ആണ്‍പാവ (ഏകാങ്ക നാടകം)

0
789
Ranju

നാടകം

രണ്‍ജു

കഥാപാത്രങ്ങള്‍: പ്രൊഫസര്‍, ആണ്‍പാവ, വൃദ്ധ, പെണ്‍കുട്ടി, സ്റ്റേറ്റ്, റോബോട്ടുകള്‍, കോറസ്

കര്‍ട്ടന്‍ ഉയരുമ്പോള്‍ രംഗത്ത് നേര്‍ത്ത വെളിച്ചം. പ്രൊഫസറുടെ വീടിന്റെ സ്വീകരണമുറി. അതിന്റെ എല്ലാ അഴകും ആ മുറിക്കുണ്ട്.
കെട്ടിപ്പിണഞ്ഞ് നിലത്തിരിക്കുന്ന രണ്ടു രൂപങ്ങള്‍. വെളിച്ചം തെളിഞ്ഞ് വരുമ്പോള്‍ അത് പ്രൊഫസറും അയാളുടെ ആണ്‍പാവയുമാണ് എന്നു മനസ്സിലാവുന്നു. ആണ്‍പാവയ്ക്ക് ഒരു യഥാര്‍ത്ഥ മനുഷ്യന്റെ വലിപ്പമുണ്ട്. മുഖത്ത് സര്‍ക്കസ്സിലെ ജോക്കറിനെ അനുസ്മരിപ്പിക്കുന്ന മേയ്ക്കപ്പ്.

പ്രൊഫസര്‍: (ആലിംഗബദ്ധനായി) ആഹാ, വെളിച്ചം…

അവര്‍ പതുക്കെ ആലിംഗനത്തില്‍ നിന്നും അകന്നുമാറി, പ്രേക്ഷകരെ അഭിമുഖീകരിക്കാന്‍ തയ്യാറാകുന്നു.

ആണ്‍പാവ: ഇതാണോ വെളിച്ചം? എടോ ഫിലോസഫറേ… അതോ തന്നെ ഞാന്‍ പ്രൊഫസറെന്നാണോ വിളിക്കേണ്ടത്? ഇനി ഫിലോസഫി പഠിപ്പിക്കുന്ന പ്രൊഫസര്‍ എന്നോ മറ്റോ വിളിക്കണോ? താനൊക്കെ എന്ത് തേങ്ങേടെ മൂട്ടിലെ ഫിലോസഫി പഠിപ്പിക്കാനാ? (ചിരിക്കുന്നു) എന്നാലും നീയാളൊരു സുന്ദരനാ… ഫിലോസഫര്‍മാര്‍ക്കിടയിലെ മമ്മൂട്ടി! ഇരുട്ടില്‍ നീയെത്ര സുന്ദരനായിരുന്നു… (കുറച്ചു പരിഹാസത്തോടും പിന്നെ കളിയായും, ഇത്തിരി നിരാശയോടും കൂടി പ്രൊഫസറെ നോക്കി) വെളിച്ചത്തില്‍ നിന്നെ കാണാന്‍ ഒരു രസവുമില്ല.

പ്രൊഫസര്‍: (ഈര്‍ഷ്യയോടെ) എട എട എടാ… നീ എന്നെ കളിയാക്കാന്‍ മാത്രം വളര്‍ന്നോ? … മറക്കണ്ട നീ വെറുമൊരു പാവയാണ്. ഈ ലോക്ക് ഡൌണ്‍ കാലത്ത് എന്നെ ആഹ്ലാദിപ്പിക്കാനുള്ള വെറും ആണ്‍പാവ!

പ്രൊഫസര്‍ ആര്‍ത്തട്ടഹസിച്ച് ചിരിക്കുന്നു. ആണ്‍പാവ പരിഭവം ഭാവിച്ച്, ചമ്മി പിറുപിറുത്തുകൊണ്ട് പിന്നിലേക്ക് മാറുന്നു.

പ്രൊഫസര്‍: (മുന്നോട്ട് നടന്നു വന്ന് പ്രേക്ഷകരെ നോക്കിക്കൊണ്ട്) അവനതൊക്കെ പറയും… അവനോ പണിയില്ല. നിങ്ങള്‍ക്കോ? (കൈ ചൂണ്ടി) ഒരും പണിയും ഇല്ല അല്ലേ? നാടകം കാണാന്‍ വന്നിരിക്കുകയാ അല്ലേ? (ചിന്തിക്കുന്നു) … ഹും… നാടകം… നിങ്ങള്‍ നാട്ടുകാരേക്കാള്‍ വലിയ നാടകക്കാര്‍ വേറെ ആരാ ഉള്ളത്? (പുച്ഛിച്ചു ചിരിക്കുന്നു) (ആത്മഗതമെന്നോണം) ഒരു ജോലിയും കൂലിയുമില്ലാതെ നാടകം കാണാന്‍ വന്നിരിക്കുന്ന കുറേ മനുഷ്യര്‍… (ഈര്‍ഷ്യയോടെ തലയാട്ടുന്നു)
ആണ്‍പാവ പിന്നിലെന്തോ തട്ടിമറിയ്ക്കുന്നു.

