ജെമിനി സർക്കിളിലെ ഒരു ദിവസം – ഭാഗം 2

0
385
The arteria-katha-Radhika Puthiyedath

കഥ

രാധിക പുതിയേടത്ത്

എക്സിറ്റ് വാതിൽ തള്ളി തുറന്നു പുറത്തേക്ക് കടന്നു. കോൺസുലേറ്റിന് പുറത്ത് നീണ്ട നിര. മഴ നിലച്ചിട്ടുണ്ട്. കുടക്ക് കീഴെ ഫയലുകളും പേപ്പറുകളുമായി അമേരിക്കൻ സ്വപ്നങ്ങൾ നെയ്തു കൂട്ടിയ ആളുകൾ. ബാരിക്കേയ്ഡിനും നടപ്പാതക്കും ഇടയിലായി ലാത്തി പിടിച്ച് ഉലാത്തുന്ന പോലീസുകാർ. അവർ മുഷിഞ്ഞു ക്ഷീണിച്ച യാചകരെ ഓടിക്കുന്നത് കാണാം. റോഡിന് മേലെ റോഡുകൾ നിരയായി നിരത്തിയ ജെമിനി ഫ്ലൈ ഓവർ. തിരക്ക് കൂട്ടി വെപ്രാളപെട്ട് ഓടുന്ന വാഹനങ്ങൾ. അതേ വെപ്രാളത്തിൽ ഫയലുകൾ മറക്കുന്ന, ഉത്തരങ്ങൾ ഉരുവിടുന്ന അപേക്ഷാർത്ഥികൾ.

കോൺസുലേറ്റിനുള്ളിലേക്ക് കയറുന്നതിന് മുൻപായി ഓക്സ്ഫോർഡ് പ്രെസ്സിനു മുന്നിലെ പെട്ടിപ്പീടികയിൽ ഫോണുകളും കുടകളും നിക്ഷേപിക്കാൻ ആളുകൾ തിക്കും തിരക്കും കൂട്ടുന്നു. ബാരിക്കേഡിനിപ്പുറം, വിസ അഭിമുഖത്തിനായി നിൽക്കുന്ന നീണ്ട വരി തുടങ്ങുന്നത് ഇവിടെയാണ്. നനഞ്ഞ പെട്ടിപ്പീടികക്ക് മുന്നിൽ വച്ച പൊട്ടിയ ചുവന്ന ബക്കറ്റു നിറയെ കുടകൾ. തൊട്ടപ്പുറത്ത് അപ്പോയ്ന്റ്മെന്റ് ഫോമിലെ സമയം നോക്കി നിരയിലേക്ക് ആളെ കടത്തി വിടുന്ന അറ്റൻഡർമാർ. മുഖത്ത് അഫ്‌ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്ക പറഞ്ഞയച്ച പട്ടാളക്കാരെനെന്ന ഭാവം. 50 രൂപക്ക് ലോക്കർ ശരിയാക്കി തരാമെന്ന് പറഞ്ഞു കറക്കിയ ഓട്ടോക്കാരന്റെ മുഖത്തു നോക്കാതെ അഥിതി മുഖം വെട്ടിച്ചു. അവളുടെ മുഷ്ടി ചുരുണ്ടു വന്നെങ്കിലും എന്തോ ഒന്ന് തൊണ്ടയിൽ കുരുങ്ങി പുറകോട്ട് വലിച്ചു. 300 മീറ്റർ ദൂരം പോവാൻ 200 രൂപ വാങ്ങിച്ചു ഒരു പെട്ടിക്കടയുടെ മുന്നിൽ നിറുത്തി, മൊബൈൽ സൂക്ഷിക്കാൻ 500 രൂപ ചോദിച്ച സ്ഥലത്തു നിന്ന് തിരിച്ചോടിയതിന്റെ വേദന മുട്ടുകളിൽ നിന്ന് മസിലുകളിലേക്കും പടരുന്ന പോലെ.

