൻസി അന്ന് കൈക്കുഞ്ഞാണ്.
പതിവുപോലെ മറ്റ് മൃഗങ്ങളെയൊന്നും ശ്രദ്ധിക്കാതെ എസ്തപ്പാൻ നേരെ ജിറാഫിന്റെ പാർപ്പിടത്തേയ്ക്ക് ചെന്നു.
ശൂന്യമായിരുന്നു അവിടം.
മൃഗങ്ങൾക്ക് തീറ്റികൊടുത്തുകൊണ്ടിരുന്ന ജോലിക്കാരനോട് വിവരം തിരക്കിയറിഞ്ഞപ്പോൾ എസ്തപ്പാൻ നടുങ്ങിപ്പോയി.
ഓരോ കാഴ്ചയിലും ഇഷ്ടം കൂടി കൂടി അത്രത്തോളം സ്നേഹം എസ്തപ്പാന് ജിറാഫിനോടുണ്ടായിരുന്നു. കമ്പിവലയിൽ മുഖം ചേർത്ത് ജൈനമ്മയും മോളും കാണാതെ നിറകണ്ണുകളോടെ നിൽക്കുകയായിരുന്നു എസ്തപ്പാൻ.
അതിനുശേഷം എസ്തപ്പാൻ മൃഗശാലയിലേയ്ക്ക് പോയിട്ടില്ല.
അതെല്ലാം ഓർമ്മയിൽ നിന്നും മെല്ലെ മെല്ലെ അപ്രത്യക്ഷമായി വരികയായിരുന്നു. അപ്പോഴാണ് ഇന്ന് വെളുപ്പാൻ കാലത്ത് ജിറാഫ് സ്വപ്നത്തിൽ വന്ന് വിളിച്ചുണർത്തിയത്.
ജിറാഫിനൊപ്പം ഓടിയകലാൻ എസ്തപ്പാന്റെ മനസും ശരീരവും കൊതിച്ചു.
ഇത് തന്റെ നാടേയല്ല…തനിക്ക് പരിചിതരായവരൊക്കെ അതാ അങ്ങ് ദൂരെ …അതിനും അപ്പുറം ഒരു നീണ്ട കഴുത്ത് തന്നെ ക്ഷണിക്കുന്നു. രാധയെപ്പോലെ കൗതുകമുളള മുഖം…!


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. കഥ പുതുമ തേടുന്നു…
    നന്നായിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here