പ്രൊഫസര്‍: (തിരിഞ്ഞ് പാവയെ നോക്കി) അകത്തെങ്ങാനും പോയി വിശ്രമിക്കടാ… മനുഷ്യരെപ്പോലെ പെരുമാറാതെ. ഒരു യന്ത്രപ്പാവ ആയിട്ടും നിനക്ക് ഒരു അച്ചടക്കവും ഇല്ലല്ലോടാ…

ആണ്‍പാവ: (ഒരു ജോക്കറിനെ പോലെ അഭിനയിച്ച് സ്റ്റേജിനു മധ്യത്തിലേക്ക് നടന്ന് വന്ന്‍) ഹെന്തു ചെയ്യാം മനുഷ്യാ.. നിന്നെപ്പോലൊരുത്തനെ ആണല്ലോ ഞാന്‍ കണ്ടുപഠിക്കുന്നത്. മനുഷ്യമണമേറ്റ പാവയ്ക്കും ആ മണം വരും… (അല്‍പ്പം നാണത്തോടെ) എന്നാലും എനിക്കാ മണം ഇഷ്ടാ…

പ്രൊഫസര്‍: ഡോ. ക്രിസ്റ്റീന മാര്‍വെല്ലിന്റെ കണ്ടുപിടുത്തം. ആണ്‍പാവ! ഇതുവരെയുള്ള ചരിത്രത്തില്‍ ആദ്യമായി ഒരു ആണ്‍ ബൈസെക്ഷ്വല്‍ സെക്സ് ഡോള്‍. ഇതില്‍പ്പരം പുരോഗതി കൈവരിക്കാനാകുമെന്ന് ഞാന്‍ കരുതിയതേയില്ല. ഈ വൃത്തികെട്ട മനുഷ്യര്‍. അവരുടെ കപട സദാചാരലോകം. ഡോ. ക്രിസ്റ്റീന ഫെമിനിസം പ്രസംഗിക്കുന്ന മറ്റു സ്ത്രീകളെപ്പോലെ അല്ല. അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ക്കറിയാം!

ആണ്‍പാവ: (അത്ഭുതത്തോടെ) ഭാഗ്യം, ഒരു സ്ത്രീയെ എങ്കിലും അംഗീകരിച്ചല്ലോ! അല്ലാ അവര്‍ നിങ്ങടെ പഴയ കാമുകി അല്ലേ?

പ്രൊഫസര്‍: ആയിരുന്നു. പണ്ട് ഞാന്‍ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ആയിരുന്ന കാലത്ത്. വീ വേര്‍ ഇന്‍ എ റിലേഷന്‍ഷിപ്പ്.

ആണ്‍പാവ: നീ എന്നെ വഞ്ചിച്ചു! ദുഷ്ടന്‍ (കള്ളപ്പരിഭവം നടിക്കുന്നു)

പ്രൊഫസര്‍: വീണ്ടും തുടങ്ങിയോ… നശിച്ച മനുഷ്യരെപ്പോലെ… അവര്‍ക്കാണ് ഈ കള്ളത്തരമൊക്കെ. കപടനാട്യക്കാര്‍…

ആണ്‍പാവ: (പ്രൊഫസറുടെ കഴുത്തിലൂടെ ഇരുകയ്യുമിട്ട് സ്നേഹപൂര്‍വ്വം കൊഞ്ചിക്കുന്നു) നിനക്കെന്താ മനുഷ്യരോട് ഇത്ര വെറുപ്പ്? മനുഷ്യനെന്നു കേള്‍ക്കുന്നതേ കലിയാണല്ലോ! (തിരിഞ്ഞ് പ്രേക്ഷകരെ നോക്കി) പാവങ്ങള്‍. കണ്ടില്ലേ, കഷ്ടപ്പെട്ട് നമ്മളെ കാണാന്‍ കാശും മുടക്കി വന്നിരിക്കുവാ… (പ്രൊഫസറുടെ കവിളില്‍ നുള്ളി) മൊശടന്‍… കല്ലാണോ നിന്റെ നെഞ്ച്? ഇത്തിരി മനുഷ്യപ്പറ്റ് കാണിച്ചൂടേ?

പ്രൊഫസര്‍ കൈ തട്ടിമാറ്റി തിരിയുന്നു. ആണ്‍പാവ അയാളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു.

ആണ്‍പാവ: ഞാന്‍ നിനക്കു വേണ്ടിയൊരു പാട്ടു പാടിത്തരട്ടേ? അല്ലെങ്കില്‍ ഒരു ഡാന്‍സ്! പത്മ സുബ്രഹ്മണ്യത്തെപ്പോലെ ഞാന്‍ നൃത്തം ചെയ്യാം…

മാറി നിന്ന് ഭരതനാട്യം കളിയ്ക്കാന്‍ നോക്കുന്ന ആണ്‍പാവ.

പ്രൊഫസര്‍: ഇതാണോ നിന്റെ ഡാന്‍സ്? വുഡ്ഡാന്‍സ്! വെറുതെ അല്ല, ടെക്നോളജിയ്ക്ക് മനുഷ്യനെ മുഴുവനായും മാറ്റിത്തീര്‍ക്കാന്‍ കഴിയില്ലെന്നു പറയുന്നത്. നീ വെറുമൊരു പാവയാടാ പാവ… (പുച്ഛിച്ച് ചിരിക്കുന്നു)

ആണ്‍പാവ: സാങ്കേതികവിദ്യയെ അങ്ങനെ കളിയാക്കരുത്. അതില്ലായിരുന്നേല്‍ മനുഷ്യന്‍ കാട്ടില്‍ കായും തിന്നു കുരങ്ങായി ജീവിച്ചേനെ!

പ്രൊഫസര്‍: ഭാഷ! അതാണ് മനുഷ്യനെ മനുഷ്യനാക്കിത്തീര്‍ത്തത്. ഭാഷ മനുഷ്യനെ വാക്കുകള്‍ കൊണ്ട് സ്വപ്നം കാണാന്‍ പഠിപ്പിച്ചു. സ്വപ്നങ്ങളിലൂടെ മനുഷ്യന്‍ അവനെത്തന്നെ പുന:സൃഷ്ടിച്ചു. പിന്നെ ലോകം കീഴടക്കി.

