ട്രക്കിങ്ങില്‍ വഴി തെറ്റുന്നത് നല്ലതാണ്

0
133

Travel

തിര

ഉത്തരാഖണ്ഡ് യാത്രയില്‍ അധികമാരും പോയിട്ടില്ലാത്ത സ്ഥലമാവും ചോപ്ത -ചന്ദ്രശില. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് വന്യജീവിസങ്കേതത്തിന്റെ ഭാഗമായ പുല്‍മേടുകളുടെയും നിത്യഹരിതവനമേഖലയുടെയും ഒരു ചെറിയ പ്രദേശമാണ് ചോപ്ത. അവിടെ നിന്നാണ് തുംഗനാധ് ക്ഷേത്രത്തിലേക്കും, ചന്ദ്രശില കൊടുമുടിയിലേക്കും ട്രക്കിങ് ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്നും ചോപ്തയിലേക്ക് എത്തണമെങ്കില്‍ ഹരിദ്വാര്‍ വഴി പോകണം. ഹരിദ്വാരിലേക്ക് ഡല്‍ഹിയില്‍ നിന്ന് ബസ്സും ട്രെയിനും ഉണ്ട്. ട്രക്കിങ് കുറച്ച് എളുപ്പമാവണമെങ്കില്‍ ഏപ്രില്‍ -ജൂണ്‍ സമയങ്ങളില്‍ പോവുന്നതാണ് നല്ലതെന്ന് കേട്ടിട്ടുണ്ട്. വിന്റര്‍ സമയമായാല്‍ മഞ്ഞുമൂടി കിടക്കുന്ന വഴിയില്‍ ട്രക്കിങ് പ്രയാസകരമാവും. ചോപ്ത പോവണമെന്ന് ആഗ്രഹിച്ചതുകൊണ്ട് തന്നെ വിന്റര്‍ സമയം ആണെങ്കിലും പോവാന്‍ തന്നെ തീരുമാനിച്ചു. ഡല്‍ഹിയില്‍ നിന്നു ഹരിദ്വാരിലേക്ക് ഞങ്ങള്‍ രാത്രി ട്രെയിന്‍ കയറി. ട്രെയിനില്‍ വിചാരിച്ചതിലും തിരക്ക് കുറവായിരുന്നു. വളരെ പെട്ടന്ന് തന്നെ ഹരിദ്വാരിലേക്ക് എത്തിയത് പോലെ തോന്നി. ചെറിയൊരു ഉറക്കച്ചടവുണ്ടെങ്കിലും ഹരിദ്വാറില്‍ നല്ലൊരു സൂര്യോദയം ഞങ്ങളെ സ്വാഗതം ചെയ്തു. ചോപ്തയിലേക്ക് നേരിട്ട് ബസ്സ് ഇല്ല. രുദ്രപ്രയാഗില്‍ പോയിട്ട് ബസ്സ് മാറികയറണം. അളകനന്ദ, മന്താകിനി നദിയുടെ സംഗമസ്ഥാനമാണ് രുദ്രപ്രയാഗ് എന്ന ചെറു പട്ടണം. അതിന്റെ വശങ്ങളിലായി കാണുന്ന കുന്നുകളില്‍ തട്ട് തട്ടായി വീടുകള്‍ അടുക്കി വെച്ചിരിക്കുന്നത് കാണാം. അടിയിലെ വീടിന് എന്തെങ്കിലും ചലനമാറ്റം സംഭവിച്ചാല്‍ അടുക്കി വെച്ചിരിക്കുന്ന എല്ലാ വീടുകളും നിലം പതിക്കുമോയെന്ന് തോന്നുന്ന വിധമായിരുന്നു അത് കാണപ്പെട്ടത്.