“നോക്കി നടന്നൂടെ ….:” തുടർച്ചയായി ഹോണടിച്ചു വന്ന കാറിൽ നിന്ന് ആക്രോശം.
ബാരിക്കേഡിന്റെ ഒരു വശത്തുകൂടെ സർവീസ് റോഡ് കടന്നു ജെമിനി ഫ്ലൈ ഓവറിന് താഴെ കൂടെ ട്രാഫിക് മുറിച്ചു കടന്നു. നാഭിയുടെ വേദനയും നനവും. കണ്ണുമടച്ചു നുങ്കംപാക്കം റോഡിലേക്ക് കടന്ന്, ഹോട്ടൽ പാർക്കിലേക്ക് അവൾ ഓടി കയറി. തടഞ്ഞു നിറുത്തിയ സെക്യൂരിറ്റിക്ക് കൈയിലുള്ള പ്ലാസ്റ്റിക് ഫയൽ കാണിച്ചു കൊടുത്തു റിസപ്ഷനിലെ തിക്കും തിരക്കും വകഞ്ഞു മാറ്റി ഇടതു ഭാഗത്തുള്ള എലിവേറ്റർ ബട്ടണിലെ 4 അമർത്തി.

“അഥിതി …” എലിവേറ്ററിന്റെ സ്റ്റോപ്പ് ബട്ടൺ അമർത്തിപ്പിടിച്ചു. മുന്നിൽ തോളറ്റം നീണ്ട മുടിയും വെട്ടിയൊതുക്കിയ താടിയും കൈയിൽ ഫോണുമായി ഇത്തിരി പരിഭ്രമത്തോടെ ഒരാൾ.

“റിഷബ്!”

കഴിഞ്ഞ രാത്രി പാർക്ക് റെസ്റ്റോറന്റിലെ വലത്തേ കോർണറിലുള്ള റൗണ്ട് ടേബിളിലെ ഗ്ലാസ്സുകൾക്ക് പിന്നിൽ ഫോണിൽ മുഖം പൂഴ്ത്തി ഇരിക്കുന്നത് കണ്ടതാണ്. അടുത്തുണ്ടായിരുന്ന റീബ അവളുടെ സ്ഥിരമായുള്ള തറച്ച നോട്ടം തന്നിരുന്നു.

“ഇന്നലെ കണ്ടിരുന്നു !”

“അഥിതി, ഒരു ഹെല്പ് വേണം. നീ ബിസി അല്ലല്ലോ. വേറെ വഴി ഇല്ലാഞ്ഞിട്ടാണ്“

ഷാളിനുള്ളിലൂടെ നാഭിയിൽ അമർത്തിപിടിച്ച് അല്ലെന്നു തലയാട്ടി.

“റീബ ബയോമെട്രി സെന്ററിൽ ആണ്. അവൾ പേഴ്സ് എടുക്കാൻ മറന്നു. പിന്നെ 1-797-ന്റെ കോപ്പിയും. ചില ഡോക്യുമെൻസിന്റെ പ്രിന്റ് വേണമത്രേ. നിനക്കറിയില്ലേ ഒരു പ്രിന്റിനവിടെ ചോദിക്കുന്നത് 100 രൂപ ഒക്കെയാണ്. എനിക്കൊരു അർജെന്റ് കസ്റ്റമർ അപ്പോയ്ന്റ്മെന്റ് ഉണ്ട്. വേറെ വഴി ഇല്ല. ഇപ്പൊ തന്നെ പോകണം ”

അയാൾ റൂമിന്റെ കീ കൈമാറി. വിരൽത്തുമ്പിൽ നിന്ന് മേലേക്ക് കയറിയ വൈദ്യുത സ്ഫുരണം അവളുടെ അടിവയറ്റിലും ഓളങ്ങൾ ഉണ്ടാക്കി. എലിവേറ്റർ അതിനിടയിൽ ഒന്ന് മേലെ പോയി താഴെ എത്തിയിരുന്നു.

“ഓക്കേ..” ബാത്‌റൂമിൽ പോകാനുള്ള സാവകാശം കിട്ടിയ സമാധാനത്തിൽ എലിവേറ്റർ സ്വിച്ച് അമർത്തി. അയാൾ കൊടുത്ത നമ്പർ ഞൊടിയിൽ ഫോണിലേക്ക് കുറിച്ചിട്ടു.

“അഥിതി, നിന്റെ നമ്പർ പറയൂ, ഇൻ കേസ് ..”