ആണ്‍പാവ: സ്വപ്നം! (അല്‍പ്പം കളിയോടെ) താനൊക്കെ എന്തൊക്കെ സ്വപ്നമാ കണ്ടുനടക്കുന്നതെന്ന് പാവകളോട് ചോദിക്കണം. പിന്നെ തെരുവിലെ പെണ്ണുങ്ങളോട്, ഭാര്യമാരോട്, കാമുകിമാരുടെ കൂട്ടത്തിനോട്…

പ്രൊഫസര്‍: അതെന്താ പെണ്ണുങ്ങള്‍ സ്വപ്നമൊന്നും കാണാറില്ലേ? മനുഷ്യഗണത്തിലെ സ്വപ്നസഞ്ചാരികളാണവര്‍. അവര്‍ കാണുന്ന സ്വപ്നങ്ങളില്‍ ബഹുവര്‍ണ്ണങ്ങള്‍ പൊഴിയും…

ആണ്‍പാവ: വെറുമൊരു ആണായ തനിക്ക് അതെങ്ങനെ അറിയാമെടോ? അതോ ആണുങ്ങളുടെയാ അറുപഴഞ്ചന്‍ ബൃഹദാഖ്യാനം ഉരുക്കഴിക്കുകയാണോ? അതൊന്നും ഇവിടെ ഇനി നടപ്പില്ല. കാലം മാറി!

പ്രൊഫസര്‍: ഓഹോ മാറിയോ? എപ്പോള്‍? ഞാന്‍ അറിഞ്ഞില്ലല്ലോ! (കളിയാക്കി ചിരിച്ച്) നീയും ഫെമിനിസ്റ്റായോടാ കള്ളപ്പാവേ?

ആണ്‍പാവ: ഇതില് ഫെമിനിസം ഒന്നുമില്ല… വെറും സത്യം മാത്രം. ആണുങ്ങളുടെ ഹുങ്ക് നല്ലോണമുണ്ട് നിങ്ങള്‍ക്ക്. എന്‍റൊപ്പം എത്ര കിടന്നിട്ടും നീ എന്തേ മാറീല്ലാ? (ദു:ഖിച്ച് മാറി നില്‍ക്കുന്നു) നിന്നില്‍ ഈ ലോകത്തിന് വലിയ പ്രതീക്ഷകളാണുള്ളത്. നിനക്ക് അതറിയാമോ? നിനക്ക് അത് എന്നെങ്കിലും മനസ്സിലാകുമോ?

പ്രൊഫസര്‍ ഒന്നും മിണ്ടാതെ തരിച്ചു നില്‍ക്കുന്നു.

കോറസ്: (സ്റ്റേജിനു പുറകില്‍ നിന്നും) നിന്നില്‍ ഈ ലോകത്തിന് വലിയ പ്രതീക്ഷകളാണുള്ളത്. നിനക്ക് അതറിയാമോ? നിനക്ക് അത് എന്നെങ്കിലും മനസ്സിലാകുമോ?

മാര്‍ച്ചു പാസ്റ്റിന്റെ പശ്ചാത്തല സംഗീതം. മാസ്ക്ക് ധരിച്ച, വെളുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രേതങ്ങളെപ്പോലെ തോന്നിപ്പിക്കുന്ന നാലുപേര്‍ (രണ്ടു പേര്‍ വീതം) സ്റ്റേജിന്റെ ഇരുവശങ്ങളില്‍ നിന്നും മാര്‍ച്ച് ചെയ്തു വരുന്നു. ഇതില്‍ ആണും പെണ്ണുമുണ്ട്. ഒരു മരണാനന്തര ചടങ്ങിനെ അനുസ്മരിപ്പിക്കും വിധം അവര്‍ പൂക്കള്‍ കയ്യില്‍ പിടിച്ചിട്ടുണ്ട്. ഡ്രമ്മിന്റെ പതിഞ്ഞ താളത്തില്‍ അവര്‍ മാര്‍ച്ചു ചെയ്തു വന്ന് പ്രൊഫസറെ സല്യൂട്ട് ചെയ്ത് തിരികെ പോകുന്നു.
അവര്‍ പോയതിനുശേഷം, പെട്ടെന്ന് കോളിംഗ് ബെല്ല് മുഴങ്ങുന്നു.
ആണ്‍പാവയോട് ചെന്നു നോക്കാന്‍ ആംഗ്യം കാണിച്ച് കസേരയില്‍ പോയി ഇരിക്കുന്ന പ്രൊഫസര്‍.
ആണ്‍പാവ വാതില്‍ തുറക്കുന്നതും, തള്ളിമാറ്റി ഒരു വൃദ്ധയും പെണ്‍കുട്ടിയും പ്രവേശിക്കുന്നു. രണ്ടുപേരും മാസ്ക്ക് ധരിച്ചിട്ടുണ്ട്.
വൃദ്ധ: (പരിഭ്രമിച്ച്) ഭഗവാനേ, എനിക്ക് ആ വലിയ ഫിലോസഫറെയൊന്ന് കാണണം, അത്യാവശ്യമാണ്. അദ്ദേഹം ഇവിടുണ്ടല്ലോ അല്ലേ? (ചുറ്റിലും നോക്കുന്നു)

പ്രൊഫസര്‍: ഇല്ല അദ്ദേഹം ഇവിടില്ല. മരിച്ചു പോയി. ഭഗവാന്‍ മരിച്ചു. (അട്ടഹസിച്ച് ചിരിക്കുന്നു) ദാ ഇപ്പോ ചടങ്ങും കഴിഞ്ഞ് ഒരു കൂട്ടര്‍ ഒഴിഞ്ഞുപോയതേയുള്ളൂ…

വൃദ്ധ: (പരിഭ്രമിച്ച് ചുറ്റിലും നോക്കി, അവസാനം പ്രേക്ഷകരോട്) എനിക്ക് അദ്ദേഹത്തെ അത്യാവശ്യമായി കണേണ്ടതുണ്ട്. നിങ്ങള്‍ക്കറിയാമോ അദ്ദേഹം എവിടെയാണെന്ന്? ഇവള്‍ (പെണ്‍കുട്ടിയെ അടുത്തേക്ക് ചേര്‍ത്ത് നിര്‍ത്തി) ഇവളെ എനിക്ക് അദ്ദേഹത്തെ ഏല്‍പ്പിക്കണം!

