(കവിത)
വിനോദ് വിയാർ
മതിലീന്ന് തലവെളിയിലിട്ടാണ്
മാവിൻ്റെ നിൽപ്പ്
ഇലകൾ കൊണ്ട് ചിരി
കായകൾ കൊണ്ട് തലയെടുപ്പ്
കാറ്റിനൊപ്പം കൂടി
വഴിയേ പോകുന്ന പെൺപിള്ളേരെ ചൂളമടി,
പൂവാൽമാവ്.
പേരിട്ടത് ഞാനായതുകൊണ്ട്
എന്നോടാണ് ദേഷ്യം,
ഒറ്റമാങ്ങ തരില്ല
പെൺപിള്ളേർക്ക് ഇറുത്തിട്ടുകൊടുക്കും
ഒന്നുനോക്കുകയേ വേണ്ടൂ
ചുമ്മാചിരിക്കുകയേ വേണ്ടൂ
ആ സമയത്തെ മാവിൻ്റെ കണ്ണിറുക്കിച്ചിരി
എനിക്കു പിടിക്കില്ല
‘എടാ പൂവാൽമാവേ…’ എന്നുറക്കെ വിളിക്കും
തലയാട്ടി ഒട്ടും കൂസാതെ അത് നിൽക്കും.
മാവിനു വയസ്സായിട്ടും രക്ഷയില്ല
മുത്തശ്ശനും അച്ഛനും ഞാനും എൻ്റെ മകനും
പ്രേമത്തിൻ്റെ പാലം കടന്നിട്ടും
അത് ആ പാലത്തിൽ തന്നെ
പിടുത്തമിട്ടു നില്ക്കുന്നു
ഇപ്പോഴും കായ്ക്കുന്നു
പെൺപിള്ളേർക്ക് മാങ്ങയിട്ടു കൊടുക്കുന്നു
തലയാട്ടുന്നു
ചൂളംകുത്തുന്നു.
നാട്ടിലൊരുപാട് പൂവാൽമാവുണ്ടെന്ന് പറയുന്നു
എനിക്കറിയില്ല
എന്തായാലും വീട്ടിലെ മാവിൻ്റെ
വാലിതുവരെ പോയിട്ടില്ല
ഉടനെ പോവുമെന്നും തോന്നുന്നില്ല.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
പൂവാൽ മാവ് നന്നായിരിക്കുന്നു🥰
ആ പേര് വളരെ unique ആയിട്ടുണ്ട്.
കവിത വാങ്മയ ചിത്രം വരച്ചത് പോലെയുണ്ട്.മനോഹരം.
ഞാനും ഒരു പൂവാൽ മാവിനെ തിരയുന്നു😃💜