അവൾ ചുണ്ടമർത്തി. “പഴയ നമ്പർ തന്നെയാണ്.“ അവൾ അയാളുടെ കണ്ണിലേക്ക് എത്തിനോക്കി. മുഖം വെട്ടി മാറ്റി അയാൾ ഫോണിൽ എന്തോ കുറിച്ചു. നാലാം നിലയിൽ മുറി കണ്ടുപിടിച്ച് നേരെ അവൾ ബാത്റൂമിലേക്കോടി. നനഞ്ഞൊട്ടിയ സൽവാറിന്റെ പാന്റ് മാറ്റുവാൻ സമയമില്ല. ചുമരിൽ പതിനാറ് വയതിനിലെ എന്ന ചിത്രത്തിന്റെ ഫ്രെയിം ചെയ്ത പോസ്റ്റർ.

1-797-ന്റെ കോപ്പി സൈഡ് ടേബിളിന് താഴെ വീണുകിടക്കുന്നുണ്ടായിരുന്നു. പേഴ്സ് ടീപ്പോയിയുടെ മുകളിലും. ഒല കാബ് ആപ്പിൽ ബയോമെട്രിക് സെന്റർ ബുക്ക് ചെയ്തു. 10 മിനുട്ടിനുള്ളിൽ ക്യാബ് എത്തും. ഡോക്യൂമെന്റും പേഴ്സും എടുത്തു ഫയലിൽ ഭദ്രമായി വച്ച്, മുറി വലിച്ചടച്ചു എലിവേറ്റർ ലക്ഷ്യമാക്കി കാലുകൾ വലിച്ചു.

പാർക്കിനു മുന്നിലെത്തിയ ക്യാബിൽ കയറിയ ഉടൻ റീബയെ വിളിച്ചു. “അതിഥിയാണ്‌. റിഷബ് പേഴ്സും മറ്റും തന്നിട്ടുണ്ട്. ഒരു പതിനഞ്ചു മിനുട്ടിനുള്ളിൽ എത്തും.”

“ഓക്കേ. മീറ്റ് മി അറ്റ് ദി സൈഡ് വാക് “ അപ്പുറത്ത് ഗൗരവമുള്ള സ്വരം. “ഏത് …” ചോദ്യം മുഴുമിക്കാനനുവദിക്കാതെ കാൾ വിച്ഛേദിക്കപെട്ടിരിക്കുന്നു.

അതേ റീബ. ഒരുമിച്ചു ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർഷം നാലായി. ലേർണിംഗ് ആൻഡ് ഡെവലപ്മെന്റ് ക്ലാസ്സുകളിൽ പോലും അവൾ മുഖത്തു നോക്കിയിട്ടില്ല. ഈയിടക്കാണ് ആ ഡിപ്പാർട്മെന്റ് ഹെഡ് ആയത്. പ്രോഡക്റ്റ് ഇന്റഗ്രേഷൻ ചെയ്യാൻ റിഷബ് തന്റെ ക്യൂബിൽ എത്തുമ്പോഴൊക്കെ അവൾ അവനെ വിളിച്ചു കൊണ്ട് പോവാറുണ്ടായിരുന്നു. സെയിൽസ് ടീമിന്റെ ട്രെയിനിങ് ആവശ്യത്തിനാണെന്നാണ് റിഷബ് അന്നൊക്കെ പറഞ്ഞിരുന്നത്. നീണ്ട ഫോൺ വിളികളിൽ ഒരിക്കൽ പോലും അവൻ അവളെക്കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. പിന്നീട് കേട്ടു അവർ ഒന്നിച്ചു താമസമാക്കി എന്ന്.

“അമ്മാ, ട്രാഫിക് ഇരിക്ക്..” സ്ഥിരം പല്ലവി. ഡ്രൈവർ കോടമ്പാക്കം ഹൈ റോഡ് എടുക്കാതെ നുങ്കബാക്കം ഹൈ റോഡ് വഴി തിരിച്ചു. ഇടുങ്ങിയ ചൊക്കലിംഗം സ്ട്രീറ്റിന് ഇരുപുറവും നീണ്ട മനുഷ്യനിര. റിക്ഷകളും കാറുകളും ആളുകളെ ഇറക്കുന്നു പോവുന്നു. പടർന്നു പന്തലിച്ചു നിൽക്കുന്ന ബാൽഗോവ മരങ്ങൾക്ക് താഴെ ഇളനീർ കച്ചവടക്കാരും ചെറിയ പെട്ടി പീടികകളും. കന്നുകാലികൾക്ക് സമമായി ഒഴുകുന്ന ആളുകൾ.