ആണ്‍പാവ: ഹ ഹ ഹ… ഹോ ഹോ ഹോ… അങ്ങനെ വരട്ടെ.. എടോ കള്ള ഫിലോസഫറേ, സ്ത്രീവിരോധിയാണ്, ക്വിയര്‍ ആണ് എന്നെല്ലാം അഭിനയിക്കുവായിരുന്നല്ലേ?! വെറുതെ അല്ല, ജെന്‍ഡര്‍ ഈസ് പെര്‍ഫോമാറ്റിവിറ്റി എന്നു ജൂഡിത് ബട്ലര്‍ പറഞ്ഞത്. തന്റെ ഒരു അഭിനയം. കൊള്ളാടോ കിഴവാ.. ഓസ്കാര്‍ അവാര്‍ഡ് തരണം തനിക്ക്…

പ്രൊഫസര്‍: പ്ഭാ നിര്‍ത്തടാ… മാന്യന്മാരെ അധിക്ഷേപിക്കുന്നോ?
(തിരിഞ്ഞ് വൃദ്ധയെ നോക്കി) നിങ്ങള്‍ക്ക് ആളുമാറിപ്പോയതാ… എനിക്ക് നിങ്ങള്‍ രണ്ടു പേരേയും അറിയില്ല.

ആണ്‍പാവ നിശ്ചലമാകുന്നു.

വൃദ്ധ: (ഓടി വന്ന് പ്രൊഫസറുടെ കാല്‍ക്കീഴില്‍ മുട്ടുകുത്തി നിന്ന്) അല്ലയോ മഹാനുഭാവാ… എനിക്ക് താങ്കളെ എങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടത് എന്നറിയില്ല. എന്നോട് ക്ഷമിക്കണം. താങ്കള്‍ മാത്രമേയുള്ളൂ ഇനിയീ ഭൂമുഖത്ത്. വിവരമുള്ള മനുഷ്യനായി വേറാരും അവശേഷിക്കുന്നില്ല. കോവിഡ്-19 വൈറസില്‍ നിന്നാണത് തുടങ്ങിയത്. പിന്നെ പലതരം വൈറസുകള്‍ മനുഷ്യനെയെടുത്ത് അമ്മാനമാടുകയായിരുന്നു. ഈ ലോകം ഒരു ശവപ്പറമ്പായി മാറ്റിക്കഴിഞ്ഞിരിക്കുന്നു. (പ്രൊഫസറെ ആദരവോടെ നോക്കി) ഈ പ്രായത്തിലും താങ്കളുടെ ആരോഗ്യവും സൌന്ദര്യവും എന്നെ അദ്ഭുതപ്പെടുത്തുന്നു. നിങ്ങളുടെ സുഖലോലുപമായ ജീവിതം എന്നെ അസൂയപ്പെടുത്തുന്നു.

പ്രൊഫസര്‍: ലോകത്തിന് എന്തു സംഭവിച്ചു എന്ന്‍ എനിക്കറിയില്ല. എനിക്കത് അറിയുകയും വേണ്ട. നിങ്ങള്‍ ദയവായി പോകണം. എനിക്ക് ഈ ലോകത്തോട് സംവദിക്കാന്‍ ഒരു താല്‍പ്പര്യവുമില്ല.

വൃദ്ധ: (എഴുന്നേറ്റ് മുകളിലേക്ക് നോക്കി പ്രാര്‍ത്ഥിക്കുന്നു) ഈ ലോകത്ത് ഇനി ആരും തന്നെ അവശേഷിക്കുന്നില്ല. ഞാനും ഈ പെണ്‍കൊച്ചും പിന്നെ നിങ്ങളുമല്ലാതെ. ഈ പാവ… (പാവയെ നോക്കി) ഇതിനു ജീവനില്ലല്ലോ… മനുഷ്യരായി നാം മൂന്നുപേര്‍ മാത്രമേ ഈ ലോകത്ത് ഇനി അവശേഷിക്കുന്നുള്ളൂ.

പ്രൊഫസര്‍: നിങ്ങള്‍ എന്ത് അസംബന്ധമാണ് പറയുന്നത്. നിങ്ങള്‍ക്ക് സ്വബോധം നഷ്ടപ്പെട്ടില്ലല്ലോ?

വൃദ്ധ: ഇല്ല. താങ്കള്‍ ലോകത്തോടുള്ള വെറുപ്പില്‍ മുങ്ങി ഈ വീട്ടില്‍ നിന്നും പുറത്തിറങ്ങാതായിട്ട് വര്‍ഷങ്ങളായി എന്നറിയാം. പക്ഷെ താങ്കള്‍ പുറംലോകത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ട് എന്നാണ് ഞാന്‍ കരുതിയത്.

പ്രൊഫസര്‍: എന്നോട് ക്ഷമിക്കണം… ഞാന്‍ ആ ബന്ധങ്ങളെല്ലാം എന്നേ ഉപേക്ഷിച്ചു. പുറംലോകം എനിക്ക് ഒരു അന്യഗ്രഹം പോലെയാണ്. ദൂരെ നിന്നുള്ള അതിന്റെ കാഴ്ച പോലും എനിക്ക് അസഹനീയമാണ്… ക്ഷമിക്കണം, ഇത് എന്റെ മാത്രം പ്രശ്നമാണ്. പക്ഷേ നിങ്ങള്‍ എന്തിനാണ് ഇപ്പോള്‍ ഇങ്ങോട്ട് കയറി വന്നത്? എന്നെ ശല്യപ്പെടുത്തരുത്. എനിക്ക് മനുഷ്യരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു.

