HomeസിനിമREVIEWമാടത്തി : ജാതീയതയുടെ കാണാപ്പുറങ്ങളും പെൺ ജീവിതങ്ങളും

മാടത്തി : ജാതീയതയുടെ കാണാപ്പുറങ്ങളും പെൺ ജീവിതങ്ങളും

Published on

spot_imgspot_img

സിനിമ
മേഘ രാധാകൃഷ്ണൻ

Maadathy-film

ജാതിയുടെ അദൃശ്യമായ അതിരുകളാൽ പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട തമിഴ്നാട്ടിലെ ‘പുതിരൈ വണ്ണാർ ‘ എന്ന ദളിത് വിഭാഗത്തിൻ്റെ ജീവിത സംഘർഷങ്ങൾ ആവിഷ്കരിക്കുന്ന സിനിമയാണ് ലീനാ മണിമേഖല സംവിധാനം ചെയ്ത ‘മാടത്തി ‘.
മിത്തും യാഥാർത്ഥ്യവും സംയോജിപ്പിച്ചുകൊണ്ടുള്ള അവതരണത്തിലൂടെ ,ജാതി സമ്പ്രദായം സൃഷ്ടിക്കുന്ന അനീതിയും അസമത്വവും ഈ സിനിമയിൽ തുറന്നു കാണിക്കപ്പെടുന്നു.’യോസന’ എന്ന കൗമാരക്കാരിയുടെ ജീവിതമാണ് ‘മാടത്തി’. അവളും കുടുംബവും നേരിടേണ്ടി വരുന്ന
ശാരീരികവും മാനസികവുമായ പീഡനങ്ങളും ക്രൂരതകളും സമൂഹത്തിൻ്റെ ജീർണാവസ്ഥയുടെ ഉദാഹരണങ്ങളാണ്.
അലക്കു ജോലി തലമുറകളായി കൈകാര്യം ചെയ്തു വരുന്ന പുതിരൈ വണ്ണാർ സമുദായക്കാരെ കാണുന്നത് അയിത്തമാണെന്നും അവർ ദൃഷ്ടിയിൽ പെട്ടാൽ ബാക്കിയുള്ളവർ അശുദ്ധമാവുമെന്നും കൽപ്പിക്കപ്പെടുന്നു. നാട്ടുകാരുടെ ആർത്തവ തുണികൾ അലക്കി വെളുപ്പിക്കുന്ന , മൃതദേഹങ്ങളെ കുളിപ്പിക്കുന്ന , മൃതദേഹം കുഴിച്ചുമൂടാൻ ഉള്ള കുഴിയെടുക്കൽ ജോലി ചെയ്യുന്ന ഇക്കൂട്ടർ ക്രൂരമായ അരികുവത്കരണവും തീണ്ടിക്കൂടായ്മയും അനുഭവിക്കുന്നുണ്ട്. നാട്ടുകാരുടെ തുണികൾ വൃത്തിയാക്കുന്ന ഇവരെ സമൂഹം അകറ്റി നിർത്തുന്നു.
രാത്രിയുടെ മറവിൽ പൊതുവിടത്തിലേക്ക് ഭയന്ന് മാത്രം ഇറങ്ങുന്ന യോസനയിലൂടെയും അമ്മയയിലൂടെയും ജാതി സൃഷ്ടിക്കുന്ന അധികാര ശ്രേണിയുടെ പ്രവർത്തനം എത്രമാത്രം രൂക്ഷമാണെന്ന് കാണിച്ചു തരികയാണ്. മറ്റുള്ളവരെക്കണ്ടാൽ, ഓടി മറഞ്ഞ് കുട്ടിച്ചെടികൾക്കിടയിലും മരങ്ങളുടെ മറവിലും ഒളിച്ചിരിക്കേണ്ടി വരുന്ന ഇവരുടെ ഗതികേട്, അസമത്വത്തിൻ്റെ ആഴം വെളിപ്പെടുത്തുന്നുണ്ട്.

