HomeTHE ARTERIASEQUEL 69പി.ഒ) മുതിയങ്ങ ( വഴി) ഓർമ്മപ്പത്തായക്കുന്ന്

പി.ഒ) മുതിയങ്ങ ( വഴി) ഓർമ്മപ്പത്തായക്കുന്ന്

Published on

spot_imgspot_img

ഓർമ്മക്കുറിപ്പ്

സുഗതൻ വേളായി

ഒക്ടോബർ 10. ദേശീയ തപാൽ ദിന ഓർമ്മകൾ എന്നെ പതിവുപോലെ മുതിയങ്ങയിലെ പോസ്റ്റ് ഓഫീസിലെത്തിക്കും. അച്ഛൻ ബോംബെയിൽ,
വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥനായതിനാൽ കത്തെഴുത്തും ശിപായി കിട്ടേട്ടനെ നോക്കിയുള്ള കാത്തിരിപ്പും ബാല്യകാല ഓർമ്മകളിലുണ്ട്.

വളഞ്ഞ പിടിയുള്ള നരച്ച കാലൻകുട. ഇൻലൻഡ് ലെറ്ററിൻ്റെ നിറമുള്ള ഇളംനീല മുറിക്കയ്യൻ കുപ്പായത്തിൻ്റെ ഇരുവശങ്ങളിലും വലിയ ജുബ്ബക്കീശ! ചുമലിൽ തൂക്കിയിട്ട കത്തുകൾ നിറച്ച കാക്കിസഞ്ചി. കക്ഷത്തിൽ, തുകൽ ഷീറ്റിൽ ഭദ്രമായി പൊതിഞ്ഞടുക്കിയ മണിയോർഡർ ഫോറവും ചുവപ്പും നീലയും അരികുകളോട് കൂടിയ നീളൻ കവറുള്ള ഫോറിൻ കത്തുകളും കൂടാതെ ചില പ്രമാണങ്ങളും. കോറത്തുണി മുണ്ട് മടക്കിക്കുത്തി, ഒരിക്കലും തേഞ്ഞു പോകാൻ കൂട്ടാക്കാത്ത ടയറിന്‍റെ ചെരിപ്പുമിട്ട് പാടവരമ്പുകൾ താണ്ടി പാലം കടന്നു വരാറുള്ള നമ്മുടെ പ്രിയപ്പെട്ട കിട്ടൻ ശിപായി.! പഴമക്കാരിൽ ചിലർ ശിപായി കിട്ടനെന്നും ചിലർ ആദരവോടെ
‘പോസ്റ്റ് മാഷേ’ എന്നും അദ്ദേഹത്തെ വിളിക്കാറുണ്ട്. ഇൻലൻഡ് വാങ്ങാനും അച്ഛൻ്റെ കത്ത് വന്നോന്ന് അറിയാനും നെടുവരമ്പ് താണ്ടി മുതിയങ്ങയിലെ പോസ്റ്റാപ്പീസിലേക്ക് പോകാൻ എന്തൊരുത്സാഹമായിരുന്നു!. തുമ്പികൾ ഉല്ലസിച്ചാർക്കുന്ന വയലേലകൾ നോക്കി പാടവരമ്പിലൂടെയുള്ള നടത്തം. പൂഴിയും ചരൽക്കല്ലുമുള്ള ചെറിയ ഇടവഴി അവസാനിക്കുന്ന ചെമ്മൺ നിരത്തോരത്ത് നിരപ്പലകയുള്ള മൂന്നു നാല് പീടിക മുറികളുണ്ട്. അനാദി പീടികയിലെ തക്കാളിപ്പെട്ടിയിൽ വെച്ച ഉണക്ക മീനിൻ്റെ മുശടുവാട ശ്വസിച്ച്, ഉപ്പ്ചാക്ക് വെച്ച് ദ്രവിച്ച ചെങ്കൽ ചുമരിൻ്റെ പാതി ചവിട്ടുപടികൾ പിന്നിട്ടാൽ വീതിയുള്ള മരഗോവണിയാണ്. കയറിൽ പിടിച്ച് ആയാസപ്പെട്ട് കയറിയാൽ പോസ്റ്റാപ്പീസിലെത്താം. ജീവിതത്തിലാദ്യമായി കാലുകുത്തിയ
ഒരു സർക്കാരാപ്പീസ്! പഴമയുടെ ഗന്ധമോലും ചന്തം!. ഗോവണിയിലെ മരത്തൂണിൽ തൂക്കിയിട്ട ചെറിയ തപാൽ പെട്ടിയുമുണ്ട്.