കുറച്ചു ദിവസം മുന്‍പ് മണ്ണിടിച്ചിലും, ഉരുള്‍ പൊട്ടലും ഉണ്ടായതുകൊണ്ട് തന്നെ രുദ്രപ്രയാഗിലേക്കുള്ള യാത്ര കുറച്ച് പ്രയാസകരമായിരുന്നു. വഴിയില്‍ തടസ്സമായി നില്‍ക്കുന്ന കല്ലുകളും മണ്ണും മാറ്റി ഇടയ്ക്കിടെ പല സ്ഥലങ്ങളിലും ബസ്സ് നിര്‍ത്തിയിട്ട് സാധാരണയില്‍ കൂടുതല്‍ സമയമെടുത്താണ് രുദ്രപ്രയാഗിലെ കുണ്ട് എന്ന സ്ഥലത്ത് എത്തിയത്. അവിടെ നിന്ന് ചോപ്തയിലേക്ക് ഉള്ള ബസ്സ് മാറികയറണം. സമയം വൈകിയത് കൊണ്ട് ചോപ്തയിലേക്കുള്ള അവസാന ബസ്സും പോയി കഴിഞ്ഞിരുന്നു. ബസ്സിറങ്ങി നേരെ മുന്നിലുള്ള ഒരു ചെറിയ കടയില്‍ നിന്നും ചായ കുടിച്ച് രുദ്രപ്രയാഗിന്റെ ഭംഗി ആസ്വദിച്ചു നിന്നു. ചോപ്തയിലേക്ക് ഇനിയെങ്ങനെ പോവുമെന്ന ആശങ്കയിലായിരുന്നു ഞങ്ങള്‍. പറഞ്ഞത് മുഴുവന്‍ മനസ്സിലായില്ലെങ്കിലും ചോപ്തയിലേക്ക് ബസ്സ് അല്ലാതെ ജീപ്പും മറ്റു വാഹനങ്ങളും പോവുമെന്നും കുറച്ച് നേരം കാത്തിരിക്കാനും കടക്കാരന്‍ പറഞ്ഞത് മാത്രം മനസ്സിലായി.

ദേഹം മുഴുവന്‍ പൊടിയും മണ്ണുമാണ്. എങ്ങനെയെങ്കിലും കുളിച്ചാമതിയെന്നായി. നീന്തല്‍ അറിയില്ലെങ്കിലും മുന്നിലൂടെ ഒഴുകുന്ന നദിയില്‍ എടുത്ത് ചാടണമെന്നൊക്കെ ഒരു നിമിഷം ആലോചിച്ചുപോയി. കുറച്ചു നേരം കാത്തിരുന്നിട്ടും വണ്ടിയൊന്നും വരാത്തതുകൊണ്ട് ഒടുവില്‍ അത് തന്നെ സംഭവിച്ചു. നദിയുടെ ഒഴുക്ക് കുറഞ്ഞ ആഴമില്ലാത്ത ഒരു സ്ഥാനത്തേക്ക് ഞങ്ങള്‍ ഇറങ്ങി. കയ്യും കാലും മുഖവും കഴുകണമെന്നതായിരുന്നു ലക്ഷ്യം. പക്ഷെ ഇറങ്ങിയപ്പോള്‍ ക്ഷമയറ്റ് ഞാന്‍ കുളിച്ചു. മുകളിലായി വളരെ ആശ്ചര്യത്തോടെ നോക്കുന്ന രുദ്രപ്രയാഗിലെ കാഴ്ചക്കാരുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാനപ്പോള്‍ തോന്നിയില്ല. കാഴ്ചകാരുടെ കണ്ണ് വെട്ടിച്ചു വസ്ത്രം മാറാനും കുറച്ചു പ്രയാസപ്പെട്ടു. തണുത്ത ഐസ് വെള്ളത്തിലെ ആ കുളിയില്‍ ജീവനൊക്കെ തിരിച്ചു കിട്ടിയതുപോലെ തോന്നി. കുളിച്ചതിനു ശേഷം ഓട്ടോറിക്ഷ പോലെ തോന്നിക്കുന്ന മറ്റൊരു വണ്ടിയില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