വൃദ്ധ: (പെണ്‍കുട്ടിയെ ചൂണ്ടിക്കാണിക്കുന്നു) ഹേ തത്വചിന്തകാ, മനുഷ്യവംശത്തെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച മഹാനുഭാവാ, താങ്കള്‍ ആ പെണ്‍കുട്ടിയുടെ മുഖത്തേയ്ക്കൊന്നു നോക്കൂ… (അവളോട് മാസ്ക്ക് മാറ്റാന്‍ ആംഗ്യം കാണിയ്ക്കുന്നു) ആ നിഷ്കളങ്കമായ മുഖത്തേക്ക് ഒന്നു നോക്കൂ…

പെണ്‍കുട്ടി മാസ്ക്ക് മാറ്റി പ്രൊഫസറെ നോക്കുന്നു.

Satheesh Thayatt

പ്രൊഫസര്‍: നിങ്ങളെന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണോ? (മുഖം പൊത്തുന്നു) അവളോട് മാസ്ക്ക് മാറ്റരുത് എന്നു പറ…
വൃദ്ധ വീണ്ടും ആംഗ്യം കാണിയ്ക്കുന്നു. പെണ്‍കുട്ടി മാസ്ക്ക് ധരിക്കുന്നു.

വൃദ്ധ: കരുണ കാണിയ്ക്കണം. അവള്‍ക്ക് വേറെയാരുമില്ല ഈ ലോകത്തില്‍… ഞാന്‍ ഉടന്‍ മരിയ്ക്കും. അതിനു മുമ്പ് എനിക്കിവളെ ആരെയെങ്കിലും പിടിച്ചേല്‍പ്പിക്കണം.

പ്രൊഫസര്‍: (പൊട്ടിച്ചിരിക്കുന്നു) ഹേ, തനി നാട്ടിന്‍പുറത്തുകാരെപ്പോലെ സംസാരിക്കാതെ (ചിരിക്കുന്നു). അവള്‍ ഒരു മനുഷ്യനാണ്. അവളുടെ കാര്യത്തില്‍ എനിക്കൊന്നും ചെയ്യാനില്ല.

വൃദ്ധ: താങ്കള്‍ അങ്ങനെ പറയരുത്. മനുഷ്യരാശിയെ കരുതി താങ്കള്‍ അവളെ ഏറ്റെടുക്കണം!

പ്രൊഫസര്‍: മനുഷ്യരാശിയെ കരുതിയോ? നിങ്ങള്‍ എന്തൊക്കെയാണ് പുലമ്പുന്നത്?

വൃദ്ധ: അതെ. ഭൂമിയിലെ അവസാനത്തെ ആണും പെണ്ണുമായി, നിങ്ങള്‍ രണ്ടാളും ഇണകളായി മനുഷ്യകുലത്തെ വീണ്ടും ജീവിപ്പിക്കണം!

പ്രൊഫസര്‍: (ഞെട്ടുന്നു) ഹെന്ത് അസംബന്ധമാണ് നിങ്ങള്‍ പറയുന്നത്? ഈ കൊച്ചുപെണ്ണുമായി ഞാന്‍ ബന്ധം പുലര്‍ത്തിയിട്ട് വേണം പിന്നെ അതും പറഞ്ഞ്… കൊണ്ടുപോ അതിനെ എന്റെ കണ്‍മുന്നില്‍ നിന്ന്… ഒരു മനുഷ്യനെ, അതും ഒരു പെണ്ണിനെ എനിക്കു കാണുകയേ വേണ്ട!

വൃദ്ധ: (മുട്ടുകുത്തി കെഞ്ചുന്നു) അങ്ങനെ പറയരുത്… അങ്ങനെ പറയരുതേ… (വലിയ വായില്‍ നിലവിളിക്കുന്നു)
കാലില്‍ വീണുകരയുന്ന വൃദ്ധയില്‍ നിന്നും മാറിപ്പോകാന്‍ ശ്രമിക്കുന്ന പ്രൊഫസര്‍. അയാളെ അനങ്ങാന്‍ സമ്മതിക്കാതെ കാലില്‍ കെട്ടിപ്പിടിച്ചു കിടന്നു കരയുന്ന വൃദ്ധ.

പ്രൊഫസര്‍: (നിസ്സഹായനായി) നിങ്ങള്‍ വിചാരിക്കുന്നതു പോലത്തെ ഒരാളല്ല ഞാന്‍. മനുഷ്യരാശി നിലനില്‍ക്കണം എന്ന് എനിക്ക് യാതൊരു ആഗ്രഹവുമില്ല. മനുഷ്യര്‍ എന്നോട് ചെയ്ത ക്രൂരതകള്‍ മാത്രമല്ല, മനുഷ്യന്‍ മനുഷ്യകുലത്തിനും ഈ ലോകത്തിനാകമാനവും ഏല്‍പ്പിച്ച കനത്ത ആഘാതങ്ങള്‍ മാത്രം മതി അവന്റെ ഈ അഹന്തപ്പാച്ചില്‍ അവസാനിപ്പിക്കാന്‍… അത് തീര്‍ന്നു പോകുന്നെങ്കില്‍ പോട്ടെ! ഞാനായിരിക്കും അതില്‍ ഏറ്റവുമധികം സന്തോഷിക്കുന്ന മനുഷ്യന്‍!

വൃദ്ധ: താങ്കളെ ദൈവം സൃഷ്ടിച്ചത് പുതിയ തലമുറകളെ സൃഷ്ടിക്കാന്‍ വേണ്ടി കൂടിയാണ്. താങ്കളത് മറക്കരുത്..

