HomeTHE ARTERIASEQUEL 17പ്രണയത്തിന്റെ ഒരു യു. പി. സ്കൂൾ കാലെഡോസ്‌കോപ്

പ്രണയത്തിന്റെ ഒരു യു. പി. സ്കൂൾ കാലെഡോസ്‌കോപ്

Published on

spot_imgspot_img

കവിത
പ്രദീഷ് കുഞ്ചു
ചിത്രീകരണം : സുബേഷ് പത്മനാഭൻ

pradeesh kunchu

1. പഠിപ്പിസ്റ്റ്

ഫസ്റ്റ്  ബെഞ്ചിലിരുന്നിട്ടെന്താ കാര്യം?
ഞാൻ,
എത്ര തവണ പറഞ്ഞിട്ടും,
എഴുതി തന്നിട്ടും,
നിനക്കെന്റെ പ്രണയത്തിന്റെ
ഒറ്റക്ഷരം പോലും
മനസ്സിലായില്ലല്ലോ
പഠിപ്പിസ്റ്റേ?

2. ഗ്രാമ്മർ മിസ്റ്റേക്ക്

ഇനിയിപ്പൊ-
ഇംഗ്ലീഷ് മീഡിയത്തിൽ
പഠിക്കാത്തത് കൊണ്ടാണോ
ഞാൻ പറഞ്ഞ ഐ ലവ് യു
നിനക്ക് മനസ്സിലാവാതെ പോയത്?
അല്ലേലും എന്നും
എന്റെ ഗ്രാമർ, മിസ്റ്റേക്കാ.

3. ഇമ്പോസിഷൻ

ആദ്യം
നൂറു തവണ എഴുതിയ
ഇമ്പോസിഷൻ
അവളുടെ പേരായിരുന്നു.
ഏത് തെറ്റിനായിരുന്നു അത്
എന്ന് മാത്രം,
ഇനിയും പിടി കിട്ടീട്ടില്ല.

4. കട്ട ഹീറോയിസം

ക്ലാസിൽ കിടന്ന് കിട്ടിയ ലൗ ലെറ്റർ
പൊക്കി പിടിച്ച്
ടീച്ചർ എല്ലാ ആൺ പിള്ളേരേം തല്ലിയപ്പോൾ
ഞാൻ എന്റെ പേര് പറയാതിരുന്നത്
നിന്നെ രക്ഷിക്കാൻ വേണ്ടിയായിരുന്നു.

5. പച്ചനോക്കി

ടീച്ചർ തല്ലുമ്പോ
വേദനിക്കാതിരിക്കാൻ
അവളുടെ
പച്ചപ്പാവാട നോക്കിയിരുന്നാ മതി.

6. ഞാനാരാ മോൻ !

വിശക്കാതിരിക്കാൻ
ഉച്ചക്കഞ്ഞി,
വയറുനിറയെ കുടിക്കണം എന്ന്
അമ്മ പറഞ്ഞാ പഠിച്ചേ.
വേദനിക്കുമ്പോ നിന്നെ നോക്കിയിരിക്കണം
എന്ന് ആരും പറയാതെയാ ഞാൻ പഠിച്ചേ.
ഞാനാരാ മോൻ!

7. ഓട്ട ക്യാമറ

മറച്ചുപിടിച്ചാലും അവളെ കാണാം
എന്ന പഴയ ഐഡിയ.
അത്  പക്ഷേ
പുതിയ കുടയിലെ ഓട്ട
എത്ര തിരിച്ചും മറിച്ചും നോക്കിയിട്ടും
അമ്മക്ക് മാത്രം പിടികിട്ടീല്ല.

8. കോപ്പി

നിന്നെ കുറിച്ച്
എത്ര അമർത്തിപ്പിടിച്ചെഴുതിയിട്ടും
നാല് വര പോട്ടേ,
ആ രണ്ട് വര പോലും
ഇനിയും
ശരിക്ക് മുട്ടുന്നില്ലല്ലോ

9. കണക്കിലെ വട്ടകുമ്പളം

കണക്ക് ക്ലാസ്
എനിക്ക് ഇഷ്ടപെടാതെ പോയത്
കണക്ക് ചെയ്യുമ്പോൾ
നിന്റെ മുഖം ചുളിയുന്നത് കൊണ്ടുമാത്രമാണ്

10. കറുപ്പ്‌

നിന്റെ കയ്യിലെ റബ്ബറിനെ പോലെയല്ല.
എന്റെ റബ്ബറു കൊണ്ട് മായിച്ചാ,
പേജൊക്കെ കറുത്ത് പോകുന്നു.
അന്ന് മുതലാണ് ഞാൻ കറുപ്പ് വെറുത്തത്

11. പേരെഴുത്ത്

ടീച്ചർ വരാത്ത പിരീഡിൽ
സംസാരിക്കുന്നവരുടെ പേരെഴുതാൻ
നീ  നോട്ട് ബുക്കുമായി
മുന്നിൽ വന്ന് നിൽക്കുമ്പോൾ
ഹോ!
ഞാനെന്ത് മിണ്ടാനാണ്.