അന്നൊരു ആശ്രമത്തിലാണ് താമസിച്ചത്. ഉത്തരേന്ത്യയിലെ ഒരു പ്രത്യേകതയാണ് ഇതുപോലുള്ള ആശ്രമങ്ങള്‍. വളരെ കുറഞ്ഞ ചിലവില്‍ താമസിക്കാന്‍ പറ്റുന്ന ഇതുപോലുള്ള ആശ്രമങ്ങള്‍ എന്നെപോലെ ചുരുങ്ങിയ ചിലവില്‍ യാത്ര ചെയുന്ന ആളുകള്‍ക്ക് ആശ്വാസമാണ്. ഭക്ഷണം കഴിച്ച് കിടക്കുമ്പോളും പിറ്റേ ദിവസത്തെ ട്രക്കിങ്ങനെ കുറിച്ചായിരുന്നു ആലോചിച്ചത്. മുന്‍പ് ട്രക്കിങ് ചെയ്തിട്ടുണ്ടെങ്കിലും മഞ്ഞിലൂടെ ഇത്രയും ദൂരം ട്രക്കിങ്ങ് ആദ്യമായിട്ടായിരുന്നു. ആലോചനയില്‍ മുഴുകിയത് കൊണ്ടോ തണുപ്പ് കൊണ്ടാണോയെന്ന് അറിയില്ല പെട്ടന്ന് ഉറങ്ങി രാവിലെ ക്ഷീണമില്ലാതെ എഴുന്നേല്‍ക്കുകയും ചെയ്തു. അടുത്തുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ട്രക്കിങ്ങിന് തയ്യാറായി. ഭക്ഷണം കഴിച്ച കടയില്‍ തന്നെ ട്രക്കിങ്ങിനുള്ള ബൂട്ടുകളും ട്രക്കിങ്ങ് സ്റ്റിക്കുകളും ഉണ്ടായിരുന്നു. മഞ്ഞിലൂടെയുള്ള ട്രക്കിങ്ങ് ഇതൊന്നുമില്ലാതെ പ്രയാസമാണെന്ന് കടക്കാരന്‍ ഓര്‍മ്മിപ്പിച്ചത് കൊണ്ടുതന്നെ കൂടുതല്‍ ആലോചിക്കാതെ ഞങ്ങള്‍ എല്ലാവരും അത് റെന്റിനു വാങ്ങിച്ചു. പഞ്ച കേദാറിന്റെ മൂന്നാമത്തെ ക്ഷേത്രമായ തുംഗനാദിയിലേക്കും ചന്ദ്രശില പീക്കിലേക്കുമായിയിരുന്നു ട്രക്കിങ്. മഹാഭാരതകാലത്തോളം പാഴാക്കമുണ്ടത്രേ തുംഗനാഥ ക്ഷേത്രതിന്. അര്‍ജുനനാണ് ഈ ക്ഷേത്രം നിര്‍മിച്ചതെന്നാണ് ഐതിഹ്യം. പിന്നീട് ശങ്കരാചാര്യര്‍ പുനര്‍നിര്‍മിച്ചു. പത്മപുരാണത്തിലെ ഐതിഹ്യമിങ്ങനെ. മഹാഭാരതയുദ്ധശേഷം സഹോദരഹത്യാപാപ പരിഹാരത്തിനായി പരമശിവനെത്തേടി പാണ്ഡവര്‍ അലഞ്ഞു. അവരുടെ മുന്നില്‍പ്പെടാതെ കാളയുടെ രൂപത്തില്‍ രക്ഷപ്പെടാന്‍ തുനിഞ്ഞ ശിവനെ ഭീമന്‍ കേദാര്‍നാഥിലെത്തി പിടികൂടി. മണ്ണിനടിയിലേക്ക് മറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച കാളയുടെ മുതുകിലെ പൂഞ്ഞയിലാണ് ഭീമന് പിടികിട്ടിയത്. ഈ മുതുകാണ് സ്വയംഭൂശിലയായി കേദാര്‍നാഥില്‍ പ്രതിഷ്ഠയായത്. കാളയുടെ രൂപമെടുത്ത പരമശിവന്റെ നാഭി മധ്വമഹേശ്വറിലും കാലുകള്‍ തുംഗനാഥിലും മുഖം രുദ്രനാഥിലും ജട കല്‍പ്പേശ്വരിലും സ്ഥിതിചെയ്യുന്നു എന്നാണ് പഞ്ചകേദാരങ്ങളുടെ ഐതിഹ്യം.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ ക്ഷേത്രമാണിത്. കൊടുമുടികളുടെ പ്രഭു എന്നാണ് തുംഗനാദിന്റെ അര്‍ത്ഥം. ഐതിഹ്യവും ചരിത്രവും പറഞ്ഞുകൊണ്ട് യാത്ര തുടര്‍ന്നു. തുടക്കത്തില്‍ യാത്ര വളരെ എളുപ്പമായി തോന്നി. കല്ലുകള്‍ പതിച്ച വഴികള്‍. ട്രക്കിങ് സ്റ്റിക്ക്‌ന്റെയോക്കെ ആവശ്യമെന്താണെന്ന് തോന്നി. കുറച്ചു വഴി പിന്നിട്ടപ്പോളാണ് അതിന്റെ ആവശ്യം മനസ്സിലായത്. പിന്നീട് വഴികളില്ലായിരുന്നു മഞ്ഞു മലകള്‍ മാത്രം. മുകളില്‍ കടും നീല ആകാശം, താഴെ വെള്ള മഞ്ഞു മലകള്‍കള്‍ക്കിടയില്‍ കുഞ്ഞു മനുഷ്യന്മാര്‍, അവിടെ ഇവിടെയായി ചുവന്ന കാട്ടുപൂവരശ് (rhododendron) പൂത്തുകിടക്കുന്നു. ഉത്തരഖാഡ് ന്റെ സംസ്ഥാന വൃക്ഷമാണ് കാട്ടുപൂവരശ്. തണുത്ത കാലാവസ്ഥയില്‍ കണ്ടുവരുന്ന അനവധി ഔഷധഗുണമുള്ള ഇതിനെപറ്റി കേട്ടറിവുണ്ടെങ്കിലും ആദ്യമായാണ് കാണുന്നത്. മുന്നോട്ട് നീങ്ങുമ്പോഴും യാത്ര പ്രയാസകരമായി വരുകയായിരുന്നു. ഓരോ അടി വെക്കുമ്പോഴും കാലുകള്‍ മുഴുവന്‍ മഞ്ഞിനടിയിലേക്ക് താഴ്ന്ന്‌പോകുന്നു. കുഴിഞ്ഞു പോകുന്ന കാലുകള്‍ തിരിച്ചെടുക്കാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു. ശ്വാസമെടുക്കാനും വളരെ പ്രയാസമായി വന്നു. മൂക്കില്‍ നിന്നും തണുപ്പ് തലച്ചോറിലേക്ക് അടിച്ചുകയറുന്നുണ്ട്.