പരുത്തിത്തുണിയുടെ നീളൻ ജുബ്ബ ധരിച്ച്, കറുത്ത ഫ്രയിമുള്ള വട്ടക്കണ്ണടയിട്ട
നമ്മുടെ ചാത്തൂട്ടി മാഷായിരുന്നു പോസ്റ്റുമാസ്റ്റർ. സ്കൂൾ സമയത്തിന് മുന്നേ രാവിലെയും, പിന്നെ വൈകുന്നേരവും മാഷുണ്ടാകും. കൂടാതെ, അത് ഒരു സബ് പോസ്റ്റാപ്പീസായിരുന്നതിനാൽ പ്രവർത്തന സമയം പരിമിതവുമായിരുന്നു.
കറുത്ത ബേഗും മുണ്ടിൻ്റെ തുമ്പും കക്ഷത്തിൽ വെച്ച് വലിയ ആൾക്കുട
ചൂടി നടന്നു പോകുന്ന ചാത്തൂട്ടി മാഷിനെ പിൽക്കാലത്ത് ഓർക്കുമ്പോൾ പി.കുഞ്ഞിരാമൻ നായർ എന്ന മലയാളത്തിൻ്റെ പ്രിയ കവിയിലേക്ക് മനസ്സ് ഐക്യപ്പെടുമായിരുന്നു!. അന്യദേശത്തു നിന്നും വരുന്ന കത്തുകൾ പ്രതീക്ഷിച്ച് വൈകുന്നരം പോസ്റ്റാപ്പീസിൽ കുറച്ചാളുകൾ കാത്തുനിൽപ്പുണ്ടാകും. ഗൾഫുകാരുടെ ഫോറിൻ കത്തിന് വേണ്ടി, തലയിൽ വട്ടക്കെട്ടും ഫോറിൻ ലുങ്കിയും ബനിയനും ധരിച്ച നിസ്കാര തഴമ്പുള്ളവരും വെറ്റില മുറുക്കുന്ന ചിലരും. അവർ പൊങ്ങച്ചം പറഞ്ഞ് ചുണ്ടിൽ രണ്ട് വിരൽ ചേർത്ത് പുറത്തേക്ക് നീട്ടി തുപ്പും. പിന്നെ ആ വിരൽ ചുമരിലോ ചാരുബെഞ്ചിലോ ഉരക്കും. അത്തറിൻ്റെയും
സിഗററ്റിൻ്റെയും മുറുക്കാൻ്റെയും സമ്മിശ്ര ഗന്ധം വരാന്തയിൽ പരക്കും. ആകാംക്ഷ അടക്കിപിടിച്ച കുട്ടിയായി ഞാൻ മാത്രം ! കത്തിനുവേണ്ടി കാത്തുനിൽക്കുന്നവരോട് അന്യർക്ക് അസൂയയും ഞങ്ങൾക്ക് പൊങ്ങച്ചവുമെന്ന് സ്വയം ഭാവിച്ചിരുന്നു. പത്തായക്കുന്നിൽ നിന്നും ബാലൻ ശിപായി കൊണ്ടുവരുന്ന തപാൽ ഭാണ്ഡം അഴിച്ച്, ശിപായി കിട്ടേട്ടൻ പ്രത്യേക താളത്തിൽ തലയാട്ടിക്കൊണ്ട് കത്തുകളിൽ ആഞ്ഞാഞ്ഞ് കുത്തും. ഹൃദയവികാരങ്ങൾ പങ്കുവെച്ച കത്തിൻമേൽ ഉരുക്ക് ദണ്ഢിനാലുള്ള കുത്ത് എൻ്റെ കൊച്ചു നെഞ്ചത്തേറ്റു വാങ്ങുന്നതായി ഞാൻ നിരീച്ചു. തപാൽ സ്റ്റാമ്പിലെ പാവം ഗാന്ധി അപ്പൂപ്പന് എത്രമാത്രം വേദനിച്ചിരിക്കും! കുത്തുകളുടെ കരുത്തിൽ ഇളകുന്ന മേശയും, ഒച്ചയിൽ ആപ്പീസും പ്രകമ്പനം കൊള്ളും. ചാത്തൂട്ടി മാഷ് ശാന്തനായി ചെറിയ മുറിയിലിരുന്ന് എന്തൊക്കെയോ കുത്തി കുറിക്കുന്നത് ജനാലയ്‌ക്കു പിന്നിലെ ഇരുമ്പ് അഴികളിലൂടെ നോക്കിയാൽ കാണാം. തപാൽ മുദ്രകുത്തിയ കത്തുകളെടുത്ത് വരാന്തയിൽ വന്ന് കിട്ടൻ ശിപായി മേൽവിലാസക്കാരൻ്റെ പേരും പുരപ്പേരും നീട്ടി വിളിക്കും. അയാൾക്ക് പരിചയമില്ലാത്ത ആരും മുതിയങ്ങ
ദേശത്ത് ഉണ്ടാകാനിടയില്ല. കൂടി നിന്നവർ സമ്മാനം കൈപറ്റുന്ന സന്തോഷത്തോടെ കത്തുകൾ ഏറ്റുവാങ്ങും. കത്തില്ലാത്തവർ നിരാശരായും കത്ത് കിട്ടിയവർ ഉത്സാഹത്തോടെയും ഗോവണിയിറങ്ങും. ബാക്കി വരുന്ന ഉരുപ്പടികൾ എടുത്ത് രണ്ട് ശിപായിമാരും കൂടി പിറ്റേന്ന് രാവിലെമുതൽ നടക്കാൻ തുടങ്ങും. എതിർദിശകളിലൂടെഗ്രാമാന്തരങ്ങളിലേക്ക്…ഹൃദയവികാരങ്ങളിൽ മിണ്ടി പറയാൻ വെമ്പുന്ന കുറിമാനങ്ങളുമായി എത്രയും പ്രിയപ്പെട്ടവരിലേക്ക്….റോഡുകളും ഇടവഴികളും കനാലും വയലും തോട്ടിറമ്പുകളും പാലങ്ങളും താണ്ടി കുടയും ചൂടിയങ്ങനെ…..