പ്രൊഫസര്‍: എന്നെ ദൈവം സൃഷ്ടിച്ചത് ദാ (ആണ്‍പാവയെ ചൂണ്ടിക്കാട്ടി) ഈ ആണ്‍പാവയോട് ഇണചേരാന്‍ വേണ്ടി മാത്രമാണ്. അതില്‍ ഒരു പെണ്ണിനും കൈകടത്താന്‍ ഞാന്‍ അവകാശം കൊടുത്തിട്ടില്ല.

വൃദ്ധ: (ഞെട്ടി) മഹാപാപം… ദൈവദോഷം പറയരുത്… താങ്കള്‍ ഇതുവരെ ചെയ്ത പാപങ്ങളെല്ലാം മറന്ന് അവളെ ഒരു ഇണയായി സ്വീകരിച്ച്, അവള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ അവളുമായി ഇണചേര്‍ന്ന് സന്താനങ്ങളെ ഉണ്ടാക്കണം. മനുഷ്യകുലത്തിന്റെ ഭാവിയെക്കരുതി താങ്കള്‍ അതു ചെയ്യണം. ചെയ്തേ പറ്റൂ…

വൃദ്ധ പ്രൊഫസറുടെ കാലുകളെ ഇറുകെ പുണര്‍ന്നു കൊണ്ട് പുലമ്പാന്‍ തുടങ്ങുന്നു. ഫിലോസഫര്‍ വല്ലാതെ അസ്വസ്ഥനാകുന്നു. ആണ്‍പാവ എന്തുപറയണം എന്നറിയാതെ പരുങ്ങി നില്‍ക്കുന്നു. ഒരു ഊമയെപ്പോലെ മിണ്ടാതെ നില്‍ക്കുകയാണ് പെണ്‍കുട്ടി.

പ്രൊഫസര്‍: (വൃദ്ധയില്‍ നിന്നും കുതറിമാറി) കാലഹരണപ്പെട്ട മനുഷ്യഭാഷണം നടത്തുന്ന തള്ളേ… യു ഡിസര്‍വ് ഡെത്ത്! നിന്നെ ഞാന്‍ ഈ നിമിഷം വെടിവെച്ചു കൊല്ലാന്‍ പോകുന്നു…

പ്രൊഫസര്‍ മേശ തുറന്ന് തോക്കെടുക്കുന്നു. അതുകണ്ട് പേടിച്ചരണ്ട് പിന്നിലേക്ക് മാറിപ്പോകുന്ന വൃദ്ധ.

കോറസ്: (സ്റ്റേജിനു പുറകില്‍ നിന്നും) യു ഡിസര്‍വ് ഡെത്ത്! (ആവര്‍ത്തിക്കുന്നു)
പെട്ടെന്ന് വാതില്‍ തള്ളിത്തുറന്ന് രണ്ട് റോബോട്ടുകളായ രക്ഷാഭടന്മാരുടെ അകമ്പടിയോടെ അകത്തേക്ക് സ്റ്റേറ്റ് തള്ളിക്കയറി വരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് കൊണ്ട് നിര്‍മ്മിതമായ മറ്റൊരു റോബോട്ടാണ് സ്റ്റേറ്റ്. പ്രൊഫസര്‍ക്കും വൃദ്ധയ്ക്കും ഇടയിലായി അവര്‍ നിലയുറപ്പിക്കുന്നു.

സ്റ്റേറ്റ്: ഭൂമിയില്‍ അവശേഷിക്കുന്ന ഹേ മനുഷ്യരേ, ഞാനാണ് നിങ്ങളെ ഇപ്പോള്‍ ഭരിക്കുന്ന സ്റ്റേറ്റ്. നിങ്ങളിപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് ഭരിക്കുന്ന സ്റ്റേറ്റിന്റെ നിയന്ത്രണത്തിലാണ് എന്ന കാര്യം വിസ്മരിക്കരുത്. മനുഷ്യരുടെ ലോകത്ത് ജീവിച്ചിരുന്നു എന്നു കരുതി നിങ്ങള്‍ ഈ യന്ത്രലോകത്തെ നിയമങ്ങള്‍ മറന്നു പോകരുത്. ഇവിടെ ഞങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ആരേയും വെടിവെച്ചു കൊല്ലാന്‍ അവകാശമില്ല. ആ തോക്ക് മാറ്റിവെച്ച് ഇങ്ങോട്ട് നീങ്ങി നിക്കെടാ പരട്ട കിഴവാ…
സ്തംഭിച്ചു നില്‍ക്കുന്ന പ്രൊഫസര്‍. തന്റെ ഒപ്പം വന്ന റോബോട്ടുകളോട് സ്റ്റേറ്റ് ആംഗ്യം കാണിക്കുന്നു. അവര്‍ ഫിലോസഫറുടെ കയ്യിലെ തോക്ക് പിടിച്ച് വാങ്ങുന്നു. എന്നിട്ട് സ്റ്റേറ്റിനെ നോക്കി വണങ്ങുന്നു.

സ്റ്റേറ്റ്: (പ്രൊഫസറോട്) നിങ്ങള്‍ എന്തിനാണ് ഈ വൃദ്ധയെ വധിക്കാനൊരുങ്ങിയത്? കാര്യകാരണസഹിതം പറയൂ.
പ്രൊഫസര്‍: (അസ്വസ്ഥനായി) എത്രയും ബഹുമാനപ്പെട്ട സ്റ്റേറ്റ്, ഇവര്‍ എന്നെ മാനസികമായി പീഡിപ്പിക്കുന്നു. മനുഷ്യരെപ്പോലെ സദാചാരം പുലമ്പുന്നു. എനിക്ക് മടുത്തു. എനിക്കിവരെ വെടിവെച്ചു കൊന്നേ പറ്റൂ.