Indian Subcontinent is a land of million subaltern deities. Behind each deity there is a tale of injustice.” സിനിമയുടെ ആരംഭത്തിൽ സൂചിപ്പിക്കുന്നത് പോലെ ഒരു ദേശത്തിലെ ദൈവ സങ്കൽപ്പത്തിന് പുറകിലുള്ള കഥയുടെ അന്വേഷണമാണ് മാടത്തി. അനീതിയുടെ കാണാപ്പുറങ്ങളിലേക്ക് മിത്തുകളിലൂടെ സഞ്ചരിക്കുമ്പോൾ വെളിപ്പെടുന്ന കഥകൾക്കുള്ളിലും ദൈവ നിർമ്മിതികൾക്കുള്ളിലുമൊക്കെ ഒളിഞ്ഞിരിക്കുന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങളുടെ ഓർമ്മപ്പെടുത്തലാണ്
‘മാടത്തി ‘.
Megha rathakrishnan
പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിൽ കളിച്ചു വളർന്ന യോസനയുടെ
പാഠപുസ്തകം പ്രകൃതിയാണ്. തൻ്റേതല്ലാത്ത കാരണത്താൽ പേറേണ്ടി വരുന്ന ജാതി വെറിയുടെ അടിച്ചമർത്തലുകൾക്കൊപ്പം പെണ്ണായി പിറന്നത് കൊണ്ടുള്ള ശാരീരിക ചൂഷണത്തിൻ്റെ ഇര കൂടിയാവേണ്ടി വരുന്നുണ്ട് നിഷ്കളങ്കയായ അവൾക്ക്. എന്നാൽ സമൂഹത്തിലെ അനീതികളെക്കുറിച്ച് മനസ്സിലാക്കുന്നതിന് മുൻപ്,
തൻ്റെ ഉടലിനെയും മനസ്സിനെയും പ്രകൃതിയിലേക്ക് ഇറക്കി വിട്ട പെൺകുട്ടിയെ നമുക്ക് കാണാം. മീനിനെ പോലെ നദിയിൽ നീന്തി തുടിക്കുന്ന, മാനിനെ പോലെ കാട്ടിൽ ഓടി നടക്കുന്ന, മരം കയറി കുസൃതികൾ കാണിക്കുന്ന പക്ഷികൾക്കും മൃഗങ്ങൾക്കും താൻ കഴിക്കുന്നത് പങ്കു വയ്ക്കുന്ന യോസന. സ്ത്രീയെയും പ്രകൃതിയെയും കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള പാരിസ്ഥിതിക സ്ത്രീവാദത്തിൻ്റെ വായനകൾക്ക് സാധ്യതയുള്ള കഥാപാത്രമാണ് യോസന. സമസ്ത ജീവജാലങ്ങളോടുമുള്ള സഹിഷ്ണുത അവളിൽ കാണാം.
പന്നീർ എന്ന ‘ മേൽജാതി’ വിഭാഗത്തിൽ പെട്ട ചെറുപ്പക്കാരൻ്റെ കാണാതായ കുട്ടിമാരി എന്നു പേരുള്ള
കഴുതക്കുട്ടിയെ യോസന കണ്ടുപിടിക്കുകയും അതിനെ പരിപാലിക്കുകയും അവനറിയാതെ കഴുതയെ അവൻ്റെ പക്കലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. .യോസനയുടെ എല്ലാ വേദനകളിലും കുട്ടിമാരി ഉടമസ്ഥനെ വിട്ട് യോസയ്ക്കൊപ്പം നിൽക്കുന്നുണ്ട്. അവളുടെ കുടുംബത്തിൻ്റെ ദുഃഖത്തിൻ്റെ ഭാഗമാകുന്നുണ്ട്. നദി , അവർ അനുഭവിക്കുന്ന ദുരന്തങ്ങളുടെ മൂക സാക്ഷിയാണ് . അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും ഇറക്കി വയ്ക്കുന്ന ഇടമാണ്.