“റീബ, ഞാൻ ഇവിടെ എത്തി.” ആൾക്കൂട്ടത്തിനിടയിലെ നീളക്കാരിയെ തിരഞ്ഞു.

ഒരു പെട്ടിക്കടയുടെ അരികിൽ ഇറുക്കി വച്ച റിക്ഷക്ക് പുറകിൽ കൈയിൽ ഒരു ഫയലുമായി റീബ. മുഖത്ത് കടന്നൽ കടിച്ച ഭാവം. നീല ജീൻസും കറുത്ത ഫോർമൽ ടോപ്പുമാണ് വേഷം.

“അപ്പോയ്ന്റ്മെന്റിന്റെ സമയമായി..” ഡോക്യൂമെൻറ്സും പേഴ്സും വാങ്ങിച്ച് അവൾ റോഡ് മുറിച്ചു കടന്നു. നീണ്ട നിരകളിൽ ഒന്നിൽ അപ്രത്യക്ഷമായി. ഒല ആപ്പ് ഒന്നുകൂടെ തുറന്ന് പാർക്ക് ഹോട്ടൽ എന്ന് ടൈപ്പ് ചെയ്തു. കാറിൽ കയറി ഒരു ദീർഘ നിശ്വാസത്തോടെ സീറ്റിലേക്ക് ചാഞ്ഞു. മുട്ടിനു താഴെ നല്ല വേദന. ഇന്നലെ രണ്ടര മണിക്കൂർ ആണ് ആ ബയോമെട്രി സെന്ററിന്റെ മുന്നിലെ ഇടുങ്ങിയ വഴിയിലെ നീണ്ട വരിയിൽ നിന്നത്. മഴ പെയ്തപ്പോഴേക്കും ആളുകളെ അറ്റൻഡർ കെട്ടിടത്തിന്റെ പുറകിലേക്ക് മാറ്റി. ആ മഴയിലും ഫയലുമായി ഓടി നടക്കുന്ന ആളുകൾ. പാർക്ക് ചെയ്ത കാറിലെ നാലു വയസ്സുകാരൻ പുറത്തേക്ക് പോവാനായി കരയുന്നു. കൂടെയുള്ള പ്രായമുള്ള സ്ത്രീ ടോയ് കാർ കൊടുത്തു സമാധാനിപ്പിക്കുന്നു. ഒരു ഓട്ടോക്കാരൻ വന്നു കാർ മാറ്റിയിടാൻ ആവശ്യപ്പെട്ട് തട്ടി കയറുന്നു. “2 o ക്ലോക്ക് സ്ലോട്ട് ഇങ്ക വരിങ്ക”. വാച്ച് മൂന്ന് മണി കാണിച്ചു. അപ്പോയ്ന്റ്മെന്റ് ലെറ്റർ നോക്കിയ ഗാർഡ് അതും വാങ്ങിച്ച്, പിങ്ക് ഷർട്ടും കറുപ്പ് പാന്റും കഴുത്തിൽ ബാഡ്ജുമായി പേപ്പറുകൾ നോക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ അടുത്തേക്ക് കൊണ്ട് പോയി.

“നിങ്ങളുടെ സെക്കന്റ് നെയിം പാസ്സ്പോർട്ടിലും അപ്പോയ്ന്റ്മെന്റ് ലെറ്ററിലും മാച്ച് അല്ലല്ലോ. ഇതു മാറ്റി കൊണ്ട് വരൂ …” തമിഴ് കലർന്ന ഇംഗ്ലീഷിൽ ഒരു ചെറുപ്പക്കാരൻ മുരണ്ടു.

“അത്.. അത് ഒരു ലെറ്റർ ഡിഫറെൻസ് അല്ലെ ഉള്ളു ..” അഥിതിയുടെ കൈ വിറക്കാൻ തുടങ്ങിയിരുന്നു. തൊണ്ടയിൽ എന്തോ ഉരുണ്ടു കൂടുന്ന പോലെ.