ചോപ്പ് ചായംപൂശിയ ചട്ടിതൊപ്പിയണിഞ്ഞ വലിയ തപാൽ പെട്ടിയും, അതിൻ്റെ തുറന്ന വായും മറ്റൊരു കൗതുകമായിരുന്നു. ഹൃദയാക്ഷരങ്ങളുടെ
സൂക്ഷിപ്പുകാരൻ ! കൂത്തുപറമ്പ് ബസ് സ്റ്റാൻ്റിലേക്ക് കയറുന്ന വഴിക്ക്, മാറോളി ഘട്ടിനടുത്ത് പ്രധാന നിരത്തിൽ ആൾ പൊക്കമുള്ള തപാൽ പെട്ടി ഉണ്ടായിരുന്നു ; പണ്ട്. എന്നെങ്കിലും ഒരു കത്തെഴുതി ആ പെട്ടിയുടെ തുറന്ന വായ്ക്കകത്തേക്ക്
ഇടാൻ കഴിയുമോ എന്ന് ഞാൻ ആലോചിക്കാറുണ്ട്. ബാല്യകാല ഓർമ്മകളിൽ പെട്ടെന്നുനിലച്ചുപോയ ഫിലാറ്റെലി എന്ന സ്റ്റാമ്പുശേഖരണ ഹോബിയുമുണ്ടായിരുന്നു.!. സ്വന്തം മേൽവിലാസമെഴുതിയ കത്ത്
പോസ്റ്റ്മാനിൽ നിന്നും ഇരു കൈയ്യും നീട്ടി സ്വീകരിക്കാൻ ഞാൻ കൊതിച്ചിരുന്ന കാലം. അതിന് വേണ്ടി കണ്ടെത്തിയ വഴി എന്നെ തന്നെ അത്ഭുതപ്പെടുത്തുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. പത്രത്താളുകളിൽ കാണുന്ന
സൗജന്യ പുസ്തകങ്ങളുടെ വിലാസത്തിൽ കത്തുകളയക്കാൻ തുടങ്ങി. കൃഷി അറിവുകളും വളർത്തുമൃഗ പരിപാലനവും ക്രിസ്തീയപുസ്തകങ്ങളും കാറ്റലോഗുകളും മറ്റും മുറതെറ്റാതെ വന്നുകൊണ്ടിരുന്നു. പിന്നീട്, പത്രമാസികകൾക്ക് ചില കവിതാ പൊടിപ്പുകൾ പടച്ചുവിടാനുള്ള ധൈര്യവുമുണ്ടായി ! “താങ്കളുടെ രചന
പ്രസിദ്ധീകരിക്കാൻ നിർവാഹമില്ലാത്തതിനാൽ ഖേദിക്കുന്നു. തുടർന്നും എഴുതുക. സഹകരണത്തിന്‌ നന്ദി.” ഇത്തരത്തിൽ ടൈപ്പുചെയ്ത് കിട്ടിയ കത്തുകളായിരുന്നു എൻ്റെ ആദ്യ കത്തോർമ്മകൾ! . അഭിമാനപുരസ്സരം കൈപറ്റി, ജാള്യതയോടെ വായിക്കേണ്ടി വന്ന പത്രാധിപരുടെ കത്തുകൾ!. ജീവിതയാത്രയിൽ മറുനാട്ടിൽ പല സ്ഥലങ്ങളിലായി താമസിക്കേണ്ടി വന്നു. തൊഴിലാളിയായും പിന്നെ മുതലാളിയായും. അതത് പ്രദേശത്തെ പോസ്റ്റാഫീസുമായി പൂർവ്വാപരബന്ധം സ്ഥാപിച്ചിരുന്നു. തപാൽ ജീവനക്കാരോടുള്ള സ്നേഹാദരവിന് പകരമായി പോസ്റ്റ്മാന് നിത്യേന കടയിൽ നിന്ന് ഒരു ചായ നൽകുക എന്നത് എൻ്റെ കടമയായി കരുതിപ്പോന്നു. ഈയിടെ ഒരു സ്മാർട്ട് പോസ്റ്റുമാനെ ആലപ്പുഴയിലെ എരമല്ലൂരിൽ വെച്ച് പരിചയപ്പെട്ടു. അഭ്യസ്തവിദ്യയുള്ള അഭിജിത്ത്!. ബിരുദാനന്തര ബിരുദധാരി. അതുക്കുമ്മേലേ മറ്റ് ബിരുദങ്ങളും!.
താൽക്കാലിക ജീവനക്കാരനാണെങ്കിലും തപ്പാൽ വകുപ്പിൻ്റെ കാര്യക്ഷമതയിൽ അഭിമാനിക്കുന്നവൻ. സർക്കാർ ബോർഡുവെച്ച വാഹനത്തിൽ ജനങ്ങൾക്ക് സേവനമേകാൻ കഴിയുന്ന ഒരു വലിയ പദവി സ്വപ്നം കാണുന്നവൻ. മറ്റു സർക്കാർ ജീവനക്കാരെ അപേക്ഷിച്ച് തപാൽ ജീവനക്കാർക്ക് തങ്ങളുടെ ജോലിയോട് കൂറും അർപ്പണമനോഭാവവും ഏറും. ചെറിയ സാഹചര്യങ്ങളിൽ പോലും പരാതിയും പരിഭവമില്ലാതെ പൊരുത്തപ്പെടുകയും എളിമയോടെ പെരുമാറുകയും ചെയ്യുന്നവർ.!