ട്രക്ക് ചെയ്യാന്‍ ഒരു പ്രത്യേക വഴി ഇല്ലായിരുന്നു. കൂടെ ഗൈഡ് ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ക്ക് തോന്നുന്ന വഴിയിലൂടെയായിരുന്നു യാത്ര. ഇടയ്ക്ക് കാലുതെന്നി വീണ്ടും താഴേക്ക് തന്നെ എത്തുന്നു. അങ്ങനെ കിടന്നും ഇരുന്നും നടന്നും ഒടുവില്‍ തുംഗനാദ് ക്ഷേത്രത്തിലേക്കുള്ള പാതി മഞ്ഞില്‍ മൂടികിടക്കുന്ന കല്‍പടവുകള്‍ എത്തി. സാമാന്യം വലിയൊരു ഓട്ടു മണി തൂകിയ ചെറുകവാടം കടന്നാണ് ക്ഷേത്ര മുറ്റത്തേക്ക് എത്തുന്നത്. ശിവാനല്ലാതെ മറ്റു ഉപപ്രതിഷ്ഠകളും ക്ഷേത്രത്തിനു ചുറ്റും കാണാം. ഉത്തരേന്ത്യന്‍ ക്ഷേത്ര ശൈലിയില്‍ ആണ് തുംഗനാദ ക്ഷേത്രവും. ഉഖീമത് ഗ്രാമത്തില്‍ നിന്നുമുള്ള ബ്രാഹ്‌മണരാണ് ക്ഷേത്രത്തിലെ പൂജാരികള്‍. കനത്ത മഞ്ഞു വീഴ്ചയുള്ള ശൈത്യ കാലത്ത് ആറുമാസത്തോളം ക്ഷേത്രം അടച്ചിടുകയും ആ സമയത്ത് പ്രതിഷ്ഠയെ ഉഖീമത്തിലേക്ക് മാറ്റുകയുമാണ് ചെയ്യാറ്. തുംഗനാത് ക്ഷേത്രം സ്ഥിതി ചെയുന്ന ചന്ദ്രനാഥ് പാര്‍വ്വതത്തിന്റെ കൊടുമുടിയിലാണ് മൂണ്‍ റോക്ക് എന്ന ചന്ദ്രശില കൊടുമുടി. 1300 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയുന്നത്. ഭൂമിയില്‍ നിന്ന് മാറി ആകാശത്തിലെത്തിയത് പോലെ തോന്നിക്കും വിധം ഉയരത്തിലായിരുന്നു അത്. മേഘങ്ങളൊക്കെ അതിന് താഴെ ആയിരുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ പിന്നിട്ട വഴികള്‍ എന്നെ ഒട്ടും നിരാശപെടുത്തിയില്ല. അത്രക്ക് മനോഹരമായിരുന്നു ആ കാഴ്ച. ചുറ്റും ഹിമാലയ പാര്‍വ്വത നിരകള്‍. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ചന്ദ്രശിലയില്‍നിന്ന് നീലകണ്ഠ പര്‍വതം, ഗംഗോത്രി, യമുനോത്രി, സ്വര്‍ഗാരോഹിണി, തൃശൂല്‍, മാധ്വ മഹേശ്വര്‍ തുടങ്ങിയ പര്‍വതങ്ങള്‍ കാണാം. ശ്രീരാമന്‍ രാവണനെ പരാജയപ്പെടുത്തി ധ്യാനത്തില്‍ ഇരുന്ന സ്ഥലമാണിതെന്ന് ഐതിഹ്യമുണ്ട്. അത് കൊണ്ടാണോയെന്ന് അറിയില്ല പലരും കണ്ണുകളടച്ചിരിക്കുന്നതു കാണാം. കുറച്ചു നേരം കണ്ണുകളച്ച് ഞാനും ഇരുന്നു. ശ്വാസത്തിന്റെ താളത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ഥലകാല ബോധം നഷ്ടപ്പെട്ട് സര്‍വ്വ ധ്യനത്തിലായതുപോലെ. ഒടുവില്‍ തിരിച്ചിറങ്ങാന്‍ സമയമായി. ഇരുട്ടാവുന്നതിനു മുന്‍പ് തന്നെ തിരിച്ചിറങ്ങണം. മാത്രമല്ല കാലാവസ്ഥ മാറുന്നതായും കാണാം. തെളിഞ്ഞ ആകാശം മുഴുവന്‍ മഞ്ഞു മൂടി കിടന്നു. വഴി മനസ്സിലാകാതാവുന്നതിന് മുന്‍പ് തിരിച്ചിറങ്ങണം. കയറി പോവുമ്പോഴുള്ള പ്രയാസമൊന്നും തിരിച്ചു ഇറങ്ങുമ്പോള്‍ ആര്‍ക്കും കണ്ടില്ല. മനസ്സ് മുഴുവന്‍ സന്തോഷം ഉള്ളതുകൊണ്ടാണോ അതോ ഇറങ്ങുമ്പോള്‍ കാലുകള്‍ തെന്നി എളുപ്പം താഴെ എത്തുന്നത് കൊണ്ടാണോ, അറിയില്ല. തിരിചിറങ്ങുമ്പോള്‍ ഓരോരുത്തരും ഓരോ വഴിക്കാണ് ഇറങ്ങിയത്. കാല്‍ തെറ്റി എങ്ങോട്ടാണോ വീഴുന്നത് ആ വഴിക്കായിരുന്നു തിരിച്ചുള്ള ഇറക്കം. ആവേശം കുറച്ചു കൂടുതല്‍ ആയതു കൊണ്ട് കയറി വന്ന വഴി തിരഞ്ഞെടുക്കാതെ മറ്റൊരു വശത്തു കൂടിയാണ് ഞാന്‍ തിരിച്ചു ഇറങ്ങിയത്. അത് നന്നായെന്ന് തോന്നി, കാരണം ഹിമാലയന്‍ പാര്‍വ്വത പ്രദേശതു മാത്രം കണ്ടു വരുന്ന മയിലിനോട് സാമ്യമുള്ള ഹിമാലയന്‍ മോണാലിനെ കാണാന്‍ എനിക്ക് സാധിച്ചു . നീല.. പച്ച.. മഞ്ഞ.. എത്ര വര്‍ണ്ണാഭമാണ് ആ പക്ഷിയുടെ ചിറകുകള്‍. അതൊരു ആണ്‍ പക്ഷി ആയിരുന്നു. പെണ്‍ മൊണാല്‍ സാധാരണ തവിട്ടു നിരത്തിലാണ് കാണ്ടു വരുന്നത് . യാത്രയില്‍ രണ്ട് മൂന്ന് മറ്റു പക്ഷികളെയും കാണാന്‍ സാധിച്ചെങ്കിലും അത് ഏതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ചോപ്ത -ചന്ദ്രശില ഭാഗങ്ങളില്‍ 200 ഇനത്തില്‍ കൂടുതല്‍ പക്ഷികള്‍ ഉണ്ട്.  അതൊക്കെ കണ്ട് മുന്നോട്ട് നീങ്ങിയപ്പോഴാണ് വഴി തെറ്റിയെന്ന് മനസ്സിലായത്. ഫോണില്‍ റേഞ്ചില്ല ആരെയും കാണുന്നുമില്ല. ഒരു ഊഹമൊക്കെ വെച്ച് വീണ്ടും നടന്നു. ട്രക്കിങ്ങിനിടെ വഴി തെറ്റിയാല്‍ എവിടെ വരെയാണോ വഴി ശരിയെന്ന് തോന്നുന്നത് അവിടേക്ക് തിരിച്ചു പോകണമെന്നുള്ള കാര്യം ഞാന്‍ ഓര്‍ത്തിരിക്കുമ്പോഴാണ്. എവിടെ നിന്നോ മനുഷ്യ സംസാരം കേട്ടത്. പിന്നെ അവിടെ ലക്ഷ്യമാക്കി നടന്നു. അവിടെയെത്തിയപ്പോള്‍ രണ്ടു മലയാളികള്‍ ആയിരുന്നു അത് പിന്നെ യാത്ര അവരുടെ ഒപ്പമാക്കി. അപ്പോഴാണ് മനസ്സിലായത് എളുപ്പമുള്ള വഴി ഞാന്‍ വളഞ്ഞു തിരഞ്ഞിട്ടാണ് ഇറങ്ങിയത്. എന്നാലും മൊണാല്‍ നെ കണ്ടതുകൊണ്ട് ആ വഴി തെറ്റലൊരു നഷ്ടമായി തോന്നിയില്ല.