“ഒരു ഓട്ടോ എടുത്ത് പോവൂ . വലിയ ദൂരം ഇല്ല ..”

“അണ്ണാ ഡി ടി പി സെന്റെര് വിടുമ “

300 റുപീസ് …”

“അണ്ണാ ഇതു പക്കം അല്ലെ …?”

ഓട്ടോക്കാരൻ തൊട്ടടുത്തുള്ള ഡി ടി പി സെന്ററിൽ രണ്ട് മിനുട്ട് കൊണ്ട് എത്തിച്ചു. ഏല്ലാ കംപ്യുട്ടറിന് മുന്നിലും ആളുകൾ. പത്തു മിനുട്ട് ശ്വാസം അടക്കി പിടിച്ചു കാത്തിരുന്നു. ഫോം തിരുത്തി പ്രിന്റ് എടുത്തു. 200 രൂപ. 100 രൂപ കൊടുത്തു തിരിച്ചെത്തി. ആദ്യം കണ്ട ഗാർഡിനെ തിരുത്തിയ പേപ്പറുകൾ കാണിച്ചു. അയാൾ മുന്നോട്ട് പോവാൻ ആംഗ്യം കാണിച്ചു. കെട്ടിടം ചുറ്റി മുകളിലേക്ക് പോകുന്ന നീണ്ട മനുഷ്യ നിര. മുട്ടു വേദന വന്നു സ്റ്റെപ്പില് ഇരിക്കുന്ന സ്ത്രീയോട് കയർക്കുന്ന മകൻ. അമേരിക്ക കാണണമെങ്കില് വേദന സഹിക്കണമത്രേ ..

പേപ്പറുകൾ നോക്കി പിങ്ക് യൂണിഫോംകാരൻ പകുതി തുറന്നിട്ട മുറിയിലേക്ക് പോവാൻ അനുവദിച്ചു. ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ഇടയിൽ കൈവിരലുകൾ കണ്ണുകൾ എല്ലാം പൂജ്യവും ഒന്നും ആയി ഏതോ ഡാറ്റ ബേസിലെ ജയിലിൽ ആയി.

“മാഡം, ഹോട്ടൽ വന്താച്ച് “ അഥിതി ഞെട്ടി പുറത്തേക്ക് നോക്കി. രാവിലെ 8 മണിക്ക് തുടങ്ങിയ ഓട്ടം ഒന്നര മണിക്ക് തീരുന്നു. ഡോർ വലിച്ചടച്ചതിനു ക്ഷമ പറഞ്ഞു മുന്നോട്ടു നടന്നപ്പോഴാണ് ഫോൺ കൈയിൽ ഇല്ലെന്നു മനസ്സിലായത്. അധികം മുന്നോട്ട് പോവാതിരുന്ന കാറിന്റെ പുറകെ ഓടി, പുറകിലെ സീറ്റിൽ വീണു കിടന്ന ഫോൺ തിരിച്ചെടുത്തു. ഡ്രൈവറുടെ മുഷിപ്പ് മുഖം നോക്കാതെ അവൾ തിരിച്ചു നടന്നു. ഷാളും കയ്യിലെ ഫയലുകളും ഗ്ലാസ് ടീപ്പോയുടെ മുകളിലേക്ക് വലിച്ചെറിഞ്ഞു. ഒട്ടിപ്പിടിച്ചിരിക്കുന്ന സൽവാർ പാന്റും ടോപ്പും ഊരിയെറിഞ്ഞു. ചുവന്ന ബ്രായുടെ ഹുക്കഴിച്ചു മാറ്റി. നുങ്കബാക്കം
റോഡിലേക്ക് തുറക്കുന്ന ജനാല വെള്ള കർട്ടൻ വലിച്ചു മറച്ചു. സോഫയിലേക്ക് ചാഞ്ഞിരുന്ന് തലയും കാലുകളും കൂട്ടി വച്ച തലയിണകൾക്ക് മേലെ വച്ചു. ചുമരിലെ കമലഹാസന്റെയും ഖുഷ്ബുവിന്റെയും ചിത്രത്തിനു മങ്ങൽ വന്ന പോലെ. കിടക്കയിലെ പുതിയ വെളുത്ത ബെഡ്ഷീറ്റും അലങ്കരിച്ചു വച്ച പുതപ്പും കൊതിപ്പിച്ചു വിളിക്കുന്നു. തുടയിടകളിൽ നിന്ന് വന്ന തരിപ്പു കാര്യമാക്കാതെ അഥിതിയുടെ കണ്ണുകൾ അടഞ്ഞു.