സ്റ്റേറ്റ്: തീര്‍ച്ചയായും. അത് മതിയായ ഒരു കാരണമാണ്. മനുഷ്യരെപ്പോലെ ചപലവികാരങ്ങളും പേറി ജീവിക്കാന്‍ നിങ്ങള്‍ക്ക് യാതൊരു അവകാശവുമില്ല. സ്റ്റേറ്റ് നിങ്ങള്‍ക്കത് അനുവദിച്ചു തരുന്നില്ല. (വൃദ്ധയെ നോക്കി) കിഴവീ പറ. എന്തെങ്കിലും അവസാനമായി പറയാനുണ്ടോ?

വൃദ്ധ: (താണുകേണ് അപേക്ഷിക്കുന്നു) എന്റെ മോള്‍ക്കാരുമില്ല. അവളിലൂടെ ഈ കിഴവന്‍ ഫിലോസഫര്‍ക്ക് മനുഷ്യവംശത്തെ പുന:സൃഷ്ടിക്കാനാകും. അത് മാത്രമാണെന്റെ പ്രാര്‍ത്ഥന.

സ്റ്റേറ്റ്: വിഡ്ഢിത്തം പറയാതിരിക്കൂ. യു ഡിസര്‍വ് ഡെത്ത്!

കോറസ്: (പുറകില്‍ നിന്നും) യു ഡിസര്‍വ് ഡെത്ത്!

സ്റ്റേറ്റ് ആംഗ്യം കാണിക്കുമ്പോള്‍ രക്ഷാഭടന്മാരായ റോബോട്ടുകള്‍ വൃദ്ധയെ വെടിവെയ്ക്കുന്നു. വെടികൊണ്ട് പിടഞ്ഞുവീഴുന്ന വൃദ്ധ വേദനയില്‍ പുളഞ്ഞ് എഴുന്നേല്‍ക്കാന്‍ നോക്കി മരിച്ചു വീഴുന്നു. സ്റ്റേറ്റും റോബോട്ടുകളും വൃദ്ധയെ വലിച്ചിഴച്ച് മുറിയ്ക്കു പുറത്തേയ്ക്ക് പോകുന്നു. തോക്ക് അവര്‍ അവിടെത്തന്നെ ഉപേക്ഷിക്കുന്നു.

ആണ്‍പാവ: (ഞെട്ടിത്തരിച്ച്) ഹോ കിഴവാ, അവരെ വെടിവെച്ചു കൊന്നോ? നീ കാരണമാണത് സംഭവിച്ചത്! ഹോ… നിങ്ങള്‍ക്കെങ്ങനെയതു ചിന്തിക്കാന്‍ പോലുമായി? അവര്‍ മണ്ടത്തരം പറഞ്ഞിരിക്കാം. പക്ഷെ… ഇനി ഇവള്‍ക്കാരുണ്ട്? ഈ പെണ്‍കുട്ടിയ്ക്ക് ഈ ലോകത്ത് ആരാണുള്ളത്? ഇനി താങ്കള്‍ക്കും ജീവിച്ചിരിക്കാന്‍ യോഗ്യതയില്ല!
ആണ്‍പാവയുടെ ഭാവം മാറുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ സാധിക്കുന്നതിനും മുമ്പ് നിലത്തുനിന്നും പെട്ടെന്ന് തോക്കെടുത്ത്, അട്ടഹസിച്ചുകൊണ്ട് പ്രൊഫസര്‍ക്ക് നേരെ തോക്ക് ചൂണ്ടുന്നു.

പ്രൊഫസര്‍ അരുതെന്ന് ആംഗ്യം കാണിക്കുന്നു.

പ്രൊഫസര്‍: നോ നോ…

അത് ശ്രദ്ധിക്കാതെ ആണ്‍പാവ പ്രൊഫസര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നു. എന്നിട്ട് തിരിഞ്ഞ് എഴുത്തുമേശയ്ക്കരികില്‍ കസേരയില്‍ ചവുട്ടി, പ്രേക്ഷകരേയും പെണ്‍കുട്ടിയേയും നോക്കി നില്‍ക്കുന്നു.

ആണ്‍പാവ: മനുഷ്യര്‍ക്കല്ലേ മനുഷ്യരെ വെടിവെച്ച് കൊല്ലാന്‍ അനുവാദമില്ലാത്തത്. ഒരു പാവയ്ക്ക് ആരെ വേണമെങ്കിലും വെടിവെച്ചു കൊല്ലാം. ഒരു പ്രൊഫസറോട്, അതും ഫിലോസഫറായ പ്രൊഫസറോട് അധികം തര്‍ക്കിക്കാന്‍ പോകരുത്. ഒന്നുകില്‍ അയാള്‍ക്ക് കീഴടങ്ങുക, അല്ലെങ്കില്‍ വെടിവെച്ച് കൊല്ലുക! (ചിരിക്കുന്നു)
മാര്‍ച്ച് പാസ്റ്റിന്റെ സംഗീതം മുഴങ്ങുന്നു.

കോറസ്: (പഴയ പോലെ മാര്‍ച്ച് ചെയ്ത് വരുന്നു) യു ഡിസര്‍വ് ഡെത്ത്! (ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു)
സ്റ്റേജിനു മധ്യഭാഗം വരെ മാര്‍ച്ചു ചെയ്തു വന്ന്, തിരിഞ്ഞ് ഫിലോസഫറുടെ മൃതദേഹത്തിന് അരികിലേക്കു ചെന്ന് സങ്കടത്തോടെ കൂട്ടംകൂടി നില്‍ക്കുന്ന കോറസ്.

നിശ്ശബ്ദത.

പെണ്‍കുട്ടി പേടിച്ചരണ്ട് പ്രേക്ഷകരെ നോക്കി നിലത്ത് മുട്ടുകുത്തി നില്‍ക്കുന്നു.