12. മിസ്സ് യൂ

എത്ര ശ്രമിച്ചിട്ടും നടക്കാതെ പോയത്
നിന്റെയൊപ്പം ട്യൂഷൻ ക്ലാസ്സിലേക്കുള്ള – വരവാണ്.
“നിനക്ക് തനിയെ പഠിക്കാനുള്ള ബുദ്ധിയുണ്ടല്ലോടാ” എന്ന അമ്മയുടെ
അപാര മോട്ടിവേഷൻ.
അതാണ് അതിലും സഹിക്കാൻ
കഴിയാതെ പോയത്.

13. ഉറക്കാത്ത നിലാവ്

രാത്രിയിലും സ്കൂൾ വേണമായിരുന്നു.
നല്ല നിലാവത്ത്,‌
അവള് കാണാതെ,
എത്ര നേരം നോക്കിയിരിക്കാം-
അവളെയെന്നോ..

14. തൊട്ടു-തൊട്ടില്ല

ഉയരം കുറഞ്ഞവരൊക്കെ
താഴെ ഇരിക്കാൻ
ടീച്ചർ പറഞ്ഞതു കൊണ്ടു മാത്രമാണ്.
ഇല്ലേൽ ഗ്രൂപ്പ് ഫോട്ടോയിൽ
നിന്റെ തൊട്ട് പുറകിൽ-
നിന്നെ തൊട്ടു-തൊട്ടില്ലാ ന്ന മട്ടിൽ
നിന്നേനെ ഞാൻ.

15. മോട്ടിവേഷൻ

പഠിപ്പ് നിർത്തണം
എന്നൊക്കെ വിചാരിച്ചതാണ്.
പിന്നെ നീ  എന്നും
നല്ലോണം പഠിക്കുന്നുണ്ടല്ലോ.
അതായിരുന്നു,
അമ്മയെക്കൊണ്ടു-
‘എനിക്ക് പഠിക്കണം
എനിക്ക് പഠിക്കണം’
എന്ന് പറയാനുള്ള –
എന്റെ പ്രചോദനം

16. പാസ്ഡ് എവേ

തോറ്റാൽ,
പിന്നെയും പത്താം ക്ലാസ്സിലിരിക്കാൻ പറ്റില്ലെന്ന്
പരീക്ഷക്ക് മുമ്പാണ് അറിഞ്ഞത്.
അത് കൊണ്ട്  പഠിച്ച് –
നിന്റെയൊപ്പം ജയിച്ചു എന്ന് മാത്രം.

17. ചന്തിയിലെ തഴമ്പ്

ഓ,
ഇനി എനിക്ക്
എഴുത്തിനിരിക്കാനൊന്നും വയ്യ.
നീ എന്നെ ഒന്നാം ക്ലാസിൽ
രണ്ട് തവണ തോല്പിച്ചോ.
ചന്തിയിൽ വേരു മുളച്ചു
ഞാനിവിടെ ഇരുന്നു കൊള്ളാം –
എന്റെ പ്രണയമേ

18. കൂട്ടമണി

നീ ക്ലാസിൽ നിന്ന് –
ഇറങ്ങിയ ശേഷം മാത്രമാണ്,
എന്റെ- വീട്ടിലേക്കുള്ള കൂട്ടമണി.

19. അഴുക്ക്

നിന്നെ ഒന്ന് തൊടണമെന്നു-
എനിക്കൊരാഗ്രഹമുണ്ടായിരുന്നു.
പിന്നെ,
നിന്റെ അലക്കിതേച്ച യൂണിഫോമിൽ
അഴുക്കാവരുതല്ലോ ന്ന് കരുതിയാ
ഞാനത് വേണ്ടാന്ന് വെച്ചത്.