കാലത്തിന്റെ കുത്തൊഴുക്കിൽ കത്തെഴുത്തെല്ലാം പഴഞ്ചനായി. തുടക്കത്തിൽ എല്ലാ ഗ്രാമ­ങ്ങ­ളിലും ഫോണ്‍ തരംഗം എത്തി. അതിനെ മറി­ക­ടന്ന് മൊബൈല്‍ ഫോണു­കള്‍ രംഗം കീഴ­ട­ക്കി. ഇന്ന് ഇന്റര്‍നെ­റ്റും കഥ­യാകെ മാറ്റി. മനു­ഷ്യന്റെ സൗക­ര്യ­ങ്ങള്‍ നിമി­ഷ­ങ്ങള്‍ കൊണ്ട് മാറി­മ­റ­ഞ്ഞു കൊണ്ടിരിക്കുന്നു. ലോകം വിരൽതുമ്പിൽ
തിരിയാൻ തുടങ്ങി. മാറുന്ന കാലത്തിനൊത്ത് കാൽനടയിൽ നിന്ന് സൈക്കിളിലേക്കും ഇരുചക്ര വണ്ടിയിലേക്കും യൂണിഫോമിലേക്കും തപാൽ ശിപായിമാരിൽ പലരും മാറി. പോസ്റ്റു വുമണും പുതുമയല്ലാതായി. മുതിയങ്ങ പി.ഒ യിലെ ശിപായി കിട്ടേട്ടന് പകരക്കാരനായി വന്ന യുവാവായ ദയാനന്ദനും ഓർമ്മയായി. ഇപ്പോളൊരു മോഹനൻ പോസ്റ്റുമാൻ. ബാലൻ ശിപായിക്ക് പകരം പത്തായക്കുന്നിൽ നിന്നും തപാൽ ഉരുപ്പടി കൊണ്ടുവരുന്നത് ആരായിരിക്കും…..?