പ്രണയത്തിൻ്റെയും ആകർഷണത്തിൻ്റെയും നാമ്പുകൾ യോസനയിൽ മോട്ടിടുന്നത് പ്രകൃതിയുമായി ഇഴുകി ചേർന്ന് കൊണ്ടാണ്. അവളുടെ പാവാടയിലെ ഉള്ള പൂക്കളുടെ ചിത്രങ്ങൾ പോലും അതിനുദാരണങ്ങളാണ്.
താൻ മനസ്സിൽ കൊണ്ട് നടന്ന പന്നീറും
ഒരു കൂട്ടം പുരുഷന്മാരും അവളെ വേദനിപ്പിച്ചപ്പോൾ ആകാശത്തിനു പോലും സഹിച്ചില്ല എന്ന് പറയുന്നുണ്ട്.
ഒരാഴ്ചയോളം നീണ്ട മഴ ആ ഗ്രാമത്തെ തന്നെ തകർത്തു കളഞ്ഞു.
ഗ്രാമവാസികൾ പണിഞ്ഞു കൊണ്ടിരുന്ന അമ്പലം തകർന്നു വീണു. പക്ഷേ അവിടെ നിർമ്മിച്ച ദേവിയുടെ ശിൽപ്പം വീഴാതെ അവിടെ നിലകൊണ്ടു. ദേവിയുടെ മുഖച്ഛായ മാറി. അതിന് യോസനയുടെ മുഖത്തോട് സാദൃശ്യം ഉണ്ടായിരുന്നു. മാടത്തി അമ്മൻ യോസനയായി മാറി. ഓരോ ദളിത് ദേവതാ സങ്കൽപ്പത്തിന് പിന്നിലും ഒട്ടനവധി കഥകളുണ്ട്. അനീതിയുടെ അടയാങ്ങളങ്ങൾ അവ പേറുന്നുണ്ട്. തങ്ങൾക്ക് നേരിടേണ്ടി വരുന്ന ക്രൂരതകൾക്ക് പ്രതികാരം ചെയ്യുന്നത് അമ്മദൈവ സങ്കൽപ്പത്തിലൂടെയാണ്. ഭക്തിക്കും വിശ്വാസത്തിനും അപ്പുറം ഒരു ജനതയുടെ പ്രതിരോധത്തിൻ്റെ പ്രതീകങ്ങൾ അനീതിയുടെ ക്രൂര മുഖങ്ങളുടെ ബാക്കിപത്രങ്ങൾ കൂടിയാണ്.
ആർത്തവ തുണികളിൽ വരച്ചിട്ട യോസനയുടെ ജീവിതം നമുക്ക് വിവരിച്ചു തരുന്ന വേളയിൽ ആൺ – പെൺ ഭേദമന്യേ ജാതിചിന്തയാൽ അന്ധരായ ഒരു കൂട്ടം ആളുകളെ കാണാം . അവ അന്ധരായി മാറിയത് ഇക്കാരണം കൊണ്ടാണ് .
‘മേലാളർ ‘ തങ്ങളുടെ ദൈവങ്ങളാക്കി മാറ്റിയ എല്ലാ ദേവതകളുടെ പിന്നാമ്പുറങ്ങളിലും ഇത്തരം അടിമത്തത്തിൻ്റെ രക്തം വീണ കഥകളുണ്ട്.
മധുരൈ മീനാക്ഷി , ആണ്ടാൾ , കാമാക്ഷി തുടങ്ങിയ തമിഴ് ദേവതാ സങ്കൽപ്പത്തിൻ്റെ ചുമലിൽ ഇരിക്കുന്ന തത്ത തന്നെയാണ് യോസനയുടെ ചുമലിലും ഇരിക്കുന്നത്.
Mgha radhakrishnan
യോസനയുടെ അമ്മ വേണി അവളെ നിരന്തരം ശകാരിക്കുന്നുണ്ട് . ‘ എന്തിനാണ് എന്നെ ഇങ്ങനെ വെറുക്കുന്നത് , വഴക്ക് പറയുന്നത് അമ്മാ’ , എന്ന് യോസന ചോദിക്കുന്നുണ്ട്. ഭയം കൊണ്ടാണ് മകളെ എന്ന് അവർ പറയുന്നു. മേലാളരുടെ ലൈംഗിക പീഡനങ്ങളുടെ ഇരയാണ് വാണി. പ്രതികരിക്കാനാവാത്ത വിധം നിസ്സഹായരായ ഒരു വിഭാഗമാണ് അവർ.

സ്ത്രീകലുടെയും പെൺകുട്ടികളുടെയും സുരക്ഷയെക്കുറിച്ച് ഭീതിയുള്ള ഇക്കൂട്ടർ പെൺ ഭ്രൂണഹത്യ നടത്തിയിരുന്നതായി ഒരഭിമുഖത്തിൽ ലീനാ മണിമേഖല പറയുന്നുണ്ട്. ഇക്കാരണത്താൽ ഇവരുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് വരികയും ഇവരുടെ ജീവിതം രേഖപ്പെടുത്താതെ അവശേഷിക്കുകയും ചെയ്യുന്നു. തിരുനെൽവേലിയിലും പരിസര പ്രദേശങ്ങളിലും ഉള്ള ഇവർ ദളിതളിരിലെ ദലിതർ ( Dalits among dalits) എന്നാണ് അറിയപ്പെടുന്നത്.