20. കുളിര്

നീയില്ലാത്ത നേരം
നീ ഇരുന്ന ബെഞ്ചിൽ
നിന്നോട് മുട്ടിയിരുമ്മി
ഇരിക്കണം

21. കോമ്പറ്റീഷൻ

എന്റെ കയ്യിൽ ഒരസ്സൽ
പ്രണയത്തെക്കുറിച്ചുള്ള-
പ്രസംഗമുണ്ടായിരുന്നു.
പിന്നെ അന്നത്,
കോമ്പറ്റീഷൻ
ഐറ്റം ആയതിനാൽ,
വിക്കി വിക്കി,
വിയർത്തു വിളറി,
പറഞ്ഞു തീരുംമുമ്പേ,
ഫൈനൽ വിസിൽ അടിക്കും,
എന്നുള്ളതുകൊണ്ട്
ഞാനെപ്പഴും സ്റ്റേജിന് പുറത്തായിരുന്നു.
എന്നാലും
ഇന്നു രാവിലെ പോലും
കണ്ണാടിക്ക് മുന്നിൽ നിന്ന്
നന്നായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്
ഞാൻ.

ATHMA Dance Studio

പ്രദീഷ് കുഞ്ചു

പാലക്കാട് ജില്ലയിലെ കണ്ണാടി ഗ്രാമത്തിൽ ജനനം. അമ്മ അമ്മുക്കുട്ടി, അച്ഛൻ കുഞ്ചു. കണ്ണാടി എ. ബി.യു. പി, കെ. എച്ച്. എസ്., കെ. എച്ച്. എസ്. എസ്., ചിറ്റൂർ ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
സിൻഡിക്കേറ്റ് ബാങ്ക് അസിസ്റ്റന്റ് മാനേജറായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ചിറ്റൂർ ഗവണ്മെന്റ് കോളേജിൽ വാണിജ്യവിഭാഗം അധ്യാപകനായി ജോലി ചെയ്യുന്നു. ഇരുപതോളം കഥകളും നൂറിലധികം കവിതകളും എഴുതിയിട്ടുണ്ട്. ചിതലരിക്കാത്ത ചിലത് എന്ന കവിതക്ക് സുമാമോഹൻ സംസ്ഥാനതല കവിതാപുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി, സാമൂഹിക പ്രവർത്തകൻ. സംസ്ഥാന സർക്കാരിന്റെ നാഷണൽ സർവീസ് സ്‌കീം സംസ്ഥാന അവാർഡ് ജേതാവ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എഴുതിവരുന്നു.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...

കുസ്റ്റോറിക്കയുടെ അരയന്നങ്ങള്‍

ആത്മാവിന്റെ പരിഭാഷകൾ (സിനിമ കവിത, സംഗീതം) part 2 ഭാഗം 41 ഡോ. രോഷ്നി സ്വപ്ന   ഡോ. രോഷ്നി സ്വപ്ന 'പുഴയൊഴുകിയ വഴിനോക്കി തോണിക്കാരനിരിക്കുന്നു. പക്ഷിയുടെ നെഞ്ചു പോലെ അത്ര മൃദുലമായ് അവന്റെ...

More like this

പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കുതിക്കാന്‍ ക്യാപ്റ്റനോളം മറ്റാര്‍ക്കും സാധിക്കില്ല

(ലേഖനം) നിധിന്‍ വി.എന്‍. തൊണ്ണൂറികളില്‍ തമിഴകത്തിന്റെ ആക്ഷന്‍ ഐക്കണായി മാറിയ താരമായിരുന്നു വിജയകാന്ത്. തമിഴകത്തിന്റെ ക്യാപ്റ്റന്‍ എന്നേക്കുമായി വിടവാങ്ങുമ്പോള്‍ തമിഴ് സിനിമയ്ക്കും...

ബോസ് എന്ന സമ്പന്ന ഹൃദയൻ

(ലേഖനം) സുബൈർ സിന്ദഗി പാവിട്ടപ്പുറം സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറെ പ്രഗത്ഭരായ വ്യക്തികളുടെ വീഡിയോകളും, വാര്‍ത്തകളും റീല്‍സും മറ്റും കാണാനിടയായിട്ടുണ്ട്....

ജനാധിപത്യത്തെ കൂട്ടക്കശാപ്പ്‌ ചെയ്യാൻ അനുവദിക്കരുത്

(ലേഖനം) സഫുവാനുൽ നബീൽ ടി.പി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യം. ആ ഇന്ത്യയിലാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത ലോക്‌സഭയിലെ 95...