ഗൃഹാതുരതയുണർത്തുന്ന ചുവന്ന തപാൽപെട്ടികളിൽ പലതും പുരാവസ്തുവായിരിക്കുന്നു!. ഒരു തലമുറയുടെ കിനാവും കണ്ണീരും പ്രതീക്ഷയും ഹൃദയരഹസ്യവും സൗഹൃദവും ഏററുവാങ്ങിയ
മൂകസാക്ഷികൾ ! ഈ ഡിജിറ്റൽ യുഗത്തിൽ സ്മാർട്ടായി കാലത്തിനൊപ്പം കുതിക്കുവാൻ പോസ്റ്റൽ സേവനം മറ്റു മേഖലകളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്. മിനി ബേങ്കായി പോസ്റ്റോഫീസ് മാറിക്കഴിഞ്ഞു. സ്വകാര്യ കൊറിയറിനെ കടത്തിവെട്ടുന്ന സേവനവും വേഗതയും വിശ്വാസ്യതയും കുറ്റമറ്റതാണ്. ഇ-കൊമേഴ്സായും ഓൺലൈൻ ഷോപ്പിംഗ് പാക്കേജുകളുമായും പുതിയ കാലത്തിനൊപ്പം സഞ്ചരിക്കുകയാണ്
നമ്മുടെ തപാൽ വകുപ്പും. ദേശീയതയുടെ ഉണർവും പ്രതീക്ഷയും പ്രതീകവുമാകാൻ തപാൽ വകുപ്പിന് കഴിയട്ടെ എന്ന് ഈ തപാൽ ദിനത്തിൽ നമുക്ക് ആശംസിക്കാം.
പോസ്റ്റുമാനെ പ്രതീക്ഷിച്ച് വഴിക്കണ്ണുമായി കാത്തിരുന്ന കാലം ഇനി ഓർമ്മകളിൽ
മാത്രം!


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...