കവിത
പ്രശാന്ത് പി എസ്
ചിത്രീകരണം : സുബേഷ് പത്മനാഭൻ
രാത്രിയിൽ
പുറത്ത് മഴ പെയ്യുമ്പോൾ
മുറിയുടെ ചുവരിനും
മുറ്റത്തെ പേരമരത്തിനുമിടയിൽ
ഒരു പ്രേതം വന്ന്
എനിയ്ക്ക്
കാവലിരിയ്ക്കുന്നുണ്ടെന്ന്
തോന്നിയത്
ഇന്നലെ മുതലാണ്.
കാറ്റിനെ തടുത്ത്,
ഇടിമിന്നലിനെയകറ്റി
അത് മഴയെ
അളന്നുകൊണ്ടിരിയ്ക്കും.
ഇന്ന് രാത്രി
ഇടക്കിടെ മുറിഞ്ഞു പെയ്ത
മഴയുടെ
ഇടവളേയിലെപ്പൊഴൊ
ജാലകത്തിൽ മുട്ടി
പ്രേതം എന്നോട്
സംസാരിക്കാൻ വന്നു.
പേരമരത്തിൽ
മഴയത്ത് തൂങ്ങിക്കിടന്ന
വവ്വാൽ
ഒരു രാത്രി പോലും
എന്നെ മാത്രം തലകീഴായ്
കാണുന്നില്ലെന്ന്
പരാതി പറഞ്ഞത്രെ !
പെട്ടെന്ന്
കാല്പാദത്തിൽ
വെപ്രാളത്തോടെ
ഇഴഞ്ഞുനീങ്ങിയ
ഗർഭിണിയായ പല്ലി
താഴോട്ട് ചാടിയപ്പോൾ
അത് താടിരോമങ്ങളിൽ
കുരുങ്ങിയത്
സ്വപ്നത്തിലെന്ന പോലെ-
യറിഞ്ഞ സമയം
പ്രേതം
ജാലകപ്പഴുതിലൂടെയകത്തുവന്ന്
എന്നിൽ അടിഞ്ഞു ചേർന്നു.
വീണ്ടും മഴ,
മുറിയിലൊരു പുഴ,
നനഞ്ഞ നിശ്വാസങ്ങൾ,
ഒരു ചിറകടിയൊച്ച.
ചുവരിനും
പേരമരത്തിനുമിടയിലിപ്പോൾ
എൻ്റെ
ഊഷരമായ നോട്ടം.
നിലം തൊട്ട കാലിന്നടിയിൽ
പൊട്ടിയമർന്ന പല്ലിമുട്ട.
…
പ്രശാന്ത് പി എസ്
കണ്ണൂർ യൂണിവേഴ്സിറ്റി ഗവേഷകൻ,
കോഴിക്കോട് ബാലുശ്ശേരി അംബേദ്ക്കർ മെമ്മോറിയൽ സർക്കാർ കോളജിലെ അധ്യാപകൻ.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.