താഴെ എത്തിയപോഴേക്ക് വിശന്നു തുടങ്ങിയിരുന്നു. ട്രക്കിങ്ങിന്റെ ആവേശത്തില്‍ അത്രയും നേരം വിശപ്പ് മനസ്സിലാവാഞ്ഞിട്ടായിരിക്കണം. എല്ലാവരും എത്തി കഴിഞ്ഞതിനു ശേഷം രാവിലെ ഭക്ഷണം കഴിച്ച ഹോട്ടലിലേക്ക് തന്നെ തിരിച്ചു പോയി. ട്രക്കിങ് സ്റ്റിക്ക് എടുക്കാന്‍ ഓര്‍മിപ്പിച്ച കടക്കാരനെ സ്തുതിച് സാധനങ്ങള്‍ തിരികെ കൊടുത്ത് ഭക്ഷണം കഴിച്ച് തിരിച്ച് ആശ്രമത്തിലേക്ക് തന്നെ പോയി. മുറിയില്‍ എത്തിയപ്പോഴാണ് മഞ്ഞില്‍ കുടുങ്ങി പോയ കാലിന്റെ വേദനയും ക്ഷീണവുമൊക്കെ മനസ്സിലായത്. ട്രക്കിങ് കഴിഞ്ഞു വന്ന ക്ഷീണത്തിലും വേദനയിലും ഉറങ്ങാന്‍ വളരെ എളുപ്പവും സുഖവുമാണ്. അത് കൊണ്ട് തന്നെ ചോപ്ത യിലെ രാത്രി കാഴ്ചകള്‍ ആസ്വദിച്ച് അടുത്ത യാത്രക്ക് ഊര്‍ജ്ജ സ്വലമായി ഉണരാന്‍ വേണ്ടി പെട്ടന്നു തന്നെ ഉറങ്ങി.

 


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here