ഉയർന്നു പൊന്തിയ വിമാനം വെള്ളത്തിലേക്ക് പതിക്കുന്നു. ചുറ്റും നിലവിളി. സോഫയില്‍ നിന്ന് ഞെട്ടി മറഞ്ഞ അഥിതിയുടെ കൈ തൊട്ടടുത്തുള്ള ടീപ്പോയുടെ ഒരു ഭാഗത്തു ഇടിച്ചു നിന്നു. കണ്ടത് സ്വപ്നമായിരുന്നെന്നും ശബ്ദമുണ്ടാക്കിയത് ഫോണാണെന്നും മനസ്സിലായപ്പോൾ അവൾ പതുക്കെ പതുക്കെ എണീറ്റ് സോഫയുടെ അരികു ചാരി ഇരുന്നു. കൈ നീട്ടി ഫോൺ കൈയിൽ എടുത്തു. ഏഴു മിസ് കാളുകൾ. കാർത്തിക് സാൻ ഒ സെയിൽ നിന്ന്. വിശാലും അമ്മയും .. ബാക്കി നാലു കാളുകൾ കാർത്തികിന്റെ വീട്ടിൽ നിന്നാണ്. അമ്മ ആയിരിക്കും. ചോദ്യം വിസ ആയിരിക്കില്ല. അമേരിക്കൻ കൊച്ചു മക്കളെ കാണാൻ കഴിയുമോയെന്ന ചോദ്യം ആയിരിക്കും! ഒരു സ്ത്രീക്ക് ഒറ്റക്ക് കുഞ്ഞുങ്ങളെ ഉണ്ടാക്കാൻ കഴിഞ്ഞാൽ…

ഫോൺ തിരിച്ചു വച്ച് ബ്രായും പാന്റിയും ഊരി എറിഞ്ഞു. ജനിച്ച കുഞ്ഞിന്റെ നിഷ്കങ്കതയോടെ ചില്ലു കൊണ്ട് മൂടിയ ഷവറിന്റെ കീഴെ പോയി നിന്നു. ചൂട് മാക്സിമം ആക്കി നോബ് തിരിച്ചു വച്ചു ചില്ലു മുറിക്ക് പുറത്തുള്ള കണ്ണാടിയുടെ മുന്നിൽ നിന്നു. മുനയൊടിച്ചവന് മധുരം നല്കാൻ വെമ്പുന്ന മൊട്ടുകളിലേക്കും അവിടവിടെയായി മുളച്ചു പൊന്തിയ പുൽനാമ്പുകളിലേക്കും കണ്ണുകൾ പരതി. ഷവറിൽ നിന്ന് ചൂട് വെള്ളം പുറത്തേക്ക് തെറിക്കാൻ തുടങ്ങിയപ്പോൾ ചില്ലു മുറിയിലേക്ക് തിരിച്ചു. പട്ടിണിക്കോലമെന്നു അമ്മ വിളിക്കുന്ന ശരീരത്തിൽ ഒക്ടോബറിലെ ഇടി മുഴക്കങ്ങൾ. വലതു കൈയിന്റെ ചൂണ്ടവിരൽ കാക്കത്തൊള്ളായിരം നാഡികൾ അവസാനിക്കുന്നിടങ്ങളിൽ ചുഴികൾ ഉണ്ടാക്കി. കയങ്ങളിൽ നിന്ന് കയങ്ങളിലേക്ക് ഊളിയിട്ട് തിരിച്ചു കയറി. തോർത്താതെ വെള്ള പുതപ്പ് വിരിയിലേക്ക് വീണു. വിരൽ തുമ്പുകളിൽ വീണ്ടും തീ പടർന്നിരുന്നു…

(തുടരും)

ആദ്യഭാഗങ്ങൾ വായിക്കാം


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here