കവിത
പ്രീതി ദിലീപ്
എത്രയധികം നേരത്തെ
വീടടങ്ങുന്നുവോ,
അത്രയും സൽസ്വഭാവങ്ങൾ
കൽപ്പിച്ചു നൽകിയ
ജോസുട്ടിയുടെ വീടിൻ്റെ
ഭൂമിശാസ്ത്രം ഒറ്റയിറക്ക്
വെള്ളത്തിന് ഒപ്പം
വിഴുങ്ങുമെങ്കിലും
പിന്നെയും വർഷങ്ങളെടുത്തു
അന്നയ്ക്കതൊന്ന്
ദഹിക്കാൻ..,,
പിന്നീടങ്ങോട്ട്
ഓരോ നേരത്തും ചെയ്യേണ്ടുന്നത്
കൽപ്പനകളായി
അവളങ്ങ് മനപാഠം പഠിക്കാൻ
ശ്രമിച്ചോണ്ടേയിരുന്നു…
അന്നത്തെ കൊല്ലത്തെ
പള്ളിപ്പെരുന്നാളിന് ജോസൂട്ടി
കൂട്ടി വന്നവനിൽ ഒരുത്തനങ്ങ്
മേലു നോവുന്ന അസഭ്യം പറഞ്ഞതിന് ശേഷമാണവളിൽ
താനിങ്ങനെ കേട്ടോണ്ടിരിക്കുന്നതിലെ
അപകടത്തെ
തിരിച്ചറിയാൻ തുടങ്ങിയതും,,,,
ഇളയ കൊച്ചിൻ്റെ മേലേക്കും
തൻ്റെ നേരെ വന്ന എല്ലാ
ബലപ്പെടുത്തലുകളും
പതിൻമടങ്ങ് ആവർത്തിക്കുന്നുണ്ടെന്ന ബോധ്യത്തിനു
ശേഷമാണ്,,,,,,
പണ്ടെങ്ങോ വായിച്ചു മറക്കാത്ത
ഇബ്സൻ്റ നാടകത്തിലെ നോറയായി
വാതിലങ്ങ് വലിച്ചടച്ച് കുഞ്ഞിനെ ഉപേക്ഷിക്കാതെ പള്ളിയും
കടന്നങ്ങ്
ഒറ്റനടത്തം നടന്നത്…..
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.