ആണ്‍പാവ: (പെണ്‍കുട്ടിയിലേക്ക് വിരല്‍ ചൂണ്ടി) നീയിനി എന്തു ചെയ്യും? ഒന്നു മിണ്ടാന്‍ പോലുമാവാതെ, ഒരു ആണ്‍തുണയില്ലാതെ, മനുഷ്യരെല്ലാം മരിച്ചു മണ്ണടിഞ്ഞ ഈ ലോകത്ത്, ഒറ്റയ്ക്ക് നീ എങ്ങനെ ജീവിക്കും?

പെണ്‍കുട്ടി: (മുകളിലേക്ക് കയ്യുയര്‍ത്തി ഉച്ചത്തില്‍ അലറിക്കരയുന്നു) ആആആആആആ…. നിര്‍ത്ത്… (എഴുന്നേറ്റ് പ്രേക്ഷകരെ നോക്കി) നിര്‍ത്ത് നിങ്ങടെ ഉപദേശങ്ങള്‍… ഞാന്‍ മിണ്ടാത്ത, മിണ്ടാന്‍ പറ്റാത്ത പെണ്ണല്ല. നിന്നോടൊന്നും മിണ്ടാന്‍ ഇഷ്ടമില്ലാത്ത പെണ്ണാ… എനിക്കൊരു ആണ്‍തുണയും വേണ്ട. അതെല്ലാം നിങ്ങടെ വ്യാമോഹങ്ങളാ… നിങ്ങടെ! (ഒന്നു നിര്‍ത്തി പ്രേക്ഷകരെയെല്ലാം ചൂണ്ടിക്കാണിക്കുന്നു) ഒരു ആണല്ല എന്റെ ലോകം. ആരുമില്ലെങ്കിലും ശരി… തനിച്ച്, ഒറ്റയ്ക്ക്, ആരുമില്ലാതെ, മനുഷ്യരെല്ലാം മരിച്ചു ശൂന്യമായ ഈ ലോകത്ത് മരിയ്ക്കും വരെ ഞാന്‍ ജീവിക്കും… മരിക്കും വരെ ജീവിക്കും…

കോറസ്: (എഴുന്നേറ്റ് നിന്ന്) മനുഷ്യരെല്ലാം മരിച്ചു ശൂന്യമായ ഈ ലോകത്ത് മരിയ്ക്കും വരെ ജീവിക്കും… മരിക്കും വരെ ജീവിക്കും…
പെണ്‍കുട്ടി ഒരു നിമിഷം പ്രേക്ഷകരെ നോക്കി നിന്നശേഷം, പ്രൊഫസറുടെ ശവശരീരം നീക്കം ചെയ്യാന്‍ തുനിയുന്നു. ആണ്‍പാവയും കോറസും അവളെ സഹായിക്കാന്‍ കൂടുന്നു. അവരെല്ലാം ചേര്‍ന്ന് ശവശരീരം ഒരു ഭാഗത്തേയ്ക്ക് മാറ്റിയിടുന്നു.

അതിനുശേഷം കോറസിനാല്‍ അനുഗമിക്കപ്പെട്ട്, പെണ്‍കുട്ടി പ്രൊഫസറുടെ കസേര വലിച്ച് സ്റ്റേജിനു നടുക്ക് കൊണ്ടിടുന്നു. ആണ്‍പാവ അതുനോക്കിക്കൊണ്ട്, അത്ഭുതം കൂറി ഒപ്പം ചേരുന്നു.

പെണ്‍കുട്ടി കസേരയില്‍ കയറി കാലുംകയറ്റി വച്ച് പ്രേക്ഷകരെ നോക്കിയിരിക്കുന്നു. അവള്‍ക്ക് ഇരുവശത്തുമായി നില്‍ക്കുന്ന കോറസ്.
പെണ്‍കുട്ടിയെ നോക്കിക്കൊണ്ട് വ്യത്യസ്ത ഭാവഹാവാദികളോടെ നടന്ന് അടുത്തുവരുന്ന ആണ്‍പാവ. എന്നിട്ട് പെണ്‍കുട്ടിയ്ക്ക് പിന്നിലായി, കണ്ണുരുട്ടി പ്രേക്ഷകരെ നോക്കിക്കൊണ്ട് നില്‍ക്കുന്നു.

ഡ്രമ്മിന്റെ ശബ്ദം, പതുക്കെപ്പതുക്കെ താളത്തില്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങുന്നു.
സംഗീതം ഉച്ചസ്ഥായിലാകുന്നു.
കര്‍ട്ടന്‍.

രണ്‍ജു

തൃശ്ശൂര്‍ സ്വദേശിയായ രണ്‍ജു മലയാളത്തിലും ഇംഗ്ലീഷിലും കഥകള്‍ എഴുതുന്നു. ‘ലെനിന്‍’ (ട്രൂകോപ്പി വെബ്സീന്‍) ‘പാകിസ്താന്‍’, ‘പച്ചക്കുതിര’ (മാധ്യമം), ‘ഒരു അപസര്‍പ്പക കഥ’ (മൂല്യശ്രുതി), ‘കാഫ്ക’ (IEമലയാളം), ‘അര്‍ദ്ധനാരീശ്വരന്‍’, ‘റോസ് മേരീ ഞാന്‍ നിന്നെ പ്രണയിക്കുന്നു’ (ആത്മ ഓണ്‍ലൈന്‍), ‘Two Spectators’ (Lothlorein Poetry Journal), ‘Taj Mahal’, ‘A Muddy Night’s Dream’ (Literary Vibes), ‘The Separation’ (Friday Flash Fiction), ‘Stories of Death and Desire’ (Delhi Sketches) എന്നിവ അടുത്തിടെ പ്രസിദ്ധീകരിച്ച ചില കഥകളാണ്. തിരക്കഥ കണ്‍സല്‍ട്ടന്‍റും രചയിതാവുമാണ്. 2018-ല്‍ ചാള്‍സ് വാലസ് ഫെല്ലോഷിപ്പ് ലഭിച്ചു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here