പുതിരൈ വണ്ണാർ പുരുഷൻമാർക്ക് നേരിടേണ്ടി വരുന്നത് ( യോസനയുടെ അച്ഛൻ ‘ സുടലൈ) അവഗണനയും പരിഹാസവും മർദനവും അനീതിയും ചെയ്ത ജോലിക്കുള്ള കൂലി ലഭിക്കാതിരിക്കലും ഒക്കെ ആണെങ്കിൽ സ്ത്രീകൾക്ക് ഇതിന് പുറമെ നേരിടേണ്ടി വരുന്നത് ലൈംഗിക പീഡനങ്ങളാണ്. തീണ്ടാപ്പാകലെ നിർത്തുമ്പോഴും കാമം കലർന്ന കണ്ണുകൾ സ്ത്രീകളുടെ ശരീരത്തിന് മേൽ പതിക്കുന്നുണ്ട്. സ്വന്തം ശരീരത്തിന് മേലുള്ള അധികാരവും അതിനോടൊപ്പം പൊതുവിടത്തിൽ ലഭിക്കേണ്ട നീതിയും സ്ത്രീക്ക് നഷ്ടമാകുന്നു.
ഇവർക്ക് നേരെയുള്ള അശുദ്ധി കൽപ്പിക്കലും അയിത്തവുമൊന്നും സ്ത്രീകളെ ശാരീകമായി ഉപദ്രവിക്കുമ്പോൾ ബാധകമാവുന്നില്ല. അത് കൊണ്ട് തന്നെ പാറിപ്പറന്നു നടക്കുന്ന യോസനയെ കാണുമ്പോൾ വേണിയുടെ ഉള്ളിൽ തീയാണ്.
തൻ്റെ മകളുടെ സുരക്ഷയെ കുറിച്ച് ആലോചിച്ച് നീറി കഴിയുകണ് അവർ. ഭർതൃ പിതാവിനോട് വേണി പറയുന്നുണ്ട്
“മാമാ യോസനയെ ആലോചിക്കുമ്പോൾ
എൻ്റെ മടിയിൽ തീ എരിയുകയാണ്”. അപ്പോൾ അയാൾ ഇങ്ങനെ പറയുന്നു.
ആ തീ, നീയും, നിന്റമ്മയും, നിന്റമ്മൂമ്മയും ഒക്കെ ചുമന്നു പോന്ന തീയാണ് അത് കാലാകാലങ്ങളായി പേറേണ്ടി വരുന്ന പൊള്ളലാണ് എന്ന്. പുരുഷാധിപത്യത്തിൻ്റെ അടിച്ചമർത്തലുകളും ജാതീയമായ വേർതിരിവുകളും അതിൻ്റെ ഏറ്റവും ക്രൂരമായ തലത്തിൽ അനുഭവിക്കേണ്ടി വരുന്നത് പുതിരൈ വണ്ണാർ സ്ത്രീകളും പെൺകുട്ടികളുമാണ്.
Megha radhakrishnan

കാവ്യാത്മകമായ അവതരണമാണ് ചിത്രത്തിന്റേത്.2019 ൽ പുറത്തിറങ്ങിയ ഈ സിനിമ നിരവധി ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഫിക്ഷൻ്റെ സൗന്ദര്യം നിലനിർത്തിക്കൊണ്ട് ജീവിത സംഘർഷങ്ങളെ കൂട്ടിയിണക്കുന്ന സിനിമയുടെ ആവിഷ്ക്കാര രീതി ശ്രദ്ധേയമാണ്. ജെഫ് ഡോളന്‍, അഭിനന്ദന്‍ ആര്‍, കാര്‍ത്തിക് മുത്തുകുമാര്‍ എന്നിവരുടെ ഛായാഗ്രഹണ മികവ് സിനിമയുടെ പ്രത്യേകതയാണ്. കാര്‍ത്തിക് രാജിന്റെ ഫോക് സംഗീതം വ്യത്യസ്തമായ അനുഭവമായി മാറുന്നുണ്ട്. വേണിയായി വേഷമിട്ട സെമ്മലറും, യോസനയായി വേഷമിട്ട അജ്മീന കാസിമും കഥാപാത്രങ്ങളെ മിഴിവുറ്റതാക്കി മാറ്റിയിട്ടുണ്ട് .

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...